മതേതരത്ത്വത്തിന്‍റെ അപ്പോസ്‌തലനായ നെഹ്റു

നെഹ്റുവിന്‍റെ 135ാം ജന്മദിനമാണ് ഇന്ന്.
Jawaharlal nehru jayanti 2024
മതേതരത്ത്വത്തിന്‍റെ അപ്പോസ്‌തലനായ നെഹ്റു
Updated on

##അഡ്വ. പി.എസ്. ശ്രീകുമാര്‍

ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്‍റെ 135ാം ജന്മദിനമാണ് ഇന്ന്. രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധി കഴിഞ്ഞാല്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ജനങ്ങളെ രാഷ്‌ട്രീയ, മത പരിഗണകള്‍ക്കതീതമായി ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ സാധിച്ചിട്ടുള്ള ഏക നേതാവ് നെഹ്റുവായിരിക്കും. ഓരോ വർഷം കഴിയുമ്പോഴും അദ്ദേഹത്തിന്‍റെ പ്രസക്തി കൂടുന്നതല്ലാതെ കുറയുന്നില്ല. അതാണ് അദ്ദേഹവും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള ബന്ധം.

അദ്ദേഹം രാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന ഏതാണെന്നു ചോദിച്ചാല്‍ മറുപടി പറയാന്‍ ആരും ഒന്ന് വിഷമിക്കും. ആദ്യ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ കൈയൊപ്പു പതിയാത്തതും അദ്ദേഹത്തിന്‍റെ സംഭാവന ഇല്ലാത്തതുമായ ഒരു മേഖലയും സ്വതന്ത്ര ഇന്ത്യയില്‍ ഇല്ല. രാജ്യത്തിന്‍റെ ഭരണഘടനാ നിര്‍മാണത്തിന് നല്‍കിയ സംഭവനയാണോ, അതോ ആദ്യ ഭരണാധിപനെന്ന നിലയില്‍ ഭരണത്തിന് ദിശാബോധം നല്‍കുന്നതിലെ സംഭവനയാണോ, അതുമല്ലെങ്കില്‍ ശാസ്ത്ര സാങ്കേതിക, സാഹിത്യ, വിദേശനയ രൂപീകരണ മേഖലകള്‍ക്ക് നല്‍കിയ സംഭവനയാണോ, അതുമല്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തിന് തന്നെ നല്‍കിയ സംഭാവനയാണോ എന്നു തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം നല്‍കിയ അതുല്യമായ സംഭാവനകളില്‍ ഒന്നിനേക്കാള്‍ മറ്റൊന്ന് മികച്ചു നില്‍ക്കുന്നു എന്ന് പറയുവാന്‍ സാധിക്കുകയില്ല. എങ്കില്‍പ്പോലും, രാജ്യത്തിന്‍റെ അഖണ്ഡതയും കെട്ടുറപ്പും അരക്കിട്ടുറപ്പിക്കാന്‍ മതേതരത്വം എന്ന മഹത്തായ ആശയം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിയ നെഹ്റുവിന്‍റെ സംഭാവന, മറ്റുള്ളവയെക്കാള്‍ അണുവിടയെങ്കിലും ഉയര്‍ന്നു നില്‍ക്കുന്നതാണ് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ജനാധിപത്യ രീതിയില്‍ ഇത്രയും അർഥവത്തായി മതേതരത്വം നടപ്പാക്കിയിട്ടുള്ള ഒരു രാജ്യം ഇന്ത്യയല്ലാതെ മറ്റൊന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

