വന്ദേഭാരതിൽ 'പാഞ്ഞ്' ധനപ്രതിസന്ധി

പ്രതിപക്ഷ കക്ഷികളിലെ എംഎൽഎമാർ ബാഗുമെടുത്തു പുറത്തേക്ക് പോകുമ്പോൾ ഭരണപക്ഷത്ത് നിന്നും "വന്ദേ ഭാരത്...! വന്ദേ ഭാരത്...! ' എന്ന് ഉച്ചത്തിലുള്ള പരിഹാസവും ഉയർന്നു.
kerala assembly session review
വന്ദേഭാരതിൽ 'പാഞ്ഞ്' ധനപ്രതിസന്ധി
Updated on

സഭാകാര്യം | പി.ബി. ബിച്ചു

സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധി ചർച്ച ചെയ്യാൻ നിയമസഭ നടപടികൾ നിറുത്തിവെയ്ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ഉപക്ഷേപത്തിന് സർക്കാർ അനുമതി നൽകി ചർച്ച പുരോഗമിക്കുന്നതിനിടെ പെട്ടന്ന് പ്രതിപക്ഷം സഭബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നു. കണ്ണൂരിലെ എഡിഎമ്മിന്‍റെ ആത്മഹത്യ സംബന്ധിച്ച് സർക്കാർ മറുപടി നൽകിയില്ലെന്നാരോപിച്ചാണ് ബഹിഷ്കരണമെങ്കിലും നാല് മണിക്ക് മംഗലാപുരത്തേക്ക് പുറപ്പെടുന്ന വന്ദേഭാരതിൽ സീറ്റ് ബുക്ക് ചെയ്തതിനാലാണ് ഇറങ്ങിപ്പോക്കെന്നായി ഭരണപക്ഷം. ആത്മഹത്യ സംബന്ധിച്ച് സർക്കാർ നിലപാട് പറയുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെ ധന-റവന്യുമന്ത്രിമാർ അറിയിച്ചെങ്കിലും വഴങ്ങാതെ ബഹളമുണ്ടാക്കിയ പ്രതിപക്ഷാംഗങ്ങൾ തങ്ങൾ കൊണ്ടുവന്ന പ്രമേയത്തിൽ ചർച്ച അവസാനിക്കുന്നതിന് മുമ്പേ സഭയിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. പ്രതിപക്ഷ കക്ഷികളിലെ എംഎൽഎമാർ ബാഗുമെടുത്തു പുറത്തേക്ക് പോകുമ്പോൾ ഭരണപക്ഷത്ത് നിന്നും "വന്ദേ ഭാരത്...! വന്ദേ ഭാരത്...! ' എന്ന് ഉച്ചത്തിലുള്ള പരിഹാസവും ഉയർന്നു. പ്രതിപക്ഷ നേതാവടക്കം വന്ദേഭാരതിൽ.

