അന്ന സെബാസ്റ്റ്യന്‍റെ അകാല മരണം വലിയൊരു ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നു. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനി. പഠനം കഴിഞ്ഞയുടന്‍ പ്രമുഖ ബഹുരാഷ്‌ട്ര കമ്പനിയായ ഏണസ്റ്റ് ആൻഡ് യങ്ങിൽ (ഇവൈ) ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി. നല്ല ശമ്പളം. പക്ഷേ മനുഷ്യത്വഹീനമായ ജോലി പരിസരങ്ങള്‍ തകര്‍ത്തു കളഞ്ഞത് ഒരു കുടുംബത്തിന്‍റെ സ്വപ്‌നങ്ങളെയാണ്. അമിതമായ ജോലി ഭാരം മൂലം 26ാം വയസില്‍ അന്ന വിട പറഞ്ഞു.
അവരുടെ മാതാവ് അനിത അഗസ്റ്റിൻ ഇവൈ ഇന്ത്യാ മേധാവി രാജീവ് മേമാനിക്ക് എഴുതിയ കത്താണ് പുതിയ ചർച്ചയ്ക്ക് വഴി വച്ചത്. കോര്‍പറേറ്റ് ഭീമന്മാർ അടക്കം ലോകം മുഴുവൻ ഇതു ചര്‍ച്ച ചെയ്യുകയാണ്. കോര്‍പറേറ്റ് ലോകത്തിന്‍റെ അത്യാഗ്രഹം കൊന്നുകളഞ്ഞതാണ് അന്നയെ. 8 മണിക്കൂര്‍ ജോലി എന്ന മനുഷ്യത്വപരമായ സമീപനം ലംഘിച്ച് ബഹുരാഷ്‌ട്ര കുത്തകകള്‍ യുവത്വത്തെ കൊല്ലാതെ കൊല്ലുകയാണ്.
ബാങ്കിൽ രാവിലെ 9 മുതൽ 11 വരെ മീറ്റിങ്ങിൽ പങ്കെടുത്ത ശേഷമാണ് അസോഷ്യേറ്റ് വൈസ് പ്രസിഡന്‍റായ 35കാരൻ അലക്സ് റെജി പുറത്തിറങ്ങി ആത്മഹത്യ ചെയ്തത്. മുബൈയിൽ നിന്ന് പുറത്തുവന്ന ഈ വാർത്തയും തൊഴിൽ സമ്മർദത്തിന് ഇരയാകേണ്ടി വന്ന ഹതഭാഗ്യന്‍റേതാണ്. ഇതുപോലെ അറിഞ്ഞതും അറിയാത്തതുമായ എത്രയോ പേർ.
മിച്ചമൂല്യത്തിന്‍റെ നിരക്ക് വർധിപ്പിക്കാനുള്ള മുതലാളിയുടെ ത്വര തൊഴിൽ സമയം പരമാവധി നീട്ടിയെടുക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ നീട്ടാൻ പറ്റുന്നത് ഒരു ദിവസം പരമാവധി 24 മണിക്കൂറാണ്. പക്ഷേ അത് സാധ്യമല്ലല്ലോ. കാരണം ഓരോ ദിവസത്തെയും ഒരു ഭാഗം സമയം അടുത്തദിവസം വീണ്ടും അധ്വാനത്തിൽ ഏർപ്പെടാനായി തൊഴിലാളിയുടെ ആരോഗ്യം വീണ്ടെടുക്കാനും വിശ്രമിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും വേണം.
എന്നാൽ പുതിയ സാമ്പത്തിക വ്യവസ്ഥിതിയിൽ വൻകിടക്കാരും കോർപ്പറേറ്റുകളും ലക്ഷ്യം വയ്ക്കുന്നത് പരമാവധി ലാഭം എന്നതു മാത്രമാണ്. ലാഭം (മിച്ചമൂല്യം) സൃഷ്ടിക്കാനുള്ള ഒടുങ്ങാത്ത ആർത്തി കാരണം തൊഴിൽ സമയം നിശ്ചയിക്കുമ്പോൾ ശാരീരിക ആവശ്യകതകൾ പോലും പരിഗണിക്കാറില്ല; പിന്നല്ലേ, സാമൂഹിക- സാംസ്കാരിക ആവശ്യകതകൾ നിർവഹിക്കാനുള്ള സമയത്തിന്‍റെ കാര്യം. തൊഴിലാളിയുടെ ആരോഗ്യത്തിന്‍റെയും ആയുസിന്‍റെയും കാര്യത്തിൽ ദയാരഹിതമായാണ് ഇക്കൂട്ടർ പെരുമാറുന്നത്. തൊഴിലാളികളുടെ അധ്വാനശക്തി നിഷ്ഠുരം ചൂഷണം ചെയ്യുന്നതു കാരണം അവരുടെ ആയുസ് കുറയുന്നു. മരണ നിരക്ക് കൂടുന്നു.
