കേരളീയവും പലസ്തീനും പിന്നെ പെൻഷൻ കുടിശികയും

കടക്കെണിക്കു മുകളിൽ അടയിരിക്കുന്ന കേരള സർക്കാരിന് ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാനാവുന്നില്ല. ഇതിനിടെയും സാംസ്കാരിക മഹോത്സവങ്ങൾ നടത്താനും, പലസ്തീനെക്കുറിച്ച് ചർച്ച ചെയ്യാനും നേതാക്കൾക്കു സാധിക്കുന്നു.
കേരളീയം ഉദ്ഘാടനവേദിയിൽ കമൽ ഹാസനും മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളീയം ഉദ്ഘാടനവേദിയിൽ കമൽ ഹാസനും മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ.Metro Vaartha
Updated on

അജയൻ

കേരള സർക്കാർ മുപ്പതു കോടി രൂപ ചെലവിൽ സംഘടിപ്പിച്ച കേരളീയം പരിപാടിക്ക് തിരശീല വീണു കഴിഞ്ഞു. അനുദിനമെന്നോണം പെരുകുന്ന കടക്കെണിയിൽ പൊതുജനക്ഷേമ താത്പര്യം എവിടെ വരെ എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് ഒരാഴ്ച നീണ്ട കേരളപ്പിറവി ആഘോഷം സമാപിച്ചത്.

സംസ്ഥാനത്ത് 55 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ കുടിശികയാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്കും സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കും ലൈഫ് മിഷൻ വീടുകൾക്കും കൊടുക്കാൻ പണമില്ല. എല്ലാത്തിനും സൈദ്ധാന്തിക ന്യായീകരണങ്ങൾ തേടുന്നതിൽ ഭരണകക്ഷി നേതാക്കൾക്കും പിശുക്കുമില്ല.

വൈദ്യുതി ബോർഡിനെ രക്ഷിക്കാൻ കറന്‍റ് ചാർജ് വർധിപ്പിച്ചുകൊണ്ടുള്ളതായിരുന്നു, സംസ്ഥാനത്തിന്‍റെ 67ാം പിറന്നാളിനുള്ള സർക്കാരിന്‍റെ ആശംസ. എണ്ണക്കമ്പനികളെ സഹായിക്കാൻ കേന്ദ്രം ഇന്ധന വില വർധിപ്പിക്കുന്നതുമായി ഇതിനു താരതമ്യങ്ങളുണ്ടാകുന്നതു സ്വാഭാവികം. എന്നാൽ, സംസ്ഥാനത്തിന്‍റെ വിശാല താത്പര്യത്തിനും ഭാവി വളർച്ചയ്ക്കും അനിവാര്യമായ നടപടി എന്ന നിലയിൽ ഇത്തരം സമീകരണങ്ങൾ തള്ളിക്കളയണമെന്നതാണ് ഔദ്യോഗിക വിശദീകരണം.

യുദ്ധക്കെടുതി നേരിടുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പരിപാടികളിലൂടെ പ്രാദേശിക വിഷയങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടാമെന്നും സർക്കാർ കണക്കുകൂട്ടി. ''നിരാശ ഒരു മയക്കുമരുന്നാണ്. മനസിനെ അതു നിസംഗമാക്കുന്നു'' എന്ന ചാർലി ചാപ്ലിന്‍റെ വാക്കുകളാണ് ഇതൊക്കെ കാണുമ്പോൾ ഓർമ വരുന്നത്.

ഇതിനിടെ പ്രാദേശിക വിഷയങ്ങൾ സിപിഎം പൂർണമായി അവഗണിച്ചെന്നു പറയാനുമാകില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് മുസ്‌ലിം ലീഗിനെ പാട്ടിലാക്കാനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ച് നടക്കുന്നുണ്ടല്ലോ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 1-19 എന്ന ഫലം എങ്ങനെയും മെച്ചപ്പെടുത്തിയേ തീരൂ ഇടതുപക്ഷത്തിന്. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലേക്കു മുസ്‌ലിം ലീഗിനെ ക്ഷണിച്ചതു വഴി യുഡിഎഫിൽ അനൈക്യമുണ്ടാക്കുക തന്നെയായിരുന്നു ലക്ഷ്യമെന്നു പ്രത്യേകം പറയേണ്ട കാര്യമില്ല. തത്കാലം ലീഗ് മാത്രമല്ല, കോൺഗ്രസ് നിർദേശത്തിനു വിരുദ്ധമായി മലപ്പുറത്ത് പലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്ത് പോലും സിപിഎമ്മിന്‍റെ ക്ഷണം നിരസിച്ചിരിക്കുകയാണ്. എന്നാൽ, ഇത്തരം രാഷ്‌ട്രീയ നീക്കങ്ങളിലൂടെ ദീർഘകാല ഫലങ്ങൾ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. കുവൈറ്റ് യുദ്ധകാലത്ത് സദ്ദാം ഹുസൈനു പിന്തുണ പ്രഖ്യാപിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് നേടിയത് മറക്കാറായിട്ടില്ലല്ലോ.

ഇതിനെല്ലാം പുറമേ, മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരേ ഉയർന്ന മാസപ്പടി ആരോപണത്തിലും പ്രതിരോധം തീർക്കേണ്ടത് പാർട്ടിയുടെ ബാധ്യതയായി തുടരുകയാണ്. സമുദായ കാർഡ് ഇറക്കി കളിക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ ഫലം കാണാതെ പോകുന്നു.

