വര്‍ഷത്തിനുശേഷം വീണ്ടും ബാര്‍കോഴ ആരോപണം. 2014ന്‍റെ തനിയാവര്‍ത്തനം. അന്ന് ഒരു ബാര്‍ ഉടമയുടെ വെളിപ്പെടുത്തലിലായിരുന്നു തുടക്കം. ഇന്നും ഒരു ബാര്‍ ഉടമ തന്നെയാണു കുടത്തിലടച്ചിരുന്ന ഭൂതത്തെ തുറന്നു വിട്ടിരിക്കുന്നത്. ബാര്‍ ഉടമയും ബാര്‍ ഹോട്ടല്‍ സംഘടനയുടെ ഇടുക്കി ജില്ലാപ്രസിഡന്‍റുമായ അനിമോന്‍റെ ശബ്ദ സന്ദേശമാണു ബാർകോഴ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അന്ന് ഒരു കോടിയുടെ ആരോപണമായിരുന്നെങ്കില്‍ ഇന്നത് 20 കോടി. തുകയുടെ വലുപ്പത്തില്‍ വന്ന ഈ വ്യത്യാസം മാത്രമാണ് പ്രത്യേകത.
പ്രിയപ്പെട്ട എഫ്കെഎച്ച്എ ഇടുക്കി ജില്ലാ മെംബേഴ്സിന്‍റെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ശബ്ദ സന്ദേശത്തിൽ പുതിയ മദ്യനയം ഉടൻ വരുമെന്നും അതിൽ ഒന്നാം തീയതിയിലെ ഡ്രൈ ഡേ എടുത്തു കളയുമെന്നും പറയുന്നു. ഇതു ചെയ്തു തരണമെങ്കിൽ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണം. ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് രണ്ടരലക്ഷം തന്നത്. 2.5 ലക്ഷം വച്ച് കൊടുക്കാന്‍ കഴിയുന്നവര്‍ ഈ ഗ്രൂപ്പില്‍ ഇടുകയെന്നും പറയുന്നുണ്ട് അനിമോൻ.
സംസ്ഥാനത്തെ 801 ബാറുകളില്‍ നിന്ന് 2.5 ലക്ഷം രൂപ വീതം പിരിച്ചെടുത്ത് 20 കോടി രൂപ കോഴ നൽകാൻ സമാഹരിക്കുന്നതിനെക്കുറിച്ചാണു ശബ്ദ സന്ദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയാലുടന്‍ അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കൊടുക്കാമെന്ന ഉറപ്പിന്മേലാണ് ഈ ഇടപാട്.
സംഭവം പുറത്തായതോടെ നിഷേധക്കുറിപ്പുകളുടെ പ്രവാഹമായി. ഇത്തരത്തിലൊരിടപാടുമില്ലെന്നും കെട്ടിട നിർമാണത്തിന് വേണ്ടിയാണു ഫണ്ട് പിരിച്ചതെന്നുമായി സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ്. ശബ്ദ സന്ദേശം നല്‍കിയ അനിമോന്‍ സംഘടനയുടെ വിമതനാണെന്നും അദ്ദേഹത്തെ പുറത്താക്കുന്നു എന്നും പ്രഖ്യാപിച്ചു. ഇതോടെ, ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയ അനിമോൻ ഒരു ദിവസത്തിനുശേഷം പൊങ്ങിയപ്പോൾ സംസ്ഥാന പ്രസിഡന്‍റിന്‍റെ അതേ ഭാഷ്യം ആവർത്തിച്ചു. എക്സൈസ് മന്ത്രി ആരോപണം ആവര്‍ത്തിച്ചു നിഷേധിച്ചു. ഗൂഢാലോചന അന്വേഷിക്കാന്‍ ഡിജിപിക്ക് കത്ത് നല്‍കി. മദ്യ നയത്തിലെ മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്ന് ആണയിട്ടു. ടൂറിസം മന്ത്രിയും ഇതുതന്നെ ആവര്‍ത്തിക്കുന്നു.