അടിമത്ത വ്യവസ്ഥിതിയിൽ അടിമയുടെ അധ്വാനത്തിന്‍റെ മാത്രമല്ല, അടിമയുടെ ആകമാന ഉടമസ്ഥതയും ഉടമയ്ക്കായിരുന്നു. അടിമകൾ ഉടമയുടെ മൂലധനമാണ്. അമിതമായി പണിയെടുപ്പിച്ച് അടിമ മരിച്ചുപോയാൽ ഉടമയ്ക്ക് നഷ്ടമാണ്. അതിനാൽ കുറച്ചൊക്കെ വിശ്രമം അനുവദിക്കുമായിരുന്നു. പക്ഷേ, പിൽക്കാലത്ത് ആഫ്രിക്കയിൽ നിന്നും മറ്റും അടിമകളുടെ ലഭ്യത വർധിച്ചതോടെ അടിമകളുടെ ആ ആനുകൂല്യം എടുത്തുകളയപ്പെട്ടു. അമെരിക്കയിലെ അടിമപ്പണിക്കാർ അകാല മരണത്തിലൂടെ തോട്ടങ്ങളിലെ വളമായി മാറി. ഒരു അടിമയുടെ തൊഴിൽ ശേഷിയുടെ പരമാവധി ഊറ്റിയെടുത്ത ശേഷം എത്രയും വേഗം മരണത്തിലേക്ക് തള്ളിവിടുന്നതും ലാഭമായി മാറി. സമാനമായ അവസ്ഥയിലേക്കാണ് നാം എത്തപ്പെട്ടിരിക്കുന്നത്.
8 മണിക്കൂർ തൊഴിൽ എന്ന ന്യായമായ ആവശ്യം ആദ്യമായി മുഴങ്ങിയത് 19ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ്. 1866ൽ അമെരിക്കൻ ലേബർ കോൺഗ്രസും ഒന്നാം ഇന്‍റർനാഷനലും ആ മുദ്രാവാക്യമുയർത്തി. 8 മണിക്കൂർ തൊഴിൽ സമയത്തിനു വേണ്ടിയുള്ള സമരം ലോകമെങ്ങുമുള്ള തൊഴിലാളികളുടെ സാമ്പത്തിക സമരത്തിന്‍റെ മാത്രമല്ല, രാഷ്‌ട്രീയ സമരത്തിന്‍റെയും അവിഭാജ്യ ഘടകമായി മാറി.
8 മണിക്കൂർ തൊഴിൽ സമയമെന്നത് ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെട്ട മാനദണ്ഡമാണ്. ഒരുവന്‍റെ തൊഴിലും സ്വകാര്യജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ ഇടവേളകൾക്കും വിശ്രമത്തിനും മാനസികമായ ഉല്ലാസത്തിനും വലിയ പങ്കുണ്ട്.
