ന്യൂഡൽഹി: ശതകോടീശ്വരന്മാരുടെ പട്ടികയെടുത്താൽ രത്തൻ ടാറ്റയുണ്ടാവില്ല. എന്നാൽ ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യവസായികളുടെ പട്ടികയെടുത്താൽ അതിൽ മുൻനിരയിലുണ്ടാകും അദേഹം. നൂറിലേറെ രാജ്യങ്ങളിൽ പടർന്നു പന്തലിച്ച 30 കമ്പനികളുടെ അധിപനായിരുന്നിട്ടും ആഡംബരം രത്തൻ ടാറ്റയുടെ അരികത്തുകൂടി പോലും പോയിരുന്നില്ല.
രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യവസായി എന്ന നിലയ്ക്കുള്ള ബന്ധങ്ങളും അദേഹത്തെ ഭ്രമിപ്പിച്ചില്ല. ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന്‍റെ തലപ്പത്തിരിക്കുമ്പോഴും സാധാരണക്കാരുമായി ബന്ധം പുലർത്തിയിരുന്നു രത്തൻ ടാറ്റ.
മുംബൈ കൊളാബയിൽ സൈന്യത്തിന്‍റെ വെറ്ററിനറി ആശുപത്രിയിൽ തന്‍റെ നായയെ കൊണ്ടുവന്നിരുന്ന രത്തൻ ടാറ്റയെ സുഹൃത്തും മുൻ സൈനികനുമായ ലെഫ്റ്റനന്‍റ് കേണൽ വിനായക് സുപേകർ ഓർമിക്കുന്നത് ഇങ്ങനെയാണ് 'ഒരിക്കൽ വെറ്ററിനറി ആശുപത്രിയിലെത്തുമ്പോൾ നിരവധി പേർക്കു പിന്നിൽ തന്‍റെ നായയുമായി വരി നിൽക്കുകയാണു ടാറ്റ. യാദൃച്ഛികമായി അതുവഴി വന്ന സൈനിക ഉദ്യോഗസ്ഥൻ ഇതു കണ്ട് അദേഹത്തോട് വരി നിൽക്കേണ്ടതില്ലെന്ന് അറിയിച്ചു. പക്ഷേ അദേഹം അതു വളരെ എളിമയോടെ നിരസിച്ചു. തന്‍റെ ഊഴമെത്തുന്നതു വരെ ക്ഷമയോടെ കാത്തു നിന്നു'.
എൺപത്താറാം വയസിൽ വിടവാങ്ങുമ്പോൾ രത്തൻ നവൽ ടാറ്റ ഇന്ത്യൻ വ്യവസായ- സാമൂഹിക ജീവിതത്തിൽ എഴുതിച്ചേർത്തത് മനുഷ്യസ്പർശമുള്ള ഓർമകളാണ്.
1962ൽ ന്യൂയോർക്കിലെ കോർനെൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചർ ബാച്ചിലർ ബിരുദവുമായാണ് രത്തൻ നവൽ ടാറ്റ കുടുംബത്തിന്‍റെ വ്യവസായ സാമ്രാജ്യത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. തുടക്കത്തിൽ ഒരു വിൽപ്പനശാലയിലായിരുന്നു ജോലി. ഏറ്റവും താഴേത്തട്ടിലുള്ള ജോലിക്കാരുമായി വരെ ഇടപെടണം.
പിന്നീട് ടാറ്റ ഗ്രൂപ്പിന്‍റെ വ്യത്യസ്ത സംരംഭങ്ങളിൽ പ്രവർത്തിച്ചു. 1971ൽ നാഷണൽ റേഡിയോ ആൻഡ് ഇലക്‌ട്രോണിക്സ് കമ്പനിയുടെ ഡയറക്റ്ററായി നിയമനം. പത്തു വർഷത്തിനു ശേഷം ടാറ്റ ഇൻഡസ്ട്രീസിന്‍റെ ചെയർമാൻ. 1991ൽ ടാറ്റ ഗ്രൂപ്പിന്‍റെ മേധാവി.
50 വർഷത്തിലേറെ ടാറ്റയെ നയിച്ച അമ്മാവൻ ജെ.ആർ.ഡി. ടാറ്റയിൽ നിന്നായിരുന്നു രത്തൻ ടാറ്റ വ്യവസായ സാമ്രാജ്യത്തിന്‍റെ നായകത്വം ഏറ്റെടുത്തത്. രാജ്യം പ്രധാനമന്ത്രി നരസിംഹറാവുവിനും ധനമന്ത്രി മൻമോഹൻ സിങ്ങിനും കീഴിൽ വിപണികൾ തുറന്ന് ആധുനിക ഇന്ത്യയിലേക്കുള്ള പ്രയാണം ആരംഭിച്ചപ്പോഴായിരുന്നു രത്തൻ ടാറ്റയുടെ സ്ഥാനാരോഹണം എന്നതു യാദൃച്ഛികം.
