#വൈദ്യ രാജേഷ് കൊടേച്ച
പുരാതന കാലം മുതല്‍ ഇന്നത്തെ ആധുനിക സംവിധാനങ്ങളിലെത്തി നില്ക്കുന്ന ആരോഗ്യ മേഖലയില്‍ കാലാകാലങ്ങളില്‍ മഹത്തായ ഇന്ത്യന്‍ പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങള്‍ നിര്‍ണായകസംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിവിധ രോഗ പദാവലികള്‍, ഡാറ്റ, ചികിത്സാ സൂത്രവാക്യങ്ങള്‍ എന്നിവയുടെ സമ്പന്നമായ ശേഖരമുള്ള സമഗ്രമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ പുരാതന വൈദ്യശാഖകളായ ആയുര്‍വേദം, സിദ്ധ, യുനാനി തുടങ്ങിയ പുരാതന ഔഷധ സമ്പ്രദായങ്ങളുടെ ഒന്നിലധികം ധാരകളെ പിന്തുടര്ന്ന് ആരോഗ്യ വിദഗ്ധര്‍ പരമ്പരാഗത ആരോഗ്യ സംരക്ഷണ മൂല്യങ്ങള്‍ തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് മാറ്റി. ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി കഴിവുകളെ ഉത്തേജിപ്പിക്കുന്നതിലും മനസ്, ശരീരം, ബോധം എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിലും ആയുഷ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇന്നത്തെ ആഗോളവല്‍ക്കരണ യുഗത്തില്‍, വിവിധങ്ങളായ ചികിത്സാ രീതികളിലൂടെ ആഗോളതലത്തില്‍ ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാര്‍വത്രികമായി തെളിയിക്കപ്പെട്ടതും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ചികിത്സാ സംവിധാനങ്ങള്‍ സൃഷ്ടിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ആയുഷ് മന്ത്രാലയത്തില്‍ ഈ ആവശ്യം നിറവേറ്റുന്നതിനായി ശക്തമായ സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ ജാംനഗറില്‍ ലോകാരോഗ്യ സംഘടന അടുത്തിടെ സ്ഥാപിച്ച പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ആദ്യത്തെ ആഗോള കേന്ദ്രം പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ ആഗോള സ്വീകാര്യതയിലെ നാഴികക്കല്ലാണ്. മുഖ്യധാരാ ചികിത്സാ സമ്പ്രദായങ്ങളില്‍ പരമ്പരാഗത വൈദ്യശാസ്ത്രം (ടിഎം) ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്താരാഷ്ട്ര ആരോഗ്യ പരിപാലന മേഖല സമീപ വര്‍ഷങ്ങളില്‍ കാര്യമായ ചിന്തകള്‍ക്കു തുടക്കം കുറിച്ചിട്ടുണ്ട്.
ഇത്തവണ ആയുഷ് മന്ത്രാലയം അന്താരാഷ്ട്ര മെഡിക്കല്‍ വിപ്ലവത്തിന്റെ തരംഗവുമായി എത്തുകയാണ്. ആയുഷ് ആരോഗ്യ പരിപാലനം, ആയുര്‍വേദം, സിദ്ധ, യുനാനി എന്നിവയിലെ വിവിധ രോഗങ്ങളുടെ പദാവലികള്‍ ലോകാരോഗ്യ സംഘടന തയ്യാറാക്കുന്ന ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസ് (ഐസിഡി) 11ല്‍ ഉള്‍പ്പെടുത്തും. വിവിധ സാംക്രമിക, സാംക്രമികേതര രോഗങ്ങളെക്കുറിച്ചും മരണനിരക്ക് സ്ഥിതിവിവര കണക്കുകളെക്കുറിച്ചും പ്രാഥമികവും ദ്വിതീയവുമായ ഡാറ്റ ശേഖരിക്കുന്നതിനുള്ള പ്രധാന ഉപകരണമാണ് ലോകാരോഗ്യ സംഘടന പരിപാലിക്കുന്ന രോഗങ്ങളുടെഅന്താരാഷ്ട്ര വര്‍ഗീകരണം.