1886ലെ ഐതിഹാസികമായ മെയ്ദിന പോരാട്ടവും തൊഴിലാളികളുടെ രക്തസാക്ഷിത്വവും ലോകമെങ്ങും തൊഴിലാളികളെ തട്ടിയുണർത്തി. 1889ൽ പാരിസിൽ നടന്ന സാർവദേശീയ സോഷ്യലിസ്റ്റ് കോൺഫറൻസ് മെയ് ഒന്ന് സർവദേശീയ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. 1917ൽ ലോകത്താദ്യമായി റഷ്യയിലെ തൊഴിലാളികൾ മുതലാളിത്ത ഭരണകൂടത്തെ നിഷ്കാസനം ചെയ്ത് സ്വന്തം ഭരണകൂടം സ്ഥാപിച്ചു. അതോടെ തൊഴിൽ സമയം ദീർഘിപ്പിച്ചുകൊണ്ടു നടത്തുന്ന തൊഴിൽ ചൂഷണം റഷ്യയിൽ അവസാനിപ്പിച്ചു. സോഷ്യലിസ്റ്റ് പുനർനിർമാണത്തിന്‍റെ പുരോഗതിയോടെ തൊഴിൽ സമയം വീണ്ടും കുറച്ചു. 1927ൽ 6 മണിക്കൂറും ആകെ 104 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ഏർപ്പെടുത്തി. 1929ൽ ആഴ്ചയിൽ 5 തൊഴിൽ ദിവസങ്ങൾ എന്ന് നിജപ്പെടുത്തി. സോവിയറ്റ് യൂണിയനിൽ തൊഴിലാളികളുടെ ജീവിതത്തിൽ വന്ന ഈ പുരോഗതി ലോകമെങ്ങുമുള്ള തൊഴിലാളി മുന്നേറ്റങ്ങൾക്ക് ആക്കം കൂട്ടി.
1919ൽ ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) സ്ഥാപിക്കപ്പെട്ടു. അതിന്‍റെ ആദ്യ കൺവെൻഷൻ 8 മണിക്കൂർ തൊഴിൽ സമയത്തെപ്പറ്റിയായിരുന്നു. 8 മണിക്കൂർ പ്രതിദിനം, 48 മണിക്കൂർ പ്രതിവാരം, ആഴ്ചയിൽ ഒരു ദിവസം വിശ്രമം, ക്രമേണ പ്രതിവാരം 40 മണിക്കൂറിൽ എത്തുക എന്നതായിരുന്നു കൺവെൻഷന്‍റെ പ്രഖ്യാപനം. ഈ കൺവെൻഷൻ ഇന്ത്യ അംഗീകരിക്കുകയും 1948ലെ ഫാക്റ്ററി ആക്റ്റിൽ ആ വ്യവസ്ഥ ഉൾപ്പെടുത്തുകയും ചെയ്തു. അധികസമയം തൊഴിലെടുക്കേണ്ടിവന്നാൽ ഇരട്ടി ശമ്പളവും വ്യവസ്ഥ ചെയ്തിരുന്നു. പരിഷ്കൃതമായ തൊഴിൽസമയം നിജപ്പെടുത്താനായതിന്‍റെ പശ്ചാത്തലമാണിത്.
ആഗോളവത്കരണ - ഉദാരവത്കരണ - സ്വകാര്യവത്കരണ കാലഘട്ടത്തിൽ തൊഴിലാളികൾക്ക് അനുകൂലമായിരുന്ന എല്ലാ പരിഷ്കൃതനിയമങ്ങളും പിൻവലിക്കപ്പെട്ടു. രാജ്യത്ത് നിലനിന്ന തൊഴിൽ നിയമങ്ങൾക്ക് പകരം കൊണ്ടുവന്ന ലേബർ കോഡുകളിലൂടെ നിലവിലുണ്ടായിരുന്ന തൊഴിലാളി അനുകൂല വ്യവസ്ഥകൾ ഇല്ലാതാവുകയോ ദുർബലപ്പെടുകയോ ചെയ്തിരിക്കുകയാണ്. കൊവിഡ് കാലത്ത് പാർലമെന്‍റ് ചർച്ച പോലും ചെയ്യാതെ പ്രതിപക്ഷ എംപിമാരുടെ അഭാവത്തിലാണ് ലേബർ കോഡുകൾ പാസാക്കിയെടുത്തത്. ഇത് വൻകിടക്കാർക്ക് ഏതു തൊഴിലാളി ചൂഷണത്തിലും ഉപയോഗപ്പെടുത്താവുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഇനി അത്തരത്തിൽ എന്തെങ്കിലും നിയമങ്ങൾ നിലവിലുണ്ടെങ്കിൽത്തന്നെ അത് നടപ്പിലാക്കപ്പെടില്ല എന്നത് ഭരണകൂടം ഉറപ്പുവരുത്തുന്നു. എൻഫോഴ്സ്മെന്‍റ് സംവിധാനങ്ങളെ മരവിപ്പിച്ചു നിർത്തുന്നു. തൊഴിൽ വകുപ്പുകൾ മൂലധനശക്തികളുടെ കോടാലിക്കൈകളായി പ്രവർത്തിക്കുന്നു. ഈയൊരു അവസ്ഥയിൽ ഇന്ന് തൊഴിൽ സമയത്തിന്‍റെ കാര്യത്തിൽ യാതൊരു സംരക്ഷണവും തൊഴിലാളിക്കു ലഭിക്കുന്നില്ല.
