ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ചുകൊണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാണിച്ച പ്രധാന പോരായ്മ വിലക്കയറ്റം നേരിടുന്നതിൽ പരാജയപ്പെടുന്നു എന്നതാണ്. നിത്യജീവിതത്തിന് ഓരോ കുടുംബവും കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യമാണ് കേന്ദ്ര സർക്കാർ സൃഷ്ടിച്ചിരിക്കുന്നത് എന്നത്രേ യെച്ചൂരിയുടെ വിലയിരുത്തൽ. ഇതേ മാനദണ്ഡം വച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സംസ്ഥാന ബജറ്റിനെയും അദ്ദേഹം വിലയിരുത്തുമോ? പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ വീതം ഇന്ധന സെസ് ഏർപ്പെടുത്തിയാൽ വിലക്കയറ്റമേ ഉണ്ടാവില്ല എന്നാണെങ്കിൽ കേന്ദ്ര സർക്കാർ ഇന്ധന വില ഉയർത്തിയപ്പോഴൊക്കെ പ്രതിഷേധവുമായി ഇറങ്ങിയത് തെറ്റായിപ്പോയെന്ന് അവർ സമ്മതിക്കേണ്ടിവരും.
ഒരു വശത്ത് വിലക്കയറ്റ നിയന്ത്രണത്തിന് 2,000 കോടി രൂപ വകയിരുത്തുന്ന ബജറ്റാണ് മറുവശത്തു കൂടി ഇന്ധന സെസ് ഏർപ്പെടുത്തി വിലക്കയറ്റത്തിനു പ്രേരണയാകുന്നത് എന്നതാണു വിരോധാഭാസം. വിലക്കയറ്റ ഭീഷണി പൂർണമായി ഒഴിവായിട്ടില്ലെന്നു ബജറ്റിൽ തന്നെ പറയുന്നുമുണ്ട്. ഒരു കൈകൊണ്ട് എടുത്ത് മറുകൈ കൊണ്ട് കൊടുക്കുക എന്നതിലുമുണ്ട് ഒരു സോഷ്യലിസം. എടുക്കുന്നത് അതിസമ്പന്നരിൽ നിന്നും കൊടുക്കുന്നത് പാവപ്പെട്ടവർക്കും എന്നു വരുമ്പോഴാണത്. കേന്ദ്ര ബജറ്റ് അതിസമ്പന്നരിൽ നിന്നെടുക്കാതെ അവരെ സുഖിപ്പിക്കുന്നതാണെന്നു കഴിഞ്ഞ ദിവസം ഇടതു നേതാക്കൾ ആരോപിക്കുന്നുണ്ടായിരുന്നു. പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തുമ്പോൾ സംസ്ഥാന സർക്കാർ സാധാരണക്കാരിൽ നിന്നുകൂടി എടുത്താണ് അവർ നേരിടാനിരിക്കുന്ന വിലക്കയറ്റം തടയാൻ ഫണ്ട് മാറ്റിവയ്ക്കുന്നത് എന്നും പറയണമല്ലോ! സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിലാണ് ഈ സെസ് എന്നതും ശ്രദ്ധിക്കണം. സാധാരണക്കാരിൽ നിന്നെടുത്ത് സാധാരണക്കാർക്കു തന്നെ കൊടുക്കുന്നത് സോഷ്യലിസത്തിന്റെ പരിധിയിൽ വരുമോ, എന്തോ.
എന്തായാലും ഈ ബജറ്റിന്റെ ആത്യന്തിക ഫലം സാധാരണക്കാരും പാവപ്പെട്ടവരും കൂടുതൽ പണം സർക്കാരിനു നൽകണം എന്നതാണ്. കെട്ടിട നികുതിയിൽ കാര്യമായ വർധന തന്നെയുണ്ടാകും. കുറഞ്ഞത് 1,000 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അധിക തനത് ഫണ്ടായി കെട്ടിട നികുതി- ഫീസുകൾ എന്നിവയുടെ പരിഷ്കരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണു ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്.