എന്നാല്‍, മന്ത്രിമാരുടെ വാദം പച്ചക്കള്ളമാണെന്നു സര്‍ക്കാര്‍ രേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മേയ് 21ന് ചൊവ്വാഴ്ച ടൂറിസം ഡയറക്റ്ററുടെ അധ്യക്ഷതയില്‍ യോഗം നടന്നെന്ന് മന്ത്രിമാര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു. പുതിയ മദ്യ നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം എന്ന ആമുഖത്തോടെയാണ് യോഗത്തിനുള്ള അറിയിപ്പ് നല്‍കിയിരുന്നത്. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ (എഫ്കെഎച്ച്എ) സംസ്ഥാന പ്രസിഡന്‍റ് വി. സുനില്‍കുമാര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഈ യോഗത്തില്‍ മദ്യ നയത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിന്‍റെ മൂന്നാം ദിവസമാണു ബാര്‍ ഉടമകള്‍ യോഗം ചേര്‍ന്നു കലക്‌ഷന്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. പണം കൊടുത്തില്ലെങ്കില്‍ ഈ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് കൃത്യമായ ബോധ്യമാണ് അവരെ അതിനു പ്രേരിപ്പിച്ചതെന്നു വ്യക്തം.
ജനുവരി നാലിനു ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എക്സൈസ് വകുപ്പ് തന്നെയാണ് മാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ദേശം ഈ യോഗത്തില്‍ അറിയിച്ചത്. മാര്‍ച്ചില്‍ ചീഫ് സെക്രട്ടറി വിളിച്ച സെക്രട്ടറി തല യോഗത്തില്‍ ടൂറിസം വകുപ്പും ഇക്കാര്യം ഉന്നയിച്ചു. ഇതു കൂടാതെ ഐടി പാര്‍ക്കുകളില്‍ ക്ലബ്ബുകള്‍ അനുവദിച്ച് മദ്യം വിളമ്പാനുള്ള നീക്കവും തകൃതിയായി നടക്കുകയായിരുന്നു. ഇതിനുമുമ്പ് ഒരിക്കലുമുണ്ടാവാത്ത വിധം നിയമസഭാ സബ്ജക്ട് കമ്മറ്റിയില്‍ ഇതിനുവേണ്ടിയുള്ള അബ്കാരി ചട്ട ഭേദഗതിക്കുള്ള അനുമതി പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് നല്‍കിയത് എന്തിനുവേണ്ടിയാണ് ? ഇതെല്ലാം മദ്യനയത്തിലുള്ള മാറ്റത്തിനു വേണ്ടിയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ? വസ്തുത ഇതായിരിക്കയാണ് മന്ത്രിമാര്‍ പച്ചക്കള്ളം വിളമ്പിയത്. ഇതുതന്നെ കോഴ ഇടപാട് വെളിവാക്കുന്ന പ്രകടമായ തെളിവല്ലേ?
എഫ്കെഎച്ച്എ പ്രസിഡന്‍റിന്‍റെ വിശദീകരണവും എത്ര നിരര്‍ഥകമെന്ന് വ്യക്തം. ബാര്‍ ഹോട്ടല്‍ സംഘടനാ യോഗത്തിന്‍റെ അജൻഡ പുറത്തുവന്നിട്ടുണ്ട്. അതില്‍ പുതിയ മദ്യ നയം ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ സാഹചര്യ തെളിവുകള്‍ എല്ലാം കോഴ ഇടപാട് സത്യമാണെന്ന് സംശയാതീതമായി സ്ഥിരീകരിക്കുമ്പോള്‍ ഗൂഢാലോചനാവാദം എങ്ങനെ നിലനില്‍ക്കും. മാത്രമല്ല രണ്ട് പിണറായി സര്‍ക്കാരികളുടെ എട്ടു വര്‍ഷക്കാലയളവിലും ബാറുടമകള്‍ക്ക് വഴിവിട്ട ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് നമുക്ക് കാണാനാവും. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 669 ബാറുകള്‍ക്കും രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇതുവരെ 130 ബാറുകള്‍ക്കും പുതുതായി അനുമതി നല്‍കി. ദൂരപരിധി പാലിക്കുകയോ ഗുണനിലവാര പരിശോധനയോ ഒന്നും ഉണ്ടാവുന്നില്ല. ഒറ്റ മതിലിനു അപ്പുറത്ത് അമ്പലവും പള്ളിയും കോളെജും ഉള്ള സ്ഥലത്തും ബാര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുകയാണ്.
മദ്യവര്‍ജനമാണ് തങ്ങളുടെ നയം എന്നും മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുമെന്നും പ്രകടനപത്രികയില്‍ പറഞ്ഞ് അധികാരത്തില്‍ വന്നവരാണ് അതിനു നേര്‍വിപരീതമായ ഈ നിലപാട് സ്വീകരിക്കുന്നത്.
