മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ലോകമിന്നും ആദരിക്കുന്നത് രവീന്ദ്രനാഥ ടാഗോര്‍ നല്‍കിയ മഹാത്മാ എന്ന ബഹുമതി നാമത്തിലാണ്. ലളിതവും അഹിംസാത്മകവുമായ സമരമാര്‍ഗങ്ങളിലൂടെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ അടിത്തറയിളക്കിയ, സ്വാതന്ത്ര്യത്തിന്‍റെ പുലരിത്തുടിപ്പിലേക്ക് ഭാരതത്തെ നയിച്ച ആ മഹാത്മാവിന്‍റെ ജന്മദിനം ലോകമെങ്ങും അഹിംസാദിനമായി ആചരിക്കുന്നു. 1869 ഒക്ടോബര്‍ 2ന് പോര്‍ബന്തറിലെ ഗാന്ധികുടുംബത്തില്‍ പിറന്നു വീണതുമുതല്‍ 1948 ജനുവരി 30ന് സന്ധ്യാ പ്രാര്‍ത്ഥനാ യോഗത്തിലേക്കുള്ള നടവഴിയില്‍ വെടിയേറ്റു മരിക്കുന്നതു വരെയുള്ള ആ യുഗപുരുഷന്‍റെ ജീവിതയാത്രയിലെ പ്രധാന സംഭവങ്ങളെ ഓര്‍ത്തെടുക്കുകയാണിവിടെ.
ഭീരുവും ലജ്ജാലുവുമായ കുട്ടി
ഗുജറാത്ത് സംസ്ഥാനത്തിലെ പോര്‍ബന്തറിലാണ് പ്രശസ്തമായ ഗാന്ധി കുടുംബം. അച്ഛന്‍ കരംചന്ദ് ഗാന്ധി. അമ്മ പുത്‌ലിഭായ്. കരംചന്ദ് ഗാന്ധിയും അപ്പൂപ്പന്‍ ഉത്തംചന്ദ് ഗാന്ധിയും പോര്‍ബന്തര്‍ നാട്ടുരാജ്യത്തിലെ മുഖ്യമന്ത്രിമാരായിരുന്നു. ധീരരും സത്യസന്ധരുമായ ഭരണാധികാരികള്‍ എന്ന ഖ്യാതി നേടിയവരായിരുന്നു അവര്‍.
മോഹന്‍ദാസിന്‍റെ കുട്ടിക്കാലം സംഭവബഹുലമായിരുന്നു. ഇംഗ്ലീഷുകാര്‍ നമ്മെ ഭരിക്കുന്നത് ഇറച്ചി കഴിച്ചുണ്ടായ ബലത്തിലാണ് എന്ന് കൂട്ടുകാരന്‍ പറഞ്ഞതുകേട്ട് പൂര്‍ണ സസ്യഭുക്കുകളുടെ കുടുംബത്തില്‍ പിറന്ന മോഹന്‍ദാസ് ഒരിക്കല്‍ ഇറച്ചി കഴിച്ചു. ബ്രിട്ടീഷുകാരെ നേരിടണമെന്ന ആഗ്രഹമായിരുന്നു ഇതിനുപിന്നില്‍.
പാരമ്പര്യമനുസരിച്ചുള്ള വിദ്യാഭ്യാസവും പതിമൂന്നാം വയസില്‍ കസ്തൂര്‍ബയുമായുള്ള ബാലവിവാഹവും കഴിഞ്ഞശേഷം ബാരിസ്റ്ററാവാനുള്ള മോഹവുമായി പതിനെട്ടാം വയസില്‍ ഇംഗ്ലണ്ടിലേക്കുള്ള കപ്പല്‍ കയറുമ്പോഴും ഭീരുവും ലജ്ജാലുവുമായിരുന്നു മോഹന്‍ദാസ്.
