മിത്തും യാഥാർഥ്യവും ഇഴുകിച്ചേർന്ന 'കണ്ടിട്ടുണ്ട്' | Watch Full Movie

നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണു മികച്ച അനിമേഷന്‍ ചിത്രമായി മലയാളി അദിതി കൃഷ്ണദാസ് സംവിധാനം ചെയ്ത "കണ്ടിട്ടുണ്ട് ' തെരഞ്ഞെടുക്കപ്പെട്ടത്

ശരത് ഉമയനല്ലൂർ

ആനമറുത, തെണ്ടൻ, അറുകൊല, കുട്ടിച്ചാത്തൻ... മിത്തും യാഥാർഥ്യവും ഇഴുകിച്ചേർന്ന "കണ്ടിട്ടുണ്ട് ' ദേശീയ പുരസ്കാര നിറവിൽ. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണു മികച്ച അനിമേഷന്‍ ചിത്രമായി മലയാളി അദിതി കൃഷ്ണദാസ് സംവിധാനം ചെയ്ത "കണ്ടിട്ടുണ്ട് ' തെരഞ്ഞെടുക്കപ്പെട്ടത്.

‌""....ഈനാം പേച്ചി കൃത്യം 2.30 ന് പുറപ്പെടും... തൊണ്ണൂറ്റിപ്പത്ത്, തൊണ്ണൂറ്റിപ്പത്ത് എന്ന് പിറുപിറുത്തുകൊണ്ട് ഉരുണ്ടുരുണ്ടാണു നടക്കുന്നത്...'' ഈനാംപേച്ചി മാത്രമല്ല ആനമറുത, തെണ്ടൻ, അറുകൊല, കുട്ടിച്ചാത്തൻ... നാട്ടിൻപുറത്തുകാരുടെ ഓർമകളിൽ പേടി നിറച്ച രൂപങ്ങൾ കഥാപാത്രങ്ങളായി സംസാരിക്കുന്നു. ഭയാനകമായ ശബ്ദങ്ങളുടെ അകമ്പടിയോടെ മുന്നിലേക്കു വരുന്നു. യാഥാർഥ്യമാണോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല.

"കണ്ടിട്ടുണ്ട് ' (SEEN IT) എന്നതിലെ കഥാപാത്രങ്ങൾ ഭൂത പ്രേതങ്ങളെക്കുറിച്ചുള്ള നാടന്‍ മിത്തുകളിലൂന്നിയുള്ള മലയാളം അനിമേഷന്‍ ഷോര്‍ട്ട് ഫിലിം. സുരേഷ് എറിയാട്ട് എന്ന പ്രമുഖ പരസ്യചിത്ര സംവിധായകന്‍റേതാണ് ഇതിന്‍റെ തലച്ചോർ. നേരത്തേ സുരേഷിന്‍റെ പരസ്യക്കമ്പനിയായ എക്സോറസിന്‍റെ ബാനറില്‍ എത്തിയ ഷോര്‍ട്ട് ഫിലിം ആദ്യം യുട്യൂബിലൂടെ റിലീസ് ചെയ്തു. ആസ്വാദകര്‍ക്ക് അസാധാരണ അനുഭവം പകര്‍ന്ന ചിത്രം വേഗത്തില്‍ വൈറല്‍ ആവുകയും ചെയ്‍തിരുന്നു. തുടർന്നാണു രാജ്യാന്തര മേളയുൾപ്പടെ നിരവധി വേദികളിലേക്ക്. 2021 ലെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും (ഐഎഫ്എഫ്കെ) ചിത്രമെത്തി.

കഥ വന്ന വഴി

സുരേഷിന്‍റെ അച്ഛൻ പി.എൻ.കെ. പണിക്കര്‍ പലപ്പോഴായി മകനോട് പറഞ്ഞിരുന്ന കഥകളാണ് അനിമേഷൻ രൂപത്തിൽ എത്തിയത്. നാൽപ്പതുവർഷങ്ങൾക്കിപ്പുറം കുട്ടിക്കാലത്ത് കേട്ട ആ കഥകളെ മകൻ പുനരാവിഷ്‌കരിച്ചു. ആ കഥകൾ ഒന്നുകൂടി അച്ഛനോട് ചോദിച്ച് മൊബൈലിൽ റെക്കോഡ് ചെയ്തത് 2016ൽ ആണ്. അച്ഛൻ പറയുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികത നിലനിർത്തി. അതിന്‍റെ ആവേഗവും ശബ്ദവിന്യാസവുമെല്ലാം നില നിർത്താൻ ഡബ്ബിങ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. പലതും അച്ഛന്‍റെ അനുഭവങ്ങളാണ്. സുരേഷ് ക്രിയേറ്റീവ് ഡയറക്റ്ററായ ചിത്രം സംവിധാനം ചെയ്തത് അതിഥി കൃഷ്ണദാസാണ്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. സ്വാഭാവികത നിലനിർത്തി തന്നെ റസൂൽ ശബ്ദവിന്യാസം നിലനിർത്തി. സുരേഷിന്‍റെ ഭാര്യയും അനിമേറ്ററുമായ നീലിമ എറിയാട്ട് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ. സംഗീതം നന്ദു കർത്ത. സുരേഷ് എറിയാട്ടിന്‍റെ എല്ലാ സ്വതന്ത്ര പ്രൊജക്‌റ്റുകളും പോലെ ഈ സിനിമയും സ്വയം പണം മുടക്കിയതാണ്. യാഥാർഥ്യുവും മിത്തും നിറഞ്ഞ മനോഹരമായി സംവിധാനം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കൈകൊണ്ട് വരച്ച ആനിമേഷൻ ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്.

കാനഡയിലെ ഹൊറർ ഫിലിം ഫെസ്റ്റിവലും സ്വീഡിഷ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലും ഉൾപ്പെടെ ആറ്‌ മേളകളിൽ ചിത്രം അവാർഡ്‌ നേടി. 34 മേളകളിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തൃപ്പൂണിത്തുറ സ്വദേശിയായ സുരേഷ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഗ്രാഫിക്സ് നോവലിന്‍റെ പണിപ്പുരയിലാണ്.

വ്യത്യസ്തമായ പ്രമേയം: സുരേഷ് ഏറിയാട്ട്

അവാർഡ് പ്രതീക്ഷിച്ചില്ല. നല്ല ടീം വർക്കായിരുന്നു. വ്യത്യസ്തമായ പ്രമേയമെന്നതുകൊണ്ട് ചിത്രം ശ്രദ്ധനേടിയിരുന്നു. വ്യത്യസ്തമായ പ്രമേയം ചിത്രമാക്കുമ്പോൾ ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണു പറഞ്ഞത്. അച്ഛൻ പി.എൻ.കെ. പണിക്കര്‍ അവാർഡ് പ്രഖ്യാപിച്ച വിവരം അറിഞ്ഞിരുന്നില്ല. നാട്ടിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു. രാത്രി വൈകി അറിഞ്ഞപ്പോൾ ആദ്യം വിശ്വാസം വന്നില്ല. എന്തായാലും സന്തോഷമുണ്ട്. അച്ഛന്‍റെ സ്വന്തം ശബ്ദത്തിൽ തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി പുരസ്കാരങ്ങൾ നേരത്തേ ലഭിച്ചിരുന്നു. രാജ്യാന്തര അനിമേഷൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ ആഗ്രഹമുണ്ട്.

Trending

No stories found.

More Videos

No stories found.