പ്രതിസന്ധികളുടെ കേരള രാഷ്‌ട്രീയം

കേരളത്തില്‍ കാലുമാറ്റം വലിയ വാര്‍ത്തയാണെങ്കിലും വടക്കേ ഇന്ത്യയില്‍ ഇത് സ്ഥിരം നടക്കുന്ന ഒരു രാഷ്‌ട്രീയ ഇടപാടാണ്
kerala politics special story
പ്രതിസന്ധികളുടെ കേരള രാഷ്‌ട്രീയം
Updated on

വര്‍ത്തമാന കാലത്ത് നടക്കുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്‍റെ പൊട്ടിത്തെറിലൂടെ ഉണ്ടായ രാഷ്‌ട്രീയ പ്രതിസന്ധി കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ പല അവസരങ്ങളിലും ഉണ്ടായിട്ടുണ്ട്. നിലപാടുകളില്‍ വ്യതിചലിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് പല അവസരങ്ങളിലും പലരും ഇത്തരം പ്രസ്താവനകളുമായി പൊതുസമൂഹത്തിന് മുന്നില്‍ വരുന്നത്. കേരളത്തില്‍ ഒട്ടേറെ വര്‍ത്താ ചാനലുകള്‍ ഉള്ളതും ഇത്തരം വിവാദ അവസരങ്ങളില്‍ ഏറെ പ്രചാരം ലഭിക്കുന്നു എന്നുള്ളത് എടുത്തുപറയണം. ആര്‍ക്കും എന്തും പറയുവാന്‍ സാധിക്കുന്ന സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഒരു കടിഞ്ഞാണും ഇല്ലാത്തത് അപകടമാണ്.

കേരളത്തില്‍ കാലുമാറ്റം വലിയ വാര്‍ത്തയാണെങ്കിലും വടക്കേ ഇന്ത്യയില്‍ ഇത് സ്ഥിരം നടക്കുന്ന ഒരു രാഷ്‌ട്രീയ ഇടപാടാണ്. ഒരു ഉളുപ്പുമില്ലാതെ പാര്‍ട്ടി വിട്ട് വേറൊരു പാര്‍ട്ടിയില്‍ ചേരുന്ന പ്രവണത വ്യാപകമാണ് വടക്കേ ഇന്ത്യയില്‍. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം പ്രമുഖരായ എത്രയോ നേതാക്കളാണ് ബിജെപിയില്‍ അംഗമായി പോയത്. കേരളത്തില്‍ സമാനമായ രീതിയില്‍ കുറച്ചുപേര്‍ ബിജെപിയോടൊപ്പം പോയെങ്കിലും അത് വലിയ കോളിളക്കം ഒന്നും സൃഷ്ടിച്ചില്ല. കോണ്‍ഗ്രസിന്‍റെ കൂടെ നിന്ന് അധികാരങ്ങള്‍ പങ്കുവെച്ച് ആഘോഷമാക്കിയ എത്രയോ പേരാണ് ബിജെപിയോടും മറ്റു പല പാര്‍ട്ടികളോടൊപ്പം പോയത് എന്ന് നോക്കിയാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ വലിയ ചലനങ്ങള്‍ ഉണ്ടായി എന്നത് ഒരു യാഥാർഥ്യമാണ്. അത് അദ്ദേഹത്തിന് മധ്യപ്രദേശിലുള്ള സ്വാധീനം ഒന്നുകൊണ്ട് മാത്രമാണ്. എന്നാല്‍ പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്കും മറ്റ് പാര്‍ട്ടികളിലേക്കും പോയത് വാര്‍ത്തകള്‍ പോലുമായില്ല എന്നുള്ളത് മറ്റൊരു വസ്തുത.

കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് കേന്ദ്രമന്ത്രിയും എംപിയും മുഖ്യമന്ത്രിയുമായ പലരും കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് പോയത് കഷ്ടം എന്നേ പറയാന്‍ സാധിക്കൂ. കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് പത്രപ്രസ്താവനകള്‍ നടത്തിയും പത്രസമ്മേളനങ്ങള്‍ നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞവരില്‍ കുറച്ചുപേരെങ്കിലും ഉണ്ട്. അവരില്‍ പലരും രാഷ്‌ട്രീയ രംഗത്ത് നിന്ന് വിസ്മൃതിയിലാകുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.

