ഒന്നേയുള്ള, ഉമ്മന്‍ ചാണ്ടി...

kc venugopal remembering oommen chandy
ഒന്നേയുള്ള, ഉമ്മന്‍ ചാണ്ടി...
Updated on

ആൾക്കൂട്ടത്തെ തനിച്ചാക്കി കേരളത്തിന്‍റെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് യാത്രയായിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു. ആരവങ്ങള്‍ക്കൊപ്പം ഒഴുകിനടന്ന്, ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ്, അതിലുപരി പച്ചമനുഷ്യനെയാണ് കേരളത്തിനന്ന് നഷ്ടപ്പെട്ടത്.

ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ എന്ന് കേരളത്തിന് ബോധ്യപ്പെട്ട ഒരു വർഷമാണ് കഴിഞ്ഞുപോയത്. പൊതുനന്മ, ജനക്ഷേമം, നയരൂപീകരണത്തിലെ ജനപങ്കാളിത്തം, വ്യക്തിസ്വാതത്ര്യം തുടങ്ങിയവ ഉറപ്പുനൽകുന്ന റിപ്പബ്ലിക്കന്‍ ചിന്തയുടെയും സമാധാനപരമായ ഭരണഘടനാമാർഗങ്ങളിലൂടെ അവസരസമത്വവും തുല്യതയും ഉറപ്പുവരുത്തുന്ന ഫാബിയൻ സോഷ്യലിസത്തിന്‍റെയും ആശയധാരയിലേക്ക് ഗാന്ധിയൻ ദർശനമായ "അന്ത്യോദയ'യും ഭരണഘടനയിലെ "സർവധർമ സമഭാവനയും' കൂടി ചേർത്താണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രം നെഹ്റു നിർമിച്ചെടുത്തത്. ഉമ്മൻ ചാണ്ടിയുടെ രാഷ്‌ട്രീയ ദർശനവും പ്രയോഗവത്കരണവും ഇതേ ആശയങ്ങൾ തന്നെയായിരുന്നു.

കോൺഗ്രസ് മുന്നോട്ടുവച്ച ഈ സോഷ്യൽ ഡെമോക്രാറ്റിക് മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ഇടപെടലുകൾ നിരീക്ഷിച്ചാൽ മനസിലാകും. ചുരുക്കത്തിൽ, തെരഞ്ഞെടുപ്പ് വിജയത്തിനും പരാജയത്തിനുമപ്പുറം ഒരു പൊതുപ്രവർത്തകനിൽ നിന്നും ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനുള്ള ഉത്തരം കൂടിയാണ് ഉമ്മൻ ചാണ്ടിയുടെ സുതാര്യമായ ജീവിതവും മരണവും.

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മെ​ഴു​കു പ്ര​തി​മ​യ്ക്ക​രി​കി​ൽ ഭാ​ര്യ മ​റി​യാ​മ്മ ഉ​മ്മ​ൻ.
ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മെ​ഴു​കു പ്ര​തി​മ​യ്ക്ക​രി​കി​ൽ ഭാ​ര്യ മ​റി​യാ​മ്മ ഉ​മ്മ​ൻ.

70കൾ മുതൽ തന്നെ ജനപക്ഷത്തു നിന്നുകൊണ്ടുള്ള ചില അനന്യമായ മാതൃകകൾ കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. അതിൽ കാലഹരണപ്പെടാത്ത ഒന്നുമാത്രമേയുള്ളൂ. ഉമ്മൻ ചാണ്ടി മുന്നോട്ടുവച്ച മാതൃക. സാധ്യതകളുടെയും വിട്ടുവീഴ്ചകളുടെയും ചാണക്യ തന്ത്രങ്ങളുടെയും വിവിധ രാസക്കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന അധികാര രാഷ്‌ട്രീയത്തിന്‍റെ കയ്പ്പും ചവർപ്പുമുള്ള കഷായത്തിലേക്ക്, അനുകമ്പയുടെയും മനുഷ്യസ്നേഹത്തിന്‍റെയും തേൻമധുരം കലർത്തി ചുറ്റുമുള്ളവർക്കെല്ലാം പകർന്നുനൽകുകയായിരുന്നു ഉമ്മൻ ചാണ്ടി. അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടിയോടൊപ്പം അന്യമായത് ഒരു രാഷ്‌ട്രീയ സംസ്കാരം കൂടിയാണ്.

