പ്രവഹിപ്പിച്ച് പ്രഹരിക്കുമ്പോൾ

വൈദ്യുതി ഉപയോക്താക്കൾക്കു മേൽ വീണ്ടും ഇരുട്ടടി. ചാർജ് വർധന ഞൊടിയിട കൊണ്ട് നിലവിൽ വന്നു കഴിഞ്ഞു
Representative image for electricity
Representative image for electricity
Updated on

വീണ്ടുവിചാരം | ജോസഫ് എം. പുതുശേരി

വൈദ്യുതി ഉപയോക്താക്കൾക്കു മേൽ വീണ്ടും ഇരുട്ടടി. ചാർജ് വർധന ഞൊടിയിട കൊണ്ട് നിലവിൽ വന്നു കഴിഞ്ഞു. നവംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വൈദ്യുതി ചാർജ് വർധിപ്പിക്കാനായിരുന്നു റെഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ്. 531 കോടി രൂപ അധിക വരുമാനം ഉണ്ടാക്കുന്ന ഹൈ വോൾട്ട് പ്രഹരമാണു സാധാരണക്കാരന് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത് എന്നതിനാൽ അതിന്‍റെ ഷോക്കിൽ നിന്ന് ആളുകൾ മുക്തരായിട്ടില്ല.

അതും പോരാഞ്ഞാണ് "തയാറായിരുന്നു'കൊള്ളാനുള്ള വൈദ്യുതി മന്ത്രിയുടെ അടുത്ത മുന്നറിയിപ്പ്. ചെറിയ നിരക്കു വർധന മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചെലവിനനുസരിച്ച് ഇനിയും വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്നും അതിന് തയാറായിരുന്നു കൊള്ളാനുമാണ് കഴിഞ്ഞദിവസം മന്ത്രി വ്യക്തമാക്കിയത്. എന്നുവച്ചാൽ ജനങ്ങളെ പിഴിയുന്നതിൽ, അല്ലാ ഞെക്കിപ്പിഴിയുന്നതിൽ ഒരു മിതത്വമോ മര്യാദയോ പ്രതീക്ഷിക്കേണ്ടതില്ല എന്നർഥം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമടക്കം ജീവിതച്ചെലവിലുണ്ടായ ഭീമമായ വർധനവിൽപ്പെട്ട് ജനങ്ങൾ ഞെരിപിരികൊള്ളുമ്പോൾ അവർക്ക് സമാശ്വാസം നൽകാനുള്ള സമീപനവും നടപടിയും സ്വീകരിക്കേണ്ടിടത്ത് കണ്ണിൽ ചോരയില്ലാതെ കൈക്കൊള്ളുന്ന ഇത്തരം നടപടികൾക്ക് എന്ത് ന്യായീകരണമാണുള്ളത്.

മന്ത്രി തന്നെ പറയുന്ന "ചെലവിന്‍റെ' അന്യായവും അനിയന്ത്രിതവുമായ വർധനവിന് ആരാണ് ഉത്തരവാദി? ഉപഭോക്താക്കളാണോ? സ്വന്തം പിടിപ്പുകേടുകളും കെടുകാര്യസ്ഥതയും, സ്വാർഥലാഭവും അഴിമതിയും ലക്ഷ്യംവച്ചുള്ള തീരുമാനങ്ങളും വൈദ്യുതി ബോർഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെ ഭീമമായ തകർച്ചയിലേക്കും നഷ്ടത്തിലേക്കും കൂപ്പുകുത്താൻ ഇടവരുത്തിയിട്ട് ചാർജ് വർധന എന്ന ഒറ്റമൂലി പ്രയോഗം കൊണ്ട് അത് മറികടന്നുകളയാമെന്ന മിഥ്യാധാരണയാണ് ഇത്തരം അബദ്ധജടിലങ്ങളായ പ്രസ്താവനങ്ങളിലേക്ക് നയിക്കുന്നത്.