ബാറുകള്‍ കൂടി മദ്യവ്യാപനം സര്‍വകാല റെക്കാഡിലേക്ക് എത്തുമ്പോഴും ടേണ്‍ ഓവര്‍ ടാക്സില്‍ (ടിഒടി) ഒരു വർധനയുമില്ല. അഥവാ ഖജനാവിന് ഒരു നേട്ടവുമില്ല.
ടിഒടിയെക്കുറിച്ചു 2023 മാർച്ച് ആറിന് റോജി എം. ജോണ്‍ എംഎല്‍എ സഭയിൽ ഉന്നയിച്ച ചോദ്യത്തിനു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. 2017 - 18 മുതല്‍ 2022 - 23 വരെ സംസ്ഥാനത്തെ ബാറുകളില്‍ നിന്നുള്ള ടിഒടി വരുമാനം സാമ്പത്തിക വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
കെജിഎസ്ടി. നിയമം 1963 - ചട്ടം 7 അനുസരിച്ച് നികുതി നല്‍കുന്ന ബാര്‍ ഹോട്ടലുകള്‍ നിലവിലുണ്ടോ; എങ്കില്‍ 2017-18 മുതല്‍ 2022-23 വരെ ആയതില്‍ നിന്നുമുള്ള വരുമാനം സാമ്പത്തിക വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
ഇതായിരുന്നു ചോദ്യങ്ങള്‍. ഇവയ്ക്കുള്ള ഉത്തരങ്ങള്‍ ധനവകുപ്പില്‍ ഇല്ലാഞ്ഞിട്ടാണോ? ഒറ്റ ക്ലിക്കില്‍ ഇത് ലഭ്യമാക്കാവുന്നതല്ലേയുള്ളൂ. എന്നിട്ടും മറുപടി നല്‍കാത്തത് ബാറുകളില്‍ നിന്നുള്ള വിൽപ്പന നികുതി വരവില്‍ ഉണ്ടായ വന്‍ ചോര്‍ച്ച മറച്ചു പിടിക്കാനാണ്. ബാറുകളുടെ എണ്ണവും മദ്യവ്യാപനവും ഉപഭോഗവും വർധിക്കുമ്പോഴും നികുതിവിഹിതം ഖജനാവില്ലെത്താത്തത് അധിക വരുമാനം ഇരുകൂട്ടരും പങ്കിട്ടെടുക്കുന്നതുകൊണ്ടാണ്.
സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ മദ്യവില്പനയുമായി ബന്ധപ്പെട്ട് ഒടുക്കുന്ന വില്പന നികുതി ( ടേണ്‍ ഓവര്‍ ടാക്സ് ) വിൽപ്പനയുടെ 10% ആണ്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്ത് ആകെ 29 ബാര്‍ ഹോട്ടല്‍ ലൈസന്‍സേ നിലയില്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ 2017 ജൂണ്‍ മാസത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയം തിരുത്തി. ലൈസന്‍സിന് പ്രതിവര്‍ഷം 30 ലക്ഷം രൂപാ വീതം സ്വീകരിച്ച് 669 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. 2023 മുതല്‍ ലൈസന്‍സ് ഫീ 32 ലക്ഷമാക്കാനും ഇടതുമുന്നണി തീരുമാനിച്ചു.
2016 വരെ കോമ്പൗണ്ടിങ്ങ് സമ്പ്രദായത്തില്‍ നികുതി ഒടുക്കാത്ത ബാര്‍ ഹോട്ടലുകളില്‍ ഇന്‍റലിജന്‍സ് പരിശോധന നടത്തുകയും ബാര്‍ ഹോട്ടലുകള്‍ മദ്യം പെഗ്ഗ് അളവില്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്ന വിലയില്‍ അടങ്ങിയിരിക്കുന്ന ലാഭ ശതമാനം തന്നെയാണോ പ്രതിമാസ റിട്ടേണുകളില്‍ കാണിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു. 2017 ന് ശേഷം ഇത്തരം പരിശോധനകള്‍ ഒഴിവാക്കി. ബാറുകാര്‍ കൊണ്ടുവരുന്ന കണക്കുകള്‍ അംഗീകരിച്ചാണ് ഇപ്പോഴത്തെ നികുതി നിർണയം. റിട്ടേണ്‍ സമര്‍പ്പിക്കുക പോലും ചെയ്യാത്ത ഹോട്ടലുകള്‍ 600 ഓളം വരും. ഇത്തരം ബാറുകള്‍ക്ക് ബെവ്കോ മദ്യം നല്‍കില്ലെന്നു തീരുമാനിച്ചാൽ ഉടൻ മാറ്റമുണ്ടാകും. പക്ഷെ, അന്തര്‍ധാര അത്രയ്ക്ക് സുദൃഢമായതുകൊണ്ട് ഒരു നടപടിയും ഉണ്ടാവുന്നില്ല.