വാണിജ്യ വ്യവസായ മേഖലകൾക്കു ബാധകമായ വൈദ്യുതി തീരുവയും കൂട്ടുകയാണ്. 200 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്ന ഈ നടപടിയുടെ ഭാരവും അന്തിമ ഉത്പന്നം ഉപയോഗിക്കുന്ന സാധാരണക്കാരിൽ എത്താതിരിക്കില്ല. ജുഡീഷ്യൽ കോടതി ഫീസ്, വാഹന നികുതി, ഭൂമിയുടെ ന്യായവില എന്നിവയും കൂട്ടുകയാണ്. 20 ശതമാനമാണ് സംസ്ഥാനത്തെമ്പാടും ന്യായവിലയിൽ വർധനയുണ്ടാവുക. വിപണി മൂല്യം വർധിച്ച പ്രദേശങ്ങളിൽ 30 ശതമാനം വരെ വർധനയ്ക്കുള്ള മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട് സർക്കാരിന് എന്നു സമ്മതിച്ചേ തീരൂ. ആ സാഹചര്യത്തിലാവണമല്ലോ ഇക്കുറി ക്ഷേമ പെൻഷനുകളിൽ നാമമാത്ര വർധന പോലും വരുത്തേണ്ടതില്ല എന്നു തീരുമാനിച്ചത്. കേരളം കടക്കെണിയിൽ മുങ്ങുന്നുവെന്ന വിലയിരുത്തലുകൾ ഈ ബജറ്റിനും എത്രയോ മുൻപ് പുറത്തുവന്നിട്ടുള്ളതാണ്; ധനമന്ത്രി ബജറ്റ് പ്രസംഗത്തിലും അതു നിഷേധിച്ചിട്ടുണ്ടെങ്കിലും.
ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാർ നയങ്ങളാണോ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണോ എന്നതിലൊക്കെയാണല്ലോ തർക്കങ്ങളുള്ളത്. തുടർച്ചയായുള്ള പ്രളയങ്ങളും കൊവിഡും ഓഖിയും തളർത്തിയ സാമ്പത്തിക വ്യവസ്ഥയിൽ അധിക വിഭവ സമാഹരണമില്ലാതെ മുന്നോട്ടുപോകാനാവില്ല എന്നതു പരമാർഥം. അതെങ്ങനെ എന്നതിലാണു തർക്കം. നികുതി പിരിച്ചെടുക്കുന്നതിലുള്ള സംസ്ഥാന സർക്കാരിന്റെ ദയനീയ പരാജയമാണ് സ്ഥിതിഗതികൾ വഷളാക്കിയത് എന്നത്രേ യുഡിഎഫ് ആരോപണം. അഞ്ചു വർഷത്തിനിടെ 70,000 കോടി രൂപയാണ് നികുതിയിനത്തിൽ പിരിച്ചെടുക്കാതെ പോയത്. ഇതിൽ കൂടുതലും അതിസമ്പന്നരുടെ നികുതിയാണെന്നും അവർ പറയുന്നുണ്ട്. നികുതി പിരിക്കുന്നതിലുണ്ടായ പരാജയത്തിനു പരിഹാരം കണ്ടാൽ പ്രശ്നം തീരുമെന്ന് അവർ പറയുന്നു. പ്രതിസന്ധിയെക്കുറിച്ചു പറയുമ്പോഴും ചെലവു ചുരുക്കുന്നില്ലെന്നും ധാരാളിത്തമാണ് സർക്കാരിനെ പാപ്പരാക്കിയതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, നികുതി പിരിവ് മെച്ചപ്പെട്ടിട്ടുണ്ടെന്നാണു സർക്കാർ അനുകൂല വിഭാഗക്കാരുടെ വാദം. അവർ കുറ്റപ്പെടുത്തുന്നത് പൂർണമായും കേന്ദ്ര സർക്കാരിനെയാണ്. കേരളത്തോടുള്ള അവഗണന മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിൽ വർധിച്ചിരിക്കുകയാണെന്നാണ് ബജറ്റ് പ്രസംഗത്തിൽ പറയുന്നത്. കേന്ദ്ര വിഹിതത്തിൽ പതിനായിരക്കണക്കിനു കോടി രൂപയുടെ വെട്ടിക്കുറവുണ്ടായി. റവന്യൂ കമ്മി ഗ്രാന്റിലെ കുറവു മൂലം 6,700 കോടി രൂപ കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നത് അവസാനിച്ചതിനാൽ 7,000 കോടിയുടെ കുറവ്. (നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടാനുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. എക്കാലവും ഇങ്ങനെ കേന്ദ്രത്തിന്റെ നഷ്ടപരിഹാരവും നോക്കി ഇരിക്കാനാവുമോ എന്നൊരു ചോദ്യവുമുണ്ട്).
കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയും പോലെ ബജറ്റിനു പുറത്ത് പണം സമാഹരിക്കുന്ന സ്ഥാപനങ്ങളുടെ ബാധ്യതയെ സംസ്ഥാന സർക്കാരിന്റെ ബാധ്യതയിൽ ഉൾപ്പെടുത്തുമെന്നു കേന്ദ്രം പ്രഖ്യാപിച്ചതോടെ കടമെടുപ്പു പരിധിയിലും നിയന്ത്രണം വന്നു. ഇതുവഴി വായ്പയെടുക്കുന്നതിൽ 3,100 കോടി രൂപയുടെ കുറവാണ് ഉണ്ടാവുകയത്രേ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വീതം വയ്പ്പിലും കേരളം അവഗണിക്കപ്പെടുന്നുവെന്നാണു ബജറ്റിൽ പറയുന്നത്. അതായത് കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട വരുമാനവും സഹായവും പല വിധത്തിൽ കുറയുന്നു. പിന്നെ സാധാരണക്കാരെ സമീപിക്കുകയല്ലാതെ എന്തു മാർഗം?
ആഗോള സാമ്പത്തിക സാഹചര്യങ്ങൾ ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശ്രീലങ്കയുടെയും പാക്കിസ്ഥാന്റെയും ദയനീയാവസ്ഥ അദ്ദേഹം ഓർക്കുന്നു. ബ്രിട്ടൻ അടക്കം വികസിത രാജ്യങ്ങൾ നേരിടുന്ന വിലക്കയറ്റം പോലുള്ള വെല്ലുവിളികളും ധനമന്ത്രി ഓർമിക്കുന്നുണ്ട്. ആഗോള വ്യാപകമായി വിലക്കയറ്റം ജനങ്ങളെ പൊറുതി മുട്ടിക്കുന്നു എന്നു പറയുമ്പോൾ തന്നെയാണ് ഇന്ധന വില വർധനയും അദ്ദേഹത്തിനു പ്രഖ്യാപിക്കേണ്ടിവരുന്നത്. മറ്റു പല തരത്തിലുള്ള നികുതി വർധനകളും ഈ ബജറ്റിൽ ഏതാണ്ടെല്ലാവരും പ്രതീക്ഷിച്ചതാണ്. പക്ഷേ, ഇന്ധന സെസ്- അത് അപ്രതീക്ഷിതമായി.
അടിക്കടി വില കൂട്ടിക്കൊണ്ടിരിക്കുകയാണു മദ്യത്തിന്. അടുത്തിടെയാണ് വിൽപ്പന നികുതി വർധിപ്പിച്ചത്. ഈ ബജറ്റിലെ നിർദേശങ്ങൾ കൂടിയാവുമ്പോൾ ഇനിയും വില കൂടും. തുടർച്ചയായുള്ള മദ്യവില വർധന കൂടുതൽ ആളുകളെ മയക്കുമരുന്നിലേക്ക് ആകർഷിക്കുമെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. മയക്കുമരുന്നു പ്രതിരോധത്തിനായി 15 കോടി രൂപ നീക്കിവയ്ക്കുന്ന ബജറ്റാണിത് എന്നതും ഇതിനോടൊപ്പം ഓർക്കണം.