മറിച്ച്, മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കാനോ അതനുസരിച്ച് ജാഗ്രത പുലർത്താനോ ഉള്ള വിവേകം ഇല്ലാതെ പോകുന്നത് എന്താണ്? സർക്കാരിന്‍റെ അനുമതിയില്ലാതെ കെഎസ്ഇബി 2021ൽ നടപ്പാക്കിയ ശമ്പള, പെൻഷൻ പരിഷ്കരണം 15,184 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും അത് വൈദ്യുതി ഉപയോക്താക്കൾക്കുമേൽ യൂണിറ്റിന് 6.46 രൂപവരെ അധിക നിരക്കായി വരുമെന്നും കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തിയതിന് പുല്ലുവിലയെങ്കിലും കൽപ്പിച്ചോ? ചട്ടവിരുദ്ധമായ അത്തരമൊരു നടപടി തിരുത്താനുള്ള ബാധ്യത നിറവേറ്റാൻ ചെറുവിരലെങ്കിലും അനക്കിയോ? എന്നിട്ട് ചെലവ് വർധനവിന്‍റെ പേരുപറഞ്ഞ് ജനങ്ങളെ പ്രഹരിക്കുന്നത് എങ്ങനെ നീതീകരിക്കാനാവും?

ചാർജ് വർധനയിലൂടെ സാധാരണക്കാരന്‍റെ വയറ്റത്തടിക്കാൻ ലേശം പോലും വിമുഖത പ്രകടിപ്പിക്കാത്തവർ ലഭിക്കാനുള്ള കുടിശിക പിരിച്ചെടുക്കാൻ ജാഗ്രത പ്രകടിപ്പിക്കാത്തതെന്താണ്? ജൂൺ 30 വരെ പിരിഞ്ഞു കിട്ടാനുള്ള തുക 3,585.69 കോടി രൂപ. ഭീമാകാരമായ ഈ തുക തന്നെ കെടുകാര്യസ്ഥതയുടെ മുഖമുദ്രയല്ലേ? വിതരണ മേഖലയിലെ നഷ്ടം കുറയ്ക്കാനുള്ള കേന്ദ്ര പദ്ധതിയായ റീവാംപ് ഡിസ്ട്രിബ്യൂഷൻ സെക്റ്റർ സ്കീം (ആർഡിഎസ്എസ്) അനുസരിച്ച് കേരളത്തിൽ ലഭിക്കേണ്ട 10,411 കോടി രൂപ നൽകണമെങ്കിൽ ഈ കുടിശിക പിരിക്കണമെന്ന് കേന്ദ്രം അന്ത്യശാസനം നൽകിയിരിക്കുകയാണ്. കുടിശിക 10-12 ഗഡുക്കളായി പിരിച്ചെടുക്കാമെന്ന് ഇതു സംബന്ധിച്ച യോഗത്തിൽ കേരള പ്രതിനിധികൾ അറിയിച്ചെങ്കിലും കൃത്യമായ മാർഗരേഖ തയാറാക്കി ചാർട്ട് സഹിതമുള്ള ഉത്തരവിറക്കി അറിയിക്കാനാണ് കേന്ദ്രം നിർദേശിച്ചത്. കേന്ദ്രം മീശ പിരിക്കുന്നതു വരെ അനങ്ങാതെയിരുന്ന് കേറി മേയാൻ അവസരം നൽകിയിട്ട് കേന്ദ്രവിരുദ്ധം ഉദ്ഘോഷിച്ചതു കൊണ്ട് എന്തു കാര്യം! ലഭിക്കേണ്ട ഒരു കേന്ദ്ര സഹായം കൂടി നഷ്ടമാവുകയാണ് ഫലം!

അടുത്ത 4 വർഷത്തെ വൈദ്യുതി നിരക്ക് ഒരുമിച്ച് വർധിപ്പിക്കാനുള്ള നിർദേശമാണ് റെഗുലേറ്ററി കമ്മിഷൻ മുമ്പാകെ വൈദ്യുതി ബോർഡ് നൽകിയിരുന്നത്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് വരുന്നത് നമ്മുടെ ഭാഗ്യം! അതുകൊണ്ടാണ് ഇപ്പോൾ ഭാഗിക വർധനവിൽ ഒതുങ്ങിയത്. അതുകഴിഞ്ഞാൽ അപേക്ഷയിന്മേലുള്ള കമ്മിഷന്‍റെ യഥാർഥ സ്വരൂപം കാണാനിരിക്കുന്നതേയുള്ളൂ. തയാറായിരുന്നുകൊള്ളാനുള്ള മന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ സാരാംശവും അതാണ് സൂചിപ്പിക്കുന്നത്.