കേരളത്തിലെ കോണ്‍ഗ്രസും സമാനമായ ചൂട് അറിഞ്ഞിട്ടുണ്ടല്ലോ. കോണ്‍ഗ്രസ് നേതാവായിരുന്ന കെ. കരുണാകരനും മകന്‍ കെ. മുരളീധരനും കൂടി കോൺഗ്രസ് വിട്ട് ഡിഐസി ഉണ്ടാക്കിയ സാഹചര്യം നമുക്ക് ഇവിടെ ഓര്‍ക്കാം. അന്ന് പി.വി. അൻവറും ഇവർക്കൊപ്പമുണ്ടായിരുന്നു! രാഷ്‌ട്രീയ ഭാവി ഇരുളടയുന്നത് തിരിച്ചറിഞ്ഞ കരുണാകരനും മുരളിയും കോണ്‍ഗ്രസിലേക്കു തന്നെ മടങ്ങി വന്നു. ഇപ്പോള്‍ കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കു പോയിരിക്കുന്നത് കാണാം. പക്ഷേ ഒരു ചലനവും അതുകൊണ്ട് ഉണ്ടായില്ല. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയവരും നമ്മുടെ കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ ഉണ്ടല്ലോ. ചര്‍ച്ച ഇപ്പോള്‍ കേരളത്തിലായത് കൊണ്ട് നമുക്ക് കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഉചിതമാകും.

കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ ചെറുതും വലുതുമായ എല്ലാ പാര്‍ട്ടികളും ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യം. കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞാണല്ലോ കേരള കോണ്‍ഗ്രസ് ഉണ്ടായത്. അക്കാലത്ത് പി.ടി. ചാക്കോ കോണ്‍ഗ്രസിലുണ്ടാക്കിയ പ്രതിസന്ധി എത്ര വലുതായിരുന്നു. പില്‍ക്കാലത്ത് കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധികളുണ്ടാക്കി തെറ്റിപ്പിരിഞ്ഞ് പുതിയ കേരള കോണ്‍ഗ്രസുകള്‍ ഉണ്ടായപ്പോള്‍ കെ.എം. മാണി പറഞ്ഞ ഡയലോഗ് പ്രശസ്തമാണ്. വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നായിരുന്നു അത്.

ഇഎംഎസിന്‍റെ കാലം മുതലേ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം പല അവസരങ്ങളിലും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട് എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്. ടി.വി. തോമസ് ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പല വിഭിന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത് ചരിത്രത്തിന്‍റെ ഭാഗമാണ്. കേരള സംസ്ഥാനം രൂപവത്കൃതമായ ശേഷം 1957ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.വി. തോമസ് ആലപ്പുഴയില്‍ നിന്നും വിജയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമാകാനും ഇതോടെ അദ്ദേഹത്തിന് കഴിഞ്ഞു. ഈ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പിന്‍റെയും ഗതാഗത വകുപ്പിന്‍റെയും മന്ത്രിയായിരുന്നു. ഈ മന്ത്രിസഭ 1959ല്‍ അധികാരമൊഴിഞ്ഞു. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലയുറപ്പിക്കുകയാണുണ്ടായത്. സ്വന്തം ഭാര്യയായ കെ.ആർ. ഗൗരിയമ്മയുമായി രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോള്‍ മാറി താമസിച്ച് എതിര്‍ കമ്മ്യൂണിസ്റ്റ് ചേരിയിലേക്ക് മാറിയ ചരിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

ഭര്‍ത്താവ് ടി.വി. തോമസുമായി രാഷ്‌ട്രീയ ആശയത്തിലെ വ്യതിയാനം കൊണ്ട് മാറി താമസിച്ച് സിപിഐഎമ്മിനോടൊപ്പം നിന്ന ഗൗരിയമ്മ വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയുമായി ഇടഞ്ഞ് ഉണ്ടാക്കിയ പ്രതിസന്ധി ചെറുതൊന്നുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ തന്നെ ഞെട്ടല്‍ ഉണ്ടാക്കിയ ഒരു പിന്തിരിഞ്ഞു നില്‍ക്കല്‍ തന്നെയായിരുന്നു ഗൗരിയമ്മയുടെ പല നിലപാടുകളും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിനെ ഏറെ പ്രതിസന്ധിയില്‍ ആക്കിയത് ഗൗരിയമ്മയുടെ പല നിലപാടുകളായിരുന്നു എന്നുള്ളത് കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ വായിക്കാവുന്നതാണ്.

കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്നു എം.വി.ആര്‍ എന്നറിയപ്പെടുന്ന എം.വി. രാഘവന്‍. മേലേത്തു വീട്ടില്‍ രാഘവന്‍ നമ്പ്യാര്‍ എന്നാണു മുഴുവന്‍ പേര്. സിപിഐയിലും പിന്നീട് സിപിഎമ്മിലും പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒട്ടേറെ പ്രസ്ഥാവനകളും നിലപാടുകളും ഒരുകാലത്ത് എടുത്തിരുന്നു. സിപിഎമ്മിന്ന് രാഷ്‌ട്രീയ വെല്ലുവിളി തന്നെയായിരുന്നു വിമത സ്വരത്തിലെ എംവിആര്‍. ഒടുവില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സിഎംപി) രൂപവത്കരിച്ചു. ഏറ്റവുമധികം നിയോജകമണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആള്‍ എന്ന റെക്കോര്‍ഡ് എം.വി. രാഘവന്‍റെ പേരിലാണ്. രാഘവന്‍റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ നികേഷ് കുമാര്‍ നിലവില്‍ സിപിഎമ്മിന്‍റെ പ്രവര്‍ത്തകനാണ്.

