ഭൂമി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ അറസ്റ്റിലായി അഞ്ചു മാസം ജയിലിൽ കഴിഞ്ഞ ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിക്കസേരയിൽ തിരിച്ചെത്തിയിരിക്കുന്നു. ജനുവരിയിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച സോറൻ തനിക്കു പൂർണ വിശ്വാസമുള്ള ചംപയ് സോറനെയാണ് പകരം ആ കസേരയിൽ ഇരുത്തിയത്. മുഖ്യമന്ത്രിസ്ഥാനത്തിരുന്നു കൊണ്ട് അറസ്റ്റിലാവുന്നത് ഒഴിവാക്കാനായിരുന്നു ആ നീക്കം. എന്നാൽ, അങ്ങനെയൊരു രാജി ആവശ്യമില്ലെന്ന് പിന്നീട് അരവിന്ദ് കെജരിവാൾ തെളിയിച്ചു. ഇഡി അറസ്റ്റു ചെയ്തിട്ടും ജയിലിലായിട്ടും ഡൽഹി മുഖ്യമന്ത്രിസ്ഥാനം കെജരിവാൾ രാജിവച്ചിട്ടില്ലല്ലോ.
എന്തായാലും ഇഡിയുടെ കേസിൽ ഹൈക്കോടതിയിൽ നിന്നു ജാമ്യം നേടി പുറത്തുവന്ന ശേഷമാണ് ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയായിരിക്കുന്നത്. ഝാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) എക്സിക്യൂട്ടിവ് പ്രസിഡന്‍റ് കൂടിയായ ഹേമന്തിന് പാർട്ടിയിൽ മുഴുവൻ നിയന്ത്രണവുമുണ്ട്. ഒരു പരാതിയുമില്ലാതെ ചംപയ് സോറൻ കസേര ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു. ഇഡി കേസിൽ പ്രഥമദൃഷ്ട്യാ ഹേമന്ത് സോറൻ കുറ്റക്കാരനാണെന്നു തോന്നുന്നില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിനു പിന്നിൽ രാഷ്‌ട്രീയമാണെന്നും കെട്ടിച്ചമച്ച കേസിൽ തന്നെ കുടുക്കിയതാണെന്നും സോറൻ ആരോപിക്കുന്നുണ്ട്. സഖ്യകക്ഷികളായ കോൺഗ്രസും ആർജെഡിയും ഈ വാദം തന്നെയാണ് ഉന്നയിക്കുന്നത്. ബിർസ മുണ്ട ജയിലിൽ നിന്നു പുറത്തുവന്ന ഹേമന്തിനു വൻ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയിരുന്നത്.
എന്‍ഡിഎയിലേക്കു കൂറുമാറാനുള്ള സമ്മർദത്തിന് വഴങ്ങാത്തതുകൊണ്ടാണ് തന്നെ അറസ്റ്റു ചെയ്തതെന്നും ബിജെപിക്കു വേണ്ടി ഇഡി കളിച്ചെന്നും സോറൻ ആരോപിക്കുന്നു. മഹാരാഷ്‌ട്ര, ഹരിയാന സംസ്ഥാനങ്ങൾക്കൊപ്പം ഏതാനും മാസങ്ങൾക്കുള്ളിൽ ഝാർഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ പ്രധാന പ്രചാരണ വിഷയം സോറനെതിരായ ഇഡി നീക്കം തന്നെയാവും. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസിയെ ദുരുപയോഗിക്കുന്നുവെന്ന ഇന്ത്യ മുന്നണിയുടെ പരാതി സോറൻ കേസോടെ വളരെ ശക്തമായിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പോടെ ഝാർഖണ്ഡിൽ നിന്നു ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് ഹേമന്ത് അവകാശപ്പെടുന്നു. തന്നെ ജയിലിലാക്കിയതിന് ജനങ്ങളുടെ കോടതി ബിജെപിയെ പാഠം പഠിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. അതേസമയം, ഇന്ത്യ മുന്നണി നേതാക്കളുടെ അധികാരത്തോടുള്ള ആർത്തിയാണ് ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയായതിലൂടെ തെളിയുന്നതെന്നാണു ബിജെപി നേതാക്കൾ ആരോപിക്കുന്നത്. സീനിയർ ഗോത്രവർഗ നേതാവായ ചംപയ് സോറനെ മാറ്റിയതു മര്യാദകേടാണെന്ന് അവർ പറയുന്നു. ജെഎംഎം കുടുംബ പാർട്ടിയാണെന്ന് ആവർത്തിച്ചു തെളിയിക്കുകയാണ് ഈ നീക്കമെന്നും അവർ ആരോപിക്കുന്നുണ്ട് (മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഷിബു സോറന്‍റെ മകനാണു ഹേമന്ത്).
ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരാഴ്ച പോലും തികയും മുൻപ് മുഖ്യമന്ത്രിസ്ഥാനത്തു തിരിച്ചെത്തിയ ഹേമന്ത് സോറന് ഭീഷണി ഒഴിഞ്ഞിട്ടില്ല. ഇഡി കേസ് ഇപ്പോഴും നിലവിലുണ്ട്. ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്ര അന്വേഷണ ഏജൻസി സുപ്രീം കോടതിയെ സമീപിച്ചേക്കാം. ഇക്കാര്യങ്ങളിൽ ഒരു വ്യക്തത വരുന്നതിനു കാത്തിരിക്കാൻ ജെഎംഎമ്മോ ഹേമന്ത് സോറൻ തന്നെയോ ആഗ്രഹിച്ചില്ല. എത്രയും വേഗം മുഖ്യമന്ത്രിക്കസേര തിരിച്ചുപിടിക്കുന്നതാണ് ഉചിതമെന്ന് സോറൻ കുടുംബം കരുതിക്കാണും. നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തെ നയിക്കുന്നത് മുഖ്യമന്ത്രിസ്ഥാനത്തിരുന്നായാൽ അതു കൂടുതൽ ഉപകാരപ്പെടുമെന്നു ഹേമന്ത് കരുതുന്നുണ്ടത്രേ. അഥവാ വീണ്ടും രാജിവയ്ക്കേണ്ടിവന്നാൽ മുഖ്യമന്ത്രിസ്ഥാനം ഭാര്യ കൽപ്പനയെ ഏൽപ്പിക്കുമെന്നും ചിലർ പറയുന്നുണ്ട്.
കാലിത്തീറ്റ കുംഭകോണക്കേസിൽ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് 1997ൽ ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോൾ ഭാര്യ റാബ്രിദേവിയാണു പകരം മുഖ്യമന്ത്രിയായത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ലാലുവിന്‍റെ ആ നീക്കം. രാഷ്‌ട്രീയത്തിൽ ഒരു പരിചയവുമില്ലാതിരുന്ന റാബ്രിദേവിയെന്ന വീട്ടമ്മയെ ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തുകയായിരുന്നു ലാലു ചെയ്തത്. എന്നാൽ, കാര്യമായ രാഷ്‌ട്രീയ പരിചയമൊന്നുമില്ലാത്ത കൽപ്പനയെ പകരം മുഖ്യമന്ത്രിയാക്കാൻ ഹേമന്ത് സോറൻ തയാറായില്ല. പക്ഷേ, അഞ്ചു മാസം കൊണ്ട് കാര്യങ്ങൾ ഏറെ മാറിയിട്ടുണ്ട്. ഹേമന്ത് സോറന്‍റെ അഭാവത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം നയിച്ച കൽപ്പന പാർട്ടിയിലെ പ്രമുഖ നേതാവായി മാറിക്കഴിഞ്ഞു. ഇനി വേണമെങ്കിൽ കൽപ്പനയ്ക്കു മുഖ്യമന്ത്രിയാവാം, അതല്ലെങ്കിൽ കെജരിവാളിനെപ്പോലെ ഹേമന്തിനു രാജിവയ്ക്കാതിരിക്കാം. വരും നാളുകളിൽ കേസും രാഷ്‌ട്രീയവും എങ്ങനെയാവുമെന്നു കണ്ടുതന്നെ അറിയണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നുള്ള 14 സീറ്റുകളിൽ ഒമ്പതും ബിജെപിയാണു നേടിയത്. ജെഎംഎമ്മിനു മൂന്നും കോൺഗ്രസിനു രണ്ടും സീറ്റുകൾ ലഭിച്ചു. 