അദ്ദേഹം ജനിച്ചുവളര്‍ന്ന സാഹചര്യത്തിന്‍റെ പ്രത്യേകത കൊണ്ടാകാം മതേതരത്വം എന്ന ദര്‍ശനത്തെ അതിന്‍റെ എല്ലാ അർഥത്തിലും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചത്. ധാരാളിത്തത്തിന്‍റെ മടിത്തട്ടില്‍ കശ്മീരി ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന അദ്ദേഹത്തെ, വസതിയില്‍ വച്ച് പഠിപ്പിച്ചിരുന്നത് ഫെര്‍ഡിനാന്‍ഡ് ടി. ബ്രൂക്ക്‌സ് എന്ന അധ്യാപകനായിരുന്നു. സംസ്‌കൃതം പഠിപ്പിച്ചിരുന്നത് കശ്മീരി പണ്ഡിറ്റ് ആയിരുന്നു. ബ്രിട്ടനില്‍ പോയി നിയമം പഠിച്ചതിനു യാഥാസ്ഥികരായ കശ്മീരി ബ്രാഹ്മണ സമുദായം അദ്ദേഹത്തിന്‍റെ പിതാവ് മോത്തിലാല്‍ നെഹ്റുവിനെ ഭ്രഷ്ട് കല്‍പ്പിച്ച കാര്യമൊക്കെ പിന്നീട് അദ്ദേഹം വിശദമായി മനസിലാക്കി.

സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന മോത്തിലാല്‍ നെഹ്റുവിന്‍റെ സുഹൃത്തുക്കളായിരുന്ന തിയോസഫി പ്രസ്ഥാനത്തിന്‍റെ നേതാവ് ആനി ബസന്‍റ്, ഇസ്‌ലാം മത പണ്ഡിതന്‍ കൂടിയായിരുന്ന മുന്‍ഷി മുബാറക് അലി എന്നിവരുമായുള്ള ആശയ വിനിമയവും സഹവാസവുമൊക്കെ മതേതരത്വ ചിന്ത അദ്ദേഹത്തില്‍ രൂഢമൂലമാക്കി. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ബ്രിട്ടനില്‍ പോയപ്പോള്‍ ജൂത മതസ്ഥരായ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്‍റെ മതേതരത്വ ചിന്തകള്‍ക്ക് പുതിയ മാനം നല്‍കി. എന്നാല്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ബുദ്ധമതത്തിലെ വിവേചനമില്ലായ്മയാണ്.

അടിസ്ഥാനപരമായി നെഹ്റു ഒരു ചരിത്രാന്വേഷിയായിരുന്നു. പഠനങ്ങളില്‍ നിന്നും ബഹുസ്വരത നിലനില്‍ക്കുന്ന ഒരു സമൂഹമാണ് ഇന്ത്യയെന്നും അല്ലാതെ, ഏതെങ്കിലും ഒരു മതത്തിന്‍റെ മാത്രം കുത്തക സ്വഭാവമുള്ളതല്ലെന്നും അദ്ദേഹത്തിന് ബോധ്യമായി. ബുദ്ധമതവും, ജൈനിസവും ഇന്ത്യന്‍ മണ്ണില്‍ പിറന്നുവീഴാന്‍ ഇടയായ സാഹചര്യങ്ങളും അതിനെ ഹിന്ദുമതം എങ്ങിനെ ഉള്‍ക്കൊള്ളാന്‍ തയാറായതെന്നും, പിന്നീട് ക്രിതുമതവും, ഇസ്‌ലാമും സോരാഷ്‌ട്രീയനിസവും ഇന്ത്യന്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനവും അദ്ദേഹം മനസിലാക്കി. ഇതിന്‍റെ തുടര്‍ച്ചയായാണ്, 1857 ലെ ആദ്യ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒറ്റക്കെട്ടായി നിന്ന് ബ്രിട്ടീഷ്- ഈസ്റ്റിന്ത്യാ കമ്പനിയുടെ ദുര്ഭരണത്തിനെതിരെ പ്രതികരിച്ചത്. ഈ അടിത്തറയില്‍ നിന്നാണ് മതേതരത്വം എന്ന നിര്‍മ്മിതി കെട്ടിപ്പൊക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചത്.