ഐഎൽഒ അംഗമെന്ന നിലയിൽ 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ ഉറക്കം എന്ന പൊതു രീതി രാജ്യത്തെ എല്ലാ തൊഴിൽ മേഖലയിലും ബാധകമാണ്. പുതുതലമുറ കമ്പനികളും തൊഴിലിടങ്ങളും ഇത് പാലിക്കാൻ ബാധ്യസ്ഥരുമാണ്. കൂടാതെ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിൽ ഉൾപ്പെട്ടതാണ് ആരോഗ്യകരമായ തൊഴിലിടങ്ങളും മിനിമം വേതനവും. നിലവിലുള്ള നിയമങ്ങളിൽ എല്ലാ നവ തൊഴിൽ മേഖലകളും ഉൾപ്പെടും.
1946ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്‍റ് സ്റ്റാൻഡിങ് ഓർഡർ ആക്റ്റിൽ നിന്ന് ഇന്ത്യൻ ഐടി ബിസിനസുകളെ ഒഴിവാക്കിയതിനാൽ തൊഴിൽ നിയമങ്ങളുടെ ഈ അടിസ്ഥാന നിയമച്ചട്ടകൂടിൽ ഐടിയും അനുബന്ധ ഉദ്യമങ്ങളും ഉൾപ്പെട്ടിരുന്നില്ല. വ്യവസായിക തർക്ക നിയമം (1947), ഫാക്റ്ററി നിയമം (1946) എന്നിവയുടെ പരിധിയിൽ ഇവ വരുന്നില്ലെന്ന് പല കേസുകളിലും ഉന്നയിക്കാറുണ്ട്. എന്നാൽ പൊതുവായ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ ഐടി വ്യവസായം ഉൾപ്പെടുന്നുണ്ടെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഐഎൽഒയുടെ 8 മണിക്കൂർ വ്യവസ്ഥ അംഗീകരിച്ച ഇന്ത്യ ഇന്ന് ആ മാനദണ്ഡം എടുത്തുകളയുകയും സർക്കാർ സംവിധാനങ്ങളിൽ പോലും അധികരിച്ച തൊഴിൽ സമയം നടപ്പിലാക്കി സ്വകാര്യ മുതലാളിമാർക്ക് ദിശ കാട്ടുകയും ചെയ്യുന്നുവെന്നതാണ് അദ്ഭുതാവഹം.
രാജ്യത്താകെയുള്ള തൊഴിൽ ശക്തിയിൽ 93% ശതമാനവും അസംഘടിത മേഖലയിലാണ്. യാതൊരു തൊഴിൽ സുരക്ഷിതത്വവുമില്ലാതെ മുതലാളിമാരുടെ ക്രൂര ചൂഷണത്തിന് വിധേയരാക്കപ്പെട്ട വിഭാഗം. തൊഴിൽ സമയം പ്രാകൃതമായ വിധത്തിൽ നീട്ടിയെടുത്തതു മൂലം 14- 16 മണിക്കൂർ പണിയെടുക്കാൻ വിധിക്കപ്പെട്ടവർ. രാജ്യത്തെ 42 കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികൾ പരിചിതമായ സാമൂഹ്യജീവിത സാഹചര്യങ്ങളിൽ നിന്ന് പറിച്ചെറിയപ്പെട്ടവരാണ്, അസംഘടിതരാണ്. സാമൂഹ്യ പിൻബലമില്ലാതെ, കുടുംബത്തിന്‍റെ പോലും പിൻബലമില്ലാതെ ഒറ്റപ്പെട്ടുപോയ ഇവർ അടിമസമാനമായ ചൂഷണത്തിന് ഗത്യന്തരമില്ലാതെ വഴങ്ങിക്കൊടുക്കുന്നവരാണ്. സംഘടിത മേഖലയെന്ന് കരുതപ്പെടുന്ന സർക്കാർ സംവിധാനങ്ങൾക്കുള്ളിലെ കരാർ ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. സ്ഥിര തസ്തികകളിൽ നിയമനം നടത്താതെ കരാർ തൊഴിലാളികളെ നിയോഗിക്കുകയാണ്. പല അടരുകളിലുള്ള ലേബർ കോൺട്രാക്റ്റർമാരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. അപമാനകരമാം വിധം തുച്ഛമായ ശമ്പളത്തിൽ എത്രനേരം വേണമെങ്കിലും പണിയെടുപ്പിക്കാം. ഒരു കോടിയോളം വരുന്ന സ്കീം തൊഴിലാളികളുടെ കാര്യവും വ്യത്യസ്തമല്ല.
