നീതു ചന്ദ്രൻ
കോൺഗ്രസിന് കണ്ണുംപൂട്ടി അധികാരത്തിലേറുന്നതിനുള്ള സാഹചര്യങ്ങളെല്ലാം ഇത്തവണ ഹരിയാനയിലുണ്ടായിരുന്നു. രണ്ടു തവണയായി അധികാരത്തിൽ തുടരുന്ന ബിജെപി സർക്കാരിനോടുള്ള വിരുദ്ധ വികാരമായിരുന്നു അതിൽ പ്രധാനം. രാജ്യം മുഴുവൻ ഏറ്റെടുത്ത കർഷക പ്രക്ഷോഭങ്ങളും ഗുസ്തി താരങ്ങളുടെ സമരവുമെല്ലാം ആ സാധ്യതയെ വർധിപ്പിക്കാനുള്ള ഘടകങ്ങളായിരുന്നു. വോട്ടെടുപ്പു കഴിഞ്ഞ് വന്ന എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിന്‍റെ ഏകപക്ഷീയമായ വിജയം പ്രവചിക്കുന്നതായിരുന്നു.
ഒടുവിൽ ഫലപ്രഖ്യാപന ദിവസം ആദ്യ മണിക്കൂറുകൾ കഴിഞ്ഞതോടെ സകല പ്രവചനങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ബിജെപി ഹരിയാനയിൽ കുതിപ്പു തുടർന്നു. 90 മണ്ഡലങ്ങളിൽ 49 സീറ്റുകളിലും ലീഡ് നേടി ബിജെപി അപ്രതീക്ഷിതമായി കളം നിറയുകയും ചെയ്തു. അമിതമായ ആത്മവിശ്വാസം മുതൽ നിരവധി കാരണങ്ങളാണ് കോൺഗ്രസിന്‍റെ അപ്രതീക്ഷിത തോൽവിക്കു കാരണമായി പറയുന്നത്.
പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് കളി
സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലെ ഒത്തൊരുമയില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് കളി ഹരിയാന കോൺഗ്രസിനെ വർഷങ്ങളോളമായി പിന്തുടരുന്ന ദുര്യോഗമാണ്. ഇത്തവണയും അക്കാര്യത്തിൽ മാറ്റമുണ്ടായിരുന്നില്ല.
മുതിർന്ന നേതാക്കളായ ഭൂപീന്ദർ സിങ് ഹൂഡയും കുമാരി ഷെൽജയും തമ്മിലുള്ള ശീത സമരം പ്രകടമായിരുന്നു. ജാട്ട് സമുദായത്തിന്‍റെ വോട്ടുറപ്പിക്കുന്നതിൽ ഹൂഡയുടെയും ദളിത് വോട്ട് ഉറപ്പാക്കുന്നതിൽ കുമാരി ഷെൽജയുടെയും അധ്വാനം പാർട്ടിക്ക് ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു പേരെയും പിണക്കുന്നതിന് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ, ഇരുവരും തമ്മിൽ ഐക്യമുണ്ടാക്കാൻ ഹൈക്കമാൻഡിന് സാധിച്ചില്ല. ഫലത്തിൽ രണ്ടു വിഭാഗമായാണ് ഇരുവരും തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയത്.
കോൺഗ്രസിനോടുള്ള ജനങ്ങളുടെ മതിപ്പ് കുറയ്ക്കുന്നതിൽ ഈ വിഭാഗീയത വലിയ സ്വാധീനം ചെലുത്തി. പാർട്ടി അധികാരത്തിലേറിയാൽ ആരായിരിക്കും മുഖ്യമന്ത്രിയാകുക എന്നതിൽ വ്യക്തമായൊരു ചിത്രം നൽകാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനും സാധിച്ചില്ല. സംസ്ഥാനം ആരു ഭരിക്കുമെന്നതിലുള്ള അവ്യക്തത വോട്ടർമാരുടെ തീരുമാനത്തെയും ബാധിച്ചുവെന്നു വേണം പറയാൻ.
സാമുദായിക രാഷ്ട്രീയം
ഹരിയാനയിലെ രാഷ്ട്രീയത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നൊരു ഘടകമാണ് സാമുദായിക വിഷയങ്ങൾ. അവസരങ്ങൾ പ്രയോജനപ്പെടുത്തി വിവിധ സമുദായങ്ങളുമായി ഐക്യപ്പെടാൻ കോൺഗ്രസിന് ഇക്കാലങ്ങളിലൊന്നും സാധിച്ചിരുന്നില്ല. ഭൂപീന്ദർ ഹൂഡയിലൂടെ ജാട്ട് വോട്ടുകൾ ഉറപ്പാക്കിയെങ്കിൽ പോലും ജാട്ട് ഇതര, നാഗരിക വോട്ടുകളും ദളിത് വോട്ടുകളും ഉറപ്പാക്കുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു.
എന്നാൽ, ബിജെപി വിവിധ സമുദായങ്ങളെ തങ്ങൾക്കൊപ്പം നിർത്തുന്നതിൽ വിജയിച്ചു. ജാട്ട് സമുദായത്തോടുള്ള ബിജെപി സർക്കാരിന്‍റെ നിലപാട് മറ്റു സമുദായങ്ങളെ ഒപ്പം നിർത്തുന്നതിൽ സഹായിച്ചു. അതേസയമം, ബിജെപി വിരുദ്ധ വോട്ടുകൾ സ്വന്തമാക്കാൻ പോലും കോൺഗ്രസിന് സാധിച്ചില്ല.
പ്രാദേശിക പാർട്ടികളും സ്വതന്ത്രരും
പ്രാദേശിക പാർട്ടികളും സ്വതന്ത്രരും കോൺഗ്രസിന്‍റ കുതിപ്പിന് കാര്യമായി തന്നെ തടയിട്ടു. ജൻനായക് ജനത പാർട്ടി (ജെജെപി) നേതാവ് ദുഷ്യന്ത് ചൗട്ടാല തെരഞ്ഞെടുപ്പിന്‍റെ ഗതി നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കോൺഗ്രസിന്‍റെ വോട്ട് ഷെയർ കുറയ്ക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് ജെജെപിയാണ്. അതു പോലെ തന്നെ ഇന്ത്യൻ നാഷണൽ ലോക് ദളും (ഐഎൻഎൽഡി) നിർണായക പങ്ക് വഹിച്ചു.