#എം.ബി. സന്തോഷ്
ആണ്ടുകൾക്കപ്പുറമാണ്. ഏറെക്കുറെ കൃത്യമായി പറഞ്ഞാൽ രണ്ട് പതിറ്റാണ്ടെങ്കിലും അപ്പുറത്ത്. എന്നുവച്ചാൽ, അന്ന് ഇന്നസെന്റിനെ അർബുദത്തിന്റെ ഞണ്ടിൻ നഖങ്ങൾ പിടിമുറുക്കിത്തുടങ്ങിയിട്ടില്ല.
പിൽക്കാലത്ത് കോഴിക്കോട് എംവിആർ കാൻസർ സെന്ററിന്റെ ഡയറക്റ്ററും കാൻസർ ചികിത്സയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡോക്ടർമാരിൽ ഒരാളുമായ ഡോ. നാരായണൻകുട്ടി വാര്യർ അക്കാലത്തൊരിക്കൽ, ഹൈദരാബാദിൽ വച്ച് ഇന്നസെന്റിനെ കാണുന്നു. സ്വാഭാവികമായും പരിചയപ്പെട്ടു. "പുറപ്പെട്ടു, പുറപ്പെട്ടു, പുറപ്പെട്ടിട്ട് അരമണിക്കൂറായി. കുറച്ചൂടെ നേരത്തെ പുറപ്പെടണോ?' എന്ന "റാംജി റാവ് സ്പീക്കിങി'ലെ മാന്നാർ മത്തായി മുതൽ "അടിച്ചു മോളേ' എന്ന "കിലുക്ക'ത്തിലെ കിട്ടുണ്ണി വരെ ഇന്നസെന്റിനെ കാണുമ്പോൾ ഇപ്പോൾ പോലും നിറചിരിയോടെ ഓർക്കപ്പെടുമ്പോൾ അക്കാലത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ.
ഹോട്ടലിൽ ഭക്ഷണം എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഇന്നസെന്റ് വരുന്നത് ഡോ. നാരായണൻകുട്ടി വാര്യർ കാണുന്നത്. അവിടെ വേറെ മലയാളികളാരും അപ്പോഴില്ല. വാര്യർ ( "ദേവാസുര'ത്തിലേയും "രാവണപ്രഭു'വിലേതുമല്ല!) അദ്ദേഹത്തെ നോക്കി പരിചയഭാവത്തിൽ ചിരിച്ചു. "നമ്മളാരാണാവോ?' എന്ന് ഇന്നസെന്റിന്റെ ചോദ്യം. പരിചയപ്പെടുത്തിയതും കമന്റ് : "നിങ്ങളെയൊന്നും കാണാനുള്ള യോഗമില്ലാതിരിക്കട്ടെ!'
ഡോ. വാര്യർ പറയുന്നു: "അനേകം രോഗികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ അദ്ദേഹത്തിന്റെ കഥകൾ ഞാൻ ഉപയോഗിക്കാറുണ്ട്. രോഗം വീണ്ടും വീണ്ടും വന്നപ്പോൾ അദ്ദേഹം അതിനെ നേരിട്ട രീതി രോഗത്തിനു മുമ്പിൽ പതറിപ്പോകുന്നവർക്കു മാതൃകയാണ്. അവസാനം ഈ ലോകത്തു നിന്നു പോകാനിടയായതിനു കാരണം കാൻസർ അല്ലായിരുന്നു എന്നറിയുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. രോഗികളുടെയും എന്നെ മാതിരിയുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രതീക്ഷയായിരുന്നു അദ്ദേഹം. അദ്ദേഹം കാൻസറിന് കീഴടങ്ങിക്കൂടാ. ആ ഓർമകൾ അവർക്ക് ഇനിയും ജീവിക്കാനും പൊരുതാനുമുള്ള ആവേശമായി നില നിൽക്കട്ടെ'.
