താനൂരിൽ 22 പേരുടെ ജീവനെടുത്ത ബോട്ടപകടം ജനങ്ങളുടെയും സർക്കാരിന്റെയും കണ്ണു തുറപ്പിക്കാൻ ഇടയാകട്ടെയെന്നാണ് ജോത്സ്യന്റെ പ്രാർഥന.
ജലസമൃദ്ധമായ സംസ്ഥാനത്ത് ഒട്ടേറെപ്പേരുടെ ജീവനുകള്‍ ഇതിനകം ബോട്ടപകടങ്ങളില്‍ പൊലിഞ്ഞിട്ടുണ്ട്. 99 വർഷങ്ങൾക്കു മുമ്പ് പല്ലനയാറ്റിൽ ബോട്ട് മുങ്ങി മലയാളത്തിന്റെ മഹാകവി കുമാരനാശാൻ മരിച്ചതു മുതൽ ഇന്നോളം 19 അതി ഭീകരമായ ബോട്ടപകടങ്ങൾ കേരളത്തിൽ നടക്കുകയും 200ലധികം ജീവനുകൾ നഷ്ടപ്പെടുകയും ഉണ്ടായിട്ടുണ്ട്.
1924ൽ കൊല്ലത്തു നിന്ന് കോട്ടയത്തേക്കുള്ള ബോട്ട് യാത്രയിലാണ് മഹാകവി കുമാരനാശാൻ അടക്കം 24 പേർ മരിച്ചത്. 95 പേർക്ക് കയറാവുന്ന ബോട്ടിൽ 145 പേരെയാണ് കയറ്റിയത്. അതാണ് അപകടകാരണമെന്ന് അന്നു പുറത്തു വന്നിരുന്നു.
1980 മാർച്ച് 19ന്, പതിനായിരക്കണക്കിന് ജനങ്ങൾ തിങ്ങിക്കൂടുന്ന കൊച്ചി കണ്ണമാലി പള്ളിയിലെ തീർഥാടകരുമായി പോയ എടക്കാട്ട് ബോട്ട് മുങ്ങി 30 പേർ മരിച്ചു. അവിടെയും ബോട്ടിന് താങ്ങാവുന്നതിൽ കൂടുതൽ യാത്രക്കാരെ കയറ്റിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ബോട്ട് ഉടമയെ അറസ്റ്റു ചെയ്തു.
1983 സെപ്റ്റംബർ 23ന് എറണാകുളം വല്ലാർപാടം പള്ളി തിരുന്നാൾ കഴിഞ്ഞു മടങ്ങിയവർ കയറിയ ബോട്ട് മുങ്ങുകയും 18 പേർ മരിക്കുകയും ചെയ്തു. അവിടെയും ബോട്ടിൽ താങ്ങാവുന്നതിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടകാരണം.
രണ്ടുവർഷം കഴിഞ്ഞ് 2002 ജൂലൈ 27ന് മുഹമ്മയിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്ര തിരിച്ച ജലഗതാഗത വകുപ്പിന്റെ ബോട്ട് മുങ്ങി 15 സ്ത്രീകളും ഒരു കുഞ്ഞും ഉൾപ്പെടെ 29 പേർ മരിക്കാൻ കാരണം, അതേ ദിവസം കോട്ടയത്ത് പിഎസ്സി പരീക്ഷയെഴുതാൻ ബോട്ടിലേക്കു തിങ്ങിക്കയറിയ ഉദ്യോഗാർഥികളായിരുന്നു. അവിടെയും ബോട്ടിൽ പരിധി വിട്ട് ആളുകളുണ്ടായിരുന്നു.
2004 ആഗസ്റ്റ് 30ന് കൊല്ലം തീരത്ത് 7 തൊഴിലാളികളാണ് ബോട്ട് മുങ്ങി മരിച്ചത്. ഒരു വർഷം കഴിഞ്ഞ് 2005 ജനുവരി 5ന് വേമ്പനാട്ട് കായൽ ബോട്ടപകടത്തിൽ 4 പേരും 2007 ഫെബ്രുവരി 20ന് തട്ടേക്കാട്ട് വിനോദ സഞ്ചാരത്തിന് വന്ന വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 14 വിദ്യാർഥികളും 3 അധ്യാപകരും മരിച്ചു. ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് തട്ടേക്കാട് അപകടത്തിന്റെ കാരണം.
2009 സെപ്റ്റംബർ 30ന് തേക്കടിയിൽ ബോട്ട് മുങ്ങി 45 വിനോദ സഞ്ചാരികൾ മരിച്ചു. ആ ദുരന്തത്തിന്റെ ഒരു കാരണം അശാസ്ത്രീയമായ ബോട്ട് നിർമാണമായിരുന്നു. അനുവദിച്ചതിൽ കൂടുതൽ യാത്രക്കാരെ ബോട്ടിൽ കയറ്റിയതും അപകട കാരണമായി.
2011 ഡിസംബർ 12ന് ആലപ്പുഴ കുത്തിയതോടിൽ ബോട്ട് മുങ്ങി 2 പേർ മരിച്ചു. 2013 ജനുവരി 26 ന് ആലപ്പുഴ പുന്നകാട് യാത്ര ബോട്ട് മറിഞ്ഞ് 4 പേർ മരിച്ചു. ഇപ്പോൾ താനൂരിൽ മരിച്ചത് 22 പേരാണ്.
ഏതു ദുരന്തവും ഒട്ടേറെ പാഠങ്ങള്‍ നമുക്ക് നൽകുന്നുണ്ട്. ഓരോ അപകടത്തിനു ശേഷവും അന്വേഷണ കമ്മിഷൻ രൂപീരിക്കുമെങ്കിലും, കമ്മിഷനുകള്‍ ഏറെ പാടുപെട്ട് തയാറാക്കി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലെ പ്രധാന നിർദേശങ്ങളായ കാലപ്പഴക്കം ചെന്ന ബോട്ടുകൾ നീക്കം ചെയ്യുക, അനുവദനീയമല്ലാത്തതിനേക്കാൾ കൂടുതൽ ആളുകളെ കയറ്റാതിരിക്കുക, ആവശ്യമായ ലൈഫ് ജാക്കറ്റുകൾ ബോട്ടുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക, അവ കർശനമായും ആളുകളെ ധരിപ്പിക്കുക തുടങ്ങിയവയിൽ ഒന്നുപോലും നടപ്പാക്കാറില്ല എന്നതാണു സത്യം. കേരളത്തിലെ വിവിധ ടൂറിസം മേഖലകളിൽ ഉപയാഗിക്കുന്ന ഒരു യാനത്തിൽ പോലും യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കുകയോ, ലൈഫ് ജാക്കറ്റ് ഉപയോഗിക്കുകയോ ചെയ്യാറില്ല.
കേരളത്തിന്റെ മഹാകവി കുമാരനാശാന്റെ മരണം മുതൽ താനൂർ ബോട്ടപകടം വരെയുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് ഒരു പാഠമാകട്ടെ. ഈ ദുരന്തം അവസാനത്തേതാകാനായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി അധികാരികൾക്ക് ഉണ്ടാകണം. ഉല്ലാസ വേളകളിൽ ആവശ്യമായ സുരക്ഷയൊരുക്കാന്‍ നിര്‍ബന്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ.