സഭാകാര്യം | പി.ബി. ബിച്ചു
കത്തി നിൽക്കുന്ന വിവാദങ്ങൾക്കിടയിലും പരസ്പരം രാഷ്‌ട്രീയം പറയാതെ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മറുപടികളിലും, സമാനതകളില്ലാത്ത ആ ദുരന്തത്തിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങളും ദുരന്തപ്രവചന സംവിധാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തലും ശാക്തീകരണവും മാത്രമായി വിഷയത്തിൽ മാത്രം ഒതുങ്ങിയ ഒരു മാതൃകാപരമായ ചർച്ച. ഒടുവിൽ, മേപ്പാടിയിലുണ്ടായ ഉരുപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം അഭ്യർഥിച്ച് ഭരണ-പ്രതിപക്ഷങ്ങൾ ഐകകണ്ഡേന പ്രമേയം പാസാക്കിയതോടെ കേരള നിയമ നിർമാണ സഭയുടെ സൗന്ദര്യത്തിന് ശോഭയേറി.
ചട്ടം 300 പ്രകാരം നേരത്തെ തന്നെ നിയമസഭയിലെത്തിയ പ്രമേയമായിരുന്നിട്ടും വിഷയം ചർച്ച ചെയ്യുന്നതിനായി സഭ നിറുത്തിവെക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ഉപക്ഷേപത്തെ സർക്കാരും ഗൗരവമായി കണ്ടതോടെ മൂന്ന് മണിക്കൂറിനിടെ നിയമസഭ കണ്ടത് അസാധാരണമായ ക്രിയാത്മക- വികസന ചര്‍ച്ച. വയനാട് പുനരധിവാസം വൈകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് സഭ നിറുത്തിവെയ്ക്കണമെന്ന ഉപക്ഷേപം പ്രതിപക്ഷത്ത് നിന്നും ടി. സിദ്ദീഖ് എംഎൽഎയായിരുന്നു നിയമസഭയിലുന്നയിച്ചത്.
ചട്ടം 300 പ്രകാരം നിയമസഭയിൽ എത്തിയ വിഷയമാണെന്നും അനുവദിക്കുന്നത് പുതിയ കീഴ്വഴക്കമായി മാറുമെന്നും പാർലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. എന്നാൽ, വിഷയത്തിന്‍റെ സ്വഭാവം വ്യത്യസ്തമാണെന്നും വിഷയത്തിൽ ചർച്ച ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതോടെ അനിതരസാധാരണമായ സ്ഥിതിയായതിനാൽ ചട്ടം 50 ആയി എത്തിയ വിഷയം ചർച്ച ചെയ്യുകയാണെന്നും സഭാനടപടികൾ നിറുത്തിവെച്ച് ഉച്ചയ്ക്ക് 12 മണിക്ക് വിഷയം ചർച്ച ചെയ്യാമെന്നും സ്പീക്കർ അറിയിച്ചതോടെ ഭരണ-പ്രതിപക്ഷങ്ങളിൽ നിന്നുമായി13 പേർ ചർച്ചയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടു. വിഷയം ചർച്ച ചെയ്ത ശേഷം സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രമേയം എത്തുമെന്നായതോടെ പ്രതിപക്ഷാംഗമായ സിദ്ധീഖ് തന്‍റെ പ്രമേയം പിൻവലിച്ചു. പിന്നാലെ സർക്കാരിന് വേണ്ടി മന്ത്രി എം.ബി രാജേഷ് പ്രമേയം അവതരിപ്പിച്ച് ഭരണ-പ്രതിപക്ഷ പിന്തുണയോടെ പാസാക്കി. കേന്ദ്ര സഹായത്തിനായി പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നും എല്ലാ സഹായങ്ങളും വി.ഡി സതീശൻ വാഗ്ദാനം ചെയ്തപ്പോൾ ദുരന്തബാധിതർക്കായി ഒറ്റക്കെട്ടായി നീങ്ങാമെന്ന മഹത്തായ സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, ഒ.ആർ. കേളു തുടങ്ങിയവരും പങ്കുവച്ചത്.