ബോർഡിന്‍റെ കാര്യക്ഷമതയും നിലനിൽപ്പും ഒപ്പം ഉപഭോക്താക്കളുടെ താത്പര്യവും കണക്കിലെടുത്തു സ്വതന്ത്ര സ്വഭാവത്തിൽ ക്വാസി ജുഡീഷ്യൽ ബോഡിയായി പ്രവർത്തിക്കേണ്ട റെഗുലേറ്ററി കമ്മിഷൻ ഒരു റബ്ബർ സ്റ്റാംപായി തരംതാഴ്ന്നു. എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെ സ്റ്റാഫിലുണ്ടായിരുന്ന ആളാണ് ഒരംഗം. മറ്റൊരാൾ ബോർഡിലെ ഇടത് ഓഫിസർ സംഘടയുടെ മുൻ പ്രസിഡന്‍റ്. മറ്റൊരാൾ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ. വൈദ്യുതി ബോർഡിൽ തന്നെ ജോലി ചെയ്തിരുന്ന ഒരാളിന് നിയമപ്രകാരം കമ്മിഷൻ അംഗമാകാൻ പറ്റുമോ എന്ന നിയമപ്രശ്നവും മറ്റും നിലനിൽക്കേയാണ് അത് മറികടന്നുള്ള നിയമനം നടന്നത്. കമ്മിഷന്‍റെ നിഷ്പക്ഷ, നീതിയുക്ത തീരുമാനങ്ങൾക്ക് അവധി കൊടുക്കാൻ ഇത് കാരണമാകുന്നത് സ്വാഭാവികം. ഉമ്മൻചാണ്ടി സർക്കാർ കാലത്ത് ഒപ്പുവച്ച പവർ പർച്ചേസ് കരാർ റദ്ദാക്കാൻ തീരുമാനിച്ചതും ഇപ്പോൾ അതിനേക്കാൾ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകാൻ നിർബന്ധിതമായിരിക്കുന്നതും ഇതിന്‍റെ പ്രതിഫലനമാണ്.

യൂണിറ്റിന് 3.60, 4.15, 4.29 രൂപ നിരക്കിൽ 765 മെഗാ വാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറാണ് ഒപ്പുവച്ചിരുന്നത്. 25 വർഷത്തേക്കുള്ള ദീർഘകാല കരാറുകളായിരുന്നു വിവിധ കമ്പനികളുമായി ഉണ്ടാക്കിയത്. സർക്കാർ മാറി പുതിയ സർക്കാർ വന്നതിനെ തുടർന്ന് നിലവിൽ വന്ന റെഗുലേറ്ററി കമ്മിഷൻ കരാർ റദ്ദു ചെയ്യാൻ തീരുമാനിച്ചു. ഒരു കരാറിൽ യൂണിറ്റ് ഒന്നിന് 3.60 രൂപ നിരക്കിൽ കിട്ടിയതിനാൽ ബാക്കിക്കും കുറഞ്ഞ നിരക്ക് വേണമായിരുന്നു എന്ന ന്യായവാദം ഉയർത്തിയാണ് 4.15,

4.29 രൂപാ നിരക്കിൽ ഉണ്ടായിരുന്ന കരാറുകൾ റദ്ദാക്കിയത്.