കേരള രാഷ്‌ട്രീയത്തിലും ഇന്ത്യൻ രാഷ്‌ട്രീയത്തിലും സർഗാത്മകതയുടെയും ജനാധിപത്യബോധത്തിന്‍റെയും വസന്തകാലമായിരുന്ന 60കളിലും 70കളിലുമാണ് ഉമ്മൻ ചാണ്ടി നേതൃനിരയുടെ അവിഭാജ്യഘടകമാകുന്നത്. കേരളത്തിൽ എവിടെച്ചെന്നാലും ഉമ്മന്‍ ചാണ്ടിയെ ജനങ്ങള്‍ പൊതിയുമായിരുന്നു. അവരില്‍ പലരും ഉമ്മന്‍ ചാണ്ടിക്ക് നേരിട്ട് അറിയുന്നവരാകും. അവരെയൊക്കെ പേര് ചൊല്ലി വിളിക്കാനും അദ്ദേഹത്തിന് കഴിയും. എവിടയെത്തിയാലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഏറ്റെടുക്കും. അതാണ് കാസര്‍കോട്ടായാലും വയനാട്ടിലായാലും പാറശാലയിലായാലും ഉമ്മന്‍ ചാണ്ടിയെത്തിയാല്‍ ജനം ചുറ്റും കൂടുന്നത്. അവരില്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, എല്ലാ രാഷ്‌ട്രീയക്കാരും കാണും. രാഷ്‌ട്രീയമൊന്നുമില്ലാത്തവരും കാണും.

രാഷ്‌ട്രീയ നേതാക്കൾക്ക് പൊതുസമൂഹം സാധാരണയായി ചാർത്തിക്കൊടുക്കാറുള്ള ചില പ്രിവിലേജുകൾ ഉമ്മൻചാണ്ടിക്ക് ഒട്ടും ചേരില്ലായിരുന്നു. പൈലറ്റ് വാഹനങ്ങളുടെ നീണ്ട നിരയില്ലാതെ കേരളത്തിലുടനീളം സഞ്ചരിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. ഹെലികോപ്റ്റർ അടക്കമുള്ളവയിൽ മുഖ്യമന്ത്രിമാരെ കാണുന്ന നമുക്ക് ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ കിടന്നുറങ്ങുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രം മനസിൽ വരും. നീതിയും അഭയവുമായി രാജധർമത്തെ നിർവചിച്ച കൽഹണന്‍റെ "രാജതരംഗിണി'യിലെ വാക്കുകളെ അന്വർഥമാക്കിക്കൊണ്ട്, സമീപിക്കുന്ന അവസാനത്തെ മനുഷ്യനും നീതിയുടെ ഉറവിടമായി അദ്ദേഹം സ്വയം മാറുകയായിരുന്നു. നിസാര കാര്യങ്ങൾക്ക് പോലും പ്രത്യയശാസ്ത്ര ഗരിമ നൽകുന്നവർക്കിടയിൽ ""എന്‍റെ രാഷ്‌ട്രീയം ജനക്ഷേമമാണ്'' എന്ന ഒറ്റവാക്കിൽ അദ്ദേഹം മാറിനടന്നു. ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ദിവസങ്ങളിൽ, ഒരുപക്ഷേ, ഇന്ത്യയിലെ ഓരോ രാഷ്‌ട്രീയനേതാവും അവരുടെ പൊതുജീവിതത്തിലെ ശൈലികളെയും അധികാരചിഹ്നങ്ങൾ അവരിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങളെയും സ്വയം വിമർശനപരമായും സത്യസന്ധമായും വിലയിരുത്തിയിട്ടുണ്ടാകും എന്നുറപ്പാണ്. കാരണം, കോട്ടയത്തെ പുതുപ്പള്ളിയിൽ നിന്ന് കേരളത്തോളം വളർന്ന രാഷ്‌ട്രീയ നേതാവിനെ ജനം ഇന്നും മറന്നിട്ടില്ലല്ലോ.

മരണശേഷം എപ്പോഴൊക്കെയാണ് ഉമ്മൻ ചാണ്ടിയുടെ പേര് കേരളം ചർച്ച ചെയ്തത്? എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല. പക്ഷേ, ഏറ്റവുമൊടുവിൽ അത് വിഴിഞ്ഞത്തെത്തി നിൽക്കുന്നു. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം എന്ന കേരളത്തിൻറെ സ്വപ്നപദ്ധതി മിഴി തുറക്കുന്നതിന്‍റെ പ്രധാന കാരണം ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണ്. 5,000 കോടി രൂപയുടെ പദ്ധതിയിൽ 6,000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് അഴിമതി കേട്ടിട്ടും തളരാതെ മുന്നോട്ടു നീങ്ങി ആ പദ്ധതിയെ ക്ലീൻ സ്റ്റേറ്റിൽ നിന്ന് തുടങ്ങി പ്രാവർത്തികമാക്കുന്നതിലേക്ക് എത്തിച്ചത് ഉമ്മൻ ചാണ്ടിയുടെ വികസനത്തോടുള്ള കാഴ്ചപ്പാടാണ്. ആരൊക്കെ പിതൃത്വം അവകാശപ്പെട്ടാലും, ആരൊക്കെ ആ പേര് ഒഴിവാക്കാൻ ശ്രമിച്ചാലും കേരളത്തിന്‍റെ പൊതുബോധത്തിൽ വിഴിഞ്ഞത്തോടൊപ്പം ചേർത്തെഴുതപ്പെടുന്ന പേര് ഉമ്മൻ ചാണ്ടി എന്നുതന്നെയാണ്.

