കേരവൃക്ഷത്തിന്‍റെയും കാർട്ടൂണിന്‍റെയും നാടാണ് കേരളം

പുതുതലമുറയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും ശങ്കറിന്‍റെ കാര്‍ട്ടൂണുകള്‍ പാഠമാക്കിയിട്ടുണ്ട്
Kerala is the land of coconut tree and cartoon
കേരവൃക്ഷത്തിന്‍റെയും കാർട്ടൂണിന്‍റെയും നാടാണ് കേരളം
Updated on

കേരളം കാര്‍ട്ടൂണിസ്റ്റുകളുടെ നാടാണ്. കേര വൃക്ഷങ്ങള്‍ പോലെ ഏറ്റവും കൂടുതല്‍ കര്‍ട്ടൂണിസ്റ്റുകള്‍ ഉള്ള ഒരു പ്രദേശമാണ് കേരളം എന്ന് അഭിമാനത്തോടെ നമുക്ക് പറയാം. അതുകൊണ്ടുതന്നെയാണ് കേരളം ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ ഒരു പ്രഭവ കേന്ദ്രമായി മാറുന്നതും. ശങ്കര്‍ എന്ന ഒരു വ്യക്തിയില്‍ നിന്നാണ് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കല രാജ്യമാകെ വ്യാപിപ്പിക്കാന്‍ കാരണമായത് എന്നുള്ളത് ചരിത്ര സത്യമാണ്. ശങ്കറിന്‍റെ ശിഷ്യഗണങ്ങളാണ് ഒരുകാലത്ത് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗം അടക്കിവാണിരുന്നത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ശിഷ്യരായ മിക്കവരും പില്‍ക്കാലത്ത് പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായി മാറിയതാണ് ചരിത്രം. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ പിതാവായിരുന്ന അദ്ദേഹത്തിന്‍റെ ശങ്കേഴ്‌സ് വീക്കിലി കാര്‍ട്ടൂണ്‍ സര്‍വകലാശാല തന്നെയായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഡേവിഡ് ലോയുടെ ശൈലിയായിരുന്നു ശങ്കര്‍ പിന്തുടര്‍ന്നത്. തന്‍റെ ശിഷ്യരും അപ്രകാരം തന്നെയായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബദ്ധമായിരുന്നു.

പുതുതലമുറയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും ശങ്കറിന്‍റെ കാര്‍ട്ടൂണുകള്‍ പാഠമാക്കിയിട്ടുണ്ട്. അവര്‍ അറിഞ്ഞോ അറിയാതെയോ ശങ്കറിന്‍റെ ശിഷ്യന്‍മാരായി മാറി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഇന്ന് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ വ്യത്യസ്ഥ ശൈലികളിലാണ് വരയ്ക്കുന്നത്. സ്വന്തമായി ശൈലികള്‍ ഉണ്ടാക്കി ഓരോരുത്തരും വേറിട്ട് നില്‍ക്കുന്നു. ശൈലികള്‍ മാറിയെങ്കിലും ശങ്കറും, ശങ്കറിന്‍റെ കാര്‍ട്ടൂണുകളും പിന്‍ തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പാഠഭാഗം തന്നെയാണ്. ഇന്നും മലയാളി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ദേശിയ തലത്തില്‍ പഴയ പ്രതാപമില്ലെങ്കിലും മുന്‍ നിരയില്‍ അവരാണ് ഇപ്പോഴും കൂടുതല്‍ എന്നും നമുക്ക് കാണാം. രാജ്യത്തെ പല പ്രമുഖ മാധ്യമങ്ങളുടെ കാര്‍ട്ടൂണിസ്റ്റുകള്‍ ഇന്ന് മലയാളികള്‍ തന്നെയാണ്. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്ത് മലയാളിക്ക് ഉള്ള സ്ഥാനം എടുത്തുപറയേണ്ടത് അതുകൊണ്ടുതന്നെയാണ്.

