#ജോസഫ് എം പുതുശേരി
തെരഞ്ഞെടുക്കപ്പെടുന്ന സർവാധികാരികളുടെയും ഏകാധിപതിയുടെയും കാലമാണിത്. വിരുദ്ധ ധ്രുവങ്ങളിലെ പ്രക്രിയകളാണിവയെങ്കിലും അവ സംയോജിച്ചുള്ള പ്രയോഗതലത്തിലെ കാഴ്ച ഇന്ന് സർവസാധാരണം. തെരഞ്ഞെടുപ്പ് ജനാധിപത്യ ക്രമത്തിലെ അമൂല്യവും അടിസ്ഥാനപരവുമായ നടപടി. ജനഹിതം വെളിവാക്കപ്പെടുന്നതിലൂടെ അവരെ ഭരിക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും അതിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ വരുന്ന ഭരണാധികാരികളും.
ജനാധിപത്യത്തിന്റെ അടിസ്ഥാന സത്തയെ മാനിച്ച് ഭരണഘടനക്കും നിയമങ്ങൾക്കും വിധേയപ്പെട്ടു ഭരണനിർവഹണം നടത്തുകയെന്നതായിരുന്നു ആ രീതി. എന്നാൽ ഇന്ന് അതൊക്കെ പഴയ കഥ. തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന ഭൂരിപക്ഷം ഭരണാധികാരികളെ അമിതാധികാര കേന്ദ്രങ്ങളാക്കി മാറ്റുന്നു. ജനാഭിപ്രായവും ഉത്തമ ബോധ്യവും പ്രകടിപ്പിക്കേണ്ടിടത്ത് അതു മറന്നു ജനപ്രതിനിധികൾ വിധേയത്വം ആഭരണമാക്കുന്നു. ഉന്നത ഭരണഘടന തത്വങ്ങൾക്കും നിയമങ്ങൾക്കും കൂച്ചുവിലങ്ങിട്ടിട്ട് അതിന്റെ ദുർവ്യാഖ്യാനങ്ങളിലൂടെ അവയെ തങ്ങളുടെ സർവാധികാര വാഴ്ചയ്ക്കുള്ള ഉപാധികളാക്കുന്നു.
ഈ പ്രക്രിയ ലോകത്ത് വ്യാപിച്ചു വരുന്നതാണ് കാണാനാവുക. പോളണ്ട്, നിക്കരാഗ്വ, ബൊളീവിയ, റഷ്യ, ഫിലിപ്പീൻസ്, ബ്രസീൽ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളൊക്കെ ഈ സർവാധികാര വാഴ്ചയുടെ രംഗഭൂമികൾ.
നമ്മുടെ രാജ്യവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. തെരഞ്ഞെടുപ്പും ജനാധിപത്യ പ്രക്രിയയുമൊക്കെ വെറും മേമ്പൊടി മാത്രം. ഏകവ്യക്തി കേന്ദ്രീകൃത സർവാധികാര പ്രമത്തത. പാർലമെന്റ് നടപടികൾ പോലും വെറും നേർച്ച കഴിക്കുന്നതു പോലെയായി. അഭിപ്രായ പ്രകടനങ്ങൾക്കോ വിയോജിപ്പുകൾക്കോ ഒന്നും സ്ഥാനമില്ല. എല്ലാം മൻ കി ബാത്ത് പോലെയുള്ള വൺവേ ട്രാഫിക് മാത്രം. പറയുന്നത് കേൾക്കുക, ചോദ്യങ്ങളില്ല.
അതിന്റെ പതിപ്പുകൾ സംസ്ഥാനങ്ങളിലും കാണാം. അത് കൂടുതൽ വേരു പിടിക്കുകയുമാണ്. ഭൂരിപക്ഷ പിന്തുണയും അതിലൂടെ ലഭിക്കുന്ന അധികാരവും തങ്ങൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസായി വിവക്ഷിക്കുക. അതുവഴി അധികാര കേന്ദ്രീകരണത്തിനുള്ള നടപടികളും ഉത്തരവുകളും നിർബാധം സൃഷ്ടിക്കുക. ഫയൽ നീക്കത്തിന്റെ പേരുപറഞ്ഞ് സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മേൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണവകുപ്പ് പിടിമുറുക്കുമ്പോൾ അധികാര കേന്ദ്രീകരണത്തിന്റെ, സർവാധികാര പ്രയോഗത്തിന്റെ നിഴലാട്ടം തന്നെയാണ് കാണാനാവുക.