2023 മെയ് 10ന് കമ്മിഷൻ ഈ തീരുമാനമെടുത്ത ശേഷം ഇപ്പോൾ ഒരു വർഷത്തേക്ക് 6.88 രൂപ നിരക്കിൽ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നു. വിരോധാഭാസം എന്നല്ലാതെ എന്തു പറയാൻ! ഓരോ വർഷവും ഈ വില കൂടിക്കൊണ്ടിരിക്കും. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തെ കരാർ പ്രകാരം 25 വർഷത്തേക്ക് ഒരേ നിരക്കിൽ വാങ്ങാൻ കഴിയുമായിരുന്നു. അതും ഇപ്പോൾ തീരുമാനിച്ചതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ. അതാണ് അട്ടിമറിക്കപ്പെട്ടത്. പ്രതിദിനം 3 മുതൽ 7 കോടി രൂപ വരെയുള്ള ബാധ്യതയാണ് ഇതു മൂലം ബോർഡിന് ഉണ്ടാകുന്നത്. മുന്നോട്ടുള്ള ഓരോ വർഷവും ഇത് കൂടിക്കൂടി വരും. ഇതിന് ഉത്തരവാദികളായവരല്ലേ ശിക്ഷിക്കപ്പെടേണ്ടത്? അവരിൽ നിന്നല്ലേ ഈ അധിക ബാധ്യതാ തുക കണ്ടുകെട്ടേണ്ടത്? ആ ഭാരം കൂടി ഉപഭോക്താക്കളുടെ മേൽ കെട്ടിവയ്ക്കുന്നതിന്‍റെ യുക്തി എന്താണ്? കുറഞ്ഞ തുകയ്ക്കുള്ള കരാർ റദ്ദാക്കി കൂടുതൽ തുകയ്ക്കുള്ള കരാർ വീണ്ടും ഉണ്ടാക്കുന്ന അഴിമതിക്കായുള്ള ജാലവിദ്യ! എന്നിട്ട് ഇതും മന്ത്രിയുടെ "ചെലവ്' സംജ്ഞയിൽപ്പെടുത്തി ഉപഭോക്താക്കളുടെ തലയിൽ വയ്ക്കുക!

സോളാർ വൈദ്യുതി ഉപയോഗം രാജ്യത്താകമാനം പ്രോത്സാഹിപ്പിക്കുന്നു. സബ്സിഡി അടക്കം നൽകിയത് ഇതിന്‍റെ ഭാഗമായാണ്. എന്നാൽ അതും കെടുകാര്യസ്ഥതയുടെ പര്യായമായി മാറുന്ന കാഴ്ച. സോളാർ പാനൽ വച്ച ഉപഭോക്താവിന് മീറ്റർ ലഭിക്കാത്തതിനാൽ ഉത്പാദനം നടത്തി ബോർഡിന് അത് വിൽപ്പന നടത്താൻ കഴിയാത്ത സാഹചര്യം. മീറ്റർ വാങ്ങി ഉപഭോക്താക്കൾക്ക് നൽകാനും മീറ്റർ വാടകയിനത്തിൽ ഈ തുക തിരികെ പിടിക്കാനുമായിരുന്നു തീരുമാനം. സിംഗിൾ ഫേസിന് 700 രൂപയും ത്രീഫേസിന് 2,000 രൂപയുമാണ് വില. എന്നാൽ മീറ്റർ നൽകാത്തതിനാൽ ലക്ഷങ്ങൾ മുടക്കിയ ഉപഭോക്താക്കൾക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതി.

സോളാർ പാർക്കിനു കേന്ദ്രം ഗ്രാന്‍റ് നൽകുന്നു. 500 മെഗാവാട്ട് പദ്ധതിക്കേ സോളാർ പാർക്ക് അനുമതി നൽകാറുള്ളൂ എങ്കിലും മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് പ്രത്യേക താത്പര്യമെടുത്ത് കാസർഗോട്ട് 200 മെഗാവാട്ട് സോളാർ പാർക്കിന് അനുമതി നേടിയെടുത്തു. സ്ഥലം ഏറ്റെടുത്ത് സബ്സ്റ്റേഷൻ വരെ പൂർത്തിയാക്കിയ ഘട്ടത്തിലാണ് ഭരണമാറ്റം വന്നത്. പിന്നീട് ആ പദ്ധതിക്ക് എന്ത് സംഭവിച്ചു എന്നത് അന്വേഷണ വിധേയമാക്കേണ്ടതുണ്ട്; എന്തായിരുന്നു അതിന്‍റെ പിന്നിലെ താത്പര്യം എന്നതും. കാര്യക്ഷമതയുടെയും ആർജവത്തിന്‍റെയും പുരസ്കാര മാതൃക!