വിവാദമായ വിഷയങ്ങളടക്കം ചർച്ച ചെയ്യുന്നതിനായി നിയമസഭാ നടപടികൾ നിറുത്തിവെയ്ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ഏറ്റവും കൂടുതൽ തവണ അംഗീകരിച്ച ഒരു സഭാകാലയളവായിരുന്നു കടന്നുപോയത്. സംസ്ഥാന സർക്കാരിന്‍റെ ധനകാര്യ മാനേജ്മെന്‍റ്, ധനപ്രതിസന്ധി, ട്രഷറി നിയന്ത്രണം, പദ്ധതി പ്രവർത്തനങ്ങൾ തടസപ്പെട്ടതടക്കമുള്ള ഗുരുതര സാഹചര്യം ചർച്ച ചെയ്യുന്നതിനായി സഭനിറുത്തിവെയ്ക്കണമെന്ന് പ്രതിപക്ഷത്ത് നിന്നും മാത്യു കുഴൽനാടനായിരുന്നു ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തിന്‍റെ ധനപ്രതിസന്ധിക്ക് ഉത്തരവാദികൾ കേന്ദ്ര സർക്കാരാണെന്നകാര്യം ജനങ്ങൾ അറിയണമെന്നും ഇത് കണക്കിലെടുത്ത് ചർച്ച അനുവദിക്കാമെന്നുമുള്ള നിലപാട് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചതോടെ ഉച്ചയ്ക്ക് 12 മണിക്ക് പ്രതിപക്ഷത്തിന്‍റെ ഉപക്ഷേപത്തിൽ ചർച്ച ആരംഭിച്ചു. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാക്കേണ്ടതില്ലെന്ന സർക്കാർ നിലപാട് സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് മാത്യു ചൂണ്ടിക്കാട്ടി. വികസന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. പാവപ്പെട്ട ജനങ്ങളാണ് ഇതിന്‍റെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. സമസ്തമേഖലയും തകർച്ചയിലാണ്. വരുമാനം വർധിപ്പിക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് സംസാരിച്ച സിപിഎം പ്രതിനിധി ടി.ഐ മധുസൂദനൻ സാമ്പത്തിക പ്രതിസന്ധി ഭരണത്തെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകൾ നിരത്തി പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിച്ചു. സർക്കാർ ജീവനക്കാർക്ക് ഇതുവരെ ശമ്പളം മുടങ്ങിയിട്ടില്ലെന്നും കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കാലത്തായിരുന്നെങ്കിൽ ജീവനക്കാർ കാട്ടിൽപോയി തടിവെട്ടി വിറ്റ് ജീവിക്കേണ്ട അവസ്ഥയാകുമായിരുന്നെന്നും മുധുസൂദനൻ വിമർശിച്ചു.യുഡിഎഫ് ഭരണത്തിൽ ട്രെഷറി തുറന്ന് പ്രവർത്തിച്ച കാലം തന്നെ അപൂർവമായിരുന്നെന്നും 50000 രൂപ പോലും അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപക്ഷത്തിന്‍റെ പരാമർശങ്ങളുടെ മുനയൊടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് എ.പി അനിൽകുമാറിനെയായിരുന്നു. പ്രതിസന്ധി സമ്മതിക്കുന്ന ധനമന്ത്രി, അത് ജനങ്ങളെ ബാധിച്ചിട്ടില്ലെന്ന് പറയുമ്പോൾ എന്ത് മാജിക് ആണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് അനിൽകുമാർ ചോദിച്ചു. പട്ടിക-ജാതി പട്ടിക വകുപ്പ്, ആനുകൂല്യങ്ങൾ 140കോടിയാണ് കൊടുക്കാനുള്ളത്.410 കോടി മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും കൊടുക്കാനുണ്ട്.പെൻഷനടക്കം പാവപ്പെട്ടവന്‍റെ ആനുകൂല‍്യങ്ങളൊന്നും നൽകുന്നില്ല. പണം നൽകാത്തിനാൽ കോൺട്രാക്‌ടർമാർ വർക്കുകളെടുക്കുന്നില്ല.തന്‍റെ മണ്ഡലത്തിൽ‌ അഞ്ച് സ്കൂൾബസ് അനുവദിച്ചതിന് ഏഴ് മാസമായി 92 ലക്ഷം രൂപ നൽകാത്ത സർക്കാർ ഹെലികോപ്റ്ററിന് ഒമ്പത് കോടി അനുവദിച്ചെന്നും കുറ്റപ്പെടുത്തി. സിപിഐ അംഗമായ ജി.എസ് ജയലാലിനായിരുന്നു തുടർന്ന് സംസാരിക്കാൻ അനുമതി.

