ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ നിന്ന് 1,39,000 വർഷം പഴക്കമുള്ള ശിലായുധങ്ങൾ കണ്ടെത്തിയത് പുരാവസ്തു ഗവേഷകരെ ഞെട്ടിച്ചു. വംശനാശം സംഭവിച്ചു പോയ പൂർവികരുടേതാണ് ഈ ശിലാ നിർമിതികളെന്ന് അനുമാനിക്കുന്നതായി ഇതിനെ കുറിച്ചു പഠിച്ച ജർമൻ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
60,000 നും 70,000 നും ഇടയിൽ ആഫ്രിക്കയിൽ നിന്ന് ഹോമോ സാപ്പിയൻസ് അഥവാ ആധുനിക മനുഷ്യർ ഇന്ത്യയിലേയ്ക്ക് കുടിയേറിയതായിട്ടാണ് ഈ പഠനം പറയുന്നത്. മഹാശിലായുഗ കാലത്ത് നിർമിക്കപ്പെട്ട സങ്കീർണ്ണമായ ഉപകരണ നിർമിതി എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്.
നിർമിച്ചത് ആരായാലും അത് ‘ആധുനിക മനുഷ്യരല്ലെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.ആധുനിക മനുഷ്യർക്കു മാത്രം നിർമിക്കാൻ പറ്റുന്നത് എന്നു കരുതപ്പെടുന്ന രീതിയിലുള്ള ശിലായുധ നിർമിതിയാണ് ആന്ധ്രയിൽ കണ്ടെത്തിയത്.
ഇവിടുത്തെ പ്രകാശം ജില്ലയിലെ റേത്‌ലപ്പള്ളി എന്ന ഗ്രാമത്തിനടുത്തുള്ള ഒരു ഉത്ഖനനത്തിൽ "മധ്യ പാലിയോലിത്തിക്ക്" എന്ന് വിളിക്കപ്പെടുന്ന ശിലായുധങ്ങൾ ലഭിച്ചത്. വംശനാശം സംഭവിച്ച ചില പ്രാചീന മനുഷ്യ വർഗ്ഗങ്ങളും ടൂൾ നിർമ്മാണ കല ഉപയോഗിച്ചിരുന്നതായി ഈ കണ്ടെത്തലിലൂടെ വിദഗ്ധർ ഇപ്പോൾ വിശ്വസിക്കുന്നു.
ഇന്ത്യൻ, ജർമ്മൻ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ഇതു കണ്ടെത്തി PLOS One ജേണലിൽ പ്രസിദ്ധീകരിച്ചത്.