ഇങ്ങനെ എത്രയെത്ര പദ്ധതികൾ, എത്രയെത്ര അതിജീവനങ്ങൾ ഉണ്ടായതാണ് ഉമ്മൻ ചാണ്ടിയുടെ ഭരണകാലം. കൊച്ചി മെട്രോയും കൊച്ചി സ്മാർട്ട് സിറ്റിയും കണ്ണൂർ സർവകലാശാലയും സാങ്കേതിക, മലയാളം സർവകലാശാലകളും പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുള്ള രാജ്യത്തെ ആദ്യ മെഡിക്കൽ കോളേജുമടക്കം എണ്ണമറ്റ വികസന പദ്ധതികളിലേക്ക് കേരളത്തെ കൈപിടിച്ച് നടത്തിയത് ഒരേയൊരു ഉമ്മൻ ചാണ്ടിയാണ്. നിസഹായരായ മനുഷ്യരെ ചേർത്തു പിടിക്കാനും ആ ഭരണാധികാരിക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. കേൾവിയുടെയും സംസാരത്തിന്‍റെയും ലോകത്തേക്ക് 610 കുട്ടികളെ തിരികെക്കൊണ്ടുവന്ന ശ്രുതി തരംഗം പദ്ധതി സമാനതകളില്ലാത്തതാണ്. തുടർന്നുവന്ന സർക്കാരുകൾ മറവി നടിച്ചപ്പോൾ കേരളം ഒരു തേങ്ങലോടെ ഓർത്തതും ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയെയാണ്. മെഗാ പ്രൊജക്റ്റുകള്‍ നിശ്ചയദാര്‍ഢ്യത്തോടെ, സാങ്കേതികക്കുരുക്കഴിച്ച് അതിവേഗം നടപ്പിലാക്കിയ ആ ഇച്ഛാശക്തിയാണ് കേരളം ഇപ്പോൾ ഓർക്കുന്നത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ അധികാരത്തിന്‍റെ ചുവപ്പുനാടയറുത്ത ഏക ഭരണാധികാരിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

വ്യക്തിപരമായി അത്രമേൽ ഹൃദയബന്ധമുണ്ടായിരുന്നു കേരളത്തിലെ ഓരോ മനുഷ്യനും ഉമ്മൻ ചാണ്ടിയുമായി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി മരണം വരെ സ്വാതന്ത്ര്യവും അവകാശവും ഉണ്ടായിരുന്ന വ്യക്തിബന്ധമായിരുന്നു എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്നത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റ കാലം മുതൽക്ക് അദ്ദേഹത്തിന്‍റെ മാർഗനിർദേശങ്ങളും പിന്തുണയും കരുതലുമൊക്കെ പൊതുപ്രവർത്തന യാത്രയിൽ കരുത്തുപകർന്നിട്ടുണ്ട്. 2004-06 കാലയളവിൽ അദ്ദേഹത്തിന്‍റെ മന്ത്രിസഭയിൽ അംഗമായിരിക്കാൻ ലഭിച്ച അവസരം ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരിയെ ആഴത്തിലറിയാനുള്ള ദിനങ്ങളായിരുന്നു.

അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായി മാസങ്ങൾക്കുള്ളിലാണ് സുനാമി എന്ന അസാധാരണ ദുരന്തത്തെ കേരളത്തിന് നേരിടേണ്ടി വന്നത്. അത്രയും ഭീകരമായ ഒരു സാഹചര്യത്തെ അന്നുവരെ നേരിടേണ്ടി വന്ന പരിചയമില്ലാതിരുന്നിട്ടും ഒരു നിമിഷം പോലും പരിഭ്രമിക്കാതെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് തകർന്നടിഞ്ഞു പോയ ഒരു ജനതയെ നെഞ്ചോടു ചേർത്ത് ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് മാതൃക കാട്ടിയ സമാനതകളില്ലാത്ത വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേത് എന്ന് നേരിൽക്കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിസഭാംഗമെന്ന നിലയിൽ ഞാൻ വഹിച്ചിരുന്ന ടൂറിസം- ദേവസ്വം വകുപ്പുകളിൽ പൂർണസ്വാതന്ത്ര്യവും വികസന പ്രവർത്തനങ്ങളിലടക്കം നിർലോഭമായ പിന്തുണയും അദ്ദേഹം നൽകിയിരുന്നു. ആ നേതൃഗുണവും പരിചയസമ്പത്തും കരുതലും ഇന്നും കേരളം ആവശ്യപ്പെടുന്ന കാലമാണ്. പക്ഷേ ബാക്കിയുള്ളത് അദ്ദേഹത്തിന്‍റെ ഓർമ്മകൾ മാത്രമാണ്. കേരളത്തിന്‍റെ പൊതുമണ്ഡലത്തിൽ ബാക്കിവെച്ച കുറേയധികം അടയാളങ്ങളും. മായ്ക്കാൻ ശ്രമിച്ചാലും മായാത്ത അടയാളങ്ങൾ.

Trending

No stories found.

Latest News

No stories found.