വിവിധ മേഖലകളിൽ സർക്കാർ പദ്ധതികളുടെ നടത്തിപ്പും സംസ്ഥാനത്തെ ധനസ്ഥിതിയും വിശദമായി വിവരിച്ച ജയലാൽ കോൺഗ്രസ് ഭരണകാലത്ത് കടവും ജിഡിപിയിലെ കുറവും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ വിമർശിച്ചു. ലൈഫ് പദ്ധതിയിലടക്കം കേന്ദ്ര സഹായം തുച്ഛമാണെന്നും സഹായങ്ങളെല്ലാം വെട്ടിച്ചരുക്കുമ്പോഴും പ്രതിഷേധത്തിന് പ്രതിപക്ഷം തയാറുണ്ടോയെന്നും ജയലാൽ ചോദിച്ചു. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്തത് ഏറെയും യുഡിഎഫ് ആണെന്നും എംഎൽഎ ഫണ്ടിലെ പ്രവർത്തനങ്ങൾപോലും തടസപ്പെട്ടെന്നും മോൻസ് ജോസഫ് മറുപടി നൽകിയപ്പോൾ, തുടർന്ന് സംസാരിച്ച പി.പി ചിത്തരഞ്ജൻ മറ്റ് സംസ്ഥാനങ്ങൾ ഡൽഹിയിൽ സമരത്തിന് പോയപ്പോൾ പ്രതിപക്ഷ നേതാവ് ഡൽഹി യാത്രപോലും മാറ്റിവെച്ച് കേന്ദ്രത്തിന് പിന്തുണ പ്രഖ്യാപിച്ചെന്ന ആരോപണം ഉയർത്തി ഭരണപക്ഷത്തിന്‍റെ കൈയ്യടി നേടി. കെ.സി വേണുഗോപാലിനെപ്പോലും കണ്ട് പ്രതിപക്ഷം കർണാടകയുടെ സമരം പൊളിക്കാൻ നോക്കിയെങ്കിലും കനഗൊലുവിന് പണം കൊടുക്കേണ്ടതിനാൽ കെ.സി സമ്മതിച്ചില്ല. എൻ.കെ പ്രമചന്ദ്രനും, ഷിബുബേബി ജോണും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് യുഡിഎഫുമായുള്ള അവിശുദ്ധകൂട്ടുകെട്ടിന്‍റെ ഭാഗമാണെന്നും കേരളത്തിൽ ജനങ്ങളെ ബാധിക്കുന്ന പ്രതിസന്ധികളൊന്നും നിലവിലില്ലെന്നും ചിത്തരഞ്ജൻ ചൂണ്ടിക്കാട്ടി. രണ്ട് മിനിറ്റ് മാത്രമാണ് മാണി സി.കാപ്പന് ലഭിച്ചതെങ്കിലും പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങളായിരുന്നു അദ്ദേഹം മുന്നോട്ടുവച്ചത്. സാമ്പത്തിക അടിയന്തരാവസ്ഥയിൽപെടുത്തി ഒരു സംസ്ഥാനത്തെ എങ്ങനെ തകർക്കാനാകുമെന്നാണ് കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ജോബ് മൈക്കിളും ചൂണ്ടിക്കാട്ടി. ഗ്രാന്‍റുകളെല്ലാം തടഞ്ഞ് കേന്ദ്രം സംസ്ഥാനത്തെ വീർപ്പുമുട്ടിക്കുകയാണെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ കാണാത്ത പ്രതിപക്ഷത്തിന്‍റെ നയം ശരിയല്ലെന്ന് മാത്യു ടി. തോമസും വിമർശിച്ചു. കേരളത്തിന് ലഭിക്കേണ്ട 3500 കോടി രൂപയാണ് ഒടുവിൽ വെട്ടിക്കുറച്ചെന്നും നികുതി വിഹിതം നിശ്വയിക്കുന്നതിനുള്ള മാനദണ്ഡം മാറ്റുന്നതിനായി ഒറ്റക്കെട്ടായി ഇടപെടണമെന്ന് വി.