ഈ സഭാ കാലയളവിൽ സർക്കാർ അനുമതി നൽകിയ നാലാമത്തെ പ്രമേയമായിരുന്നു ഇന്നലെ ചർച്ചയ്ക്കെത്തിയത്. 12 മുതൽ മൂന്ന് വരെ നീണ്ട സംവാദത്തിൽ കേരളത്തിന്‍റെ രാഷ്‌ട്രീയ ചരിത്രമോ, കക്ഷിനേതാക്കളുമായി ഉയരുന്ന വിവാദങ്ങളോ ഒന്നും വിഷയമായെത്തിയില്ലെന്നത് മാത്രമല്ല, ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച 13 പേരിൽ പ്രതിപക്ഷത്ത് നിന്നും സംസാരിച്ച ആറ് അംഗങ്ങളും മേപ്പാടിയിലെ വിവിധ ആവശ്യങ്ങളും കേന്ദ്ര സഹായം വൈകുന്നതിലെ ആശങ്കകളുമായിരുന്നു പങ്കുവെച്ചത്. ഭരണപക്ഷത്ത് നിന്നും ചർച്ചയിൽ പങ്കെടുത്ത ഒരംഗം ഒഴികെ ഒരു രാഷ്രീയ പാർട്ടിയുടെ പേരുപോലും വിമർശനാത്മകമായെത്തിയില്ലെന്നതും വിഷയത്തിന്‍റെ പ്രാധാന്യത്തെ വരച്ചുകാട്ടുന്നു. കേന്ദ്ര സഹായം വൈകുന്നതിൽ കേരള ബിജെപിക്ക് അനുകൂല നിലപാടാണെന്നും കേരളത്തിനൊന്നും കൊടുക്കരുതെന്ന നിലപാടാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്‍റേതെന്നുമുള്ള കെ.വി. സുമേഷിന്‍റെ വാക്കുകൾ മാത്രമാണ് സഭയിൽ ആകെ കേട്ട രാഷ്‌ട്രീയ പരാമർശം. സിപിഎം അംഗമായ കെ.കെ ശൈലജ, സിപിഐ അംഗമായ കെ.വി വിജയദാസ് മുസ്‌ലിം ലീഗ് അംഗവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം പ്രമുഖ നേതാക്കളെല്ലാം ആവശ്യപ്പെട്ടതും വിശദമായ പഠനവും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകതയുമായിരുന്നു. കേരള സന്ദർശനത്തിനെത്തിയപ്പോഴുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും കേരളത്തിന് വേണ്ട മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പാർലമെന്‍റിലെ മറുപടിയേയും നിശിതമായി വിമർശിച്ച അംഗങ്ങൾ വിഷയം രാഷ്‌ട്രീയത്തിലേക്ക് വഴിമാറാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു. ഉരുളയ്ക്കുപ്പേരിയോ, ഫലിതങ്ങളോ ഇല്ലാത്ത ഒരു ഗൗരവകരമായ ചർച്ച... പ്രമേയ അവതാരകനായ സിദ്ധീഖ് വയനാടിന്‍റെ നിലിലെ സ്ഥിതിയും പുനരധിവാസപ്രവർത്തനങ്ങൾ വൈകുന്നതിലെ ആശങ്കകളും സഭയിൽ ഉന്നയിച്ചു.
ദുരന്തം നടന്നിട്ട് 76 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തുടക്കത്തില്‍ കാണിച്ച ആവേശം ഇപ്പോള്‍ കാണാനില്ലെന്നും ദുരന്ത ബാധിതര്‍ ഇപ്പോഴും പ്രയാസത്തിലാണെന്നും സിദ്ദീഖ് പറഞ്ഞു. പ്രദേശത്ത് നിറുത്തിയ തെരച്ചിൽ തുടരണം. പ്രധാനമന്ത്രി ദുരന്തഭൂമി സന്ദര്‍ശിച്ചപ്പോള്‍ ആശ്വാസമായി തോന്നിയെന്നും എന്നാല്‍ അടിയന്തരസഹായമായി 229 കോടി ആവശ്യപ്പെട്ടപ്പോള്‍ നയാപൈസ ലഭിച്ചില്ലെന്നും സിദ്ദിഖ് വിമര്‍ശിച്ചു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി വന്നത് ഫോട്ടോഷൂട്ടിനാണോ എന്നാണ് ഇപ്പോള്‍ വയനാട്ടുകാര്‍ ചോദിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.ദുരന്തത്തില്‍ പരിക്കേറ്റ പല വ്യക്തികളും ഇപ്പോഴും ചികിത്സ കിട്ടാതെ വലയുകയാണെന്ന് പറഞ്ഞ എംഎല്‍എ ഇനിയും ഈ അനാസ്ഥ തുടര്‍ന്നാല്‍ 200 മില്ലി മഴ പെയ്താല്‍ പോലും മണ്ണിടിയുന്ന സ്ഥിതിയിലേക്ക് പ്രദേശം മാറുമെന്നും കൂട്ടിച്ചേര്‍ത്തു.
വയനാട്ടിലെ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതില്‍ സന്തോമുണ്ടെന്ന് പറഞ്ഞ സിദ്ദീഖ് എന്നാല്‍ അത്തരത്തില്‍ ദുരിതത്തിൽ കുടുംബനാഥരെ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനകാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്നും സഭയില്‍ ചൂണ്ടിക്കാട്ടി. ദുരന്ത ബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ എഴുതി തള്ളണം. ദുരന്തബാധിതര്‍ക്ക് അനുവദിക്കുന്ന ഭൂമിയില്‍ നിയമക്കുരുക്ക് ഉണ്ടാവാതിരിക്കാനും സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടയ്ക്കിടെ ജില്ലയിലെ കലക്റ്ററെ മാറ്റുന്ന സര്‍ക്കാർ നിലപാട് ദുരന്ത മുഖത്തെപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ദുരന്ത നിവാരണത്തില്‍ നല്ല ഇടപെടലാണ് നടത്തിയെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഇടത് എംഎല്‍എമാരും മന്ത്രിമാരും അടക്കം എല്ലാ ജനപ്രതിനിധികളും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചിതെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും ശൈലജ പറഞ്ഞു.സർക്കാർ കൂടുതൽ പഠനം നടത്തണം. പ്രധാനമന്ത്രി വന്ന് കുഞ്ഞുങ്ങളെയൊക്കെ താലോലിച്ചപ്പോള്‍ സഹായം പ്രതീക്ഷിച്ചെങ്കിലും പിന്നീടാണ് അത് ഫോട്ടോഷൂട്ടിന് മാത്രമാണെന്ന് മനസിലായത്. വിവിധ ദുരന്തത്തില്‍പ്പെട്ട ഓരോ സംസ്ഥാനങ്ങളോടും ഓരോ സമീപനം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശരിയല്ല- ശൈലജ വിമര്‍ശിച്ചു. ദുരന്ത ബാധിതരുടെ വാടകയിലടക്കം നിലനിൽക്കുന്ന ആശങ്കകളും ഭരണകൂടവീഴ്ചയും ചൂണ്ടിക്കാട്ടി വയനാട് നിന്നുളള എംഎൽഎ ഐ.സി. ബാലകൃഷ്ണനും തന്‍റെ പ്രസംഗം ചുരുക്കിയപ്പോൾ തുടർന്ന് സംസാരിച്ച ഇ.കെ. വിജയൻ പാർലമെന്‍റിലെ അമിത് ഷായുടെ പരാമർശം പിൻവലിക്കണമെന്ന് കേരളത്തിന് ലഭിച്ച മുന്നറിയിപ്പുകൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ, ഐഎംഡി തുടങ്ങിയവയുടെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇ.കെ വിജയന്‍റെ വിമർശനം. ദുരന്തമുണ്ടാകുന്നത് പരിഗണിച്ച് ശാസ്ത്രീയമായ പഠനം വേണമെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസ പ്രവർത്തനങ്ങളിൽ എംപിമാരുടെ ഇടപെടലും വേണമെന്ന് പി.ടിഎ റഹീം ആവശ്യപ്പെട്ടപ്പോൾ ദുരിതാശ്വാസത്തിന്‍റെ പേരിലെ പിരിവ് ശരിയല്ലെന്ന നിലപാടാണ് കെ.കെ. രമ മുന്നോട്ടുവച്ചത്. ഇതിനായി ബജറ്റിൽ തുക വിലയിരുത്തുകയോ പ്രത്യേക സെസ് ഏർപ്പെടുത്തുകയോ ചെയ്യണമെന്നും രമ പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെയുണ്ടായ മാധ്യമ വാർത്തകളെ വിമർശിച്ച് തുടങ്ങിയ ഭരണപക്ഷാംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി പലരും തെറ്റ് സമ്മതിച്ചപ്പോൾ ഇതുവരെ തിരുത്താത്ത മാധ്യമങ്ങളുമുണ്ടെന്നും കേന്ദ്ര സഹായത്തിനായി ഒറ്റക്കെട്ടായി പടപൊരുതണമെന്നും ചൂണ്ടിക്കാട്ടി.ആരംഭശൂരത്വമുണ്ടാകരുതെന്ന് പറഞ്ഞു തുടങ്ങിയ പി.കെ കുഞ്ഞാലിക്കുട്ടി വയനാട്ടിലെ ജനങ്ങളെ ഇരുട്ടിൽ നിറുത്തരുതെന്നും പലർക്കും സർക്കാർ സഹായം പോലും ലഭിക്കാത്ത സാഹചര്യമുണ്ടെന്നും വിമർശിച്ചു. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സർക്കാരിന്‍റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് വൈകരുതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നാൽ നടപടികൾ മാസങ്ങൾ നീളുമെന്നും അദ്ദേഹം പറഞ്ഞു. നിയമനിർമാണം ആവശ്യമെങ്കിൽ അടിയന്തരമായി പരിഗണിക്കണമെന്നും സുതാര്യവും സമയബന്ധിതവുമായ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കേന്ദ്ര സഹായം വൈകുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് വിമർശിച്ച കെ.വി. സുമേഷ് മുൻ പ്രളയകാലങ്ങളിൽ കേന്ദ്രം സ്വീകരിച്ച നിലപാടുകളെയും കുറ്റപ്പെടുത്തി. പ്രളയകാലത്ത് നൽകിയ അരിയുടെയും ഹെലികോപ്റ്ററിന്‍റെയും ചെലവ് ആവശ്യപ്പെട്ടവർ കേരളത്തോട് കൃത്യമായ വിവേചനം തുടരുകയാണെന്നും കൂട്ടിച്ചേർത്തു.
