#കെ. സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്‍റ്
ഞങ്ങള്‍ക്കെന്തുമാകാം, നിങ്ങളാരാണു ചോദിക്കാന്‍? - ഇതാണ് മൂന്നാം വര്‍ഷം ആഘോഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ മുഖമുദ്ര.
ഒരു സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ സമീപനവും ജനവിരുദ്ധ നിലപാടും സ്വീകരിക്കുമ്പോള്‍ അതിനെ ചെറുത്തുതോൽപ്പിക്കേണ്ട പ്രതിപക്ഷമാകട്ടെ ആളെ കാണിക്കാന്‍ മാത്രം പ്രസ്താവനകളിലും ലേഖനങ്ങളിലും എതിര്‍പ്പ് ഒതുക്കി നിര്‍ത്തുന്നു. മാത്രമല്ല, എല്ലാ ജനവിരുദ്ധ നിലപാടുകള്‍ക്കും കൂട്ടുനില്‍ക്കുന്നു.
ഇതാണ് കേരളം ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധി. ഭരണകക്ഷിയുടെ ഉപനേതാവിനെപ്പോലെയാണ് നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നതും. ഈ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നത് ഈ പ്രതിപക്ഷത്തിന്‍റെ പിന്തുണ മൊത്തക്കച്ചവടമായി വാങ്ങിക്കൂട്ടിയ ശേഷമാണ്.
ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദികള്‍ കേരളം ഭരിച്ചു മുടിച്ച ഈ മുന്നണികളാണ്. കടം വാങ്ങി കടം വാങ്ങി അന്നന്നത്തെ അന്നത്തിന് വഴി തേടിയവര്‍ സിംഗപ്പുരിലും ഇന്തോനേഷ്യയിലും ചുറ്റിയടിക്കാനൊന്നും ഒരു നിയന്ത്രണവും കാണിച്ചില്ല. ഒരു ഭാഗത്ത് നാടിനെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക പ്രതിസന്ധി. മറുഭാഗത്ത് അധികാര ധൂര്‍ത്തിന്‍റെയും ആഡംബരത്തിന്‍റെയും കഥകള്‍. ക്ഷേമ പെന്‍ഷൻ പോലും കിട്ടാത്ത ഇരുകാലും നഷ്ടപ്പെട്ട കണ്ണൂര്‍ ജില്ലയിലെ വാസുവേട്ടന്‍ വിഷം വാങ്ങാന്‍ പോലും കാശില്ലാത്ത കാര്യം വേദനയോടെ പറഞ്ഞത് തെരഞ്ഞെടുപ്പ് കാലത്ത് നാം കേട്ടതാണ്. മറിയക്കുട്ടിമാര്‍ ഒറ്റപ്പെട്ട സംഭവമോ അപൂര്‍വമോ അല്ല, കേരളത്തിന്‍റെ പരിഛേദമാണ്.
ക്രമസമാധാനത്തകര്‍ച്ചയും സ്റ്റാലിനിസ്റ്റ് വത്കരണവുമാണ് പിണറായി സര്‍ക്കാരിന്‍റെ മറ്റൊരു സംഭാവന. ഒരു പ്രൊഫഷണല്‍ കോളെജ് വിദ്യാര്‍ഥിയെ ദിവസങ്ങളോളം വെളളം പോലും കൊടുക്കാതെ മര്‍ദിച്ചു കൊന്നു കെട്ടിത്തൂക്കിയ നാടായി കേരളം അധഃപതിച്ചിരിക്കുന്നു. സിപിഎമ്മിന്‍റെ മുന്നണി സംഘടനകളുടെയെല്ലാം ജോലി ഇതാണ്. എങ്ങും ഗൂണ്ടകളുടെ വിളയാട്ടം. ആര്‍ക്കും എന്തും ചെയ്യാം എന്നായിരിക്കുന്നു. കൊട്ടിഷോഷിച്ച് ഷോ കാണിക്കാന്‍ മേയറാക്കിയ യുവതി അധികാരത്തിന്‍റെ ധാര്‍ഷ്‌ട്യത്താല്‍ എംഎൽഎയായ ഭര്‍ത്താവിനൊപ്പം നടുറോഡില്‍ നിയമം കൈയിലെടുക്കുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാവുന്നില്ല.
ഇങ്ങനെ ജനവിരുദ്ധമായ നിലപാടിലൂടെ ഒറ്റപ്പെടുമ്പോള്‍ വര്‍ഗീയത ഇളക്കി വിട്ട് വോട്ടു വാങ്ങാനാണ് ഇടതുമുന്നണി ശ്രമിച്ചത്. അവരുടെ കാര്‍ബണ്‍ പതിപ്പായ യുഡിഎഫും ഇതുതന്നെ കാണിച്ചു. വടകരയിലൊക്കെ നാം ഇതു കണ്ടതാണ്.