കെ പ്രശാന്ത് പറഞ്ഞു. യുവജനങ്ങളുടെ പ്രശ്നങ്ങൾ‌ പരിഹരിക്കാനുള്ള മാർഗങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി. പ്രതിസന്ധിയിൽ എന്താണ് സർക്കാർ നിഷ്ക്രീയമായിരിക്കുന്നതെന്ന് രൂക്ഷവിമർശനമാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയത്. സർക്കാർ നിഷ്ക്രിയമായതാണ് വയനാടിന്‍റെ സഹായം ലഭിക്കാൻ വൈകുന്നതെന്നും പ്രതിപക്ഷം പിന്തുണച്ചിട്ടും സംസ്ഥാനത്തിന്‍റെ കെടുകാര്യസ്ഥതയാണ് സഹായങ്ങൾ വെട്ടിക്കുറക്കാൻ കാരണം. യുഡിഎഫ് ഭരിക്കുമ്പോൾ മന്ത്രിമാർ ഡൽഹിയിൽപോയി കൃത്യമായി ഫോളോഅപ്പ് നടത്തി പണം എത്തിക്കുമായിരുന്നു. അതിന് ത്രാണിയില്ലാത്ത സർക്കാരാണ് ഭരിക്കുന്നത്. പല പദ്ധതികളിലും സംസ്ഥാനത്തിന്‍റെ ഗ്രാന്‍റ് കൊടുക്കാത്തതിനാൽ പദ്ധതി നിന്നുപോകുന്നു. റോഡ്, കുടിവെള്ളം ഉൾപ്പടെയുള്ള പദ്ധതികളും ക്യുവിലാണ്.വരുമാനം വർധിപ്പിക്കാൻ ഒരു വഴിയും കാണാതെ ചെലവ് കൂട്ടുന്ന മിഷനുകളും ഇവന്‍റുകളും പ്രഖ്യാപിച്ച് പ്രതിസന്ധി വിളിച്ചുവരുത്തുകയാണ്. പെട്രോൾ പമ്പുകാർ പണം കൊടുക്കാത്തതിനാൽ സർക്കാർ വകുപ്പുകൾക്ക് പെട്രോൾ നൽകുന്നില്ല. ശമ്പളം മുടങ്ങാത്തത് ഭാഗ്യമായേ കാണാനാകു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിസന്ധിയുണ്ടായപ്പോൾ രാജിവച്ച് പ്രതീകാത്മകമായി സൈക്കിളിൽപോയതുപോലെ ഇവിടെയും രൈജിവെച്ചാൽ സൈക്കിളിൽ പോകേണ്ട സ്ഥിതിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ത്രാണിയില്ലെന്ന് കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം. തെരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്‍റിൽപോയ പി.കെ കുഞ്ഞാലിക്കുട്ടി നരേന്ദ്രമോദിക്കെതിരെ ഒന്നും സംസാരിക്കാനില്ലാത്തിനാലാണോ കേരളത്തിലേക്ക് തിരിച്ചെത്തിയതെന്ന് ചോദിച്ചാണ് കെ.ബാബു (നെന്മാറ) സംസാരിക്കാൻ ആരംഭിച്ചത്. അകത്ത് വർത്തമാനം പറഞ്ഞിട്ട് പുറത്ത് ബിജെപിക്കൊപ്പമാണ് പ്രതിപക്ഷം. വ്യവസായികമേഖലയുടെ വളർച്ചയിൽ ഏഷ്യയിൽ തന്നെ ഒന്നാമതായി കേരളം മാറി. കോടതിയിൽ‌ കേരളമാണ് കേന്ദ്രത്തിനെതിരെ വാദിക്കുന്നത്. സുപ്രീം കോടതിയിൽ വാദിക്കാറുള്ള മാത്യു കുഴൽനാടൻ കേരളത്തിന് വേണ്ടി സംസാരിക്കാത്തത് കേന്ദ്രത്തിനൊപ്പമെന്ന നിലപാട് വ്യക്തമാക്കുന്നതാണ്. നരസിംഹറാവുവിന്‍റെ കാലത്തെ വളർച്ച ചൂണ്ടിക്കാട്ടുമ്പോൾ ഉദാരവത്കരണത്തിൽ കോർപ്പറേറ്റുകൾക്ക് മാത്രമാണ് വളർച്ചയുണ്ടായതെന്നും സാധാരണക്കാർക്ക് ഒരു മെച്ചവും ഉണ്ടായിട്ടില്ലെന്നും രാജ്യം ലോകത്തിന്‍റെ മുന്നിൽ നാണംകെട്ടെന്നും ബാബു പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേതൂവൽപക്ഷികളാണെന്നും അവസാനമായി സംസാരിച്ച ബാബു കുറ്റപ്പെടുത്തി.