ഏറ്റവും വൈദഗ്ധ്യത്തോടെ പ്രവർത്തിക്കേണ്ട രംഗമാണ് ഐടി മേഖല. ലോകമെമ്പാടുമുള്ള വൻകിട മുതലാളിമാർ അതിശയിപ്പിക്കുന്ന രീതിയിൽ ലാഭം കുന്നുകൂട്ടുന്ന മേഖലയാണിത്. കൊവിഡ് കാലത്ത് ഇക്കൂട്ടർക്കത് കൊയ്ത്തുകാലമായിരുന്നു. സ്പെഷ്യൽ ഇക്കണോമിക് സോൺ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഈ മേഖലകളിൽ തൊഴിൽ സമയത്തെപ്പറ്റിയുള്ള യാതൊരു നിയമങ്ങളും മാനദണ്ഡങ്ങളും ബാധകമല്ലെന്ന നിലയിലാണ് പോക്ക്. യുവത്വവും ഊർജസ്വലതയും എത്രയും വേഗം ഊറ്റിയെടുത്ത്, ചുരുങ്ങിയ കാലംകൊണ്ട് ചണ്ടിയാക്കി, തൊഴിലിൽ നിന്നും ചവിട്ടി പുറന്തള്ളി, പുതുരക്തത്തെ തേടുകയാണ് അവരുടെ രീതി.
കംപ്യൂട്ടറിനു മുമ്പിൽ ബുദ്ധിയും ശ്രദ്ധയും കേന്ദ്രീകരിച്ച് ആരോഗ്യകരമായി പണിയെടുക്കാവുന്നത് 5 മണിക്കൂർ വരെയാണ്. പക്ഷേ 12- 16 മണിക്കൂർ വരെയാണ് പണിയെടുപ്പിക്കുന്നത്. അതും യാതൊരു നിയമത്തിന്‍റെയും പിൻബലവുമില്ലാതെ.
കാഴ്ച- അസ്ഥി സംബന്ധമായ രോഗങ്ങൾ, മാനസിക സമ്മർദം, വിഷാദരോഗം, ഉറക്കപ്രശ്നങ്ങൾ, ദഹനപ്രശ്നം, ഹൃദയ അസുഖങ്ങൾ, പ്രത്യുൽപാദനപരമായ പ്രശ്നങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, രോഗപ്രതിരോധ ശേഷി കുറയുന്നത് തുടങ്ങി സമൂഹത്തിലെ ഏറ്റവും ബൗദ്ധിക ശേഷിയുള്ള ഈ വിഭാഗം തൊഴിലാളികളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ അനവധിയാണ്. ഇന്ത്യയിലെ 60 ലക്ഷത്തോളം വരുന്ന ഐടി ജീവനക്കാരിൽ 80 ശതമാനവും തൊഴിൽ സമ്മർദങ്ങൾ കാരണം മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണെന്ന് Deloitte എന്ന കൺസൾട്ടൻസി നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