2019ലേതിനെക്കാൾ കൂടുതൽ സീറ്റ് കിട്ടിയതിന്‍റെ ആവേശം ഇന്ത്യ മുന്നണിയിലുണ്ട്. ബിജെപിക്കു നഷ്ടപ്പെട്ടതു മൂന്നു സീറ്റുകളാണ്. നിയമസഭാ തെരഞ്ഞെടുപ്പു വരുമ്പോൾ ജെഎംഎമ്മിന് കൂടുതൽ പ്രാധാന്യം കിട്ടുമെന്നും അധികാരം നിലനിർത്താനാവുമെന്നുമാണ് ഹേമന്ത് സോറനും കൂട്ടരും കരുതുന്നത്. മഹാരാഷ്‌ട്രയും ഹരിയാനയും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അവിടെ ഭരണം പിടിച്ചെടുക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെങ്കിൽ ഭരണം നിലനിർത്തുകയെന്നതാണല്ലോ ഝാർഖണ്ഡിലെ ദൗത്യം. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രഘുബർ ദാസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി ഭരണം അവസാനിപ്പിച്ചാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായത്. 81 അംഗ നിയമസഭയിൽ ജെഎംഎമ്മിന് മുപ്പതും കോൺഗ്രസിനു പതിനാറും ആർജെഡിക്ക് ഒന്നും എംഎൽഎമാരായിരുന്നു. ബിജെപി 25 സീറ്റിൽ ഒതുങ്ങി. അതിനു മുൻപ് 2013 ജൂലൈ 13 മുതൽ 2014 ഡിസംബർ 28 വരെയും ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 2015 മുതൽ 2019 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.
2010 സെപ്റ്റംബർ 11 മുതൽ 2013 ജനുവരി 18 വരെ ബിജെപി നേതാവ് അർജുൻ മുണ്ടയുടെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു ഹേമന്ത് സോറൻ. അർജുൻ മുണ്ടയുടെ ഈ സർക്കാരിൽ ചംപയ് സോറനും ക്യാബിനറ്റ് മന്ത്രിയായിട്ടുണ്ട്. പിന്നീട് ഹേമന്ത് സോറൻ സർക്കാരുണ്ടാക്കിയപ്പോഴും ചംപയ് സോറൻ മന്ത്രിയായി. മുപ്പത്തെട്ടാം വയസിൽ ഝാർഖണ്ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അധികാരമേറ്റ് 2013ൽ റെക്കോഡ് സൃഷ്ടിച്ചതാണു ഹേമന്ത് സോറൻ. ""ജീവിതം വലിയൊരു പോരാട്ടമാണ്. ഓരോ നിമിഷവും ഞാൻ പോരാടിക്കൊണ്ടിരിക്കുന്നു. ഒത്തുതീർപ്പുകൾക്കു വേണ്ടി ഞാൻ യാചിക്കില്ല''- ജനുവരിയിൽ അറസ്റ്റിലായപ്പോൾ ഹേമന്ത് സോറൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ പോരാട്ടം ജെഎംഎമ്മിനെയും ഇന്ത്യ മുന്നണിയെയും വരുന്ന തെരഞ്ഞെടുപ്പിൽ രക്ഷിക്കുമോയെന്നു കാത്തിരുന്നു കാണാം.