ചർച്ച അവസാനിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രാദേശിക ആളുകളുടേതടക്കം മുന്നറിയിപ്പ് ലഭിച്ചെങ്കിലും ഭരണകൂടത്തിന്‍റെ ഇടപെടല്‍ വയനാട്ടിലുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി. ദുരന്തങ്ങളുടെ ഇരകളായി മാറുന്നവരുടെ പേരില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിക്കരുത്. രാഷ്‌ട്രീയം മറന്ന് ഒന്നിച്ച് നിന്ന് അവര്‍ ഞങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന മനസമാധാനമെങ്കിലും ആ പാവങ്ങള്‍ക്കുണ്ടാകണം. അതുകൊണ്ടു തന്നെ ക്രിയാത്മകമായ സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. വിഷയത്തെ രാഷ്‌ട്രീയമായി കാണുകയല്ലെന്നും പ്രാചീന അറിവും ശാസ്ത്രീയ അറിവും കൂട്ടിയോജിപ്പിച്ച് ഇത്തരം അപകടമുണ്ടാകുമ്പോള്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിപക്ഷവും ഭരണകക്ഷിയും ഒന്നിച്ചു പോയി സഹായം ചെയ്യുമെന്ന് പറഞ്ഞാല്‍ മാത്രം പോര. ഇനി അങ്ങനെ ചെയ്താല്‍ നമ്മള്‍ എന്തിനാണ് അധികാരത്തില്‍ ഇരിക്കുന്നത്? എന്തിനാണ് സര്‍ക്കാര്‍? അതുകൊണ്ട് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കിയെ മതിയാകൂ. ഇത്തരം ഗൗരവമുള്ള കാര്യമങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരിക എന്ന സദുദ്ദേശ്യത്തോടെയാണ് പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവന്നത്. അവകാശപ്പെട്ട കേന്ദ്ര സഹായം ചോദിച്ചു വാങ്ങണം. അതിന് പ്രതിപക്ഷവും ഒപ്പം നില്‍ക്കാം. പക്ഷെ മന്ദഗതിയിലായി പോകരുത്. ഇന്നോ നാളെയോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാം. പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രണ്ടു മാസത്തേക്ക് ഒന്നും നടക്കില്ല. ഇതെല്ലാം വീണ്ടും തണുത്തുറഞ്ഞു പോകും. സത്യം പറഞ്ഞാല്‍ ആ ഭയം കൊണ്ടും ഉത്കണ്ഠ കൊണ്ടുമാണ് പ്രതിപക്ഷം ഈ അടിയന്തിര പ്രമേയം കൊണ്ടു വന്നത്. അല്ലാതെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനല്ല. അങ്ങനെ ചെയ്യേണ്ട ഘട്ടം വന്നാല്‍ അപ്പോള്‍ ചെയ്യാം. ഇപ്പോള്‍ അത് ആഗ്രഹിക്കുന്നില്ല. അടിയന്തിരവും ഗൗരവതരവുമായ ഇടപെടല്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് പ്രതിപക്ഷം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ആര്‍ക്കും സങ്കടം ഇല്ലാത്ത തരത്തില്‍ ചെയ്തു കൊടുക്കേണ്ട കാര്യങ്ങള്‍ ചെയ്തു നല്‍കണമെന്നും സതീശൻ പറഞ്ഞു. പിന്നാലെ സംസാരിച്ച മന്ത്രി ഒ.ആർ. കേളുവും സർക്കാർ നിലപാടും കൂട്ടായി മുന്നോട്ട് നീങ്ങുന്നതിനുള്ള ആഹ്വാനവും മുന്നോട്ടുവച്ചു.