"ഇന്നസെന്റ് എന്റെ വെറുമൊരു രോഗി ആയിരുന്നില്ല, ഉറ്റ സുഹൃത്ത് കൂടിയായിരുന്നു. ആ ചിരിയും നര്‍മവും ഒരിക്കലും മറക്കില്ല. അദ്ദേഹം മരിച്ചുകിടക്കുന്നതു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'-ഇന്നസെന്റിന്റെ ബാല്യകാല സുഹൃത്തു കൂടിയായ, അദ്ദേഹത്തിന് കാൻസർ കണ്ടെത്തി ചികിത്സിച്ച ഡോ. വി.പി. ഗംഗാധരൻ വികാരഭരിതനാകുന്നതിൽ അത്ഭുതമില്ല.
"ഇന്നസെന്റിന്റെ മരണത്തില്‍ മലയാളികളെല്ലാം ദുഃഖിക്കുന്നുണ്ടെങ്കിലും ആ മരണം തളര്‍ത്തുന്ന ഒരു വിഭാഗമുണ്ടെങ്കില്‍ അത് കാന്‍സര്‍ രോഗികളായിരിക്കും. ഇന്നസെന്റ് വിടവാങ്ങിയത് കാന്‍സര്‍ മടങ്ങിവന്നതു കൊണ്ടല്ല. കൊവിഡും തുടര്‍ന്നുണ്ടായ അനുബന്ധ ശ്വാസകോശ രോഗങ്ങളുമാണ് മരണകാരണം'- ഡോ. ഗംഗാധരൻ വ്യക്തമാക്കി.
"കാൻസർ വാർഡിലെ ചിരി' എന്ന ഇന്നസെന്റിന്റെ ചികിത്സാനുഭവം "മാതൃഭൂമി ബുക്സ് ' പ്രസിദ്ധീകരിച്ചതിൽ ഇപ്പോൾ വിപണിയിലുള്ളത് 21ാം പതിപ്പാണ്. മലയാളത്തിലെ ഏറ്റവും മികച്ച ജനകീയ പുസ്തകമായാണ് അത് മാറുന്നത്. ഈ കൃതി എഴുതിയത് ശ്രീകാന്ത് കോട്ടയ്ക്കലാണ്.
പുസ്തകത്തെപ്പറ്റി ഡോ. ഗംഗാധരൻ കുറിക്കുന്നത് ഇങ്ങനെ: "ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള മരുന്നാണ്. ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന് മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കി. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാന അവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത് '.
"കാൻസർ വാർഡിലെ ചിരി' കന്നഡയിലേക്കു വിവർത്തനം ചെയ്യാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ചു. അദ്ദേഹത്തിന് നിറഞ്ഞ സന്തോഷം' - കന്നഡ വിവർത്തക മായ ബി. നായർ ഇന്നസെന്റുമായുള്ള ആദ്യ ഫോൺ സംഭാഷണം ഓർത്തെടുത്തത് "ദി ഫോർത്തി'ലെ എ.പി. നദീറയോടാണ്. "2018 മെയിലാണ് വിവർത്തനത്തിന് അനുമതി ലഭിച്ചത്. നവംബർ ആയപ്പോഴേക്കും വിവർത്തനം പൂർത്തിയായി പുസ്തകം പ്രകാശനത്തിന് തയാറായി. അങ്ങനെ "ക്യാൻസർഗേ ഹസി ഔഷധ' (ക്യാന്‍സറിന് ചിരി ഔഷധം) എന്ന ടാഗ്ലൈനോടെ "സാവിന മനേയ കദവ തട്ടി' എന്ന പുസ്തകം ബംഗളൂരുവിൽ ഇന്നസെന്റിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. കാൻസർ വാർഡിലെ അനുഭവം കന്നഡ ഭാഷയിൽ പങ്കുവയ്ക്കപ്പെട്ടതോടെ ഇന്നസെന്റിനും പുസ്തകത്തിനും കർണാടകത്തിലും ആരാധകരായി'.