1981ൽ കേരളത്തില്‍ രൂപം കൊണ്ട കാര്‍ട്ടൂണിസ്റ്റുകളുടെ പ്രസ്ഥാനമാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി. ഇന്ത്യയുടെ കാര്‍ട്ടൂണ്‍ കലയെ വളര്‍ത്തുന്നതില്‍ ശങ്കര്‍ നല്‍കിയ പങ്കു പോലെ തന്നെയാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സംഭാവനയും. കേരള കാര്‍ട്ടൂണ്‍ അക്കാദമി രൂപം കൊള്ളും മുന്‍പേ കേരളത്തില്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മ ഉണ്ടായി. കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും കൂട്ടായ്മയുടെ ആഗ്രഹം തുടങ്ങിയത് കേരളത്തില്‍ കാര്‍ട്ടൂണ്‍ പ്രചാരം കിട്ടിയ നാള്‍ മുതല്‍ തന്നെയാണ്. പക്ഷെ അത് ആദ്യമായി സാക്ഷാത്കരിക്കപ്പെട്ടത് 1967ല്‍.

അക്കാലത്ത് കൊച്ചിയില്‍ കാര്‍ട്ടൂണിസ്റ്റ് തോമസ്, ശിവറാം, പി.കെ. മന്ത്രി, ആര്‍ട്ടിസ്റ്റ് രാഘവന്‍ നായര്‍ തുടങ്ങിയവര്‍ ഡൽഹിയില്‍ നിന്ന് അവധി ചെലവിടാന്‍ നാട്ടിലെത്തിയ കാര്‍ട്ടൂണിസ്റ്റ് കുട്ടിയെ പങ്കെടുപ്പിച്ച് ഒരു കൂട്ടായ്മ ഒരുക്കി. അഖില കേരള ഹാസ്യ കലാ പരിഷത്ത് എന്ന സംഘടന അന്ന് രൂപീകരിക്കുകയും, അവരന്ന് നടന്ന കൂട്ടായ്മയെ അഖില കേരള ഹാസ്യ കലാ പരിഷത്ത് സമ്മേളനം എന്ന് വിളിക്കുകയും ചെയ്തു. എറണാകുളത്തെ പ്രശസ്തമായ കൃഷ്ണന്‍ നായര്‍ സ്റ്റുഡിയോയില്‍ ചെന്ന് ഫോട്ടോ എടുപ്പിച്ച് വാര്‍ത്ത സഹിതം അഖില കേരള ഹാസ്യ കലാ പരിഷത്ത് സമ്മേളനം പത്രങ്ങളില്‍ പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു. ആ കൂട്ടായ്മയാണ് മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ആദ്യ കാര്‍ട്ടൂണിസ്റ്റ് കൂട്ടായ്മ. അന്നത്തെ ഒറ്റ ദിവസത്തെ പരിപാടിയോടെ അഖില കേരള ഹാസ്യ കലാ പരിഷത്ത് പ്രവര്‍ത്തനരഹിതമായി.

ആദ്യ കൂട്ടായ്മയായ അഖില കേരള ഹാസ്യ കലാ പരിഷത്ത് സമ്മേളനത്തിന്‍റെ ഊര്‍ജം ഉള്‍ക്കൊണ്ട്, മറ്റൊരു കൂട്ടായ്മയ്ക്ക് പല വട്ടം പല തരത്തിലുള്ള ശ്രമങ്ങളുണ്ടായെങ്കിലും ഒന്നും പ്രായോഗികമിയായില്ല. അതിന് നേത്യത്വം നല്‍കിയ തോമസും, കുട്ടിയും ഇക്കാര്യം പലയിടത്തും സൂചിപ്പിച്ചിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ അവധികാല കൂട്ടായ്മയില്‍ മാത്രം അത് ഒതുങ്ങി.