1968ൽ തുണി വ്യാപാരത്തിൽ തുടങ്ങിയ ടാറ്റ ഗ്രൂപ്പ് ഉപ്പു മുതൽ സ്റ്റീൽ വരെയും കാറുകൾ മുതൽ സോഫ്റ്റ്‌വെയർ വരെയുമുള്ള വ്യവസായമേഖലകളിലേക്ക് പടർത്താൻ ഈ അവസരം രത്തൻ ടാറ്റ ഉപയോഗിച്ചു. ഊർജനിലയങ്ങളും വിമാനക്കമ്പനികളും ടാറ്റയ്ക്കു കീഴിൽ രൂപംകൊണ്ടു.
ടാറ്റയുടെ പ്രധാന ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിനെ രണ്ടു പതിറ്റാണ്ടിലേറെയാണു രത്തൻ ടാറ്റ നയിച്ചത്. ലണ്ടൻ ആസ്ഥാനമായുള്ള ടെറ്റ്‌ലി ടീ, ദക്ഷിണകൊറിയൻ ട്രക്ക് നിർമാണ കമ്പനി ദേവൂ മോട്ടോഴ്സ്, ആംഗ്ലോ- ഡച്ച് സ്റ്റീൽ കമ്പനി കോറസ് ഗ്രൂപ്പ്, ഫോർഡ് മോട്ടോർ കമ്പനിയിൽ നിന്ന് ബ്രിട്ടിഷ് കാർ ബ്രാൻഡായ ജാഗ്വാർ, ലാൻഡ് റോവർ എന്നിവയെല്ലാം ടാറ്റ സ്വന്തമാക്കിയത് ഇക്കാലത്താണ്.
രാജ്യത്തെ ഏറ്റവും മികച്ച വ്യവസായിയായിരിക്കുമ്പോൾ തന്നെ സാമൂഹിക സേവന മേഖലകളിലും ടാറ്റയുടെ കൈയെത്തിയിരുന്നു. രാജ്യത്ത് ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ ആഗാ ഖാൻ ആശുപത്രി-മെഡിക്കൽ കോളെജ് പദ്ധതിക്ക് 1970ൽ തുടക്കമിട്ടത് ടാറ്റയായിരുന്നു.
1991ൽ ടാറ്റ സൺസ് ചെയർമാനായതോടെ ടാറ്റയുടെ സാമൂഹികസേവന പദ്ധതികൾ കൂടുതൽ വിപുലമായി. മുതുമുത്തച്ഛൻ ജംസേത്ജി തുടങ്ങിവച്ച ടാറ്റ ട്രസ്റ്റിനെ അദേഹം സജീവമാക്കി. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തുടനീളം വലിയ സാധ്യതകളൊരുക്കിയ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ് രത്തൻ ടാറ്റയുടെ സംഭാവനയാണ്.
നന്മയുടെ പക്ഷത്തെ വ്യവസായി എന്ന വിശേഷണങ്ങൾക്കിടയിലും വിവാദങ്ങൾ വെറുതേ വിട്ടില്ല ടാറ്റയെ. 2008ലെ 2ജി സ്പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട നീര റാഡിയ ടേപ്പ് വിവാദത്തിൽ ടാറ്റയുടെ പേരും ഉയർന്നു. നീര റാഡിയയുമായി അദേഹം നടത്തിയ ഫോൺ സംഭാഷണങ്ങളും പുറത്തുവന്നു. എന്നാൽ ടാറ്റ ക്രമരഹിതമായി ഇടപെട്ടില്ലെന്നു പിന്നീട് വ്യക്തമായി.
2012 ഡിസംബറിൽ ടാറ്റ സൺസിന്‍റെ നിയന്ത്രണം സൈറസ് മിസ്ത്രിയെ ഏൽപ്പിച്ചു പടിയിറങ്ങിയിരുന്നു രത്തൻ ടാറ്റ. എന്നാൽ, ടാറ്റ കുടുംബത്തിനു പുറത്തുനിന്ന് ആദ്യമായി ഗ്രൂപ്പിന്‍റെ തലപ്പത്തെത്തിയ മിസ്ട്രിയുമായി മറ്റു ഡയറക്റ്റർമാർക്ക് ചേർന്നുപോകാനായില്ല. നഷ്ടമുണ്ടാക്കുന്നതെന്നു പറഞ്ഞ്, രത്തൻ ടാറ്റയുടെ അഭിമാന പദ്ധതിയായ നാനോ കാറുകളുടെ നിർമാണം നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു മിസ്ത്രി.
ഇതു രത്തൻ ടാറ്റയുടെയും എതിർപ്പിനു വഴിവച്ചു. നിരന്തരമുണ്ടായ പ്രശ്നങ്ങൾ 2016ൽ മിസ്ത്രിയുടെ പുറത്താകലിലും ടാറ്റയുടെ തിരിച്ചുവരവിലും കലാശിച്ചു. എന്നാൽ, അധികകാലം തുടർന്നില്ല അദേഹം. 2017ൽ നടരാജൻ ചന്ദ്രശേഖരന് പദവി കൈമാറി അദേഹം വിശ്രമജീവിതത്തിലേക്കു തിരിഞ്ഞു.