എംപിയായ ശേഷം ലോക്സഭയിലെ ആദ്യ പ്രസംഗത്തില്‍ തന്നെ കാന്‍സര്‍ രോഗത്തെക്കുറിത്തെക്കുറിച്ചും മുന്‍കൂട്ടി തിരിച്ചറിഞ്ഞു ചികിത്സിക്കേണ്ട ആവശ്യകതയെപ്പറ്റിയും ഇന്നസെന്റ് പ്രസംഗിച്ചു. ആ പ്രസംഗം കേട്ട് അഭിനന്ദിക്കാൻ ആദ്യം എത്തിയത് സോണിയ ഗാന്ധിയായിരുന്നു. "കാന്‍സര്‍ വാര്‍ഡിലെ ചിരി' ഇറ്റാലിയന്‍ ഭാഷയിലേക്കു മൊഴി മാറ്റിയപ്പോള്‍ ഡല്‍ഹിയിലെത്തി ആദ്യം സമ്മാനിച്ചതും സോണിയ ഗാന്ധിക്കായിരുന്നു.
ഇന്നസെന്റിന് മാത്രം കഴിയുന്ന ആത്മപരിഹാസത്തിന്റെ ഒരുദാഹരണം: ക്രിസ്ത്യാനി ആയ ഒരാളുടെ മരണവീട്ടിൽ ഒരിക്കൽ ഞാനും ആലീസും ഒരുമിച്ച് പോയി. കുറച്ചു കഴിഞ്ഞപ്പോൾ പുരോഹിതൻ വന്ന് പ്രാർഥന തുടങ്ങി. "ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ് പറഞ്ഞു, നീ എന്നോടു കൂടി പറുദീസയിൽ ആയിരിക്കും. ദൈവത്തിന് ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു'.
തിരിച്ചുള്ള യാത്രയിൽ ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി ഇരുന്നു. പരേതന്റെ മുമ്പിൽ വച്ച് പുരോഹിതൻ ചെയ്ത പ്രാർഥനയിൽ എനിക്ക് എന്തോ പന്തികേടു തോന്നി. പെട്ടെന്നാണ് കൺമുന്നിലേക്ക് സെബാസ്ത്യാനോസ് പുണ്യാളന്റെ കപ്പേള വന്നത്. ഞാൻ ആ കപ്പേളയിലേക്ക് നോക്കി നന്നായി കൊഞ്ഞനം കാണിച്ചു.
ആലീസിന് ഒന്നും മനസിലായില്ല. അവൾ പരിഭ്രാന്തിയോടെ ചോദിച്ചു: "നിങ്ങൾ എന്തായീ കാണിക്കുന്നത്?'
ദൈവകോപത്തിന്റെ പേടി അവളുടെ വാക്കുകളിലും ഭാവത്തിലും ഉണ്ടായിരുന്നു. ഞാൻ ആലീസിനോട് പറഞ്ഞു: "നീ കേട്ടില്ലേ മരണവീട്ടിലെ പ്രാർഥന? ദൈവത്തിന് ഏറെ ഇഷ്ടമുള്ളവരെ നേരത്തെ വിളിക്കുമെന്ന്. അല്ലെങ്കിൽത്തന്നെ നമുക്ക് കാൻസർ ആണ്. ഇനി ദൈവത്തിന് നമ്മളോടുള്ള ഇഷ്ടം കൂടുകയും കൂടി ചെയ്താൽ എന്താകും അവസ്ഥ? ദൈവത്തിന് നമ്മളോട് കുറച്ച് ദേഷ്യം കിടന്നോട്ടെ എന്ന് കരുതി ചെയ്തതാണ് '.
അതുകേട്ട് ആലീസ് എന്റെ കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു. കുറച്ച് കഴിഞ്ഞ് കൊച്ചുത്രേസ്യ പുണ്യാളത്തിയുടെ കപ്പേള വന്നു. അപ്പോൾ എന്നെ അത്ഭുതപ്പെടുത്തി അതിനെ നോക്കി ആലീസും കൊഞ്ഞനം കുത്തുന്നു! അത് കണ്ടപ്പോൾ ഒരു കാര്യം മനസിലായി: "പറുദീസയിൽ എന്തൊക്കെ കാത്തിരിക്കുന്നു എന്നു പറഞ്ഞാലും മനുഷ്യൻ മരണത്തെ ഭയക്കുന്നു. ഈ ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കുന്നു!'