വകുപ്പു തലവന്മാരുടെ ഓഫിസിൽ സെക്രട്ടറിയേറ്റ് സർവീസിൽ നിന്ന് നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരുടെയും സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരുടെയും അധികാരം തീരുമാനിച്ച് പൊതു ഭരണ വകുപ്പ് ഇറക്കിയ ഉത്തരവാണ് ഈ നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണം. ജീവനക്കാരുടെ നിയമനവും സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും ഉൾപ്പെടെ വർഷങ്ങളായി വകുപ്പ് മേധാവികളുടെ ചുമതലയിൽ ഉണ്ടായിരുന്ന അധികാരങ്ങൾ ഈ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്ക് നൽകുന്നതാണ് ഉത്തരവ്. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ കൂടി പിടിമുറുക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ കൗശലപ്രയോഗമാണിത്. അമിതാധികാര കേന്ദ്രീകരണം. ഒന്നിനു പുറകെ ഒന്നായി മുഖ്യമന്ത്രി സ്വീകരിക്കുന്ന തുടർ പ്രക്രിയയും.
നേരത്തെ ഐഎഎസുകാരുടെ സ്ഥലംമാറ്റത്തിലുള്ള അധികാരം മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. ഇതുവരെയുള്ള എല്ലാ സർക്കാരുകളും ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തീരുമാനിച്ചിരുന്നത് മന്ത്രിസഭയിൽ ചർച്ച ചെയ്തായിരുന്നു. സ്വന്തം വകുപ്പിൽ സെക്രട്ടറിയും ഡയറക്റ്ററുമായി ആരെ നിയമിക്കണമെന്നും സ്വന്തം ജില്ലയിൽ ആരെ കലക്റ്ററാക്കണമെന്നും അഭിപ്രായം പറയാൻ മന്ത്രിമാർക്ക് ഈ രീതി അവസരം ഒരുക്കി. കലക്റ്റർമാരുടെ നിയമന കാര്യത്തിൽ റവന്യൂ മന്ത്രിയുടെ അഭിപ്രായത്തിന് മുൻതൂക്കവും ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്തും ഈ രീതി തന്നെയാണ് അവലംബിച്ചിരുന്നത്. എന്നാൽ ആ മന്ത്രിസഭയുടെ അവസാനമായപ്പോഴേക്ക് ഐഎഎസ് നിയമനത്തിന്റെ പൂർണ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. മന്ത്രിസഭയെയും മന്ത്രിമാരെയും നിർവീര്യരോ കാഴ്ചക്കാരോ ആക്കുന്ന നടപടി.
ഇത്തരത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ അധികാര കേന്ദ്രീകരണത്തിനുള്ള അരങ്ങൊരുക്കാൻ നടപടി തുടങ്ങി. അതിനായി റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതിക്കാണ് ചരട് വലിച്ചത്.
ഭരണഘടനയുടെ 166ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പ് അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ ഭരണം സൗകര്യപ്രദമായി നടത്തുന്നതിനു വേണ്ടി ചട്ടങ്ങൾ ഉണ്ടാക്കാൻ ഗവർണറെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ ചട്ടങ്ങൾ ട്രാൻസാക്ഷൻ ഓഫ് ബിസിനസ് റൂൾസ് എന്നാണ് അറിയപ്പെടുന്നത്. ഇതും അലോക്കേഷൻ ഓഫ് ബിസിനസ് റൂൾസും സർക്കാർ പ്രവർത്തനങ്ങളെ വ്യവസ്ഥാപിതമായ രീതിയിൽ നടത്തിക്കൊണ്ടു പോകാൻ ഉദ്ദേശിച്ചിട്ടുള്ളവയാണ്. ബിസിനസ് റൂൾസ് അനുസരിച്ച് വകുപ്പ് മന്ത്രിയുടെ അധികാരങ്ങൾ എന്തൊക്കെയെന്നും സെക്രട്ടറിയുടെ അധികാരങ്ങളും ചുമതലകളും എന്തൊക്കെയെന്നും അവ എങ്ങനെ നിർവഹിക്കപ്പെടണമെന്നും വിശദമായി നിർവചിച്ചിട്ടുണ്ട്. ഇതിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതായിരുന്നു പുതിയ ഭേദഗതി നിർദേശങ്ങൾ. റൂൾസ് ഓഫ് ബിസിനസിലെ സെക്ഷൻ രണ്ടിലെ 13 മുതൽ 20 വരെയുള്ള ചട്ടപ്രകാരമാണ് മന്ത്രിസഭാ യോഗത്തിന്റെ നടപടിക്രമം. ഇതിൽ ഭേദഗതി വരുത്തി മന്ത്രിസഭയുടെ പ്രാധാന്യം വെട്ടിച്ചുരുക്കി മുഖ്യമന്ത്രിക്ക് അപ്രമാദിത്വം നൽകി സർവാധികാരിയാക്കുന്ന നിരവധി വ്യവസ്ഥകൾ നിർദേശിച്ചിരുന്നു.
അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ക്യാബിനറ്റ് ഭരണസംവിധാനത്തിൽ സമന്മാരിലെ ഒന്നാമനാണ് (first among the equals) മുഖ്യമന്ത്രി. ഇത് അറിയാമായിരുന്നിട്ടും തങ്ങളെ നോക്കുകുത്തിയാക്കി അധികാരം കവർന്നെടുത്തിട്ടും പഞ്ചപുച്ഛമടക്കി വിശ്വസ്ത വിധേയപ്പട്ടം അണിയാൻ വെമ്പൽ കൊള്ളുന്ന മന്ത്രിമാരെക്കുറിച്ച് എന്താണ് പറയേണ്ടത്? അവരെ നിയോഗിച്ച പാർട്ടികൾ പാലിക്കുന്ന മൗനത്തിന്റെ അർഥമെന്താണ്? തെരഞ്ഞെടുക്കപ്പെടുന്ന സർവാധികാരി രൂപപ്പെടുന്ന പ്രക്രിയ!
എന്നാൽ ഇവരൊക്കെ മൗനം പാലിക്കുമ്പോഴും, മുഖ്യമന്ത്രി പൊതുഭരണ വകുപ്പിലൂടെ മറ്റു വകുപ്പുകളിൽ പിടിമുറുക്കുന്ന അധികാര കേന്ദ്രീകരണത്തിനുള്ള ഉത്തരവിനെതെരേ ഇടത് സർവീസ് സംഘടനകൾ രംഗത്തുവന്നു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം അനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയൻ തന്നെ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വികേന്ദ്രീകരിച്ചു നൽകുമ്പോൾ മാത്രമേ ഭരണം വേഗത്തിലാകൂ എന്ന് എൻജി. യൂണിയൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ താഴേത്തട്ടു വരെ ചെയ്തിരുന്ന ജോലികൾ കേന്ദ്രീകരിക്കുന്ന രീതിയിലാണ് പൊതു ഭരണ വകുപ്പിന്റെ ഉത്തരവ്. അധികാര കേന്ദ്രീകരണത്തിനിടയാക്കുന്ന ഇത്തരം ഉത്തരവുകൾ സിവിൽ സർവീസിന്റെ കാര്യക്ഷമത ഇല്ലാതാക്കുമെന്നും എൻജിഒ യൂണിയൻ തന്നെ ചൂണ്ടിക്കാട്ടുന്നു.
അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് അവസരത്തിലും അനവസരത്തിലും മേനി പറയുന്ന ഇടതു സർക്കാർ അമിതാധികാര കേന്ദ്രീകരണത്തിനുള്ള വഴിതേടുന്നത് സ്വന്തം പാളയത്തിനു പോലും ദഹിക്കുന്നില്ല എന്നതിന്റെ പരസ്യ പ്രഖ്യാപനം. പക്ഷേ, ഇത് എത്ര നാൾ നിലനിൽക്കും എന്നതാണ് കൗതുകം ഉയർത്തുന്നത്. ആരംഭ ശൂരത്വം വിധേയപ്പെടലിന് പരുവപ്പെടാൻ എത്ര കാതം എന്ന ചോദ്യമാണിത് അവശേഷിപ്പിക്കുന്നത്, മന്ത്രിമാരുടെ കീഴടങ്ങൽ പോലെ.
