1993ലെ മുംബൈ സ്ഫോടന പരമ്പരയ്ക്കു ശേഷം ഗേറ്റ്‌വേ ഓഫ് ഇന്ത്യ. ഇൻസെറ്റിൽ ടൈഗർ മേമൻ.
1993ലെ മുംബൈ സ്ഫോടന പരമ്പരയ്ക്കു ശേഷം ഗേറ്റ്‌വേ ഓഫ് ഇന്ത്യ. ഇൻസെറ്റിൽ ടൈഗർ മേമൻ.

വര്‍ഗീയ വിഭജനം, ഡി-കമ്പനിയിലെ പിളർപ്പ് (5)

മുംബൈ അധോലോകത്തിന്‍റെ ഉത്പത്തിയിലേക്കും ചരിത്രത്തിലേക്കും അറിയാക്കഥകളിലേക്കും ഒരു തിരിഞ്ഞുനോട്ടം... ഭാഗം 4
Published on

ഹിന്ദു - മുസ്‌ലിം സംഘര്‍ഷത്തിന്‍റെ അലയൊലികള്‍ അധോലോകത്തെയും വെറുതേ വിട്ടില്ല. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ അതു മൂര്‍ധന്യത്തിലെത്തി. പ്രതികാരം ചെയ്യണമെന്ന ടൈഗര്‍ മേമന്‍റെ ആവശ്യം ദാവൂദ് അംഗീകരിച്ചു. അതിന്‍റെ ഫലമായിരുന്നു 1993ലെ മുംബൈ സ്‌ഫോടന പരമ്പരയും പിന്നീടുണ്ടായ വര്‍ഗീയ കലാപവും. ദാവൂദിന്‍റെ മോസ്റ്റ് ട്രസ്റ്റഡ് ലെഫ്റ്റ്‌നന്‍റ് ആയിരുന്ന ഛോട്ടാ രാജന്‍ ഇതോടെ കലാപക്കൊടിയുയര്‍ത്തി. ഡി കമ്പനി നെടുകെ പിളര്‍ന്നു. ഹൈന്ദവ വിഭാഗത്തില്‍പ്പെട്ട സാധു ഷെട്ടി, ജസ്പാല്‍ സിങ്, മോഹന്‍ കൊടിയന്‍ തുടങ്ങിയവരെക്കൂടി ഛോട്ടാ രാജന്‍ പുതിയ ഗ്യാങ്ങുണ്ടാക്കി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ഗ്യാങ് വാറിനാണു പിന്നെ മുംബൈ സാക്ഷ്യം വഹിച്ചത്.

ഹിന്ദു അധോലോകം!

അരുൺ ഗാവ്ലി
അരുൺ ഗാവ്ലി

പുതിയ ഗ്യാങ്ങിന്‍റെ സ്വാധീനമുറപ്പിക്കാന്‍ ഹിന്ദുത്വത്തെയാണു ഛോട്ടാ രാജന്‍ കൂട്ടുപിടിച്ചത്. ഐഎസ്‌ഐയെ ശത്രുസ്ഥാനത്തു നിര്‍ത്തിയ ഇയാള്‍ മുസ്‌ലിം അധോലോകത്തെക്കാള്‍ ഭേദം ഹിന്ദു അധോലോകമാണെ പ്രചാരണം മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. 'ഹിന്ദു ഗൂണ്ടാ ഐക്യം' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശിലെ ബബ്‌ലു ശ്രീവാസ്തവയുമായി സഖ്യത്തിലേര്‍പ്പെട്ടു.

ഡി കമ്പനിയുടെ ആധിപത്യം തകര്‍ക്കാന്‍ വിനോദ് കുമാര്‍ ശര്‍മയുടെയും (ചെയര്‍മാന്‍) അരുൺ ഗാവ്‌ലിയുടെയും ഗ്യാങ്ങുകള്‍ ഛോട്ടാ രാജനെക്കാൾ മുൻപേ ശ്രമം തുടങ്ങിയിരുന്നു. ഗാവ്‌ലിയെ തകര്‍ക്കാന്‍ ദാവൂദിന് അശ്വിന്‍ നായിക് ഗ്യാങ്ങിന്‍റെയും സംസ്ഥാന സര്‍ക്കാരിലെയും പൊലീസിലെയും അടുപ്പക്കാരുടെയും വരെ സഹായം വേണ്ടി വന്നു. ഗാവ്‌ലി ജയിലിലായ ശേഷം ദാവൂദ് നേരിട്ട ഏറ്റവും വലിയ ശത്രുവാണ് ഒരിക്കല്‍ തന്‍റ നവരത്‌നങ്ങളിലൊന്നായി വിശേഷിപ്പിച്ചിരുന്ന രാജേന്ദ്ര നിഖല്‍ജെ എന്ന ഛോട്ടാ രാജന്‍. ഗാവ്‌ലി കാട്ടിക്കൊടുത്ത ഹിന്ദുത്വവാദത്തിന്‍റെ വഴിയായിരിക്കാം ഇയാള്‍ക്കും പ്രചോദനമായത്.

