ബോളിവുഡ് താരങ്ങൾക്കൊപ്പം ഹാജി മസ്താൻ.
ബോളിവുഡ് താരങ്ങൾക്കൊപ്പം ഹാജി മസ്താൻ.

ഡി കമ്പനി: വിനോദം തന്നെ വ്യവസായം (4)

മുംബൈ അധോലോകത്തിന്‍റെ ഉത്പത്തിയിലേക്കും ചരിത്രത്തിലേക്കും അറിയാക്കഥകളിലേക്കും ഒരു തിരിഞ്ഞുനോട്ടം... ഭാഗം 4
Published on

ഹാജി മസ്താന്‍ തുടങ്ങിവച്ച അധോലോക-ബോളിവുഡ് ബന്ധം അനിസ് ഇബ്രാഹിമിന്‍റെയും അബു സലിമിന്‍റെയും സഹായത്തോടെ ദാവൂദ് പുഷ്ടിപ്പെടുത്തി. മോണിക്ക ബേദിയും മന്ദാകിനിയും സഞ്ജയ് ദത്തും, പിന്നെ പ്രശസ്തരും അപ്രശസ്തരുമായ പല നടീനടന്‍മാരും അധോലോകത്തിന്‍റെ കളിപ്പാവകളായി. വെള്ളിത്തിരയിലെ മിന്നുന്ന താരങ്ങള്‍ ദുബായില്‍ ദാവൂദിന്‍റെ വിനീതരായ അതിഥികളായി. ഷൂട്ടിങ് തിരക്കിന്‍റെ പേരില്‍ ക്ഷണം നിരസിച്ചവരുടെ കോള്‍ ഷീറ്റുകള്‍ കീറിയെറിയപ്പെട്ടു. കാസറ്റ് രാജാവ് ഗുല്‍ഷന്‍ കുമാറിനെപ്പോലെ ജീവന്‍ നഷ്ടമായവര്‍ നിരവധി.

ചിലപ്പോള്‍ സിനിമയുടെ പ്രമേയത്തില്‍ വരെ അവസാന വാക്ക് അധോലോകത്തിന്‍റേതായി. സിനിമയിലെ ഹരം കുറഞ്ഞപ്പോഴാണ് ദാവൂദ് ക്രിക്കറ്റിന്‍റെ അനന്ത സാധ്യതകളിലേക്കു തിരിയുന്നത്. കളിക്കാനല്ല, കളിപ്പിക്കാനും കളിയുടെ വിധി നിര്‍ണയിക്കാനുമായിരുന്നു താത്പര്യം. ഒത്തുകളിയില്‍ ലക്ഷങ്ങളെറിഞ്ഞ്, വാതുവയ്പില്‍ കോടികള്‍ നേടി. പാക്കിസ്ഥാന്‍ താരങ്ങളുമായി അടുത്ത സൗഹൃദത്തിലായി. മകളെ മുന്‍ പാക് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്‍റെ മകനു വിവാഹം കഴിച്ചു കൊടുത്തു. വിനോദവും ജീവിതവുമെല്ലാം വ്യവസായത്തിന്‍റെ ഭാഗമാക്കുകയായിരുന്നു ദാവൂദ്.

അധോലോകം സിനിമയില്‍

ഹാജി മസ്താന്‍റെ ജീവിതം പ്രമേയമാക്കിയ ദീവാർ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ.
ഹാജി മസ്താന്‍റെ ജീവിതം പ്രമേയമാക്കിയ ദീവാർ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ.

അധോലോകത്തിന്‍റെ ഇരുണ്ട വഴികള്‍ വെള്ളിത്തിരയില്‍ ത്രസിപ്പിക്കുന്ന വെളിച്ചമാകുന്നത് ലോക സിനിമയുടെയും മലയാളം അടക്കമുള്ള ഇന്ത്യന്‍ സിനിമകളുടെയും ചരിത്രത്തില്‍ കാണാം. ഹാജി മസ്താന്‍റെ കാലം മുതല്‍ കാലം മുതലേ അധോലോകവുമായുള്ള ഇടപാടുകള്‍ നേരിട്ടായിരുന്നല്ലോ ബോളിവുഡിന്. അതുകൊണ്ടു തന്നെ അവിടെ ഡോൺ എപ്പോഴും റോബിന്‍ഹുഡും കായംകുളം കൊച്ചുണ്ണിയുമായിരുന്നു. തിയെറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ആന്‍റിഹീറോ വേഷങ്ങള്‍ അമിതാഭ് ബച്ചന്‍റെയും അനില്‍ കപൂറിന്‍റെയും താരമൂല്യം വളര്‍ത്തി.

അധോലോകം ഫിനാന്‍സിങ്ങും കടന്ന്, തിരക്കഥകളില്‍ വരെ കൈമുദ്ര പതിപ്പിക്കാന്‍ തുടങ്ങിയതോടെ, എഴുപതുകളിലെയും എൺപതുകളിലെയും ഗ്യാങ്സ്റ്റര്‍ ചിത്രങ്ങള്‍ അണ്ടര്‍വേള്‍ഡിന്‍റെ മഹത്വവത്കരണമായി. സിനിമ കണ്ടിറങ്ങുന്നവരുടെ മനസിൽ അധോലോക കുറ്റവാളികൾക്ക് വീരപരിവേഷം കിട്ടി. അവർ അമാനുഷരും ആരാധനാപാത്രങ്ങളുമായി. ചമ്പല്‍ക്കാടുകള്‍ പശ്ചാത്തലമായ ചിത്രങ്ങളില്‍ കൊള്ളക്കാരന്‍ വില്ലനും പൊലീസ് ഓഫിസര്‍ നായകനുമായിരുന്നെങ്കില്‍, അധോലോക സിനിമകളില്‍ കഥ മറിച്ചായി.

