#ദേവി പ്രസാദ് മിശ്ര
ഏഴ് ഒരു സവിശേഷ സംഖ്യയാണ്. ഗണിതശാസ്ത്രത്തിൽ അവിഭാജ്യസംഖ്യയായും, സംഖ്യാ സിദ്ധാന്തവുമായും, സംഗീതത്തിൽ സപ്തസ്വരങ്ങളായും, ജ്യോതിശാസ്ത്രത്തിൽ ചാന്ദ്രഘട്ടത്തിലെ ദിവസങ്ങളായും, പുരാണത്തിലെ സപ്തചക്രവും സപ്തസമുദ്രവും സപ്ത ഋഷിയും തുടങ്ങി ഏഴിന്‍റെ ആവർത്തിക്കുന്ന സാന്നിധ്യം നമുക്ക് ഏറെ പരിചിതമാണ്.
ചരക്ക് സേവന നികുതിക്ക് (ജിഎസ്ടി) ഈ മാസം 7 വർഷം തികയുകയാണ്. ഈ സാഹചര്യത്തിൽ, 2017 ജൂലൈ 1ന് അർധരാത്രി നിലവിൽ വന്നതുമുതൽ സ്വാതന്ത്ര്യാനന്തരം നടത്തിയ ഏറ്റവും വലിയ നികുതി പരിഷ്കാരമെന്ന നിലയിൽ ജിഎസ്ടിയുടെ പുരോഗതി പരിശോധിക്കുന്നത് സന്ദർഭോചിതമാണ്.
അന്നുമുതൽ, ജിഎസ്ടിക്ക് പഠനരംഗത്ത് വളരെയധികം ശ്രദ്ധ ലഭിച്ചു. പാലിക്കലുകളുടെ ലളിതവത്കരണവും ആസൂത്രണത്തിലെ മെച്ചപ്പെടുത്തലുകളും മുതൽ കരുത്താർന്ന നികുതി ശേഖരണം വരെ എല്ലാ വശങ്ങളും സുദീർഘമായി പരിശോധിക്കപ്പെട്ടു.
മൊത്ത നികുതി ശേഖരണം കുതിച്ചുയർന്നപ്പോഴും അറ്റാദായം ഈ വേഗം കൈവരിച്ചില്ലെന്നതും അടുത്തിടെ മാത്രമാണ് ജിഎസ്ടിക്ക് മുമ്പത്തെ നിലയിലേക്കെത്തിയത് എന്നതും ജിഎസ്ടിയെക്കുറിച്ചുള്ള നിരവധി കാഴ്ചപ്പാടുകൾക്കിടയിൽ ജിഎസ്ടിയുടെ നികുതി വരുമാന പ്രകടനത്തെക്കുറിച്ചുണ്ടായ സമീപകാല ചർച്ചകളിലൊന്നാണ്. അറ്റ നികുതി വരുമാനത്തിലെ ഈ കുറവ് അൽപ്പം വ്യാകുലതയോടെയാണ് വിലയിരുത്തപ്പെട്ടത്. കൂടാതെ, ജിഎസ്ടി കൗൺസിലിന്‍റെ പ്രവർത്തനവും നികുതി തിരിച്ചടവുമായും ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകാത്തതിലും ചില ആശങ്കകൾ ഉയർന്നു. നികുതി വരുമാന പ്രകടനം മുതൽ ഈ കാര്യങ്ങളെല്ലാം നമുക്ക് കൂടുതൽ ആഴത്തിൽ പരിശോധിക്കാം.
നികുതി വരുമാന വർധന
ജിഎസ്ടി പ്രകാരമുള്ള നികുതി ശേഖരണത്തെക്കുറിച്ച് വളരെയേറെ വിശകലനങ്ങൾ നടന്നിട്ടുണ്ട്. മൊത്ത നികുതി വരുമാനത്തിന്‍റെ കരുത്ത് സംബന്ധിച്ച് തർക്കമില്ലെങ്കിലും ജിഎസ്ടി നികുതി ശേഖരണത്തിലെ അറ്റാദായത്തെക്കുറിച്ച്, അതായത് നികുതി തിരിച്ചടവിന് ശേഷമുള്ള വരുമാനം (പ്രാഥമികമായി കയറ്റുമതിയുമായി ബന്ധപ്പെട്ടത്) സംബന്ധിച്ചുള്ള കണക്കുകൾ, ആഴത്തിൽ പരിശോധിക്കാം.