ഈ രാജ്യം മുഴുവന്‍ പുരോഗമിക്കുമ്പോള്‍ കേരളം മാത്രം നിന്നിടത്ത് നില്‍ക്കുകയോ പിന്നാക്കം പോവുകയോ ചെയ്യുന്നു. ഒരു കാലത്ത് ആരോഗ്യ - വിദ്യാഭ്യാസ രംഗത്തൊക്കെ കേരളം മുന്നിലായിരുന്നു എന്നാണ് പ്രചരിപ്പിച്ചത്. ഇന്ന് തൊഴിലില്ലായ്മ രൂക്ഷം. ഇതുപരിഹരിക്കണമെങ്കില്‍ വ്യാവസായ- കാര്‍ഷിക രംഗത്തെല്ലാം വളര്‍ച്ച വേണം. എന്നാല്‍ കാര്‍ഷിക മേഖല മുരടിച്ചുകഴിഞ്ഞു. ഒരു വ്യവസായ അനുകൂല അന്തരീക്ഷവും കേരളത്തിലില്ല. വ്യവസായം തുടങ്ങാൻ കേരളത്തിലാർക്കും ധൈര്യമില്ല. ആരും ഇങ്ങോട്ടു വരില്ല.
വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ചയ്ക്കും കാരണം കമ്യൂണിസ്റ്റുകാർ തന്നെ. സ്‌കൂള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെ യോഗ്യതയില്ലാത്ത സ്വന്തക്കാരെ കയറ്റി എല്ലാറ്റിനെയും തകര്‍ത്തു. ഭരണമെന്നാല്‍ സ്വന്തക്കാരെ ഉന്നത സ്ഥാനങ്ങളിലും അധികാരത്തിന്‍റെയും ഭരണകൂടത്തിന്‍റെയും എല്ലാ ശ്രേണികളിലും തിരുകിക്കയറ്റുക എന്നതാണ് സിപിഎം നയം.
സഹകരണ മേഖലയെ കൊള്ളയടിച്ചു. കൊള്ള എന്നാല്‍ പകല്‍ക്കൊള്ള തന്നെ. ഏതാണ്ടെല്ലാ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വ്യാജ പേരിലും മറ്റ് പലരുടെ ജാമ്യത്തിലും കോടികള്‍ വായ്പയെടുത്ത് തിരിമറി നടത്തി. ഇടതും വലതും ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്. സമരങ്ങള്‍ പോലും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്‍റേതാണ്. കേരളം മുഴുവന്‍ സോളാര്‍ സമരം നടത്തിയപ്പോള്‍ അത് പിന്‍വലിച്ചോടാന്‍ പിന്നാമ്പുറ ചര്‍ച്ച നടത്തിയ കഥ പുറത്തുവന്നത് നാം കണ്ടല്ലോ. ഇക്കാര്യം ബിജെപി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഉന്നതരിലേക്കെത്തും എന്നറിഞ്ഞതോടെ ഇടതും വലതും ചേര്‍ന്ന് ഒത്തുതീര്‍ത്ത സോളാർ കഥ കേരളീയരൊക്കെ ഞെട്ടലോടെയാണ് കേട്ടത്.
മാടമ്പി രാഷ്‌ട്രീയമാണ് സിപിഎം ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത്. ബംഗാളിലെ 37 കൊല്ലത്തെ സിപിഎം ഭരണത്തിന് തീരശീല വീണത് അവിടത്തെ ജനം സഹിച്ച് മടുത്ത് എന്തിനും തയാറായി അതിനെ തൂത്തെറിയാന്‍ തയ്യാറായപ്പോഴാണ്. കേരളത്തിലും അങ്ങനെയൊരു മുന്നേറ്റം വേണ്ടിയിരിക്കുന്നു. ബംഗാളില്‍ മുഹമ്മദ് സലിമുമാരുടെ തോളില്‍ കൈയിട്ട് സിപിഎം - കോണ്‍ഗ്രസ് ഐക്യം സിന്ദാബാദ് വിളിക്കുന്നവര്‍ക്ക് അതിന് കഴിയില്ല. അതിന് ബിജെപിക്ക് മാത്രമേ കഴിയൂ. ആ കളമൊരുക്കുന്ന രീതിയിലേക്ക് കേരളത്തിലെ രാഷ്‌ട്രീയ അന്തരീക്ഷം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കില്‍ കേരളത്തിന് നഷ്ടമേ ഉണ്ടാകൂ.
അധികാരത്തിന്‍റെ ഹുങ്കില്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നവരോട്, ഒരു ജനതയുടെ വിലാപം രോഷമായി മാറി നിങ്ങള്‍ക്കു നേരേ ഉയരുന്നുണ്ട് എന്നു പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.