അമിതാഭ് ബച്ചന് എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്ററുകള്‍ സമ്മാനിച്ചത് സഞ്ജീര്‍, ദീവാര്‍, ഡോൺ, അഗ്നിപഥ് തുടങ്ങിയ അണ്ടര്‍വേള്‍ഡ് പ്ലോട്ടുകളാണ്. ഇന്ത്യന്‍ സിനിമയിലേക്കുള്ള താക്കോലെന്നാണ് ഓസ്‌കര്‍ ജേതാവ് ഡാനി ബോയ്ല്‍ ദീവാറിനെ വിശേഷിപ്പിച്ചത്.

വരദരാജ മുതലിയാരിൽനിന്നു പ്രചോദിതമായ നായകൻ എന്ന സിനിമയിൽ കമൽ ഹാസൻ.
വരദരാജ മുതലിയാരിൽനിന്നു പ്രചോദിതമായ നായകൻ എന്ന സിനിമയിൽ കമൽ ഹാസൻ.

മുഖ്യധാരയില്‍ മാത്രമല്ല, സമാന്തര സിനിമയിലും പലതവണ വിഷയമായിട്ടുണ്ട് അധോലോക കഥകള്‍. സത്യജിത് റേയുടെ ജന ആരണ്യ കൊല്‍ക്കത്ത അധോലോകത്തിന്‍റെ കഥ പറഞ്ഞു. മണിരത്‌നത്തിന്‍റെ നായകനില്‍ കമലഹാസന്‍ വരദരാജ മുതലിയാരായി. 2005ല്‍ ടൈം മാഗസില്‍ പുറത്തിറക്കിയ ഓള്‍ ടൈം ബെസ്റ്റ് പട്ടികയില്‍ നൂറിനുള്ളിലായിരുന്നു നായകന്‍റെ സ്ഥാനം. മീരാ നായരുടെ സലാം ബോംബെയും അനില്‍ കപൂര്‍ നായകനായ പരിന്ദയും ധാരാവിയുമൊക്കെ സംവദിച്ചതു മുംബൈ അധോലോകത്തെക്കുറിച്ച്.

1972ൽ മരിയോ പുസോയുടെ നോവലിനെ ആസ്പദമാക്കി ഫ്രാൻസിസ് ഫോർഡ് കൊപ്പോള ഒരുക്കിയ ഗോഡ്ഫാദർ എന്ന ഓൾടൈം ഹോളിവുഡ് ക്ലാസിക്കിന്‍റെ സ്വാധീനം ഇത്തരത്തിലുള്ള പല സിനിമകളിൽ പ്രകടമാണെങ്കിലും, അതിന്‍റെ ഇന്ത്യൻ രൂപങ്ങൾക്ക് ആദ്യകാല മാതൃക മുംബൈ അധോലോകം തന്നെയായിരുന്നു. അധോലോകം പ്രമേയമായ സിനിമകള്‍ തൊണ്ണൂറുകളുടെ അവസാനത്തോടെ കൂടുതല്‍ റിയലിസ്റ്റിക് ആകുകയും ഗ്ലോറിഫിക്കേഷന്‍ കുറയുകയും ചെയ്തു. ഗോഡ് ഫാദര്‍ ത്രയത്തോടും ഇന്‍ഫേണല്‍ അഫയേഴ്‌സ് ത്രയത്തോടും ഉപമിക്കാനാകില്ലെങ്കിലും രാം ഗോപാല്‍ വര്‍മയുടെ സത്യ, കമ്പനി, ഡി എന്നിവ ഇന്ത്യന്‍ ഗ്യാങ്സ്റ്റര്‍ സിനിമാ ത്രയമായി വിശേഷിപ്പിക്കപ്പെടുന്നു. അധോലോക നായകന്‍റെ സൂപ്പര്‍ ഹീറോ ഇമേജ് മങ്ങിയിട്ടില്ലെന്നതിനു തെളിവാണ് ഡോൺ പോലെയുള്ള സിനിമകള്‍ പിന്നീടും വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടത്.

അഭിമന്യു എന്ന സിനിമയിൽ മോഹൻലാൽ.
അഭിമന്യു എന്ന സിനിമയിൽ മോഹൻലാൽ.

ജോലി തേടി ബോംബേയ്ക്കു വണ്ടി കയറി‌യിരുന്ന മലയാളി പാരമ്പര്യത്തിനും പ്രിയപ്പെട്ടതു തന്നെ അവിടുത്തെ ഗ്യാങ് വാര്‍ കഥകള്‍. അഭിമന്യുവും ഇന്ദ്രജാലവും മുംബൈ അധോലോകത്തെ പ്രത്യക്ഷ പശ്ചാത്തലമാക്കിയെങ്കില്‍, മറ്റ് അസംഖ്യം മലയാള സിനിമകളില്‍ അവിടം പരോക്ഷ പശ്ചാത്തലമോ പരാമര്‍ശ വിഷമയോ ആയി.

(ബാബറി മസ്ജിദ് പൊളിച്ചതിനെത്തുടർന്ന് രൂക്ഷമായ വർഗീയ വിദ്വേഷം മുംബൈ അധോലോകത്തെയും ബാധിച്ചു. മതാടിസ്ഥാനത്തിലുള്ള പുതിയ ഗ്യാങ് വാറുകൾക്ക് അതൊരു തുടക്കമായി. അതെക്കുറിച്ച് അടുത്ത ഭാഗത്തിൽ...)