സമീപകാലങ്ങളിലുണ്ടായ സാമ്പത്തിക കെടുകാര്യസ്ഥതതയാണ് സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. ബജറ്ററി നിയന്ത്രണങ്ങൾ മറികടക്കാൻ രൂപീകരിച്ച കിഫ്‌ബിയും സിഎജി റിപ്പോർട്ടിൽ വിമർശനം ഏറ്റുവാങ്ങി.

ഈ സാമ്പത്തിക വർഷം എടുക്കാവുന്ന കടത്തിന്‍റെ പരിധിയെത്തിക്കഴിഞ്ഞിരിക്കുകയാണ് സംസ്ഥാനം. ഇത്തരത്തിൽ ക്ഷേമ പെൻഷനുകൾക്കും അടിയന്തര സേവനങ്ങൾക്കും പോലും പണമില്ലാതിരിക്കുമ്പോഴാണ് കേരളീയം പോലൊരു സാംസ്കാരിക മാമാങ്കം സംഘടിപ്പിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ അവയുടെ പ്ലാൻ ഫണ്ടിൽ നിന്നുള്ള തുക ഇതിലേക്ക് നൽകേണ്ടിവന്നു എന്നും, സർക്കാർ ഉദ്യോഗസ്ഥർ സ്ഥിരമായി പരിപാടികളിൽ പങ്കെടുക്കാൻ നിർബന്ധിതരായി എന്നുമാണ് വിവരം.

1982-84 കാലഘട്ടം മുതൽ കേരളം വരുവും ചെലവും തമ്മിൽ സന്തുലനമില്ലാതെയാണ് പോകുന്നത്. 2015-16 മുതൽ സാമ്പത്തിക മാനെജ്മെന്‍റ് ഏറ്റവും വഷളാകുകയും ചെയ്തു, പ്രത്യേകിച്ച് ജിഎസ്‌ടി പ്രാബല്യത്തിൽ വന്നതോടെ. പല സാമ്പത്തിക വിദഗ്ധരും എതിർത്തപ്പോഴും, സംസ്ഥാനത്തിനു ജിഎസ്‌ടി ഗുണകരമാകുമെന്നാണ് അന്നത്തെ ധനമന്ത്രി വാദിച്ചിരുന്നത്. അതിനുണ്ടായ ദുരന്തസമാനമായ ഫലം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ പഴിക്കുന്ന പതിവ് തന്നെ ഇപ്പോഴും തുടരുന്നു. എന്നാൽ, ഇതിനിടെ സർക്കാർ മറക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന ഒരു കാര്യമുണ്ട്- ജിഎസ്‌ടി നടപ്പാക്കുമ്പോൾ, അതുമൂലമുണ്ടാകുന്ന കമ്മി നികത്താൻ കേന്ദ്ര സർക്കാർ അഞ്ച് വർഷം പിന്തുണ ഉറപ്പ് നൽകിയിരുന്നു. ഭാവിയിലെ വെല്ലുവിളികൾ നേരിടാനുള്ള തയാറെടുപ്പിനു മതിയായ സമയമായിരുന്നു അത്. എന്നാൽ, വരുമാനം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ യാതൊന്നും ചെയ്തില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചു. പൊതുഖജനാവിനു മേൽ ഇതു ഭീമമായ ബാധ്യത വരുത്തിവച്ചു. ശമ്പളച്ചെലവ് 46,751.71 കോടി രൂപയിൽ നിന്ന് 71,523.97 കോടി രൂപയായി കുതിച്ചുയർന്നു. സംസ്ഥാന ജനസംഖ്യയുടെ വെറും നാലു ശതമാനം ആളുകൾക്കു വേണ്ടി മാത്രം ചെലവാക്കിയതായിരുന്നു അധികം വന്ന ഈ 24,770.26 കോടി രൂപ! ഇത്രയും ചെറിയ ന്യൂനപക്ഷമായിട്ടും സംസ്ഥാന വരുമാനത്തിന്‍റെ 61.32 ശതമാനം പോകുന്നത് ഇവരിലേക്കാണ്.

ഇതിനിടെ വെള്ളക്കരം കൂട്ടി. പിന്നാലെ കറന്‍റ് ചാർജ് കൂട്ടിയപ്പോൾ, ഇനി വാർഷിക വർധനയുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടി വന്നു. ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ ആവശ്യപ്പെട്ട സർക്കാർ, തലസ്ഥാനനഗരിയിലെ തെരുവീഥികളും കെട്ടിടങ്ങളുമെല്ലാം കേരളീയത്തിന്‍റെ പേരിൽ വൈദ്യുതി ദീപങ്ങൾകൊണ്ട് അലങ്കരിച്ചു.

അധികാരത്തിലിരിക്കുന്നവർ നിഷ്‌ക്രിയരും നിസ്സംഗരുമായിരിക്കുകയും, മാറ്റത്തിനു വേണ്ടിയുള്ള ശബ്ദങ്ങൾ അടിച്ചമർത്തുകയും ചെയ്യുമ്പോൾ, വഞ്ചനയുടെ വിജയത്തിലേക്കുള്ള വ്യക്തമായ സൂചന തന്നെയാണത്.

Trending

No stories found.

Latest News

No stories found.