പിന്നീട് മരണം വരെ ടാറ്റ സൺസിന്‍റെ എമെരിറ്റസ് ചെയർമാൻ എന്ന സ്ഥാനം വഹിച്ചു. ഇതിനിടെ, വ്യക്തിപരമായ താത്പര്യമെടുത്ത് തുടങ്ങിയ ആർഎൻടി ക്യാപിറ്റൽ കമ്പനി വഴിയും നേരിട്ടും 30ലേറെ സ്റ്റാർട്ടപ്പുകളിലും രത്തൻ ടാറ്റ നിക്ഷേപം നടത്തി. ഓല ഇലക്‌ട്രിക്, പേടിഎം, സ്നാപ്ഡീൽ, ലെൻസ്കാർട്ട്, സിവാമെ എന്നിവ അതിൽ ചിലതു മാത്രം.
ആരാകും പിൻഗാമി?
30 ലക്ഷം കോടിയുടെ ആസ്തിയുണ്ട് ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന്. ദീർഘകാലം ഗ്രൂപ്പിനെ നയിച്ച രത്തൻ നവാൽ ടാറ്റയുടെ നിര്യാണത്തോടെ പിൻഗാമിയാരെന്ന ചർച്ചകൾ ഉയരുകയാണ്. നിലവിൽ എൻ. ചന്ദ്രശേഖരനാണു ടാറ്റ സൺസ് ചെയർമാൻ. ഏഴു വർഷമായി അദേഹം ഈ സ്ഥാനത്തെത്തിയിട്ട്.
നേരത്തേ, ടാറ്റ കൺസൾട്ടൻസി സർവീസിന്‍റെ സിഇഒയായിരുന്ന ചന്ദ്രശേഖരൻ ടാറ്റ ഗ്രൂപ്പിനെ കൊവിഡ് 19 പ്രതിസന്ധിയിലടക്കം മികവോടെ നയിച്ചത് പ്രശംസിക്കപ്പെട്ടിരുന്നു. ഗ്രൂപ്പിനെ പുതിയ മേഖലകളിലേക്ക് പടർത്താനും അദേഹത്തിനായി. എൻ. ചന്ദ്രശേഖരൻ തത്കാലം തുടരുമെന്നാണു പൊതു വിലയിരുത്തൽ. എങ്കിലും ടാറ്റ കുടുംബത്തിൽ നിന്നൊരാൾ സുപ്രധാന പദവിയിലേക്കു വരാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
നോയൽ ടാറ്റ
രത്തന്‍ ടാറ്റയുടെ അർധ സഹോദരൻ. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലുണ്ടായ മകനാണ്. കുറച്ചുവര്‍ഷങ്ങളായി ടാറ്റ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ സജീവം. ടാറ്റയുടെ റീട്ടെയ്‌ൽ ശൃംഖല ട്രെന്‍റിന്‍റെ ചുമതലയാണ് നിലവിൽ നോയലിന്. ട്രെന്‍റിനെ ലാഭത്തിലേക്കുയർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അണിയറയിൽ നിൽക്കാൻ താത്പര്യപ്പെടുന്നതാണ് ശൈലി. പരിചയസമ്പത്തും പ്രവർത്തന മികവും നോയലിന് സാധ്യത വർധിപ്പിക്കുന്നു.
ലിയ ടാറ്റ: നോയല്‍ ടാറ്റയുടെ മൂത്ത മകൾ. മാഡ്രിഡിലെ ഐഇ ബിസിനസ് സ്‌കൂളില്‍ നിന്നു മാര്‍ക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദം. 2006 മുതൽ ടാറ്റ ഗ്രൂപ്പിനൊപ്പം. നിലവില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്‍റെ വൈസ് പ്രസിഡന്‍റ്.
മായ ടാറ്റ: നോയലിന്‍റെ രണ്ടാമത്തെ മകൾ. ടാറ്റ ക്യാപിറ്റലില്‍ അനലിസ്റ്റായി ജോലി ചെയ്തു കരിയർ തുടങ്ങി. ശ്രദ്ധിക്കപ്പെടുന്ന നേതൃമികവ്. ഗ്രൂപ്പിന്‍റെ നേതൃത്വത്തിനു യോഗ്യയെന്ന് പരിഗണിക്കപ്പെടുന്നു.
നെവില്ലെ ടാറ്റ: ഇളയ മകൻ. നോയലിനൊപ്പം ട്രെന്‍റിൽ കരിയർ തുടങ്ങി. റീട്ടെയ്‌ൽ സെക്റ്ററുമായി അടുത്ത ബന്ധം. വ്യവസായ മേഖലയുടെ വിലയിരുത്തലിൽ അടുത്ത മേധാവിയാകാൻ കൂടുതൽ സാധ്യതകൾ.