ബജറ്റ് രേഖകളിൽ പ്രതിപാദിച്ചിരിക്കുന്ന ജിഎസ്ടി ശേഖരണത്തെ അടിസ്ഥാനമാക്കിയാണ് ഈ പരിശോധന. ഇത് സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്‍റെയും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയ നികുതി ഇനങ്ങളുടെ ജിഎസ്ടിക്കു മുമ്പത്തെ നികുതി വരുമാനവുമായി താരതമ്യം ചെയ്യുന്നു. ഇതിന്‍റെ ഫലങ്ങൾ ഇതോടൊപ്പം നൽകിയിരിക്കുന്നു. ജിഎസ്ടി ശേഖരണത്തിന്‍റെ പ്രതിവർഷ വളർച്ചയും ജിഡിപിയിലെ പ്രതിവർഷ വളർച്ചയും ഒപ്പം ചേർത്തിരിക്കുന്നു.
ഇതിൽ നിന്ന് 3 കാര്യങ്ങൾ കാണാം. ഒന്നാമതായി, അറ്റ നികുതി ശേഖരണം ക്രമാനുഗതമായ ഉയർച്ചയിലാണെന്നും ജിഎസ്ടി നിലവിൽ വന്നതിന് ശേഷം വളർച്ചയുടെ വേഗം വർധിച്ചതായും കാണാം. രണ്ടാമതായി, ജിഎസ്ടിക്കു ശേഷമുള്ള കാലയളവിൽ അറ്റാദായത്തിന്‍റെ വാർഷിക വളർച്ച ശരാശരി 12.76% ആയി (ജിഎസ്ടിക്ക് മുമ്പത്തെ കാലയളവിൽ ഇത് 11.81% ആയിരുന്നു). ഇത് മഹാമാരി കാരണമുണ്ടായ ആഘാതത്തിനിടയിലാണെന്നതും ശ്രദ്ധേയം; മൂന്നാമതായി, അറ്റാദായ വളർച്ച സ്ഥിരമായി ജിഡിപി വളർച്ചയെ മറികടക്കുന്നതായും കാണാം. ഇത് പുതിയ നികുതി വ്യവസ്ഥയിലെ വ്യവസ്ഥാപരമായ കാര്യക്ഷമതയുടെ പ്രതിഫലനമാണ്.
മറ്റ് ഘടകങ്ങളെ അപേക്ഷിച്ച്, നികുതി ശേഖരണം നികുതി നിരക്കുകളെ അടിസ്ഥാനമാക്കിയാണ്. ഈ സാഹചര്യത്തിൽ, നികുതി ശേഖരണത്തിലെ കാര്യക്ഷമതയിലുണ്ടായ പുരോഗതിക്കൊപ്പം നികുതി നിരക്കുകളിൽ ഗണ്യമായ കുറവുണ്ടായതായും നാം ഓർക്കേണ്ടതുണ്ട്. ജിഎസ്ടി അവതരിപ്പിക്കുന്നതിന് മുന്നോടിയായി, ജിഎസ്ടിയുടെ റവന്യൂ ന്യൂട്രൽ റേറ്റ് (ആർഎൻആർ) കമ്മിറ്റി 15- 15.5% നിരക്ക് ശുപാർശ ചെയ്തിരുന്നു.
