അമിത ജോലിഭാരവും മാനസിക സമ്മർദവും മൂലം പുനെയിൽ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ (ഇവൈ) എന്ന പ്രസിദ്ധ കമ്പനിയിലെ ജീവനക്കാരി കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്‍റെ വേർപാട് പൊതുസമൂഹത്തിൽ പുതിയ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. മനുഷ്യൻ ജനിക്കുന്നത് മുതൽ മരിക്കുന്നതു വരെ എപ്പോഴും സമ്മർദത്തിലാണ്. ഇത് ജീവിതാവസാനം വരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ മാനസികാവസ്ഥയെ അതിജീവിക്കുക എന്നതാണ് ജീവിത വിജയം.
ഇന്ത്യയിലെ ജീവിതശൈലീരോഗങ്ങളും അമിതമായ ജോലിഭാരങ്ങളുമാണ് അന്നയെ പോലുള്ളവർ അനുഭവിക്കുന്ന മനോവേദനയ്ക്കും തുടർന്നുള്ള അകാല മരണത്തിനും കാരണമെന്ന് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു. ഇന്ത്യയുൾപ്പെടെയുള്ള 11 രാജ്യങ്ങളിൽ ഹൃദ്രോഗം, പ്രമേഹം, അർബുദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ വളരെ വേഗം പടരുകയാണ്. ഇന്ത്യയോടൊപ്പം ഈ വെല്ലുവിളി നേരിടുന്ന രാജ്യങ്ങളാണ് ഇന്തോനീഷ്യ, ബംഗ്ലാദേശ്, മാലദ്വീപ്, ഭൂട്ടാൻ, മ്യാൻമാർ, ശ്രീലങ്ക, തായലാൻഡ് എന്നിവ. അവിടങ്ങളിൽ 5 വയസിന് താഴെയുള്ള 50 ലക്ഷം കുട്ടികൾ അമിത ഭാരമുള്ളവരെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. നഗരവത്കരണം, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണ രീതി, പരിധിവിട്ട സാമ്പത്തിക വളർച്ച ഇവയെല്ലാം ഇത്തരത്തിലുള്ള മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമ ശീലവും പ്രോത്സാഹിപ്പിക്കണമെന്നാണ് ലോകാരോഗ്യസംഘടന നിർദേശിച്ചിരിക്കുന്നത്.
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. ആ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടാൽ ജീവിതം സുഖകരമായി മുന്നോട്ടുപോകാൻ കഴിയില്ല. ധാരാളം സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളിലും നമുക്ക് ചുറ്റുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തക്ക സമയത്ത് ഉപദേശിക്കാൻ കഴിയുന്ന മാനസിക കൺസൾട്ടൻസികളുമുണ്ട്. മനുഷ്യന്‍റെ ആത്മസംഘർഷം കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ സെന്‍ററുകളുടെ വർധനവ് സൂചിപ്പിക്കുന്നത്.
ഇത്തരം സമ്മർദങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് മനുഷ്യൻ പലപ്പോഴും ആധ്യാത്മിക ജീവിതത്തിലേക്ക് കടക്കുന്നത്. അനുകൂലമായ പ്രാർഥനകളും സാമൂഹ്യ ജീവിതവും മനുഷ്യ മനസിൽ അടിഞ്ഞുകൂടുന്ന വിഭ്രാന്തിക്കും ഭയപ്പാടിനും ആകാംഷയ്ക്കും ഒരു പരിധി വരെ പരിഹാരമുണ്ടാക്കും. അതുകൊണ്ടു തന്നെ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്‍റെ പ്രസ്താവന ഒരർഥത്തിൽ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മാതാപിതാക്കളുടെയും ജീവിത പങ്കാളിയുടെയും കരുതലിലൂടെ സമാധാനപരമായ ഒരു ജീവിതം കണ്ടെത്താൻ പലർക്കും കഴിയും.
പഠിക്കുന്ന വിദ്യാർഥിക്കും പഠിപ്പിക്കുന്ന അധ്യാപകർക്കും മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന മാതാപിതാക്കൾക്കുമൊക്കെ പല വിധത്തിലുള്ള ആകുല- വ്യാകുലതകളുണ്ട്. അത് പരിഹരിക്കുന്നതിന് കുടുംബം മുതൽ പൊതുസമൂഹത്തിൽ നിന്ന് വരെ സ്നേഹപൂർണമായ പരിലാളനം ആവശ്യമാണ്.
ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുമ്പോഴാണ് വിഭ്രാന്തി കൂടി പരലോകം പ്രാപിക്കുന്നത്. അന്നയെപ്പോലുള്ള നൂറുകണക്കിന് യുവജനങ്ങൾക്ക് പരിഭ്രമവും പരിഭ്രാന്തിയും ഉണ്ടാകുമ്പോൾ അവരെ ആശ്വാസത്തിന്‍റെ വഴിയിലൂടെ നടത്താൻ കുടുംബവും സമൂഹവും ഒപ്പം നിൽക്കേണ്ടത് അത്യാവശ്യമാണെന്നാണ് ജോത്സ്യന്‍റെ വിലയിരുത്തൽ.