കറുത്തവന്‍ എന്ന
അയോഗ്യതയുടെ പേരില്‍
ലണ്ടനിലെ ഇന്നര്‍ടെമ്പിളില്‍ നിന്നും ബാരിസ്റ്റര്‍ പരീക്ഷ പാസായ മോഹന്‍ 1891 ല്‍ ബോംബെ തുറമുഖത്ത് മടങ്ങിയെത്തി. അപ്പോഴേക്കും അമ്മ മരിച്ചുപോയിരുന്നു. ബോംബെയിലും രാജ്‌കോട്ടിലും കുറച്ചുനാള്‍ വക്കീല്‍ പണി ചെയ്തു. അതിനിടെ ജ്യേഷ്ഠന്‍റെ ഒരു സുഹൃത്ത് മുഖേന ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒരു ക്ഷണം കിട്ടി. ഭാഭാ അബ്ദുള്ള എന്ന വ്യാപാരിയുടെ കേസ് വാദിക്കാന്‍. പില്‍ക്കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ മാര്‍ഗരേഖയാകുവാനും ഗാന്ധിയെന്ന പേരില്‍ വിശ്വവിഖ്യാതനാകുവാനും കാരണമായ സിദ്ധാന്തങ്ങള്‍ നിയതി ആ ഉരുണ്ട ഭൂഖണ്ഡത്തില്‍ കാത്തുവെച്ചിരുന്നു. ജോഹന്നാസ് ബര്‍ഗിലേക്കുള്ള തീവണ്ടിയാത്രയിലെ ഒന്നാംക്ലാസ് കംപാര്‍ട്ടുമെന്‍റില്‍ നിന്ന് കറുത്തവന്‍ എന്ന അയോഗ്യതയുടെ പേരില്‍ വെള്ളക്കാര്‍ ഇറക്കിവിട്ടപ്പോഴാണ് വര്‍ണവിവേചനത്തിന്‍റെ ക്രൂരമുഖം ഗാന്ധി ആദ്യമായി അനുഭവിക്കുന്നത്. പീറ്റര്‍ മാരിറ്റ്‌സ് ബര്‍ഗിലെ റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് ഒരു ഭ്രഷ്ടനെപ്പോലെ വലിച്ചെറിയപ്പെട്ടപ്പോള്‍ ഗാന്ധി സ്വന്തം അവസ്ഥയെക്കാളുപരി സമാനാവസ്ഥയിലുള്ള മനുഷ്യരുടെ മുഴുവന്‍ അനുഭവങ്ങളെക്കുറിച്ചുമാണ് ഓര്‍ത്തത്. മാരിറ്റ്‌സ്ബര്‍ഗ് റെയില്‍വേ സ്റ്റേഷനിലെ തണുത്തു വിറങ്ങലിച്ചതും ക്ലേശപൂര്‍ണവുമായ ആ രാത്രിയിലാണ് വര്‍ണവിവേചനമെന്ന ഈ രോഗത്തെ ഉന്മൂലനം ചെയ്യുന്നതിനായി ശ്രമിക്കുക എന്ന തീരുമാനം അദ്ദേഹമെടുത്തത്. ദക്ഷിണാഫ്രിക്കയെ മനുഷ്യസേവനരംഗത്തെ തന്‍റെ പരീക്ഷണശാലയാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ജീവിതത്തെ ഒരു സത്യാന്വേഷണ പരീക്ഷയായി അദ്ദേഹം തിരിച്ചറിഞ്ഞു. പുതിയൊരു മനുഷ്യനായാണ് ആ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഗാന്ധി ഉയര്‍ത്തെണീറ്റത്. തന്‍റെ വക്കീലാഫിസിലെ അലമാരയില്‍ അടുക്കിവെച്ചിരുന്ന ബൈബിളില്‍ നിന്ന് സഹനവും ഭഗവത്ഗീതയില്‍ നിന്ന് അനാസക്തമായ കര്‍മ്മവും ഗാന്ധിജി സ്വാംശീകരിച്ചു. ജോണ്‍ റസ്‌കിന്‍റെയും ടോള്‍സ്റ്റോയിയുടെയും പുസ്തകങ്ങളില്‍ നിന്ന് അദ്ദേഹം തന്‍റെ സംശയങ്ങള്‍ക്ക് ഉത്തരംതേടി. ജോഹന്നാസ് ബര്‍ഗിലും ടാന്‍സ്വാളിലുമായി അദ്ദേഹം തന്‍റെ അഹിംസാത്മക സമരമുറകള്‍ രൂപപ്പെടുത്തി.