തിരിച്ചടികളുടെ സീസൺ

ഛോട്ടാ രാജൻ, രണ്ടു കാലഘട്ടങ്ങളിൽ.
ഛോട്ടാ രാജൻ, രണ്ടു കാലഘട്ടങ്ങളിൽ.

സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം മുറുകിയപ്പോള്‍ ദാവൂദ് മുംബൈയില്‍ അരക്ഷിതനായി. മറുവശത്ത് ഡി കമ്പനിക്കു കനത്ത പ്രഹരങ്ങളേല്‍പ്പിച്ചുകൊണ്ട് ഛോട്ടാ രാജന്‍റെ കൊലവിളി. അങ്ങനെ ദുബായ് സ്ഥിരം ആസ്ഥാനമാക്കാന്‍ ഡോൺ നിര്‍ബന്ധിതനായി. അവിടത്തെ രാജകുടുംബവുമായി ബന്ധമുള്ള ഷെയ്ക്ക് സാഗര്‍ ബിന്‍ അബ്ദുള്ള ഹമില്‍ അല്‍ ഗസ്‌നിയാണു ദാവൂദിന്‍റെ വിസ ആദ്യം സ്‌പോൺസര്‍ ചെയ്തത്. പക്ഷേ, ഇന്ത്യയും യുഎഇയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ടായിരുതിനാല്‍ ഏറെക്കാലം അങ്ങനെ തുടരാനായില്ല.

അതോടെയാണു കറാച്ചിയില്‍ അഭയം തേടുന്നത്. തിരിച്ചടികളുടെ കാലമായിരുന്നു അത്. ഭാര്യയെയും ഒരു മകനെയും നാലു പെൺമക്കളെയും കറാച്ചിയിലെത്തിക്കാൻ സാധിച്ചു. പക്ഷേ, 12 വയസായ മകള്‍ അവിടെവച്ചു മലേറിയ ബാധിച്ചു മരിച്ചു. എന്നിട്ടും തിരിച്ചടികളില്‍നിന്നു കരകയറാനുള്ള സഹജവാസന ദാവൂദ് കൈവിട്ടില്ല. പാക്കിസ്ഥാനില്‍ പുതിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. കറാച്ചി അധോലോകത്തിലെ ഡോൺ ആയി.

വിദേശി, അതും ഒരിന്ത്യക്കാരന്‍ പാക്കിസ്ഥാനില്‍ വന്ന് ആളാകുത് അവിടുത്തെ പരമ്പരാഗത അധോലോക നേതാക്കള്‍ക്കും അല്‍ത്താഫ് ഹുസൈന്‍റെ എംക്യുഎം നേതാക്കള്‍ക്കും സഹിച്ചില്ല. കരിം ലാലയുടെ ലൈനില്‍ ദാവൂദ് മധ്യസ്ഥതയ്ക്കിറങ്ങാനും തുടങ്ങിയപ്പോള്‍ അവരുടെ അസ്വസ്ഥത വര്‍ധിച്ചു. പക്ഷേ, വിരമിച്ചവരും സര്‍വീസിലുള്ളവരുമായ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ നേരിട്ടൊരുക്കിയ രക്ഷാവലയത്തില്‍ ദാവൂദ് നിര്‍ഭയം വാഴ്ച തുടര്‍ന്നു.

പ്രത്യുപകാരമായി ഡി കമ്പനി പാക്കിസ്ഥാനു വേണ്ടി മുംബൈയില്‍ ചാരപ്പണി ചെയ്തു, റോ ഏജന്‍റുമാരെ തിരിച്ചറിയാന്‍ സഹായിച്ചു, കീശ നിറയെ പണവും കൊടുത്തു.