അധിക ജോലിഭാരം സംബന്ധിച്ച കുന്തമുന നീളുന്നതിന്‍റെ പശ്ചാത്തലത്തിലാവണം പുതിയ നയങ്ങളുമായി പല കമ്പനികളും രംഗത്ത് വന്നിട്ടുണ്ട്. ഡേ ടു കെയർ, വർക്ക് ഔട്ട്സൈഡ്, വെക്കേഷൻ അപ്പ്രൂവൽ, നിർബന്ധിത ഓഫ് ടൈം തുടങ്ങിയവ അതിൽപ്പെടുന്നു. കഴിവതും രാവിലെ 8നു മുൻപും വൈകിട്ട് 7ന് ശേഷവും മാനെജർമാർ ടീം അംഗങ്ങൾക്ക് ഇ മെയിൽ അയക്കരുത്, എല്ലാ കാര്യങ്ങൾക്കും ഇ മെയിൽ അയക്കുന്നതിനു പകരം നേരിട്ട് സംസാരിക്കുക, ഇ മെയിലുകൾക്ക് പകരം പരമാവധി എസ്എംഎസ് ഉപയോഗിക്കുക, വർഷത്തിൽ 90 ദിവസമെങ്കിലും ഓഫിസിനു പുറത്തുനിന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുക, നാലാഴ്ച മുൻപേ വെക്കേഷൻ റിക്വസ്റ്റ് നൽകിയാൽ മാനെജരുടെ അപ്പ്രൂവൽ വേണ്ട അനുമതി തനിയേ ലഭിച്ചതായി കണക്കാക്കും, പ്രതിമാസം അല്ലെങ്കിൽ പ്രതിവർഷം നിശ്ചിത ദിവസം നിർബന്ധമായും ഓഫ് ആയിരിക്കണം തുടങ്ങിയവ അതിന്‍റെ ഭാഗമാണ്.
2023ൽ മികച്ച കമ്പനികൾ ആയി ഫോബ്സ് മാസിക തിരഞ്ഞെടുത്ത ചില കമ്പനികളിലെ പ്രതിവാര പ്രവർത്തി സമയം പരിശോധിച്ചാൽ 40-45 മണിക്കൂറെന്ന് കാണാം. പ്രതിദിനം 8 മണിക്കൂർ അധികരിക്കുന്നില്ലെന്ന് ചുരുക്കം. ഇത്തരം രീതികൾ അവലംബിക്കേണ്ടതിനു പകരം തൊഴിൽ സമയം 14 മണിക്കൂറായി വർധിപ്പിക്കാനുള്ള സമ്മർദമാണ് പല ഐടി കമ്പനികളും നടത്തുന്നത്. അവരുടെ സമ്മർദത്തിനു വഴങ്ങി ഐടി അനുബന്ധ ബിപിഒ കമ്പനികളുടെ പ്രതിദിന തൊഴിൽ സമയം 14 മണിക്കൂറായി വർധിപ്പിക്കാനുള്ള നിയമ ഭേദഗതിക്ക് കഴിഞ്ഞ ജൂലൈയിൽ കർണാടക സർക്കാർ ശ്രമിച്ചിരുന്നു. കൊവിഡിനു ശേഷമുള്ള വർക്ക് ഫ്രം ഹോം, വീട് മറ്റൊരു ജോലി സ്ഥലമായി മാറുന്നതോടെ വർധിച്ചുവരുന്ന ജോലിഭാരം കടുത്ത സമ്മർദത്തിന് ഇടയാക്കുന്നു. സ്വകാര്യ ജീവിതം നഷ്ടമാകുന്നു. ഇത് മറികടക്കാൻ ശ്രമിക്കേണ്ട കമ്പനികൾ അതിന് കാര്യമായി ഒന്നും ചെയ്യുന്നില്ല. ഫലമോ ഹൈബ്രിഡ് രീതികളോട് പൊരുത്തപ്പെട്ടില്ലെങ്കിൽ ജോലി നഷ്ടപ്പെടുന്ന ഭീഷണി ജോലിക്കാരെ സമ്മർദത്തിലാക്കുന്നു.
50 ലക്ഷം പേർ പണിയെടുക്കുന്ന സ്വകാര്യ ആശുപത്രി മേഖലയിലെയും 4 കോടിയാളുകൾ പണിയെടുക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് 12 മണിക്കൂറും അതിലധികവും പണിയെടുക്കേണ്ടി വരുന്നു.
