ജനാധിപത്യ ശ്രീകോവിലിലെ ചെങ്കോൽ പ്രതിഷ്ഠ

ചെങ്കോലിനെച്ചൊല്ലി കെട്ടുപിണയുന്ന വൈകാരിക വിക്ഷോഭങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകളിൽ ഭ്രമാത്മകത കലർത്താൻ മാത്രമേ ഉപകരിക്കൂ
1947 ഓഗസ്റ്റ് 14ന് രാത്രി ശൈവ സന്ന്യാസിമാരുടെ സാന്നിധ്യത്തിൽ ചെങ്കോൽ ഏറ്റുവാങ്ങുന്ന ജവഹർലാൽ നെഹ്റു.
1947 ഓഗസ്റ്റ് 14ന് രാത്രി ശൈവ സന്ന്യാസിമാരുടെ സാന്നിധ്യത്തിൽ ചെങ്കോൽ ഏറ്റുവാങ്ങുന്ന ജവഹർലാൽ നെഹ്റു.File photo
Updated on

#അജയൻ

പുതിയ പാർലമെന്‍റ് മന്ദിരം ആര് ഉദ്ഘാടനം ചെയ്യണമെന്ന തർക്കം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് ചോള കാലഘട്ടത്തിൽനിന്നു പ്രചോദിതമായ ചെങ്കോലിന്‍റെ രൂപത്തിൽ പുതിയൊരു വിവാദം ഉയർന്നുവന്നിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ അഭിമാനകരമായ സ്ഥാനമുള്ളൊരു വസ്തുവാണത്. സ്വാതന്ത്ര്യത്തിന്‍റെ 'ചരിത്രപരമായ' പ്രതീകം എന്ന നിലയിൽ ഈ ചെങ്കോൽ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിക്കാൻ പോകുന്നു എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ഇന്ത്യയ്ക്ക് ബ്രിട്ടൻ കൈമാറിയ അധികാരത്തിന്‍റെ പ്രതീകമാണ് ഈ ചെങ്കോൽ. തമിഴ്‌നാട്ടിൽനിന്നുള്ള ഹിന്ദു സന്ന്യാസിമാർ മുഖേനയാണ് അവസാനത്തെ വൈസ്രോയ് മൗണ്ട്ബാറ്റൺ പ്രഭുവിൽനിന്ന് ജവഹർലാൽ നെഹ്റു ഇത് ഏറ്റുവാങ്ങുന്നത്, 1947 ഓഗസ്റ്റ് 14ന് അർധരാത്രിക്കു മുൻപ്.

അലാഹാബാദിലെ മ്യൂസിയത്തിൽ 'ജവഹർലാൽ നെഹ്റുവിന്‍റെ സ്വർണ ഊന്നുവടി' എന്ന വിശേഷണത്തോടെ ഇതു പ്രദർശിപ്പിച്ചിരുന്നു; ഇപ്പോൾ അവിടെനിന്നെടുത്ത് പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിക്കാൻ പോകുന്നു.

പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിക്കാൻ പോകുന്ന ചെങ്കോൽ.
പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിക്കാൻ പോകുന്ന ചെങ്കോൽ.

ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും ഭൂതകാലത്തേക്കുമുള്ള ഈ പിൻനടത്തങ്ങളെല്ലാം പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ രാഷ്‌ട്രപതിയെ പങ്കെടുപ്പിക്കാത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ പുകമറയ്ക്കുള്ളിലാക്കാനേ സഹായിക്കൂ. ആ അർഥത്തിൽ ചെങ്കോൽ വിവാദം സർക്കാരിനു ഗുണമായെന്നും കരുതാം.

പക്ഷേ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കപ്പെടാൻ പോകുന്നത്, രാജവാഴ്ചയുടെ പ്രതീകമായ ചെങ്കോലാണെന്നത് ഏറ്റവും വലിയ വിരോധാഭാസവുമായി മാറുന്നു. ചോള രാജാക്കൻമാർക്ക് അവരുടെ സാമ്രാജ്യത്തിനു മേലുണ്ടായിരുന്ന അധീശത്വത്തിന്‍റെയും അപ്രമാദിത്വത്തിന്‍റെയും ചിഹ്നമായിരുന്നു ഈ ചെങ്കോൽ. സ്വാതന്ത്ര്യാനന്തരം 565 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനോടു കൂട്ടിച്ചേർത്തുകൊണ്ട് രാജാധികാരത്തിന്‍റെ അവസാനത്തെ കണിക പോലും തുടച്ചുനീക്കുകയാണ് നമ്മുടെ രാഷ്‌ട്രശിൽപ്പികൾ ചെയ്തത്. ഇവിടെ രാഷ്‌ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കുകയാണു ചെയ്യുന്നത്, അല്ലാതെ രാജകീയ പാരമ്പര്യത്തിനൊത്ത് അരിയിട്ടു വാഴിക്കുകയല്ല.

മത വികാരങ്ങളുമായി ബന്ധപ്പെട്ട ഏതു പ്രതീകവും രാജ്യത്തിന്‍റെ മതേതര ഘടനയെ ദുർബലപ്പെടുത്തുമെന്നത് വസ്തുതയാണ്.