വീടുകളുടെ മുകളിൽ പാനൽ വച്ചുള്ള പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതു പ്രകാരം നിരവധി സ്ഥലങ്ങളിൽ കെഎസ്ഇബിയുടെ ചെലവിൽ പാനൽ സ്ഥാപിച്ചു. ഇപ്പോൾ അതിന്‍റെയൊന്നും മെയിന്‍റനൻസ് നടക്കുന്നില്ല. മുടക്കിയ പണം നഷ്ടമായി. പിന്നീട് ഉപയോക്താക്കളുടെ ചിലവിൽ ഇത് വയ്ക്കാമെന്നു ഉത്തരവിറക്കി. എന്നാൽ ബില്ലിങ്ങിലെ അപാകത മൂലം പ്രതിമാസം 40 കോടിയുടെ നഷ്ടമുണ്ടാകുന്നു. കരാർ ഉണ്ടാക്കിയതിലെ അപാകതയുടെ പരിണിതഫലം. എന്നിട്ട് അവർ സുരക്ഷിതരായി വിലസുമ്പോൾ അതിന്‍റെ ഭാരം കൂടി ഉപയോക്താവിന്‍റെ തലയിലേക്ക്!

ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷന്‍റെ പേരിലും വൻ അഴിമതിക്കാണ് കളമൊരുക്കിയത്. കെഎസ്ഇബി ചാർജിങ് സ്റ്റേഷനിലെ പോർട്ടുകളിൽ (gun) പകുതിയും കാലഹരണപ്പെട്ടതാണ്. പ്രസ്തുത പോർട്ടിലൂടെ ചാർജ് ചെയ്യാനുള്ള വാഹനങ്ങൾ ലോകത്ത്‌ ഇനിയും പുറത്തിറങ്ങിയിട്ടില്ല. ചാർജിങ് സ്റ്റേഷൻ ഇൻസ്റ്റാലേഷൻ ഇവരുടെ ഒരു താല്പര്യ കക്ഷി, മെയിന്‍റനൻസ് വേറൊരു തല്പര കക്ഷി, പണം പിരിക്കുന്നത് മറ്റൊരാൾ. യാതൊരു എനർജി ഓഡിറ്റും ഇല്ല. കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനുകളിൽ ഒരു യൂണിറ്റിന് 12 രൂപ വരെ ഈടാക്കുന്നു. കെഎസ്ഇബി വാങ്ങുന്ന ഏറ്റവും കൂടിയ വില 4.29 ആണെന്നോർക്കണം, അത് 12 രൂപയ്ക്ക് വിൽക്കുന്നു. ജലവൈദ്യുത പദ്ധതിക്ക് ഒരു യൂണിറ്റിന് 30 പൈസ മാത്രം ചെലവ്. വരുമാനം എവിടെപ്പോകുന്നു? സ്വകാര്യ വ്യക്തികളുടെ ചാർജിങ് സ്റ്റേഷനിൽ യൂണിറ്റൊന്നിന്‌ 18 രൂപ വരെ ഈടാക്കുന്നു.

ഹൈഡൽ ടൂറിസത്തിന്‍റെ പേരിൽ ഇലക്‌ട്രിസിറ്റി ബോർഡിന്‍റെ സ്ഥലം പലയിടങ്ങളിലും പതിച്ചുകൊടുത്തു. അതിൽ നിന്ന് വരുമാനമില്ലെന്നു മാത്രമല്ല പ്രതിവർഷം 4 കോടി രൂപ നഷ്ടമാകുന്നതാണ് മിച്ചം. അത് കെഎസ്ഇബിയുടെ പണിയേ അല്ല. എന്നിട്ടും ഹൈഡൽ ടൂറിസത്തിന് തിരുവനന്തപുരത്തെ ചീഫ് ഓഫിസിൽ ശീതീകരിച്ച ഓഫിസും സംവിധാനവും. ആ ബാധ്യതയും ജനത്തിനു മേൽ.

കെ- ഫോണിലൂടെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്‍റർനെറ്റ് സൗകര്യം നൽകുമെന്നാണ് പറയുന്നത്. നിലവിൽ ലൈൻ വലിച്ചിട്ടുള്ള 8,000 കിലോമീറ്ററിൽ ഒരിടവും ബിപിഎൽ കോളനികൾ അല്ല. കെഎസ്ഇബി ഒരു ഇന്‍റർനെറ്റ് പ്രൊവൈഡറുമല്ല. 1,028 കോടി എസ്റ്റിമേറ്റ് തുക ടെൻഡർ വിളിച്ചപ്പോൾ 1,548 കോടി രൂപയായി വർധിച്ചു. ഈ ബാധ്യതയും വൈദ്യുതി ചാർജ് വർധനവിൽ പ്രതിഫലിക്കുകയാണ്. ഇന്ത്യയിലെ വിവിധ ഇന്‍റർനെറ്റ് കമ്പനികൾ 1.73 ലക്ഷം കോടിയാണ് കേന്ദ്ര ഗവൺമെന്‍റിന് നൽകാനുള്ളത്. തിരിച്ചടവിനു വേണ്ടി അവർ 10 വർഷം വരെ സാവകാശം ചോദിച്ചിരിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോഴാണ് കെഎസ്ഇബിയുടെ കെ - ഫോൺ കച്ചവടം.