ഇതിന് വിരുദ്ധമായി, ജിഎസ്ടി നിലവിൽ വന്ന സമയത്ത് ഫലപ്രദമായ ജിഎസ്ടി നിരക്ക് 14.4% ആയി കണക്കാക്കപ്പെട്ടിരുന്നു. ഇത് പിന്നീട് 2019 സെപ്റ്റംബറിൽ 11.6% ആയി കുറയുകയും, 2023 മാർച്ചിൽ 12.2% ആവുകയും ചെയ്തു. നികുതി വരുമാനത്തിന്‍റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം മാത്രം സമ്പദ് വ്യവസ്ഥയിലേക്ക് 4.3 ലക്ഷം കോടി രൂപയുടെ അധിക സമ്പാദ്യമായി ഇതിനെ കണക്കാക്കാം! അന്താരാഷ്‌ട്രതലത്തിൽ താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ജിഎസ്ടി നിരക്കുകൾ ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണെന്നതും ശ്രദ്ധേയമാണ്.
കാര്യക്ഷമതയുടെ അളവുകോൽ
ഉയരുന്ന തിരയിൽ കടലിലെ എല്ലാ യാനങ്ങളും ഉയരുന്നതുപോലെ, വളരുന്ന സമ്പദ് വ്യവസ്ഥയുടെ സ്വാഭാവിക ഫലമാണ് നികുതി വരുമാനത്തിലെ വളർച്ച. എന്നിരുന്നാലും ജിഡിപി വളർച്ചയ്ക്ക് മുകളിലുള്ള നികുതി ശേഖരണത്തിന്‍റെ വളർച്ച, ഒരു നികുതി സമ്പ്രദായത്തിന്‍റെ വ്യവസ്ഥാപരമായ കാര്യക്ഷമതയുടെ യഥാർഥ നിലവാരത്തെ കാണിക്കുന്നു.
ഈ പശ്ചാത്തലത്തിൽ, ജിഎസ്ടിക്കു മുമ്പത്തെ 5 വർഷങ്ങളിൽ ജിഡിപിക്കെതിരേ (നിലവിലെ വിലകൾ അടിസ്ഥാനമാക്കി) അറ്റ നികുതി വളർച്ച 1.02 ആയിരുന്നു. അതേസമയം ജിഎസ്ടിക്കു ശേഷമുള്ള 7 വർഷങ്ങളിൽ ഇത് 1.28 ആയി. നികുതി ശേഖരണത്തിൽ ജിഎസ്ടി കൊണ്ടുവന്ന കാര്യക്ഷമതയുടെ തെളിവാണിത്.
വാസ്തവത്തിൽ, 2022-23 ൽ ഇന്ത്യയുടെ ജിഎസ്ടി ശേഖരണ കാര്യക്ഷമത (എല്ലാ ഉപഭോഗത്തിലും കൃത്യമായ പാലിക്കലുകളും പൂർണതയും അനുമാനിച്ച് സാധ്യമായ പരമാവധി നികുതിയിൽ നിന്ന് ശേഖരിച്ച ശതമാനം) 0.61 ആയിരുന്നു.
നികുതി വിവരങ്ങൾ
പ്രതിമാസ അടിസ്ഥാനത്തിൽ പുറത്തുവിടുന്ന നികുതി വരുമാന കണക്കുകൾ സാധാരണയായി മൊത്ത നികുതി ശേഖരണത്തിന്‍റെ കണക്കുകൾ കാണിക്കുന്നു. 2024 ഫെബ്രുവരി മുതൽ മാത്രമാണ് അറ്റ കണക്കുകൾ പ്രസിദ്ധീകരിച്ചത്. എന്നിരുന്നാലും, ജിഎസ്ടി നിലവിൽ വന്നതിന് ശേഷമുള്ള ഓരോ വർഷത്തേയും വാർഷിക സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തു. കയറ്റുമതിയുമായി ബന്ധപ്പെട്ട ജിഎസ്ടി തിരിച്ചടവിന്‍റെ പ്രതിമാസ വിവരങ്ങൾ ഈ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, കാലതാമസമുണ്ടെങ്കിലും നികുതി തിരിച്ചടവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്.
