"I am the first victim of dictatorship"
ശ്രീകുമാരന്‍ തമ്പി

"താരാധിപത്യത്തിന്‍റെ ആദ്യ ഇര ഞാൻ'

മമ്മൂട്ടിയും മോഹൻലാലുമാണ് മലയാള സിനിമയിൽ താരാധിപത്യം സൃഷ്ടിച്ചത്. അതിന്‍റെ ആദ്യ ഇര ഞാനാണ്
Published on

ശ്രീകുമാരന്‍ തമ്പി

മമ്മൂട്ടിയും മോഹൻലാലുമാണ് മലയാള സിനിമയിൽ താരാധിപത്യം സൃഷ്ടിച്ചത്. അതിന്‍റെ ആദ്യ ഇര ഞാനാണ്. നിർമാതാവും സംവിധായകനുമായിരുന്ന എനിക്ക് കോൾ ഷീറ്റ് നൽകാതെ അവർ ഒതുക്കി. അതുവരെ നായകനായിരുന്ന രതീഷിനെ വില്ലൻ സ്ഥാനത്തേക്ക് മാറ്റിയാണ് "മുന്നേറ്റം' എന്ന ചിത്രത്തിൽ മമ്മൂട്ടിയെ ഞാൻ നായകനാക്കിയത്. അത്രത്തോളം വിനീതനായ മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല. എന്നാൽ, ഒരു സിനിമയിൽ നിന്ന് പാട്ടെഴുതുന്നതിൽ നിന്ന് പോലും മമ്മൂട്ടി എന്നെ തടഞ്ഞു.

കഴിഞ്ഞ ദിവസം മോഹൻലാലിന് അവാർഡ് കൊടുത്തത് ഞാനല്ല. അത് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനാണ്. ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. മലയാള സിനിമയെ തകർത്തത് താരാധിപത്യമാണ്. മോഹൻലാൽ, മമ്മൂട്ടി എന്നീ രണ്ടു പേരുകളിലേക്ക് മലയാള സിനിമ ചുരുങ്ങി. സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ വിളികൾ മലയാള സിനിമയിലുണ്ടായത് ഇരുവരും സജീവമായ 90കൾക്കു ശേഷമാണ്.

മുൻപ് സംവിധായകനും നിർമാതാവും ചേർന്നാണ് നടീനടന്മാരെ നിശ്ചയിച്ചിരുന്നതെങ്കിൽ താരാധിപത്യത്തെ തുടർന്ന് തങ്ങളെ ആര് സംവിധാനം ചെയ്യണമെന്ന് നായകന്മാര്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. അതുവരെ തുടർച്ചയായി സിനിമയെടുത്തിരുന്ന സംവിധായകരും നിർമാതാക്കളുമെല്ലാം സിനിമയില്ലാതെ പുറത്തായി.

പഴയ നിർമാതാക്കളെയെല്ലാം പുറത്താക്കി. മോഹൻലാൽ പറയും പോലെ കഥയെഴുതുന്നവർക്കും അവർക്കിഷ്ടമുള്ളതു പോലെ ഷോട്ടെടുക്കുന്നവർക്കും മാത്രം പ്രാധാന്യം കിട്ടി. അവർ സംവിധായകരെ സൃഷ്ടിക്കാൻ തുടങ്ങി. ആ കാലഘട്ടത്തെ വേണമെങ്കിൽ പവർ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാം. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കുറച്ചുകാലം സുരേഷ് ഗോപിയും ആ നിരയിലുണ്ടായിരുന്നു. സൂപ്പർ സ്റ്റാറുകൾ വന്ന ശേഷം നായകനെ തോൽപ്പിക്കുന്ന നായികയുടെ കഥാപാത്രം മലയാള സിനിമയിലുണ്ടായിട്ടില്ല. ഇന്ന് പക്ഷേ പവർ ഗ്രൂപ്പ് തകർന്നിരിക്കുന്നു. പവർ ഗ്രൂപ്പ് തകർന്ന കാലത്താണ് നമ്മൾ അതേക്കുറിച്ച് സംസാരിക്കുന്നത്. സിനിമയിലെ താരാധിപത്യം തകരണം.

ഇപ്പോൾ പീഡന ആരോപണമുന്നയിച്ചവരെല്ലാം ജൂനിയർ ആർട്ടിസ്റ്റുകളാണ്. എന്തുകൊണ്ടാണ് പ്രധാനപ്പെട്ട ഒരു നടിയും ആരോപണമുന്നയിച്ച് രംഗത്തു വരാത്തത്. മുൻ കാലത്ത് സംവിധായകനു മുന്നിൽ ജൂനിയർ ആർട്ടിസ്റ്റ് വരുന്ന സാഹചര്യം പോലുമുണ്ടായിരുന്നില്ല. മലയാള സനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിലെ അംഗങ്ങൾ പല സൂപ്പർ സ്റ്റാറുകൾക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ആ നടിമാരാരും അവർക്കെതിരേ ആരോപണം ഉന്നയിച്ചിട്ടില്ല.

അതേസമയം, തെന്നിന്ത്യന്‍ സിനിമാ മേഖലയെടുത്താൽ ഏറ്റവും കുറവ് സ്ത്രീപീഡനം നടക്കുന്നത് കേരളത്തിലാണ്. മലയാള സിനിമയെ മൊത്തം മോശമാക്കുന്നവർ ഇത് തിരിച്ചറിയണം. നിലവിൽ ആരോപണ വിധേയരായവരെയെല്ലാം കുറ്റക്കാരെന്നു വിധിക്കരുത്. മലയാള സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ എനിക്ക് അധികാരമുണ്ട്. കാസ്റ്റിങ് കൗച്ചും പവർ ഗ്രൂപ്പും ഒക്കെ ഇപ്പോൾ നിലവിലുണ്ടോ എന്ന് എനിക്കറിയില്ല.

നിലവിലെ ആരോപണങ്ങളെ തുടർന്ന് താരസംഘടനയായ "അമ്മ'യുടെ സാരഥികൾ കൂട്ടമായി രാജിവച്ചത് ഭീരുത്വമാണ്. ഡബ്ല്യുസിസിയെയും അതിന്‍റെ ഭാരവാഹിത്വത്തിലുള്ളവരെയും അഭിനന്ദിക്കുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ. ബാലനും വലിയ പങ്കാണുള്ളത്. എന്തുകൊണ്ടാണ്‌ ആ റിപ്പോർട്ട്‌ പുറത്തുവിടാൻ വൈകിയത് എന്നതിൽ ബന്ധപ്പെട്ടവർ മറുപടി പറയണം.