ഇന്ത്യയുടെ രാഷ്‌ട്രീയ ഭൂമികയില്‍ പ്രവേശിച്ച ശേഷമാണ് ബ്രിട്ടീഷ്- ഇന്ത്യ ഭരണത്തില്‍ മതങ്ങള്‍ക്കുള്ള സ്വാധീനം അദ്ദേഹത്തിന് മനസിലായത്. ബ്രിട്ടീഷ്- ഇന്ത്യ ഭരണ സംവിധാനം മതശക്തികള്‍ക്ക് വഴങ്ങുന്നതിനെ അദ്ദേഹം എതിര്‍ത്തു. രാഷ്‌ട്രീയവും മതവും തമ്മില്‍ അകലം വേണമെന്ന് അദ്ദേഹം വിശ്വസിച്ചു. ഇക്കാര്യത്തില്‍ പാശ്ചാത്യ ചിന്തകനായ മാക്യവല്ലിയുടെ കാഴ്ചപ്പാടാണ് നെഹ്റുവിനും ഉണ്ടായിരുന്നത്. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തശേഷം അഭിമുഖ സംഭാഷണത്തിനെത്തിയ ഒരു ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തിനോട് ചോദിച്ച ആദ്യ ചോദ്യം സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ എന്താണ് താങ്കള്‍ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി എന്നതായിരുന്നു. മതാധിഷ്ഠിതമായ ഒരു സമൂഹത്തില്‍ ഒരു മതേതര രാജ്യം എങ്ങിനെ കരുപ്പിടിപ്പിക്കണമെന്നതായിരിക്കും താന്‍ നേരിടാന്‍ പോകുന്ന ഏറ്റവും പ്രയാസമേറിയ പ്രശ്‌നം എന്നാ യിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

1952ല്‍ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്ത്യന്‍ യുവാക്കളുടെ ആഗോള സമ്മേളനം ഇന്ത്യയില്‍ നടത്താനാണ് തീരുമാനിച്ചത്. ആ സമ്മേളനത്തിന്‍റെ ഉദ്ഘാടനത്തിന് അതിന്‍റെ സംഘാടകര്‍ അന്നത്തെ കേന്ദ്ര ധനമന്ത്രിയും റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നെഹ്റുവിനെ നേരില്‍ കണ്ടു ക്ഷണിച്ചു. എന്നാല്‍, ഒരു മതേതര രാജ്യത്തില്‍ മതാത്തിന്‍റെ പേരില്‍ നടത്തുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി സംബന്ധിക്കുന്നതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് പറഞ്ഞു അദ്ദേഹം അവരുടെ ക്ഷണം നിരാകരിച്ചു. അദ്ദേഹം ഒരു മതത്തെയും തള്ളിപ്പറഞ്ഞില്ല. മതവിശ്വാസം വ്യക്തിപരമായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. രാജ്യം ഭരിക്കുന്ന എല്ലാ ഭരണാധിപന്മാരും അക്ഷരാര്‍ഥത്തില്‍ പാലിക്കേണ്ട ഒരു

തത്വമാണ് നെഹ്റു തന്‍റെ ജീവിതകാലത്തു കാണിച്ചുതന്നത്. ഇന്ന് നമ്മുടെ രാജ്യത്തിന്‍റെ ചില ഭാഗങ്ങളിലെങ്കിലും കാണുന്ന അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഇല്ലാതാക്കുവാന്‍ നെഹ്റു നല്‍കിയ ഈ തത്വസംഹിതയിലൂടെ സാധിക്കുമെന്നതില്‍ സംശയമില്ല. തമസ്‌കരിക്കാന്‍ ആര് ശ്രമിച്ചാലും അതിനെയെല്ലാം അതിജീവിക്കാനും കൂടുതല്‍ പ്രഭ ചൊരിയുവാനും അദ്ദേഹത്തിന് സാധിക്കുന്നു എന്നതാണ് ആ വ്യക്തിത്വത്തിന്‍റെ മഹത്വം.

Trending

No stories found.

Latest News

No stories found.