ഇത്തരത്തിൽ ഒരു വശത്ത് കെടുകാര്യസ്ഥതയുടെ നിത്യ സ്മാരകങ്ങൾ ഉയരുമ്പോൾ മറുവശത്ത് അതിന് കാരണഭൂതരായവരുമായി ബന്ധപ്പെട്ട കരാറുകളുടെ കമ്മിഷനും അഴിമതിയും വ്യക്തമായി നിഴലിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു പൊതുമേഖലാ സ്ഥാപനത്തെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചു തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നവർ ആരായാലും അവർ മാപ്പർഹിക്കുന്നില്ല.

2016 വരെയുള്ള വൈദ്യുതി ബോർഡിന്‍റെ കടം 1,083 കോടി ആയിരുന്നത് കഴിഞ്ഞ 7 വർഷം കൊണ്ട് 40,000 കോടിയിലേക്ക് കുതിക്കുമ്പോൾ അത് ഈ തകർച്ചയുടെ പ്രകടമായ ദൃഷ്ടാന്തമാണ്. 2011-16 കാലയളവിൽ 3,000 കോടി ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ടായിരുന്ന സ്ഥാപനമായിരുന്നു കെഎസ്ഇബി. ലാഭത്തിലായതിന്‍റെ പേരിൽ ഗാർഹിക ഉപയോക്താക്കൾക്ക് യൂണിറ്റ് ഒന്നിന് 20 പൈസ കുറച്ചു കൊടുത്തിട്ടുമുണ്ട്. അവിടെ നിന്നാണ് ഈ പതനം എന്നത് പ്രശ്നത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ കെഎസ്ഇബിയുടെ അക്കൗണ്ട് പാസ്ബുക്ക് ജനത്തെ ബോധ്യപ്പെടുത്തണം, സാമ്പത്തിക ധവളപത്രം ഇറക്കണം.

എന്താണ് കുഴപ്പം എന്ന് പരിശോധിച്ച് രോഗനിർണയം നടത്തി ഫലപ്രദമായ ചികിത്സ നടത്തിയെങ്കിലേ ജീവൻ നിലനിർത്താനാവൂ. അത് ചെയ്യാതെ ഏത് അസുഖത്തിനും "കാളൻ നെല്ലായി' എന്നു പറയുന്നതു പോലെ ചാർജ് വർധനവ് എന്ന മന്ത്രം മാത്രം ഉരുവിട്ടുകൊണ്ട് രക്ഷപ്പെടാം എന്ന് വിചാരിക്കുന്നത് പാഴ്‌വേലയാണ്. ജനങ്ങൾക്ക് ഒഴിവാക്കാനാവാത്ത അനിവാര്യ വസ്തുവാണ് എന്നതുകൊണ്ട് ഹൈടെൻഷൻ പ്രസരണശേഷി പ്രവഹിപ്പിച്ചാലും കുഴപ്പമില്ല എന്നു വിചാരിച്ചാൽ അപകടം ഉറപ്പ്. അതുകൊണ്ടു വേണ്ടത് രക്ഷാ നടപടികളാണ്, പ്രഹരശേഷി കൂടുന്ന ശിക്ഷാനടപടികലല്ല. ഇപ്പോഴത്തേത് നിരപരാധികൾക്കു നേരേ നിറയൊഴിക്കുന്ന കാടൻ ശിക്ഷാ നടപടിയാണ്. അതുകൊണ്ടുതന്നെ അതിൽ നിന്ന് പിന്മാറുക, വർധനവ് പിൻവലിക്കുക.

Trending

No stories found.

Latest News

No stories found.