പവാർ വീണ്ടും കോൺഗ്രസിൽ പോയാൽ ചാക്കോ എങ്ങോട്ടു പോകും?

"ചാക്കോയില്ലാതെ എൻസിപിക്ക് സ്വാഗതം' എന്നാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം പറയുന്നത്..!
പവാർ വീണ്ടും കോൺഗ്രസിൽ പോയാൽ ചാക്കോ എങ്ങോട്ടു പോകും?
sharad pawar, PC Chacko
Updated on

#ജിബി സദാശിവൻ

തന്‍റെ പേരിലുള്ള എൻസിപി- എസിനെ കോൺഗ്രസിൽ ലയിപ്പിക്കാനുള്ള നീക്കവുമായി ശരദ് പവാർ മുന്നോട്ടു പോകുന്നതിനിടെ വെട്ടിലായി പാർട്ടിയുടെ കേരള ഘടകം. ദേശീയ രാഷ്‌ട്രീയത്തിൽ ഈ വാർത്ത ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ സഖ്യവും രാഷ്‌ട്രീയ നിരീക്ഷകരും നോക്കുന്നത്. എന്നാൽ, കേരളത്തിലാകട്ടെ എൻസിപി കടുത്ത ആശങ്കയിലാണ്. സംസ്‌ഥാന പ്രസിഡന്‍റ് പി.സി. ചാക്കോയുടെ കാര്യമാണ് ഏറെ കഷ്ടം. "ചാക്കോയില്ലാതെ എൻസിപിക്ക് സ്വാഗതം' എന്നാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം പറയുന്നത്..!

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ചെറിയ രാഷ്‌ട്രീയ കക്ഷികൾ കോൺഗ്രസിൽ ലയിക്കണമെന്നും പ്രത്യയശാസ്‌ത്രപരമായി കോൺഗ്രസിനും എൻസിപിക്കും സമാനതകളുണ്ടെന്നും ശരദ് പവർ തുറന്നു പറഞ്ഞതോടെയാണ് ലയന നീക്കങ്ങൾ സജീവമായത്. മഹാരാഷ്‌ട്രയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ഈ പ്രസ്താവനയുടെ ചുവടുപിടിച്ച് ലയന നീക്കം സജീവമാക്കുകയും ചെയ്തു. ലയനവുമായി ബന്ധപ്പെട്ട് നിർണായകമായ ചില നീക്കങ്ങളും ചെന്നിത്തലയുടെ ഭാഗത്ത് നിന്നുണ്ടായി.

ശരദ് പവർ മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണെന്നാണ് മഹാരാഷ്‌ട്രയിൽ നിന്ന് ലഭിക്കുന്ന സൂചന. കോൺഗ്രസിനും പവാറിനും ഇത് ഗുണം ചെയ്തേക്കാമെങ്കിലും പാർട്ടിയുടെ കേരള ഘടകത്തിൽ അത്ര സുഗമമാവില്ല കാര്യങ്ങൾ.

എൻസിപിയുടെ പിളർപ്പിനു പിന്നാലെ ഔദ്യോഗിക പാർട്ടി നാമവും ചിഹ്നവും അജിത് പവർ പക്ഷത്തിനു ലഭിച്ചതോടെയാണ് കോൺഗ്രസിലേക്ക് മടങ്ങുന്നതാവും ഉചിതമെന്നു ചിന്ത ശരദ് പവാറിനുണ്ടായത്. അടുപ്പക്കാരുമായി അദ്ദേഹം ഇത് പങ്കുവച്ചപ്പോൾ എല്ലാവരും ഇതിനോട് യോജിക്കുകയും ചെയ്തു. കോൺഗ്രസും ഇക്കാര്യത്തിൽ തുറന്ന സമീപനമാണ് സ്വീകരിച്ചത്.

സോണിയ ഗാന്ധിയോടുള്ള എതിർപ്പു മൂലം കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിച്ച പവാറിന് പാർട്ടിയെ ദേശീയ കക്ഷിയാക്കാൻ കഴിഞ്ഞെങ്കിലും അടുത്തിടെയുണ്ടായ പിളർപ്പും ദേശീയ പദവി നഷ്ടമായതുമെല്ലാം കനത്ത തിരിച്ചടിയായി. ഇന്ത്യ സഖ്യത്തിലൂടെ ബിജെപിക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പവാറും രാഹുൽ ഗാന്ധിയുമായി തമ്മിലുള്ള അടുപ്പം അടുത്തിടെ വർധിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് നിർണായക നീക്കവുമായി രമേശ് ചെന്നിത്തല സജീവമായത്.

എന്നാൽ കേരളത്തിൽ ഇടതുമുന്നണിയിലുള്ള എൻസിപിയാണ് ഇതോടെ വെട്ടിലായത്. പിണറായി മന്ത്രിസഭയിൽ അംഗത്വമുള്ള എൻസിപി എന്തു നിലപാട് സ്വീകരിച്ചാലും പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പ്. ഇനി മന്ത്രിസ്‌ഥാനം വേണ്ടെന്ന് വച്ച് ലയന നീക്കത്തിന് അനുകൂലമായാൽ പി.സി. ചാക്കോ എങ്ങോട്ട് പോകുമെന്നാകും രാഷ്‌ട്രീയ കേരളം ഉറ്റു നോക്കുന്നത്. തങ്ങളെ വഞ്ചിച്ച് പുറത്തുപോയ ചാക്കോയെ വേണ്ടെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിലപാടെടുക്കുന്നു. പാർട്ടി സംസ്‌ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന തോമസ് കെ. തോമസ് എംഎൽഎ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.

സമാന അവസ്‌ഥ നേരിടുന്ന ജനതാദൾ- എസിന് പുറമെ മറ്റൊരു ഘടകക്ഷി കൂടി കയ്യാലപ്പുറത്തെ തേങ്ങ പോലെയുള്ള അവസ്‌ഥയിൽ എത്തിച്ചേർന്ന സാഹചര്യം ഇടതു മുന്നണിയിലും അസ്വസ്‌ഥത ഉണ്ടാക്കുമെന്ന് ഉറപ്പ്. എൻസിപി വഴി ഇടതു മുന്നണിയിൽ ചേക്കേറിയ പി.സി. ചാക്കോയ്ക്ക് ശരദ് പവാറിന്‍റെ നീക്കത്തോട് വിയോജിപ്പുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി മുന്നോട്ടു പോകാനാണ് എൻസിപി സംസ്‌ഥാന ഘടകത്തിന്‍റെ ആലോചന.

സംസ്‌ഥാനത്തെ എൻസിപി അജിത് പവാർ വിഭാഗമാകട്ടെ ഔദ്യോഗിക എൻസിപി തങ്ങളാണെന്ന ആധികാരികതയോടെ പ്രവർത്തനങ്ങൾ ഊർജിതമാക്കി മുന്നോട്ടു പോവുകയാണ്. എൻസിപിക്കുള്ളിൽ പി.സി. ചാക്കോ വിരുദ്ധ വിഭാഗവും കാര്യങ്ങൾ സൂക്ഷമമായി നിരീക്ഷിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ നീക്കം ചാക്കോ വിരുദ്ധ നീക്കമായി ശക്തിപ്പെട്ടേക്കാം.

Trending

No stories found.

Latest News

No stories found.