ബ്രിട്ടീഷുകാർ അധികാരം കൈമാറുന്ന സമയത്ത് ചെങ്കോൽ സ്വീകരിക്കാൻ നെഹ്റു നിർബന്ധിതനായത് അവസാനത്തെ ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ നിർബന്ധം കാരണമായിരുന്നു. പുരോഹിതൻ ചെങ്കോൽ കൊടുത്ത് രാജാവിനെ അഭിഷേകം ചെയ്യിക്കുന്നത് ചോള പാരമ്പര്യമാണ്. ഈ പാരമ്പര്യത്തെക്കുറിച്ച് കൂടുതലറിയാൻ രാജാജി ഒരു ശൈവ മഠത്തിൽ അന്വേഷിച്ചപ്പോൾ അവർ നൽകിയതാണ് ഈ ചെങ്കോൽ. അന്നതു വാങ്ങി പാർലമെന്‍റിൽ വയ്ക്കാതെ മ്യൂസിയത്തിലേക്കു മാറ്റാൻ നെഹ്റുവിനെ പ്രേരിപ്പിച്ചതും ഒരുപക്ഷേ അദ്ദേഹത്തിന്‍റെ മതേതതര കാഴ്ചപ്പാടാകാം. ഇപ്പോഴും ശൈവ പുരോഹിതരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ചെങ്കോൽ ഒരിക്കൽക്കൂടി മുഖ്യധാരയിലേക്കു കൊണ്ടുവരാൻ ഭരണകൂടം ശ്രമിക്കുന്നത്. പല കോണുകളിൽനിന്നുള്ള മതഭ്രാന്തുകൾക്കു പിന്നാലെ രാജ്യത്തിന്‍റെ മതേതര പാരമ്പര്യത്തിന് അപവാദമാകാൻ അങ്ങനെ ഒരു പ്രതീകം കൂടി!

സി. രാജഗോപാലാചാരി
സി. രാജഗോപാലാചാരി

മറ്റേതു ചരിത്രവസ്തുവും എന്നതുപോലെ ചെങ്കോലും രാജ്യത്തിന്‍റെ സുദീർഘവും സമൃദ്ധവുമായ പൈതൃകത്തിന്‍റെ ഭാഗമാണ്. നിരവധി രാജവംശങ്ങളുടെ ചരിത്രവും അതിലുൾപ്പെടുന്നു; അവയിൽ പലതിനെയും ചരിത്രത്തിൽ നിന്നു മായ്ച്ചു കളയാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും. ഇത്തരം ചരിത്ര വസ്തുക്കൾക്കു മാത്രമല്ല, മഹാത്മാ ഗാന്ധിയുമായും ബി.ആർ. അംബെദ്കറുമായും സർദാർ പട്ടേലുമായുമെല്ലാം ബന്ധപ്പെട്ട വസ്തുക്കൾക്കും മ്യൂസിയങ്ങളിൽ ഉചിതമായ ഇടം കൊടുക്കണം. പാർലമെന്‍റ് മ്യൂസിയത്തിൽ ചെങ്കോൽ സ്ഥാപിച്ചാൽ പൊതുജനത്തിനെ നമ്മുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് എളുപ്പത്തിൽ ബോധവത്കരിക്കാം.

'ജനാധിപത്യ ശ്രീകോവിലിന്‍റെ' മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്, ജനങ്ങൾ നേരിടുന്ന അസംഖ്യം പ്രശ്നങ്ങളെക്കുറിച്ച് ഗൗരവമേറിയ സംവാദങ്ങൾ നടത്താനും പരിഹാരം കാണാനുമുള്ള വേദിയായി അതിനെ മാറ്റുകയാണു വേണ്ടത്. പാർലമെന്‍റിനെ മാത്രമല്ല, എല്ലാ മേഖലകളെയും കഴിഞ്ഞ പതിറ്റാണ്ടുകളായി ബാധിച്ചിരിക്കുന്ന ജീർണതയെ പ്രതിരോധിക്കുകയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന് നിർവഹിക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ജനാധിപത്യപരമായ ദൗത്യം.

ദൗർഭാഗ്യകരമെന്നു പറയട്ടെ, 'ചെങ്കോൽ' എന്ന വാക്ക് ഓർമയിലേക്കു കൊണ്ടുവരുന്നത് ജയിംസ് ഷെർലിയുടെ 'ഡെത്ത് ദ ലെവലർ' എന്ന കവിതയാണ്:

''രക്തത്തിന്‍റെയും രാഷ്‌ട്രത്തിന്‍റെയും മഹത്വം

അസ്പഷ്ടമായ നിഴലുകൾ മാത്രം‌;...

നിലംപൊത്തുക തന്നെ വേണം,

ചെങ്കോലും കിരീടവുമീ ധൂളിയിൽ...

നീതിയുടെ നോക്കുകൾ മാത്രം

സുഗന്ധപൂരിതമായി ശേഷിക്കുമീ മണ്ണിൽ....''

Trending

No stories found.

Latest News

No stories found.