ലാസ്റ്റ് ഫ്രെയിം

ദാവൂദ് ഇബ്രാഹിം
ദാവൂദ് ഇബ്രാഹിം

ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച ടോപ് 10 ഡ്രെഡഡ് ക്രിമനല്‍ പട്ടികയില്‍ നാലാം സ്ഥാന‌ത്തിനു വന്നിട്ടുണ്ട് ദാവൂദ് ഇബ്രാഹിം കസ്‌കര്‍ എന്ന പേര്. ഉസാമ ബിന്‍ ലാദനുമായുള്ള ബന്ധം തെളിഞ്ഞതോടെ ദാവൂദിനെ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ലോകത്തെവിടെയുമുള്ള സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം തുടങ്ങി.

ദാവൂദിന്‍റെ വിശ്വസ്തനും ഫിനാന്‍ഷ്യറുമായിരുന്ന ശരത് ഷെട്ടിയെ ഛോട്ടാ രാജന്‍ സംഘം വധിച്ചതു ഡി കമ്പനിക്കു മേല്‍ വെള്ളിടിയായി പതിച്ചു. പല പ്രധാന ഓപ്പറേഷനുകളുടെയും മാസ്റ്റര്‍ മൈന്‍ഡ് ആയിരുന്ന ഷോയബ് ഖാന്‍റെ മരണവും കനത്ത തിരിച്ചടിയായി.

പക്ഷേ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾ പോലും വഴി തെറ്റിക്കാൻ മാത്രം സ്വാധീനം അയാൾ അധികം വൈകാതെ അവിടെ ആർജിച്ചെടുത്തു. പാക് സർക്കാരിനു മേൽ യുഎസിനുള്ള നിയന്ത്രണം പോലും ദാവൂദിനു ഭീഷണിയായില്ല.

The End

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഷക്കീല്‍ അഹമ്മദ് ബാബു ആഗ്രഹിച്ചതു പട്ടാളത്തില്‍ ചേരാനാണ്. ഡി-കമ്പനിയിലെ ഛോട്ടാ ഷക്കീലായി വളര്‍പ്പോള്‍ അഭയം തേടേണ്ടി വന്നതു ശത്രുരാജ്യത്ത്. ജന്മനാട്ടില്‍ കാലുകുത്താന്‍ പോലുമാകില്ല. പ്രിയപ്പെട്ടവരും പ്രിയമുള്ള ഓര്‍മകളുമെല്ലാം കടലുകള്‍ക്കിപ്പുറം. പല ഗ്യാങ് ലീഡര്‍മാരുടെയും ഭൂതകാലം ഇങ്ങനെ ചില കഥകളുടേതു കൂടിയായിരിക്കും. പക്ഷേ, പശ്ചാത്താപ വിവശരായി മനുഷ്യലോകത്തേക്കു തിരിച്ചു വരാന്‍ ഇതു കരിം ലാലയുടെയും ഹാജി മസ്താന്‍റെയും കാലമല്ല. ചെയ്തുകൂട്ടു കൊടിയ പാപങ്ങള്‍ മാപ്പര്‍ഹിക്കുവയുമല്ല.

ദക്ഷിണേഷ്യക്കാരെ പുച്ഛത്തോടെ കാണുന്ന അറബികളെയും സംശയാലുക്കളായ പാക്കിസ്ഥാനികളെയും വിശ്വസിച്ച് ശിഷ്ടകാലം കഴിക്കാനുള്ള വിധിയൊന്നും വലിയ ശിക്ഷയായിരിക്കില്ല. പക്ഷേ, ശത്രുക്കളെയും നിയമത്തെയുമൊളിച്ച് അവസാനമില്ലാത്ത പരക്കംപാച്ചിലിനിടെ, നിനച്ചിരിക്കാത്ത നേരത്തൊരു വെടിയുണ്ടയായോ ഡ്രോണായോ വിഷബാധയായോ ജീവിതത്തിന്‍റെ ലാസ്റ്റ് ഫ്രെയിമില്‍ എഴുതിച്ചേര്‍ക്കുക തന്നെ ചെയ്യും- ദ എന്‍ഡ്!

(പരമ്പര അവസാനിച്ചു)