ഗീത - സ്പിരിച്വല്‍ റഫറന്‍സ് ബുക്ക്
നിയമപഠനത്തിനായി ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ പരിചയപ്പെട്ട ബ്രഹ്മ വിദ്യാസംഘക്കാരായ സുഹൃത്തുക്കളാണ് ഗാന്ധിജിക്ക് ആദ്യമായി ഭഗവത്ഗീത പരിചയപ്പെടുത്തിയത്. സര്‍ എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ഗീതയുടെ ഇംഗ്ലീഷ് തര്‍ജ്ജമ The Song Celestial അവര്‍ ഗാന്ധിക്ക് വായിക്കാന്‍ കൊടുത്തു. അത്മകഥയില്‍ ഗാന്ധിജി അതിനെക്കുറിച്ച് ഇങ്ങനെയെഴുതി. സംസ്‌കൃതത്തിലോ മാതൃഭാഷയായ ഗുജറാത്തിയിലോ ഞാന്‍ ഗീത വായിച്ചിരുന്നില്ല എന്നതോര്‍ത്ത് എനിക്ക് ലജ്ജ തോന്നി. സംശയങ്ങള്‍ എന്നെ വേട്ടയാടുമ്പോള്‍, നിരാശ തുറിച്ചുനോക്കുമ്പോള്‍ അങ്ങ് ദൂരെ ചക്രവാളത്തില്‍ ഞാനൊരു പ്രകാശരേഖ കാണുന്നു. ഞാന്‍ ഗീതയിലേക്ക് തിരിയുന്നു. അപ്പോള്‍ എന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നു. എന്‍റെ ജീവിതത്തിലെ അനന്തമായ ബഹുദുരന്തങ്ങള്‍ക്കൊന്നും എന്നില്‍ ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധിക്കാത്തതിന് ഞാന്‍ ഗീതയോട് കടപ്പെട്ടിരിക്കുന്നു. ഭഗവത്ഗീതയെ തന്‍റെ Spriutal Referance Book എന്നാണ് ഗാന്ധിജി വിശേഷിപ്പിക്കുന്നത്.
'ധ്യായതോ വിഷയാന്‍പുംസഃസംഗസ്‌തേഷൂപജായതേ;
സംഗാല്‍ സംജായതേ കാമഃകാമാല്‍ ക്രോധാഭിജായതേ;
ക്രോധാല്‍ ഭവതി സമ്മോഹഃസമ്മോഹാല്‍ സ്മൃതി വിഭ്രമഃ സ്മൃതിഭ്രംശാല്‍ ബുദ്ധിനാശോ; ബുദ്ധിനാശാല്‍ പ്രാണശ്യതി.' (വിഷയങ്ങളെപ്പറ്റി വിചാരിക്കുന്നവന് അവയില്‍ ആസക്തി ജനിക്കുന്നു. ആസക്തി നിമിത്തം കാമവും കാമത്തില്‍ നിന്ന് ക്രോധവും ക്രോധത്തില്‍നിന്ന് അവിവേകവും അവിവേക ത്തില്‍നിന്ന് ഓര്‍മക്കേടും ഓര്‍മക്കേടില്‍നിന്ന് ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശം നിമിത്തം എല്ലാം നശിക്കുകയും ചെയ്യുന്നു.)
ഭഗവത്ഗീതയിലെ ഈ ശ്ലോകം തന്‍റെ മനസില്‍ ആഴത്തില്‍ പതിഞ്ഞതായും ജീവിതകാലം മുഴുവന്‍ അമൂല്യമായ പ്രചോദനം നല്‍കിയതായും ഗാന്ധിജി ആത്മകഥയില്‍ വെളിപ്പെടുത്തുന്നു
ജീവിതത്തെ മാറ്റിമറിച്ച പുസ്തകം
ജോണ്‍ റസ്‌കിന്‍റെ Unto this Last എന്ന പുസ്തകമാണ് തന്‍റെ ജീവിതത്തെ നിശബ്ദമായും വിപ്ലവകരമായും മാറ്റിമറിച്ചത് എന്നും ഗാന്ധിജി പറയുന്നു.
