നടയിറങ്ങുന്ന നാണയം: എവിടെപ്പോയി ആ പഴയ 5 രൂപ കൊയ്ൻ

പഴയ 5 രൂപാ നാണയം ബംഗ്ലാദേശിലേക്കു വന്‍തോതില്‍ കടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണു കാര്യം അന്വേഷിച്ചതും, വിനിമയം കുറയ്ക്കാനിടയായതും. ആ നാണയം ഉരുക്കി ബംഗ്ലാദേശില്‍ ബ്ലേഡുകള്‍ ഉണ്ടാക്കുന്നു
നടയിറങ്ങുന്ന നാണയം: എവിടെപ്പോയി ആ പഴയ 5 രൂപ കൊയ്ൻ
Updated on

ചില നാണയങ്ങള്‍ (coins) വിനിമയത്തിന്‍റെ വീഥിയില്‍ നിന്നും പതുക്കെ നടയിറങ്ങും. അങ്ങനെയൊന്നു സംഭവിക്കുന്നുണ്ടെന്നു തോന്നിപ്പിക്കുക പോലും ചെയ്യാതെ. പേഴ്‌സിലോ പോക്കറ്റിലോ ഒന്നു പരിശോധിച്ചു നോക്കൂ, ആ പഴയ 5 രൂപ കൊയ്ന്‍ കൈയിലുണ്ടോ എന്ന്. അല്‍പ്പം ഭാരമുള്ള 5 രൂപ നാണയത്തിനു പകരം, ഭാരം കുറഞ്ഞ, മിനുസമേറിയ അഞ്ച് രൂപ നാണയം ഇടംപിടിച്ചിട്ടുണ്ട്. പഴയ നാണയം വിനിമയത്തില്‍ നിന്നും കുറയാനൊരു കാരണമുണ്ട്, കഥയുമുണ്ട്. നമ്മുടെ പഴയ 5 രൂപ നാണയം ബംഗ്ലാദേശില്‍ (bangladesh) ബ്ലേഡുകളായി പുനര്‍ജന്മമെടുക്കുന്നു. നാണയമുരുക്കി ബ്ലേഡുകൾ നിർമിക്കുന്നു.

പഴയ 5 രൂപാ നാണയം ബംഗ്ലാദേശിലേക്കു വന്‍തോതില്‍ കടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണു കാര്യം അന്വേഷിച്ചതും, വിനിമയം കുറയ്ക്കാനിടയായതും. ആ നാണയം ഉരുക്കി ബംഗ്ലാദേശില്‍ ബ്ലേഡുകള്‍ ഉണ്ടാക്കുന്നു. ഒരു നാണയത്തില്‍ നിന്നും ആറ് ബ്ലേഡുകള്‍ വരെ ഉണ്ടാക്കാമെന്ന അവസ്ഥ. ഗവണ്‍മെന്‍റ് ഇക്കാര്യം തിരിച്ചറിഞ്ഞപ്പോഴാണ് പുതിയ 5 രൂപാ നാണയം പുറത്തിറക്കിയത്. ഇപ്പോള്‍ കട്ടി കുറഞ്ഞ, ഭാരം കുറഞ്ഞ നാണയങ്ങളാണ് വിനിമയത്തില്‍ കൂടുതലുമുള്ളത്.

നാണയത്തിന്‍റെ മൂല്യത്തേക്കാളും അതിനുപയോഗിക്കുന്ന ലോഹത്തിനു വില കൂടുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇതാദ്യമല്ല ഇത്തരമൊരു സംഭവം. അമ്പതുകള്‍ മുതല്‍ അറുപതുകളുടെ അവസാനം വരെ പുറത്തിറങ്ങിയ നിക്കല്‍ നാണയങ്ങള്‍ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടായി. നാണയമിറങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും നിക്കലിന്‍റെ വില കൂടി. നാണയത്തിന്‍റെ മൂല്യത്തേക്കാളും കൂടിയ വില ലോഹത്തിനു ലഭിക്കുന്ന അവസ്ഥ. ഒരു രൂപ നാണയം കൊടുത്താല്‍ പത്തു രൂപ വരെ ലഭിക്കുന്ന സാഹചര്യം. ആരാധനാലയത്തിലെ നേര്‍ച്ചപ്പെട്ടിയില്‍ വീണ നാണയങ്ങള്‍ ശേഖരിച്ച് മെറ്റല്‍ ട്രെയ്ഡ് നടത്തിയവര്‍ വരെയുണ്ട്. കുറെയേറെ നിക്കല്‍ നാണയങ്ങള്‍ ശ്രീലങ്കയിലേക്കും കടത്തപ്പെട്ടു. എല്‍ടിടിഇയ്ക്കു വേണ്ടി വെടിയുണ്ട നിര്‍മിക്കാനായിരുന്നു ഈ നാണയക്കടത്ത്. വെടിയുണ്ട നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്നതു നിക്കലായിരുന്നുവത്രേ. സ്വന്തം ജന്മത്തിന്‍റെ പ്രാഥമികനിയോഗം മാറിമറിഞ്ഞ്, ഇങ്ങനെ വിവിധോദ്ദേശ പദ്ധതികള്‍ക്കായി ഉപയോഗിക്കപ്പെട്ട എത്രയോ നാണയങ്ങള്‍.

Trending

No stories found.

Latest News

No stories found.