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സ് (സിബിഎച്ച്ഐ) ഐസിഡിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും രോഗാവസ്ഥ- മരണനിരക്ക് ഡാറ്റ ശേഖരണവും വ്യാപനവും സുഗമമാക്കുകയും ചെയ്യുന്നു. മുമ്പ്, ശേഖരിച്ച ഡാറ്റ പ്രധാനമായും ബയോമെഡിസിന് വഴി മാത്രം നിര്‍ണയിക്കാവുന്ന ആരോഗ്യ അവസ്ഥകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ആയുഷില്‍ നിന്നുള്ള ആയുര്‍വേദ, സിദ്ധ, യുനാനി സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയുള്ള രോഗാവസ്ഥകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും പദാവലികളും ശേഖരിച്ച ഡാറ്റയുടെ ഭാഗമല്ല. ചില രാജ്യങ്ങളില്‍ വര്‍ഷങ്ങളായി ദേശീയ ആയുര്‍വേദ, സിദ്ധ, യുനാനി വര്‍ഗീകരണ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അത്തരം സമ്പ്രദായങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയോ ആഗോളതലത്തില്‍ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. ഐസിഡിയില്‍ ആയുഷിനെ ഉള്‍പ്പെടുത്തുന്നതിലൂടെ, അളക്കാനും എണ്ണാനും താരതമ്യം ചെയ്യാനും ചോദ്യങ്ങള്‍ രൂപപ്പെടുത്താനും കാലക്രമേണ നിരീക്ഷിക്കാനും അനുവദിക്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള ക്രമപ്പെടുത്തല്‍ സാധ്യമാകും. ലോകാരോഗ്യ സംഘടനയുടെ ഈ സംരംഭത്തിലൂടെയും ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെയും ആയുര്‍വേദം, യുനാനി, സിദ്ധ എന്നിവയില്‍ നിന്ന് ശേഖരിച്ച രോഗ പദാവലികളെക്കുറിച്ചുള്ള വിവരങ്ങള്‍ മോര്‍ബിഡിറ്റി കോഡുകളാക്കി മാറ്റുകയും രോഗങ്ങളുടെ അന്താരാഷ്ട്ര വര്‍ഗീകരണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
പൊതുജനാരോഗ്യ പരിപാലന വിതരണം, ആയുഷ് ഇന്‍ഷ്വറന്‍സ് പരിരക്ഷ, ഗവേഷണവും വികസനവും, നയരൂപീകരണം, സമൂഹത്തിലെ വിവിധ രോഗങ്ങള്‍ തടയുന്നതിനുള്ള ഭാവി തന്ത്രങ്ങളുടെ വികസനം എന്നിവയ്ക്കായി രോഗാവസ്ഥ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനായി ഐസിഡി 11 ടിഎം 2 മൊഡ്യൂള്‍ നടപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. മലേറിയ പോലുള്ള പകര്‍ച്ചവ്യാധികളും വിട്ടുമാറാത്ത ഉറക്കമില്ലായ്മ പോലുള്ള ജീവിതശൈലി രോഗങ്ങളും ഈ വര്‍ഗീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടിഎം 2 ഐസിഡി-11ല്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, പരമ്പരാഗത സമ്പ്രദായങ്ങളുടെ കര്‍ശനമായ ശാസ്ത്രീയ വിലയിരുത്തലിനെ ലോകാരോഗ്യ സംഘടന പ്രോത്സാഹിപ്പിക്കുന്നു. ഫലപ്രദവും സുരക്ഷിതവുമായ ചികിത്സകള്‍ തിരിച്ചറിയുകയും ഉചിതമായ ക്ലിനിക്കല്‍ ക്രമീകരണങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ നീക്കം പരമ്പരാഗത വൈദ്യശാസ്ത്ര രീതികളെക്കുറിച്ച് കൂടുതല്‍ കരുത്തുറ്റ ഗവേഷണത്തിലേക്ക് നയിക്കും.
ഐസിഡി-11ല്‍ ടിഎം 2 ഉള്‍പ്പെടുത്തുന്നത് വിവിധ സംസ്കാരങ്ങളും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും തമ്മിലുള്ള അറിവിന്റെ കൈമാറ്റം സുഗമമാക്കുന്നു. ഈ പരസ്പരമുള്ള സാംസ്കാരിക പങ്കുവയ്ക്കല്‍ ആരോഗ്യത്തെയും രോഗത്തെയും കുറിച്ച് കൂടുതല്‍ സമഗ്രമായ ധാരണയിലേക്ക് നയിക്കുകയും നൂതനവും സമഗ്രവുമായ ആരോഗ്യ സംരക്ഷണ പരിഹാരങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. ഈ സംയോജനം ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കാനും ചെലവ്കുറഞ്ഞ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കാനും കഴിയും.