"ദൈവത്തെ ശല്യപ്പെടുത്തരുത് ' എന്ന ഇന്നസെന്റ് കഥകൾ പുസ്തകരൂപത്തിൽ തയാറാക്കിയത് മാധ്യമ പ്രവർത്തകനും സുഹൃത്തുമായ സെന്നി വർഗീസാണ്. ഒരിക്കൽ ഇന്നസെന്റിനെ തൃശൂർ ഹാർട്ട് ആശുപത്രിയിൽ കിടക്കവേ സെന്നി കണ്ടു. നടുവേദനയ്ക്കാണ് ചികിത്സ. ആശുപത്രിയിൽ ഒട്ടേറെപ്പേർ എത്തുന്നു. ഒരാളോടു പോലും മുഷിച്ചിലില്ല. മകൾക്കൊപ്പം എത്തിയ ഒരു പിതാവ് ആശുപത്രിയിലെ ചെലവ് സംബന്ധിച്ച് എന്തോ പറഞ്ഞു. ഇന്നസെന്റിന്റെ മറുപടി ഇങ്ങനെ: "നടുവേദന എനിക്കു വന്നതു നന്നായി. എന്റെ കാറിനായിരുന്നെങ്കിൽ ഇപ്പോൾ എത്ര ലക്ഷം ചെലവാക്കേണ്ടി വന്നേനെ?!'
ശ്രീകാന്ത് കോട്ടയ്ക്കൽ കുറിച്ച ഒരനുഭവം:
അഞ്ചാം ക്ലാസിൽ പഠിച്ച സുഹൃത്തിന്റെ മകൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അവന്റെ അമ്മ മരണത്തിലേക്കു പോയിക്കൊണ്ടിരിക്കെ അവർക്കൊപ്പം ഒരു സുഹൃത്തിനെപ്പോലെ നിന്നു. അവനിപ്പോൾ കുറച്ചു കൂടി മുതിർന്നു. ഇന്നസെന്റ് മരിച്ച വാർത്ത വന്നപ്പോൾ അവൻ വാട്ട്സാപ്പിൽ ഇങ്ങിനെ കുറിച്ചു: "കാൻസർ വാർഡിലെ ചിരി' എന്റെ അമ്മയുടെ അവസാന ദിനങ്ങളിലും അവരെ ചിരിപ്പിക്കാൻ എന്നെ സഹായിച്ചു'.
ഈയിടെ കാൻസർ ബാധിച്ച് മരിച്ച പ്രിയ സുഹൃത്ത് എസ്. പ്രസന്നകുമാറിന്റെ അനുഭവം നേരത്തെ പങ്കുവച്ചതാണ്. അദ്ദേഹത്തിന് ഉൾപ്പെടെ "കാൻസർ വാർഡിലെ ചിരി' സിദ്ധൗഷധത്തിന്റെ ഗുണം ചെയ്തത് നേരിട്ടറിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും സ്പീക്കറായിരുന്ന ജി. കാർത്തികേയനും ആ "മരുന്ന്' ആഗ്രഹിച്ചിരുന്നവരാണ്.
"പത്താംനിലയിലെ തീവണ്ടി' ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാള സിനിമയിലെ ഏറ്റവും മികച്ച നടനായി ഇന്നസെന്റ് ഇനിയും നിലനിൽക്കുമെന്നുറപ്പാണ്. പക്ഷേ, ചിരിച്ചുകൊണ്ടും രോഗം മറച്ചുവയ്ക്കാതെയും ഇടപെട്ട ഇന്നസെന്റും "കാൻസർ വാർഡിലെ ചിരി'യും അതിനേക്കാൾ കാലം അർബുദ അതിജീവന പ്രചോദനമായും മരുന്നായും നിലകൊള്ളും. സംശയമേയില്ല.