അംഗങ്ങളുടെ ഓരോ പരാമർശങ്ങൾക്കും എണ്ണിയെണ്ണി മറുപടി നൽകിയ റവന്യു മന്ത്രി കെ. രാജനും വിഷയത്തിൽ രാഷ്‌ട്രീയം കടന്നുവരാതെയാണ് പ്രസംഗിച്ചത്. ചില തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ടെന്നും അംഗങ്ങളുടെ സംശയങ്ങൾ പൂർണമായി പരിഹരിക്കുമെന്ന മുഖവുരയോടെയാണ് ആരംഭിച്ചത്. പ്രദേശത്ത് ആവശ്യമെങ്കിൽ തെരച്ചിൽ തുടരും.ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിക്കുന്നതിനെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധിക്കില്ലെന്നതടക്കം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ കാര്യങ്ങളിലെല്ലാം കൃത്യമായി മറുപടി നൽകി. ഭൂമി ഏറ്റെടുക്കലിന് താമസമുണ്ടായിട്ടില്ല. ഭൗമശാസ്ത്ര പഠന വിഭാഗം പഠനം നടത്തണം. കേന്ദ്ര സർക്കാർ നിലപാട് അതിനും തടസമാണ്. നടപടികൾ പുരോഗമിക്കുകയാണെന്നും അതിനു ശേഷമേ സ്ഥലം നൽകാനാകൂവെന്നും മന്ത്രി അടിയന്തരപ്രമേയ ചർച്ചയിൽ പറഞ്ഞു. എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് പുനരധിവാസം നടപ്പിലാക്കുന്നത്. പുനരധിവാസ ഭൂമിയിൽ നിന്ന് ഒരാൾക്കും മറ്റൊരിടത്തേക്കു പോകേണ്ടി വരരുത്. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്. സമഗ്രമായ പുനരധിവാസത്തിന് മൈക്രോ പ്ലാൻ തയ്യാറാക്കും.പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ആർക്കെങ്കിലും കിട്ടിയില്ലെങ്കിൽ ഹെല്പ് ഡെസ്കിനെ അറിയിക്കാം. ദുരന്തബാധിതർക്ക് 17 ബാങ്കുകളിൽ വായ്പകൾ ഉണ്ടെന്ന് കണ്ടെത്തി. ഈ കടങ്ങളെല്ലാം എഴുതിത്തള്ളണമെന്ന് തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അനുഭവം കേട്ടപ്പോൾ 10 ദിവസത്തിനുള്ളിൽ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും രാജൻ പറഞ്ഞു.സർക്കാർ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയപ്പോൾ പുതിയ അപേക്ഷകർ എത്തുന്നതാണ് കാരണമെന്ന് കണ്ടു. ഹെൽപ് ഡസ്കിൽ ദുരന്തബാധിതരായ ആർക്കും സമീപിക്കാം. ഇനിയും സഹായത്തിന് അപേക്ഷ നൽകാം. അവസാനത്തെ ദുരന്തബാധിതനും പുനരധിവാസം ഉറപ്പാക്കിയേ ചുരം ഇറങ്ങൂ എന്ന ഉറപ്പും റവന്യു മന്ത്രി സഭയിൽ അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിയും സഭയിൽ സർക്കാരിന്‍റെ വിശദമായ നിലപാട് അറിയിച്ചതോടെ കൃത്യ സമയത്ത് തന്നെ ചർച്ച അവസാനിപ്പിച്ച് തുടർ നടപടികൾ ആരംഭിക്കാനായി. സർക്കാർ ഔദ്യോഗിക പ്രമേയം കൊണ്ടുവന്നതോടെ ടി. സിദ്ധീഖ് പ്രമേയം പിൻവലിച്ചു. എം.ബി രാജേഷ് അവതരിപ്പിച്ച പ്രമേയത്തെ ഭരണ- പ്രതിപക്ഷം ഐകകണ്ഡേന പിന്തുണച്ചതോടെ പാസാക്കാനായി. ജനങ്ങളുടെ അഭിലാഷങ്ങൾ നിയമസഭയിൽ പ്രകടിപ്പിക്കാൻ, അവരുടെ തന്നെ പ്രതിനിധികൾ മുൻകൈ എടുത്തതോടെ അധഃസ്ഥിതാവസ്ഥകൾക്ക് പരിഹാരവും ഭരണ വ്യവസ്ഥിതിയുടെ ലക്ഷ്യം പൂർത്തീകരണത്തിലേക്കും.