ലോകമെമ്പാടുമുള്ള ആയുഷ് സമ്പ്രദായങ്ങളുടെ വിവിധ തലങ്ങളില്‍ നിന്നുള്ള നിരന്തരമായ ആവശ്യം ഇന്ത്യയില്‍ കര്‍ശനമായ ശ്രമങ്ങളിലേക്ക് നയിക്കുകയും ആയുര്‍വേദ- യുനാനി- സിദ്ധ സ്റ്റാന്‍ഡേര്‍ഡ് പദാവലികളും ദേശീയ മോര്‍ബിഡിറ്റി കോഡുകളും കൊണ്ടുവരികയും ചെയ്തു. നാഷണല്‍ ആയുഷ് മോര്‍ബിഡിറ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസ്ഡ് ടെര്മിനോളജി ഇലക്ട്രോണിക് (നമസ്തേ) പോര്‍ട്ടല്‍ (2017) വികസിപ്പിച്ചത് ഈ ശ്രമത്തിന്റെ മാത്രം ഫലമാണ്. ആയുര്‍വേദ- യുനാനി- സിദ്ധ രോഗനിര്‍ണയങ്ങളും പദാവലികളും പരിശോധിക്കുന്നതിനും സാധൂകരിക്കുന്നതിനും പോര്‍ട്ടല്‍ ഒരു പ്ലാറ്റ്ഫോം സൃഷ്ടിച്ചു. ആയുഷ്- ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എ- എച്ച്എംഐഎസ്) വഴി തത്സമയ ക്ലിനിക്കല്‍ ക്രമീകരണത്തില്‍ നടപ്പാക്കാന്‍ 2018ല്‍ ഇത് ആരംഭിച്ചു
ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസ്-11ന്റെ (ഐസിഡി-11) പരമ്പരാഗത വൈദ്യശാസ്ത്ര അധ്യായത്തില്‍ രണ്ടാമത്തെ മൊഡ്യൂള്‍ വികസിപ്പിക്കുന്നതിനായി ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മില്‍ 2020 ഫെബ്രുവരി 11ന് ഒപ്പുവച്ച ഡോണര്‍ കരാര്‍ ഈ പ്രക്രിയയിലെ വഴിത്തിരിവായിരുന്നു. പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ ആഗോള വ്യാപ്തി ലോകാരോഗ്യ സംഘടനയിലെ മറ്റ് പല അംഗരാജ്യങ്ങളെയും ഐസിഡിയില്‍ പരമ്പരാഗത വൈദ്യശാസ്ത്ര രോഗങ്ങളുടെ പദാവലികള്‍ ഉള്‍പ്പെടുത്തുന്നതിന്റെ അതേ മാതൃക ബാധകമാക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് സംതൃപ്തി നല്കുന്ന കാര്യമാണ്.
ഈ പ്രവണത രോഗീപരിചരണത്തിന് കൂടുതല്‍ സമഗ്രമായ സമീപനത്തിനുള്ള വര്‍ധിച്ചുവരുന്ന ആവശ്യത്തോടുള്ള പ്രതികരണമാണ്. ശാരീരികവും മാനസികവും സാമൂഹികവുമായ നിരവധി ഘടകങ്ങള്‍ ക്ഷേമത്തെ സ്വാധീനിക്കുന്നുവെന്ന് അംഗീകരിക്കുകയും ചെയ്യുന്നു. ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസ് (ഐസിഡി) ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, അതിന്റെ 11ാമത് പുനരവലോകനം (ഐസിഡി-11) പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ മൂല്യം തിരിച്ചറിയുന്നതില്‍ നിര്‍ണായക നാഴികക്കല്ലാണ്.
(ലേഖകന്‍ ആയുഷ് മന്ത്രാലയം സെക്രട്ടറിയാണ്. ഇ-മെയില്‍: secy-ayush@nic.in,
ഫോണ്‍: 011-24651950)