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്നുള്ള സിപിഎം നിയമസഭാ സാമാജികനുമായിരുന്ന ആര്‍. സെല്‍വരാജ് സ്വന്തം പാര്‍ട്ടിയില്‍ രാഷ്‌ട്രീയ പ്രതിസന്ധി ഉണ്ടാക്കിട്ടുണ്ട്. ഇടതു മുന്നണിയിലെ സിപിഎം സ്ഥാനാർഥിയായി 2006ല്‍ പാറശാലയില്‍ നിന്നും 2011ല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ജയിച്ച ഇദ്ദേഹം പാര്‍ട്ടിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2012 മാര്‍ച്ച് 9ന് നിയമ സഭാംഗത്വവും പാര്‍ട്ടി സ്ഥാനങ്ങളും രാജി വയ്ക്കുകയും തുടര്‍ന്ന് 2012 ജൂണ്‍ 2ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു. കേരളത്തിന്‍റെ നിയമസഭാ ചരിത്രത്തിലെ കൗതുകങ്ങളില്‍ ഒന്നാണ് ആര്‍. സെല്‍വരാജ്. ഐക്യകേരളത്തില്‍ ഒരു നിയമസഭാ കാലയളവില്‍ രണ്ടു പാര്‍ട്ടികളുടെ എംഎല്‍എ ആയിരുന്ന ബഹുമതി സെല്‍വരാജിനാണ്. എഡിഎഫിലും യുഡിഎഫിലും ഒരേ കാലയളവില്‍ എംഎല്‍എ ആയി.

സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായ ഒന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിഎസ് പിണറായി പോരാട്ടം. കോണ്‍ഗ്രസില്‍ കരുണാകരനും ആന്‍റണിയും ആയിരുന്നു ഇതുപോലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞ് വിവാദങ്ങളുണ്ടാക്കി പൊതു സമൂഹത്തിനിടയില്‍ ചര്‍ച്ച കൊണ്ടുവന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഈ നേതാക്കന്മാരുടെ പോര് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട് എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. വിഎസ് അച്യുതാനന്ദന്‍റെയും കരുണാകരന്‍റെയും ജനപിന്തുണയും ഈ അവസരത്തില്‍ ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കും ആയിരുന്നു കൂടുതല്‍ പിന്തുണ ഉണ്ടായിരുന്നത് എന്നത് അവരുടെ പക്ഷത്തിന്‍റെ വിജയമായി തന്നെ കണക്കാക്കാം.

അന്‍വറിന് തൊട്ട് മുന്‍പ് കേരള രാഷ്‌ട്രീയത്തില്‍ പ്രതിസന്ധിയുടെ ഒരു തീനാളം സൃഷ്ടിച്ച രാഷ്‌ട്രീയ പ്രവര്‍ത്തകനായിരുന്നു പി.സി. ജോര്‍ജ്. എല്‍ഡിഎഫിലും യുഡിഎഫിലും മാറി മാറി പിന്തുണച്ച് നില്‍ക്കുകയും അവരോരോരുത്തരോടൊപ്പം നില്‍ക്കുമ്പോള്‍ എതിര്‍വിഭാഗത്തെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത് വാര്‍ത്തകളില്‍ സ്ഥാനം നേടിയ വ്യക്തിയാണ് ജോര്‍ജ്. 1977ലെ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.ജെ. ജോസഫിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ജോര്‍ജ് പുറത്താക്കപ്പെട്ടു. പിന്നീട് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്ന് ആ പാര്‍ട്ടിയുടെ ലീഡര്‍ സ്ഥാനം വഹിച്ചു. 2004 മെയ് 31 വരെ ജോസഫ് ഗ്രൂപ്പിലായിരുന്നു. തുടര്‍ന്ന് ആ പാര്‍ട്ടിയില്‍ നിന്ന് മാറിയാണ് കേരള കോണ്‍ഗ്രസ് (സെക്യുലര്‍) രൂപീകരിച്ചത്. ആ സമയത്ത് പി.സി. ജോര്‍ജ് ഇടത് അംഗമായിരുന്നു. അതിനുശേഷം സെക്യുലര്‍ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് യുഡിഎഫ് അംഗമായി. 2016ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് എല്ലാ മുന്നണികളെയും പിന്തള്ളി വിജയിച്ചു. 2017ല്‍ അദ്ദേഹം കേരള ജനപക്ഷം എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി എന്‍ഡിഎയുടെ കൂടെ നിന്നു. അന്‍വറെ പോലെ ഗർജിച്ചിരുന്ന ജോര്‍ജിന് പഴയ ശൗര്യം ഇപ്പോഴില്ല. അന്‍വറിന്‍റെ രാഷ്‌ട്രീയ ഭാവിയും നമുക്ക് കണ്ടറിയാം.

Trending

No stories found.

Latest News

No stories found.