ജിഎസ്ടി സമിതിയിൽ കേന്ദ്രത്തിന്‍റെ "ആധിപത്യ'മാണെന്ന അടിസ്ഥാനരഹിതമായ വാദത്തെ നമുക്കിനി പരിശോധിക്കാം. ജിഎസ്ടി നിലവിൽ വന്നതോടെ കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ നികുതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നയരൂപീകരണം, നിരക്കുകൾ നിശ്ചയിക്കൽ, നിയമങ്ങളുടെയും ചട്ടങ്ങളുടെയും കരട് തയ്യാറാക്കൽ, മാനദണ്ഡങ്ങൾ ഏകോപിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ തങ്ങളുടെ അധികാരം ഏകോപിപ്പിച്ചു. ചില സമയത്ത് ഇത് സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള നിയന്ത്രണമായി പറയപ്പെടുന്നു. എന്നാൽ ഇത് കേന്ദ്ര സർക്കാരിനെ സംബന്ധിച്ചും സമാനമായ ഒരു "നിയന്ത്രണ'മാണ്.
ജിഎസ്ടി സമിതി അതിന്‍റെ കമ്മിറ്റികളുടെ പിന്തുണയോടെ സങ്കീർണമായ നിരവധി പ്രശ്നങ്ങൾ പരിശോധിച്ച് മുന്നോട്ടുവെച്ച ശിപാർശകൾ നിയമ നിർവഹണത്തിൽ ഏകീകരണവും നിരക്ക് ഘടനയിൽ സ്ഥിരതയും കൊണ്ടുവന്നു.
ജിഎസ്ടി സമിതിയുടെ ഒന്നൊഴികെയുള്ള എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെ എടുത്തു എന്നത് സഹകരണ ഫെഡറലിസത്തിലൂന്നിയ ആദർശത്തിന്‍റെ തെളിവാണ്. മാത്രമല്ല, പാലിക്കലുകളുടെ പഴുതുകൾ അടയ്ക്കുന്നതിനും ഇളവുകൾ യുക്തിസഹമാക്കുന്നതിനുമുള്ള സമിതിയുടെ എല്ലാ തീരുമാനങ്ങളും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ പ്രയോജനം ചെയ്തിട്ടുണ്ട്.
ഈ വിലയിരുത്തലുകളിൽ നിന്ന് 3 കാര്യങ്ങൾ ഉയർന്നുവരുന്നു - ഒന്നാമതായി, ജിഎസ്ടിയുടെ ശേഖരണ കാര്യക്ഷമത തുടക്കം മുതൽ വ്യക്തവും സുസ്ഥിരവും പ്രാഥമികമായി സ്വതന്ത്ര ഘടകങ്ങളുടെ അടിസ്ഥാനത്തിലുമാണ് - ഇത് നികുതി തിരിച്ചടവുകളടക്കമുള്ള വരുമാന ശേഖരണത്തിൽ പോലും നിലനിൽക്കുന്നു. രണ്ടാമതായി, നമ്മുടെ നികുതി നിരക്കുകളും ശേഖരണ കാര്യക്ഷമതയും മറ്റ് ലോകരാജ്യങ്ങളുടേതിനെക്കാൾ മികച്ചതാണ്. മൂന്നാമതായി, കുറഞ്ഞ നികുതി നിരക്കുകളിലും ബാഹ്യ ആഘാതങ്ങൾക്കിടയിലും ജിഎസ്ടി സ്ഥിര വരുമാന വളർച്ച കൈവരിച്ചു.
ജിഎസ്ടി അതിന്‍റെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, നിരക്ക് ഘടനയുടെ ലഘൂകരണം, ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയ ഇനങ്ങളുടെ ഉൾപ്പെടുത്തൽ, കാര്യക്ഷമമായ പരാതി പരിഹാര സംവിധാനമുൾപ്പെടെ നിർവഹണ രംഗത്തെ പ്രശ്നങ്ങൾ തുടങ്ങി നിരവധി മേഖലകളെ അഭിമുഖീകരിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ജിഎസ്ടി ഏഴാം വർഷത്തിലേക്ക് കടക്കുമ്പോൾ ആഘോഷിക്കാൻ ഏറെയുണ്ട്.
(ഐആഎസ് 2007 ബാച്ചിലെ ഉദ്യോഗസ്ഥനാണ് ലേഖകൻ. നിലപാടുകൾ വ്യക്തിപരം)