ദക്ഷിണാഫ്രിക്കയില്‍ വെച്ച് ജോഹന്നാസ് ബര്‍ഗില്‍ നിന്നും നെറ്റാളിലേക്കുള്ള തീവണ്ടിയാത്രക്കിടെ ക്രിട്ടിക് പത്രത്തിന്‍റെ ഉപപത്രാധിപരും സുഹൃത്തുമായ പോളക്ക് ആണ് ഈ പുസ്തകം ഗാന്ധിക്ക് നല്‍കുന്നത്. ആ പുസ്തകത്തില്‍ കണ്ട തത്വങ്ങളനുസരിച്ച് ഞാനെന്‍റെ ജീവിതഗതി വ്യത്യാസപ്പെടുത്തുവാന്‍ തീര്‍ച്ചപ്പെടുത്തി. പ്രസ്തുത പുസ്തകത്തില്‍ നിന്നും മൂന്ന് സിദ്ധാന്തങ്ങളാണ് താന്‍ മനസിലാക്കിയത് എന്ന് ഗാന്ധി പറയുന്നു.
1. വ്യക്തിയുടെ സ്വന്തം നന്മ, സമൂഹത്തിന്‍റെ നന്മയില്‍ അടങ്ങിയിരിക്കുന്നു.
2. തങ്ങളുടെ തൊഴില്‍കൊണ്ട് ഉപജീവനം നടത്തുവാന്‍ എല്ലാവര്‍ക്കും തുല്യാവകാശമുള്ളതുകൊണ്ട് ക്ഷുരകന്‍റെ തൊഴില്‍ വക്കീലിന്‍റെ തൊഴിലിനെപ്പോലെ തന്നെ വിലയുള്ളതാണ്.
3. ദേഹാദ്ധ്വാനം ചെയ്തുകൊണ്ടുള്ള ജീവിതം, അതായത് കര്‍ഷകന്‍റെയും കൈവേലക്കാരന്‍റെയും ജീവിതമാണ് ഏറ്റവും ഉത്തമം.
വായിച്ചുകഴിഞ്ഞാല്‍ കൈയില്‍ നിന്ന് താഴത്തുവയ്ക്കാന്‍ കഴിയാത്ത തരത്തിലുള്ളതായിരുന്നു എനിക്കാ പുസ്തകം. അത് എന്‍റെ ജീവിതത്തെ മുറുകെപിടിച്ചതായി എനിക്കുതോന്നി എന്നു ഗാന്ധിജി ആത്മകഥയില്‍ പറയുന്നു. Unto this Last സര്‍വ്വോദയം എന്ന പേരില്‍ പിന്നീട് ഗാന്ധിജി ഗുജറാത്തിയിലേക്ക് തര്‍ജ്ജമ ചെയ്തു.
ആദ്യ സത്യഗ്രഹം
നേറ്റാളിലെ സുപ്രീംകോടതിയില്‍ വക്കിലായി പേര് രജിസ്റ്റര്‍ ചെയ്ത ഗാന്ധിജി കറുത്തവര്‍ഗക്കാരെ സംഘടിപ്പിച്ചു. 1894ല്‍ നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് എന്നൊരു സംഘടന രൂപീകരിച്ചു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജര്‍ മടങ്ങിപ്പോവുകയോ കരാര്‍ പുതുക്കാന്‍ 25 പവന്‍ നികുതി കൊടുക്കുകയോ വേണമെന്നു ശഠിച്ച സര്‍ക്കാരിനെതിരേ സത്യഗ്രഹം സംഘടിപ്പിച്ചുകൊണ്ട് 1906 ലാണ് ഗാന്ധിജി സത്യഗ്രഹ സമരത്തിന് തുടക്കം കുറിക്കുന്നത്. മൂവായിരത്തോളം പേര്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സത്യഗ്രഹമാരംഭിച്ചു. ഗാന്ധിജിയടക്കം 200 പേര്‍ ജയിലിലടയ്ക്കപ്പെട്ടു. ഒടുവില്‍ സര്‍ക്കാരിന് വഴങ്ങേണ്ടിവന്നു. നിയമം റദ്ദു ചെയ്യാമെന്ന ഉറപ്പിന്മേല്‍ സത്യഗ്രഹം പിന്‍വലിച്ചു. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചില്ല. ഇതിനെത്തുടര്‍ന്ന് 1908 ആഗസ്റ്റ് 16ന് വീണ്ടും സത്യഗ്രഹം തുടങ്ങി. കരാര്‍ രജിസ്റ്റര്‍ ചെയ്ത കടലാസുകള്‍ പരസ്യമായി കത്തിച്ചു. ദക്ഷിണാഫ്രിക്കയിലെ ഭാരതീയരെ പീഡിപ്പിക്കുന്നതിനെതിരേ ഭാരതീയ കല്‍ക്കരി ഖനിത്തൊഴിലാളികളെയും കൃഷിത്തൊഴിലാളികളെയും സംഘടിപ്പിച്ച് ഗാന്ധിജി വമ്പിച്ച പ്രതിഷേധ സമരങ്ങള്‍ നയിച്ചു. ജനറല്‍ സ്മട്‌സുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പിനുശേഷം 1914 ജനുവരി 14നാണ് ആ സമരം വിജയത്തോടെ അവസാനിപ്പിച്ചത്.