1981ല്‍ എറണാകുളം നോര്‍ത്തിലെ മാസ് ഹോട്ടലിലെ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന "അസാധു' എന്ന പ്രസിദ്ധീകരണത്തിന്‍റെ ഓഫിസില്‍ ഒരു യോഗം ചേരുകയുണ്ടായി. കാര്‍ട്ടൂണ്‍ രംഗത്ത് വിപ്ലവം തന്നെ സ‌ൃഷ്ടിച്ച കെ.എസ്. പിള്ള 59ാം വയസില്‍ മരണപ്പെട്ട അവസരത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരു സംഘടന പോലും ഉണ്ടായിരുന്നില്ല. അത് അന്ന് വളരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. "കട്ട് കട്ടി'ന്‍റെ പത്രാധിപരായി കോഴിക്കോട് നിന്ന് കൊച്ചിയിലേയ്ക്ക് വിളിച്ചുവരുത്തിയ ബി.എം. ഗഫൂറിനെ പുതുമോടി വിട്ടപ്പോള്‍ മാനെജ്‌മെന്‍റ് പുറത്താക്കാന്‍ പീഡനം തുടങ്ങി. ഗഫൂര്‍ തന്‍റെ സങ്കടങ്ങള്‍ അസാധുവിന്‍റെ ഓഫീസില്‍ വച്ച് യേശുദാസിനോട് പറഞ്ഞു. ഈ പീഡനങ്ങളെ കുറിച്ച് ചോദിക്കാനും പറയാനും ഒരു സംഘടന ആവശ്യമാണെന്ന തോന്നലുണ്ടായി. ഈ രണ്ട് വിഷയങ്ങളാണ് ഇന്ന് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ സമൂഹത്തിന് അഭിമാനമായ കേരള കാര്‍ട്ടൂണ്‍ അക്കാദമി രൂപീകരിക്കുന്നതിനായുള്ള കാരണമായത്.

1981ല്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസിന്‍റെ അധ്യക്ഷതയില്‍ കൂടിയ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ രൂപീകരിക്കുന്നതിനുള്ള ആലോചന യോഗത്തില്‍ ബി.എം. ഗഫൂര്‍, എസ്. മോഹന്‍, രാജു നായര്‍, വൈ.എ. റഹീം എന്നിവരും കോറം തികയ്ക്കാന്‍ ഹാസ്യ സാഹിത്യക്കാരനും ഡിവൈഎസ്പിയുമായ പി. അബ്ദുള്‍ ഹമീദും പങ്കടുത്തു. 1981 നവംബര്‍ 29ന് എറണാകുളം പ്രസ് ക്ലബ്ബില്‍ കാര്‍ട്ടൂണിസ്റ്റ് ശിവറാമിന്‍റെ അധ്യ.ക്ഷതയില്‍ ചേര്‍ന്ന മറ്റൊരു യോഗം ഇന്നത്തെ കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് ഔദ്യോഗികമായി രൂപം കൊടുക്കുകയായിരുന്നു. 16 കാര്‍ട്ടൂണിസ്റ്റുകളാണ് അന്ന് യോഗത്തില്‍ പങ്കെടുത്തത്. ചെയര്‍മാനായി കാര്‍ട്ടൂണിസ്റ്റ് യേശുദാസനേയും സെക്രട്ടറിയായി ബി.എം. ഗഫൂറിനേയും തെരഞ്ഞെടുത്തു. കാര്‍ട്ടൂണിസ്റ്റ് ടോംസായിരുന്നു വൈസ് ചെയര്‍മാന്‍. ഇവരെ കൂടാതെ കാര്‍ട്ടൂണിസ്റ്റുകളായ തോമസ്, ശിവറാം, നാഥന്‍, സീരി, ജോണ്‍ കാക്കനാട്, ശത്രു, കെ.എസ്. ഗോപാലന്‍ (ഭഗവാന്‍), വേണുഗോപാലന്‍ (വേണു), ഡോ. പി. കമലാസന്‍, ബാലു, സി.എ. സോളമന്‍, രാജു നായര്‍, ശിവന്‍, ഗോപന്‍, എം.എം. മോനായി, ജോഷി ജോര്‍ജ്, പീറ്റര്‍ പനത്തറ, എം.എന്‍. മുരളീധരന്‍ എന്നിവരും കേരള കാര്‍ട്ടൂണ്‍ അക്കാദമി രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.

1981ലാണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി രൂപീകരിക്കപ്പെട്ടണെങ്കിലും സൊസൈറ്റി ആക്റ്റ് പ്രകാരം കാര്‍ട്ടൂണ്‍ അക്കാദമി രജിസ്റ്റര്‍ ചെയ്തത് 1983ല്‍ മാത്രമാണ്. 1983 മാര്‍ച്ച് 9ന് എറണാകുളം പ്രസ് ക്ലബ് ഹാളില്‍ നിയമാവലിയുണ്ടാക്കിയ ശേഷമുള്ള ആദ്യ പൊതുയോഗം നടന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് ആദ്യ കമ്മറ്റിയുടെ നേത്യത്വത്തിലായിരുന്നു നിയമാവലി ഉണ്ടാക്കിയത്. യോഗം ചെയര്‍മാനായി യേശുദാസനേയും സെക്രട്ടറിയായി ശിവറാമിനേയും തെരഞ്ഞെടുത്തു. യേശുദാസന്‍ കാര്‍ട്ടൂണ്‍ അക്കാദമിയുടെ ലോഗോ രൂപകല്‍പ്പന ചെയ്തു.

