പി.ബി ബിച്ചു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പും ക്ഷേമപെൻഷനും പൊലീസ് വീഴ്ചകളുമൊക്കെ വിഷയമായെത്തിയതോടെ നിരന്തരം ഭരണ-പ്രതിപക്ഷപോരിൽ പ്രക്ഷുബ്‌ധമായിരുന്ന ഒരു സഭാകാലത്തിന് കൂടി സമാപനം. ബജറ്റിലെ ധനാഭ്യർഥനകൾ വിശദമായി പരിഗണിച്ച് പാസാക്കുന്നതിനായി ചേർന്ന പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്‍റെ അവസാനദിനവും ഭരണ-പ്രതിപക്ഷ പോരിൽ കലഹിച്ചാണ് പിരിഞ്ഞത്. പതിവ് പോലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും മന്ത്രിമാരും തമ്മിൽ കൊമ്പു കോർത്തതോടെ അവസാനദിനത്തിലെ നടപടികൾ സുഗമമാക്കി സഭ പിരിച്ചുവിടാൻ സ്പീക്കർ എ.എൻ ഷംസീർ ഏറെ വിയർത്തു.
എന്നാൽ, ബഹളങ്ങളും പ്രതിഷേധങ്ങളും കനത്ത് സഭ സ്തംഭിച്ച രണ്ട് ദിവസങ്ങളൊഴികെ മറ്റെല്ലാ ദിവസങ്ങളിലും നടപടികൾ മുന്നോട്ട് കൊണ്ടുപോകാനായെന്നതും സ്പീക്കറുടെ മികവിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ജൂൺ 10ന് ആരംഭിച്ച് 19 ദിവസങ്ങളാണ് സഭ ചേർന്നത്. ധനാഭ്യർഥനകളുടെ പരിഗണനയ്ക്കായി 12 ദിവസങ്ങൾ നീക്കിവച്ചു. കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ, കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ, കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ, 2024-ലെ കേരള ധനകാര്യ ബിൽ എന്നീ സുപ്രധാന ബില്ലുകൾ സഭ പാസാക്കി.