ബാർകോഴയിൽ ഒടുവില്‍ ടൂറിസം ഡയറക്റ്ററുടേതാണ് നിഷേധക്കുറിപ്പ്. ഇതാകട്ടെ, അപ്പന്‍ പത്തായത്തിലുമില്ല, തട്ടുമ്പുറത്തുമില്ല' എന്നു പറഞ്ഞ പഴയ വിചിത്ര മറുപടിയുടെ പരിഹാസ്യമായ തനിയാവര്‍ത്തനം. മദ്യ നയ പുതുക്കലുമായി ബന്ധപ്പെട്ട യോഗം എന്നു രേഖപ്പെടുത്തിയാണ് യോഗത്തിനുള്ള അറിയിപ്പ് അയച്ചതെന്ന കാര്യം ഡയറക്റ്ററും ബോധപൂര്‍വം വിസ്മരിക്കുന്നു. കള്ളം പറയുന്നതോ പോകട്ടെ, അതിനും ഒരു സൂക്ഷ്മത ഒക്കെ വേണ്ടേ?
ഇവിടെ ആകെ പറയാവുന്നത് മദ്യനയം പുതുക്കേണ്ടത് എക്സൈസ് വകുപ്പ് അല്ലേ, ടൂറിസത്തിന് എന്ത് കാര്യം എന്നത് മാത്രമാണ്. അത് ന്യായവുമാണ്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് എല്ലാം മുഖ്യമന്ത്രിയിലേക്ക് അനന്തരാവകാശിയുടെ ഗരിമയില്‍ മന്ത്രി റിയാസ് വഴി കേന്ദ്രീകരിക്കുമ്പോള്‍ ഇങ്ങനെ ഒരു ന്യായവാദത്തിനും ഒരടിസ്ഥാനവുമില്ല. എല്ലാം രൂപപ്പെടുന്നതും തീരുമാനിക്കുന്നതും ആ വഴിക്ക് തന്നെ.
സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ബാര്‍ക്കോഴ തിരിഞ്ഞു കുത്തുന്നുവെന്നു വ്യക്തം. 2014ല്‍ കെ. എം. മാണിക്കെതിരേ ഉറഞ്ഞുതുള്ളിയവര്‍ അതേ രീതിയില്‍ അതേ ആരോപണം തങ്ങള്‍ക്കു നേരെ ഉയരുമ്പോള്‍ എന്തുപറയുന്നുവെന്നാണ് അറിയേണ്ടത്. കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ടവര്‍ സ്വയം രാജിവച്ചൊഴിയുമോ? മാണിയെ പരിഹസിക്കാൻ പിരിവു നടത്തിയ ഡിവൈഎഫ്ഐയും രൂപ അയച്ച ആഷിക് അബുവും കൂട്ടാളികളും ആ വഴി പിന്തുടരുമോ? നോട്ട് എണ്ണല്‍ യന്ത്രം ഇപ്പോള്‍ എവിടെ എന്ന് വ്യക്തമാക്കുമോ?
2014ല്‍ വ്യാജ ആരോപണം ഉയര്‍ത്തി ചന്ദ്രഹാസമിളക്കിയവര്‍ക്ക് കാലം കാത്തുവച്ചു നല്‍കിയ കാവ്യനീതിയാണ് അതേ നാണയത്തില്‍ ലഭിക്കുന്ന ഈ തിരിച്ചടി. കാലം ഒന്നും ബാക്കി വയ്ക്കില്ല, എല്ലാത്തിനും കണക്കു ചോദിച്ചേ കടന്നു പോവുകയുള്ളൂ. അതു മാറ്റമില്ലാത്ത പ്രകൃതി നിയമമാണ്. എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പും ചൂണ്ടുപലകയും.