എന്തായാലും, ഇവരുടെ പരസ്യ പ്രതിഷേധം കനക്കുമ്പോഴും മറ്റുള്ളവരുടെ മൗനപ്രതിഷേധം നുരഞ്ഞു പൊന്തുമ്പോഴും സർവാധികാര പ്രമത്തത അവസാനിക്കുന്നില്ലാ എന്നാണ് തുടർനീക്കങ്ങൾ വെളിവാക്കുന്നത്. ധനവകുപ്പിന്റെ സ്വതന്ത്ര പദവി എടുത്തു കളഞ്ഞും അധികാരങ്ങൾ വെട്ടിക്കുറച്ചും അപ്രസക്തമാക്കുന്ന നിർദേശങ്ങൾ മുഖ്യമന്ത്രിയുടെ മുന്നിൽ എത്തിക്കഴിഞ്ഞു. ധനസ്ഥിതി കണക്കിലെടുക്കാതെയുള്ള ചെലവാക്കലിലേക്കും അതുവഴി സാമ്പത്തിക അരാജകത്വത്തിലേക്കും വഴിവയ്ക്കുന്ന അത്യപകടകരമായ നീക്കം. ഫയൽ നീക്കത്തിന്റെ വേഗത വർധിപ്പിക്കാൻ വി.എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശ എന്ന നിലയിലാണ് ഈ നടപടികൾ എന്ന ന്യായവാദം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ശുപാർശകളിലില്ലാത്ത കാര്യം ഇത്തരത്തിൽ ദുരുപദിഷ്ടമായി തിരുകിക്കയറ്റുകയായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.
തോന്നുംപടി പദ്ധതികളും തീരുമാനങ്ങളും നടപ്പാക്കി ദുർവ്യയവും അധിക ബാധ്യതയും സൃഷ്ടിക്കുന്ന അവസ്ഥാവിശേഷം ഒഴിവാക്കാനുള്ള "ചെക്സ് ആൻഡ് ബാലൻസ് ' എന്ന നിലയിലാണ് ഇത്തരം ക്രമീകരണം ക്രാന്തദർശികളായ മുൻഗാമികൾ രൂപപ്പെടുത്തിയിട്ടുള്ളത്. വളയം വിട്ടു ചാടാതെയിരിക്കാനുള്ള മുൻകരുതൽ. എന്നാൽ അതു മറികടക്കാനുള്ള സൗകര്യം ലഭിക്കുക വഴി ദൂരവ്യാപക വിപത്തുകൾക്കിടയാക്കുന്ന നീക്കമാണിത്. ചട്ടങ്ങളും നിബന്ധനകളും പാലിക്കാതെ യഥേഷ്ടം കാര്യങ്ങൾ നടത്താനുള്ള ലൈസൻസ്. കർശന നിബന്ധനകളും നിയന്ത്രണങ്ങളും നിലനിൽക്കെത്തന്നെ അത് ഉല്ലംഘിച്ച് നീങ്ങുന്ന അവസ്ഥാവിശേഷം നിലനിൽക്കുമ്പോൾ ഇതുകൂടി ഇല്ലാതെ വന്നാലത്തെ സ്ഥിതിയോ! അധികാര കേന്ദ്രീകരണത്തിനുള്ള കുറുക്കുവഴിയാണ് തേടുന്നതെങ്കിലും അതുണ്ടാക്കുന്ന അപകടം വിലയിരുത്താനാവേണ്ടേ?
ഇപ്പോൾ എന്തു നടപടി സ്വീകരിച്ചാലും അതിന്റെ പിന്നിൽ ആകർഷകമായ ഒരു വാദഗതിയോ മുദ്രാവാക്യമോ ഉണ്ടാവും. അത്തരം വർണക്കടലാസുകൾ കൊണ്ട് പൊതിഞ്ഞാണ് ജനവിരുദ്ധ പദ്ധതികളും പ്രവർത്തനങ്ങളുമൊക്കെ പുറത്തെടുക്കുക. ഇവിടെയും ആ പതിവ് തെറ്റിച്ചിട്ടില്ല. ഓരോ ഫയലിലും ഓരോ മനുഷ്യജീവിതമാണുള്ളതെന്നും ഫയൽ നീക്കം വേഗത്തിലാകണമെന്നുമുള്ള വായ്ത്താരി. അതിലൂടെ അധികാരം കേന്ദ്രീകരിക്കപ്പെടുമ്പോൾ അപകടത്തിലാകുന്നത് ജനാധിപത്യ പ്രക്രിയയാണ്. അതിനു ചൂട്ടുപിടിക്കാൻ നമുക്കാവുമോ എന്നാണ് എല്ലാവരും മനസാക്ഷിയോട് ചോദിക്കേണ്ടത്.