കാര്‍ട്ടൂണ്‍ എന്ന കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒട്ടേറെ കാര്‍ട്ടൂണ്‍ ക്യാംപുകള്‍ കേരളത്തില്‍ പലയിടത്തും സംഘടിപ്പിച്ചിട്ടുണ്ട്. കാലം കാര്‍ട്ടൂണ്‍ അക്കാദമിയെ വളര്‍ത്തി വലുതാക്കിയപ്പോള്‍ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ദേശീയ കാര്‍ട്ടൂണ്‍ ഉത്സവവുമായി മാറ്റിയെടുക്കുവാന്‍ കാര്‍ട്ടൂണ്‍ അക്കാഡമിയുടെ ഭാരവാഹികള്‍ക്ക് സാധിച്ചു. 2016ലും 2017ലും ഒന്നും രണ്ടും എഡിഷന്‍ കാരിട്ടൂണ്‍ വിജയമായി കൊച്ചി കേന്ദ്രീകരിച്ച് നടക്കുകയുണ്ടായി. പിന്നീട് മൂന്നാമത്തെ എഡിഷന്‍ 2023 ലാണ് യാഥാർഥ്യമായത്. 2018ലെ വെള്ളപ്പൊക്കവും തുടര്‍ന്ന് പിന്നീടുണ്ടായ കോവിഡ് കാലവും ഒരു വലിയ വിടവ് ഈ ഒരു ഉത്സവ ആഘോഷത്തിന് ഉണ്ടാക്കി എന്നുള്ളത് ഒരു യാഥാർഥ്യമാണ്.

കാരിട്ടൂണിന്‍റെ നാലാമത്തെ എഡിഷന്‍ കൊച്ചിയില്‍ ആഗസ്റ്റ് 21 മുതല്‍ ആരംഭിക്കുകയാണ്. ഇന്ത്യക്ക് തന്നെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിന്‍റെ ഒന്നാം വാര്‍ഷികം വിപുലമായി ആചരിക്കുന്ന വേളയില്‍ സ്‌പേയ്‌സ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ഇത്തവണ ശ്രദ്ധേയമാക്കി. സ്‌പേയ്‌സ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തത് മലയാളികള്‍ക്ക് അഭിമാനമായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് ആണെന്നുള്ളത് മറ്റൊരു വിശേഷണമാണ്. ഇതുപോലെ തന്നെയാണ് ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള ബന്ധത്തിന്‍റെ 75ാം വാര്‍ഷികത്തിന്‍റെ ഭാഗമായിട്ടുള്ള സെലിബ്രറ്റിങ്ങ് കാര്‍ട്ടൂണ്‍സ് സ്വിസര്‍ലാന്‍റ് ത്രൂ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് എന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനം. വേറിട്ട ഒട്ടേറെ വിഷയങ്ങളിലുള്ള വ്യത്യസ്തമായ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനമാണ് എറണാകുളത്തെ കേരള ലളിതകലാ അക്കാദമി ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്നത്.

കേര വൃക്ഷങ്ങളുടെ നാട് എന്ന് നമ്മള്‍ പുകഴ്ത്തി പറയുന്ന കേരളത്തില്‍ 200ലേറെ കാര്‍ട്ടൂണിസ്റ്റുകള്‍ സജീവമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ കാര്‍ട്ടൂണുകള്‍ ചലിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇത്തവണത്തെ ദേശീയ ചലചിത്ര അനിമേഷന്‍ അവാര്‍ഡും കഴിഞ്ഞ തവണത്തെ ദേശീയ അവാര്‍ഡും ലഭിച്ചത് മലയാളികള്‍ക്കായിരുന്നു. കേരവൃക്ഷങ്ങളുടെ നാട് എന്ന് പറയുന്നതുപോലെ കേരളം കാര്‍ട്ടൂണിസ്റ്റുകളുടെ നാട് കൂടിയാണ് എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ഈ അംഗീകാരങ്ങള്‍.

Trending

No stories found.

Latest News

No stories found.