ഫീനിക്‌സ് ഫാം
ജോണ്‍ റസ്‌കിന്‍റെ എന്ന Unto this Last പുസ്തകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഗാന്ധിജി 1904ല്‍ ഡര്‍ബാര്‍ നഗരത്തിനു സമീപം ഫീനിക്‌സ് ഫാമിന് തുടക്കമിട്ടു. ഫാമിലെ ഓരോ വ്യക്തിയും ഓരോ കുടുംബവും വയലില്‍ കൃഷിചെയ്ത് വേണം ഉപജീവനം നടത്തേണ്ടത്. തൊഴിലിന്‍റെയും കായികാദ്ധ്വാനത്തിന്‍റെയും അന്തസും സത്യാഗ്രഹത്തിന് അനുയോജ്യമായ ലാളിത്യവും ഗാന്ധിജി ആദ്യമായി പരീക്ഷിച്ചത് ഫീനിക്‌സ് ഫാമില്‍വെച്ചാണ്.
ഇന്ത്യന്‍ ആംബുലന്‍സ് കോര്‍
ബോവര്‍ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരെ പരിചരിക്കാനായി 1899ല്‍ ഗാന്ധിജി രൂപീകരിച്ച സംഘടനയാണ് ഇന്ത്യന്‍ ആംബുലന്‍സ് കോര്‍.
ടോള്‍സ്റ്റോയ് ഫാം
ട്രാന്‍സ്വാന്‍ സത്യഗ്രഹത്തെത്തുടര്‍ന്ന് ജയില്‍വാസമനുഭവിക്കുന്നവരുടെ കുട്ടികളെയും മാതാപിതാക്കളെയും സംരക്ഷിക്കാനായി 1910ല്‍ ഗാന്ധിജി ആരംഭിച്ച ആശ്രമമാണ് ടോള്‍സ്റ്റോയ് ഫാം. ജോഹന്നാസ് ബര്‍ഗിനടുത്ത് 1100 ഓളം ഏക്കര്‍ വനഭൂമി ഗാന്ധിജിയുടെ നേതൃത്വത്തില്‍ അധ്വാനിച്ച് ഒരു ഫാം ആയി രൂപപ്പെടുത്തുകയായിരുന്നു. ടോള്‍സ്റ്റോയിയുടെ പുസ്തകങ്ങളാണ് ഈ ഫാമിന് രൂപംകൊടുക്കാന്‍ ഗാന്ധിജിക്കു പ്രേരണയായത്.
ഗാന്ധിജിയും ടോള്‍സ്റ്റോയിയും
ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ് (The Kingdom of God Is Within you) എന്ന ടോള്‍സ്റ്റോയിയുടെ പുസ്തകവും ഗാന്ധിജിയെ വളരെയേറെ സ്വാധീനിച്ചു. അതു വായിച്ച ഗാന്ധിജി ടോള്‍സ്റ്റോയിക്ക് നീണ്ട ഒരു കത്തെഴുതി. പാരുഷ്യത്തിനെതിരേ മൃദുലതയുടെയും സൗമ്യതയുടെയും സ്‌നേഹത്തിന്‍റെയും വഴിയില്‍ സമരം ചെയ്യുന്ന ഗാന്ധിജിയെ പുകഴ്ത്തിക്കൊണ്ട് ടോള്‍സ്റ്റോയ് ഗാന്ധിജിക്ക് മറുപടിക്കത്തയച്ചു. ജീവിതാവസാനം വരെയുള്ള ഒരാത്മബന്ധത്തിന്‍റെ തുടക്കമായിരുന്നു അത്.
ഇന്ത്യന്‍ ഒപ്പീനിയന്‍
ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരേ പോരാട്ടത്തിന് ഒരുപകരണം എന്ന നിലയിലാണ് ഒരു പത്രം ഇന്ത്യന്‍ ഒപ്പീനിയന്‍ 1904ല്‍ ഗാന്ധിജി തുടങ്ങുന്നത്. ഇതില്‍ അച്ചടിച്ചുവന്ന ഗാന്ധിജിയുടെ ലേഖനങ്ങളും കുറിപ്പുകളും ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റി. ദക്ഷിണാഫ്രിക്കയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന സത്യം ഈ പത്രത്തിലൂടെയാണ് പുറംലോകമറിഞ്ഞത്. ഗോപാലകൃഷ്ണ ഗോഖലെ, ഭാദാബായ് നവറോജി, ലിയോ ടോള്‍സ്റ്റോയ് തുടങ്ങിയവരെയെല്ലാം ഇന്ത്യന്‍ ഒപ്പീനിയനിലെ ഗാന്ധിജിയുടെ ലേഖനങ്ങള്‍ ആകര്‍ഷിച്ചു.
ഇന്ത്യയിലേക്ക് മടക്കം
ജോഹന്നാസ് ബള്‍ഗിന്‍റെയും ട്രാന്‍സ് വാളിന്‍റെയും അതിര്‍ത്തികളില്‍ പരീക്ഷിക്കപ്പെട്ട അഹിംസാത്മക സമരമുറകളുടെ അനുഭവക്കരുത്തുമായി 1914ല്‍ ഗാന്ധിജി ഭാരതത്തിലേക്ക് മടങ്ങി. രണ്ടു ദശാബ്ദക്കാലത്തെ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അനുഭവങ്ങളുമായി 1915ല്‍ ബോംബെയില്‍ കപ്പലിറങ്ങിയ ഗാന്ധി പഴയ ഭീരുവും ലജ്ജാലുവുമായിരുന്നില്ല. ഗോപാലകൃഷ്ണ ഗോഖലെയടെ സഹായത്താല്‍ സബര്‍മതി തീരത്ത് അദ്ദേഹം തന്‍റെ ആശ്രമം സ്ഥാപിച്ചു. ദരിദ്രമായ ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഒരവദൂതനെപ്പോലെ അദ്ദേഹം നടന്നു. നാടിന്‍റെ ആത്മാവുമായി സംവദിച്ചു.
സത്യഗ്രഹം
സഹനസമരം എന്നായിരുന്നു ദക്ഷിണാഫ്രിക്കയിലെ ആദ്യകാല സമരങ്ങളെ ഗാന്ധിജി വിശേഷിപ്പിച്ചിരുന്നത്. സഹനസമരം ദുര്‍ബലരുടെ ആയുധമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഇക്കാലത്തുയര്‍ന്നുവന്നു. സഹനസമരത്തിനുപകരം നല്ലൊരു വാക്ക് കണ്ടെത്തിയാല്‍ ഉചിതമായ സമാനം നല്‍കുമെന്ന് ഗാന്ധിജി ഇന്ത്യന്‍ ഒപ്പീനിയനില്‍ എഴുതി. മഗന്‍ ലാല്‍ ഗാന്ധിയാണ് ഈ സമയത്ത് സദാഗ്രഹമെന്ന പേര് നിര്‍ദ്ദേശിച്ചത്. സദ് - സത്യം - ആഗ്രഹം - നിഷ്ഠ എന്നായിരുന്നു ഈ വാക്കിന്‍റെ അര്‍ത്ഥം. ഗാന്ധിജി സദാഗ്രഹത്തെ സത്യഗ്രഹം എന്നുമാറ്റി. ഈ പേരും സമരവും പിന്നീട് ലോകചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ടു.