ലോകത്താകെ 264 മില്യൺ ജനങ്ങൾ ജോലി സ്ഥലത്തെ മോശം അവസ്ഥകൾ കൊണ്ടുള്ള മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നതായും ഇന്ത്യയിൽ 70% ആളുകൾ ജോലിസ്ഥലത്തു നിന്ന് താങ്ങാൻ പറ്റാത്ത മാനസിക സമ്മർദങ്ങൾ അനുഭവിക്കേണ്ടി വരുന്നതുമായുള്ള പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
പരമാവധി ചൂഷണം ഉറപ്പാക്കി അവരെ 3 ഷിഫ്റ്റിൽ നിന്ന് 2 ഷിഫ്റ്റിലേക്ക് കുറയ്ക്കുക എന്നതാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 8 മണിക്കൂർ എന്നാൽ 3 ഷിഫ്റ്റ് പ്രവർത്തിക്കേണ്ടിവരും. 12 മണിക്കൂറാണെങ്കിൽ 2 ഷിഫ്റ്റ് മതിയാകും. മൂന്നിലൊന്ന് തൊഴിൽ സേനയെ കുറയ്ക്കാനാവും. ഇതാണ് അവരുടെ ലക്ഷ്യം. അതായത്, 8 മണിക്കൂർ തൊഴിൽ സമയം എന്ന് നിഷ്കർഷിക്കുകയാണെങ്കിൽ ഇന്ത്യയിലെ 60 കോടി വരുന്ന തൊഴിൽ സേനയിൽ എത്ര അധികം പുതിയ തൊഴിൽ സൃഷ്ടിക്കാമെന്നും തൊഴിലില്ലായ്മ എത്രമാത്രം കുറയ്ക്കാമെന്നും ആലോചിക്കുക.
ഇത്തരം രീതികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം. നമ്മുടെ യുവത്വത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തിന്‍റേതാണ്. എന്നാല്‍, അന്ന സെബാസ്റ്റ്യന്‍റെ ഈ മരണത്തെ തുടർന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവന നിന്ദ്യവും അപലപനീയവുമാണ്. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദത്തെ നേരിടാനാവൂ എന്നും അത് എങ്ങനെ എന്ന് വീട്ടിൽ പഠിപ്പിക്കണമെന്നുമാണ് ധനമന്ത്രിയുടെ ഉപദേശം. അന്ന ജോലി ചെയ്ത തൊഴില്‍ സാഹചര്യത്തെയോ മാനെജ്‌മെന്‍റിന്‍റെ കുറ്റകരമായ നടപടികളെയോ പരാമര്‍ശിക്കുന്നതിനു പകരം മാതാപിതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകളാണ് മുതിര്‍ന്ന കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ദൈവത്തെ വിളിക്കലാണ് പരിഹാരമെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാരും നിയമങ്ങളും ഒക്കെ എന്നത് മന്ത്രി വ്യക്തമാക്കണം.
ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലുണ്ടായ ദുഃഖകരമായ സംഭവം ഇനി മറ്റൊരിടത്തും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അമിത ജോലിസമയവും ഭാരവും തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിച്ച് അവരെ മാനസിക സമ്മർദത്തിലും പിരിമുറക്കത്തിലുമാക്കുന്ന അന്ധകാരാവൃതമായ ഉള്ളറകളിലേക്ക് ടോർച്ച് അടിച്ച് പ്രശ്നപരിഹാരത്തിനുള്ള അവസരമായി ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതിന് പകരം ദൈവത്തിൽ സമർപ്പിച്ച് തടി തപ്പുന്നത് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവും കോർപ്പറേറ്റുകളുടെ സംരക്ഷക കവചമണിയലുമാണ്.
ചെറുപ്പക്കാരോടുള്ള സര്‍ക്കാരിന്‍റെ സമീപനമാണ് കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ ശക്തമാക്കി ചെറുപ്പക്കാരുടെ ജീവിതം കുറച്ചു കൂടി ആരോഗ്യകരവും പ്രത്യാശാഭരിതവുമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. അന്ന സെബാസ്റ്റ്യന്‍റെ അമ്മ അനിത അഗസ്റ്റിൻ എഴുതിയ കത്തിൽ പറയുന്നതു പോലെ ഇനിയും ഇങ്ങനെയൊരു ദുർഗതി ആർക്കും ഉണ്ടാവാതിരിക്കാനുള്ള കരുതലും ജാഗ്രതയുമാണ് സർക്കാർ പ്രകടിപ്പിക്കേണ്ടത്.