നമ്മുടെ സംസ്ഥാനത്ത് വിവിധ രംഗങ്ങളിലുണ്ടായിരുന്ന മുന്നേറ്റം ഉണ്ടായിരുന്ന മേഖലകള്‍ വരെ ധനപ്രതിസന്ധി കാരണം ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. ഇത് കേരളം അറിയണം. കേന്ദ്ര തരാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പോരാട്ടത്തിന് മുന്നില്‍ ഞങ്ങളുണ്ടാകും. പക്ഷെ നിങ്ങളുടെ പിടിപ്പുകേടുകളൊക്കെ അവിടെ കെട്ടിവയ്ക്കരുത്. കമെടുക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന് വേണ്ടിയാണ് കോടതിയില്‍ പോയതെന്ന് നിങ്ങള്‍ ജനങ്ങളോട് പറഞ്ഞിട്ടില്ല്. കിട്ടാന്‍ അര്‍ഹതയില്ലാത്ത പണത്തെ കുറിച്ചാണ് നിങ്ങള്‍ പ്രചരിപ്പിച്ചത്. നിങ്ങളുടെ തെറ്റുകള്‍ മറച്ചുവയ്ക്കാനുള്ള മാര്‍ഗമായി ഇതിനെ മാറ്റരുത്. അടിയന്തിരമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളം തകര്‍ന്നു പോകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് കണ്ണൂരിലെ എഡിഎമ്മിന്‍റെ ആത്മഹത്യയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും പി.പി ദിവ്യക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. തുടർന്ന് പ്രതിപക്ഷ ആരോപണങ്ങളിൽ മറുപടി നൽകിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ കേരളം ശ്രീലങ്കയാകുമെന്ന ആരോപണമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ശ്രീലങ്ക കേരളത്തിന്‍റെ വഴിയിലേക്ക് മാറുന്നതാണ് കാണുന്നതെന്നും ചൂണ്ടിക്കാട്ടി.

കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചാരണമാണ് പ്രതിപക്ഷവും നടത്തുന്നത്. തെറ്റായ പ്രചാരണം നടത്തിയാല്‍ അതിന്റെ നഷ്ടം കേരളത്തിലെ ഓരോ പൗരന്മാര്‍ക്കുമാണെന്നും ശരിയായി വിവരം ജനങ്ങളില്‍ എത്തിക്കാന്‍ ഈ അടിയന്തര പ്രമേയം കൊണ്ട് കഴിയും.അതുകൊണ്ടാണ് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്. ദീര്‍ഘവീക്ഷണം ഇല്ലാതെ, സംസ്ഥാനത്തെ ജനങ്ങളെ മനസിലാക്കാത്ത പ്രതിപക്ഷ സമീപനം ജനങ്ങള്‍ തിരിച്ചറിയുമെന്നും കേന്ദ്രത്തിന്‍റെ സാമ്പത്തിക നയം കേരളത്തെ വല്ലാതെ ഞെരുക്കുന്നുവെന്നും നിയമസഭയില്‍ മന്ത്രി പറഞ്ഞു.94882 കോടി രൂപ ഈ വര്‍ഷം ഇതുവരെ ട്രഷറിയില്‍ നിന്ന് മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒമ്പതിനായിരം കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. നികുതി വരുമാനവും നികുതിയേതര വരുമാനവും വര്‍ധിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്‍റെ അവഗണനയാണ്. അത് പ്രതിപക്ഷത്തിനും അറിയാവുന്നതാണെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷം തയ്യാറാകണ്ടേ എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ മറുപടി പുരോഗമിക്കുന്നതിനിടെ കണ്ണൂരിലെ വിഷയത്തിൽ സർക്കാർ നിലപാട് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും സണ്ണി ജോസഫ് എഴുന്നേറ്റെങ്കിലും സ്പീക്കർ എ.എൻ ഷംസീർ തടഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് സർക്കാർ മറുപടിയിൽ എന്തുകൊണ്ട് കണ്ണൂർ വിഷയത്തിൽ നടപടി പ്രഖ്യാപിക്കാത്തതെന്ന് ചോദിച്ചതും പ്രതിപക്ഷാംഗങ്ങൾ ബഹളവുമായി സഭാതലത്തിലേക്കെത്തി. സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധം ശക്തമാകുന്നിതിനിടെ ധനമന്ത്രി നിലപാട് പറയുമെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി കെ.രാജൻ ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷം വഴങ്ങാതെ ബഹളം തുടർന്നു. ഇതോടെ സ്പീക്കർ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വിഷയത്തിൽ മറുപടി പറയാത്തതിനാൽ സഭ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷം ആവശ്യപ്പെട്ട വിഷയം ചർച്ച ചെയ്യാൻ സർക്കാർ അനുവദിച്ചിട്ടും ചർച്ച പൂർത്തിയാക്കാതെ സഭബഹിഷ്കരിച്ച നടപടി തീർത്തും തെറ്റായ സമീപനമാണെന്ന് നിയമമന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി.കേരളം തകരാൻപോകുന്നുവെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ച പ്രതിപക്ഷ നേതാവ് തന്‍റെ ചോദ്യങ്ങൾക്കുള്ള മറുപടി പോലും കേൾക്കാതെപോയത് ഒളിച്ചോട്ടത്തിന്‍റെ രണ്ടാം ചരിത്രമാണെന്നും രാജീവ് വിമർശിച്ചു. ട്രെയിനിന്‍റെ സമയം നോക്കി സഭ ബഹിഷ്‌കരിക്കുന്നത് തെറ്റായ കീഴ് വഴക്കമാണെന്നായിരുന്നു മന്ത്രി എം.ബി രാജേഷിന്‍റെ പ്രതികരണം. അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാലാകാം ബഹിഷ്കരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭ സമ്മേളനം അവസാനിക്കുന്ന ദിവസമാണെന്നതിനാൽ തന്നെ ഭരണ-പ്രതിപക്ഷാംഗങ്ങളടക്കം ഇതേ ട്രയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം അംഗങ്ങൾ വന്ദേ ഭാരതിലാണ് മടങ്ങിയതെന്നത് കൂടി ചേർത്ത് വായിച്ചാൽ

ഭരണപക്ഷത്തിന്‍റെ ആരോപണത്തിൽ കഴമ്പുള്ളതായും തോന്നാം. അങ്ങനെ അടിയന്തരമായി സഭ നിറുത്തിവെച്ച് ചർച്ച ചെയ്യേണ്ടത്ര പ്രാധാന്യമുള്ള ധനപ്രതിസന്ധി വന്ദേ ഭാരതിനൊപ്പം പോയി. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം ഒടുവിൽ പ്രമേയത്തെ പിന്തുണയ്ക്കുകപോലും ചെയ്യാതെ ഇറങ്ങിപ്പോയതോടെ പ്രമേയം സ്പീക്കർ തള്ളിയതും പുതുചരിത്രം....

Trending

No stories found.

Latest News

No stories found.