ചമ്പാരന്‍: ഇന്ത്യയില്‍ ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം
ബിഹാറിലെ ചമ്പാരന്‍ ജില്ലയിലെ നീലം കൃഷിക്കാരെ ഇംഗ്ലീഷുകാരായ തോട്ടം ഉടമകള്‍ ദ്രോഹിക്കുകയും നിര്‍ബന്ധിച്ച് നീലം കൃഷി ചെയ്യിക്കുകയും ചെയ്തു. ഗാന്ധിജി ചമ്പാനിലെ നീലം കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി സത്യഗ്രഹസമരം ആരംഭിച്ചു. 1917ല്‍ നടന്ന ഈ സമരമാണ് ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹം. സമരത്തെ തുടര്‍ന്ന് ഗവണ്‍മെന്‍റ് നീലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഗാന്ധിജി ഇന്ത്യയില്‍ വിജയംവരിച്ച ആദ്യ സമരം കൂടിയായിരുന്നു ചമ്പാരനിലേത്.
നികുതിനിഷേധവുമായി ഖേദാസമരം
ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ രണ്ടാമത് നടന്ന സമരമാണ് ഖേദാ. ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിലെ ഖേദം ജില്ലയിലുണ്ടായ വരള്‍ച്ചയില്‍ കൃഷി മുഴുവന്‍ നശിച്ചു. അതോടെ നാട്ടില്‍ ക്ഷാമവും പട്ടിണിയുമായി ഈ അവസരത്തിലും ഗവണ്‍മെന്‍റ് നികുതി വര്‍ധിപ്പിച്ചു. ഇതിനെതിരേ നികുതി നിഷേധസമരം തുടങ്ങാന്‍ ഗാന്ധിജി കര്‍ഷകരെ ആഹ്വാനം ചെയ്തു. 1918 മാര്‍ച്ചില്‍ സമരമാരംഭിച്ചു. നികുതികൊടുക്കുവാന്‍ ശേഷിയുള്ള കര്‍ഷകരില്‍ നിന്നുമാത്രം നികുതി ഈടാക്കിയാല്‍ മതിയെന്ന് ഗവണ്‍മെന്‍റ് ഉത്തരവിറക്കി. ഗാന്ധിജിയുടെ നികുതി നിഷേധസമരമുറയുടെ ആദ്യ വിജയമായിരുന്നു ഖേദയിലേത്.
ആദ്യ തൊഴിലാളി സമരം
തുണിമില്ലുകളുടെ കേന്ദ്രമായിരുന്ന അഹമ്മദാബാദിലാണ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഈ സമരം അരങ്ങേറിയത് 1918ലാണ്. ഒന്നാം ലോകമഹായുദ്ധ കാലത്തെ വറുതിയില്‍പെട്ടുഴലുന്ന തുണിമില്‍ തൊഴിലാളികള്‍ക്ക് വേതന വര്‍ധന നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ സമരം. രണ്ടാഴ്ചയിലധികകാലം സമരം നടത്തിയിട്ടും തീരുമാനമാവത്തതിനൊടുവില്‍ ഗാന്ധിജി ഉപവാസസമരമാരംഭിച്ചു. ഇതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ക്ക് 35 ശതമാനത്തോളം വേതന വർധനവ് നല്‍കിയതിനെതുടര്‍ന്ന് സമരം പിന്‍വലിച്ചു. ഗാന്ധിജി സാധാരണക്കാരുടെ നേതാവായി ഉയര്‍ന്നത് ഈ സമരത്തോടുകൂടിയാണ്.
ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലെ സ്റ്റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരന്‍
ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലെ സ്റ്റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരന്‍ ഗാന്ധിജിയാണ്. സ്വതന്ത്ര ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരനും ഗാന്ധിജിയാണ്. ഇന്ത്യയ്ക്കുശേഷം ഗാന്ധിജിയുടെ സ്റ്റാമ്പിറക്കിയ ആദ്യരാജ്യം അമേരിക്കയാണ്.