അമൃത്പാൽ സിങ്: തീവ്രാശയങ്ങൾക്ക് കൈയാമം വീഴുമ്പോൾ

തന്‍റെ ഊഴമെത്തിയപ്പോൾ, സിഖുകാർക്ക് സ്വതന്ത്രരാജ്യമെന്ന വാദം ഉന്നയിച്ചു കൊണ്ട് തന്‍റെ തീവ്രാശയങ്ങളെ അമൃത്പാൽ കൃത്യമായി അവതരിപ്പിച്ചു
അമൃത്പാൽ സിങ്: തീവ്രാശയങ്ങൾക്ക് കൈയാമം വീഴുമ്പോൾ
Updated on

പഞ്ചാബിന്‍റെ രാഷ്ട്രീയ ഭൂമിയിലേക്ക് നിശബ്ദമായിട്ടായിരുന്നു അമൃത്പാൽ സിങ്ങിന്‍റെ രംഗപ്രവേശം. ശബ്ദചർച്ചകൾക്കുള്ള പ്ലാറ്റ്ഫോമൊരുക്കിയ ക്ലബ് ഹൗസിലെ രാഷ്ട്രീയസംവാദങ്ങളിൽ ആദ്യം കേൾവിക്കാരൻ മാത്രമായി. കർഷകസമരവും രാഷ്ട്രീയാവസ്ഥകളുമൊക്കെ ഓഡിയോ റൂമുകളിൽ സംവാദവിഷയമായപ്പോൾ എല്ലാം നിശബ്ദം കേട്ടു നിന്നു. നടനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന സന്ദീപ് സിങ് സിദ്ധുവായിരുന്നു ചർച്ചയുടെ അമരത്ത്. തന്‍റെ ഊഴമെത്തിയപ്പോൾ, സിഖുകാർക്ക് സ്വതന്ത്രരാജ്യമെന്ന വാദം ഉന്നയിച്ചു കൊണ്ട് തന്‍റെ തീവ്രാശയങ്ങളെ അമൃത്പാൽ കൃത്യമായി അവതരിപ്പിച്ചു. ഖലിസ്ഥാൻ വാദത്തിന്‍റെ തീവ്രതയേറിയപ്പോൾ സന്ദീപ് സിദ്ധു അമൃത്പാലിനെ ബ്ലോക്ക് ചെയ്യുന്ന അവസ്ഥ വരെയെത്തി. വാരിസ് പഞ്ചാബ് ദേ സംഘടന രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ സന്ദീപ് സിദ്ധു ഒരു കാറപടകത്തിൽ മരണമടഞ്ഞതോടെ അമൃത്പാലിന് അതൊരു അവസരമായി മാറുകയായിരുന്നു.

തുടർന്ന് വാരിസ് പഞ്ചാബിന്‍റെ തലവനായി അമൃത്പാലിന്‍റെ രംഗപ്രവേശം ചെയ്തു. ആദ്യം സോഷ്യൽ മീഡിയ പേജും, പിന്നീട് സംഘടനയുടെ ഔദ്യോഗിക ഭാരവാഹിത്തവും അനായാസം സ്വന്തമാക്കി. ദുബായിലെ ട്രക്ക് ഡ്രൈവറെന്ന പൂർവകാലമുള്ള അമൃത്പാൽ പിന്നീട് പഞ്ചാബിന്‍റെ രാഷ്ട്രീയത്തിലേക്കു ചുവടുവയ്ക്കുന്നതാണു കണ്ടത്.

അമൃത്പാലിന്‍റെ ആദ്യകാല പ്രസംഗങ്ങൾ അക്രമങ്ങളെ പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും മുന്നേറിയപ്പോൾ പൊലീസും സുരക്ഷാസേനകളുമൊക്കെ നിശബ്ദരായിരുന്നു. ഖലിസ്ഥാൻ മുന്നേറ്റത്തിലേക്കു യുവാക്കളെ എത്തിക്കുന്ന നിരവധി പരിപാടികൾക്ക് നേതൃത്വം കൊടുത്തു. 2022 ഡിസംബറിൽ ജലന്ധറിലെ ഗുരുദ്വാരകളിൽ ആക്രമണം അഴിച്ചുവിടുന്നതു മുതലാണ് അമൃത്പാൽ പൊലീസുമായി ഇടയുന്നത്. തന്‍റെ അനുയായി ലവ് പ്രീത് സിങ്ങിനെ മോചിപ്പിക്കാൻ ആയുധങ്ങളും അനുയായികളുമായി അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതോടെ അമൃത്പാലിന്‍റെ പേര് സംസ്ഥാന-കേന്ദ്ര ഏജൻസികളുടെ ലിസ്റ്റിൽ ഇടംപിടിച്ചു. രാജ്യത്തെ അപമാനിക്കുന്നതും, ഭരണസംവിധാനങ്ങളെയും നേതാക്കളെയും വെല്ലുവിളിക്കുന്നതു പതിവായതും അമൃത്പാലിനു വിനയായി.

മാർച്ച് പകുതിയിലാണു അമൃത്പാലിനെ പിടികൂടാനുള്ള ശ്രമം പഞ്ചാബ് പൊലീസ് തുടങ്ങിവയ്ക്കുന്നത്. സംസ്ഥാനത്തൂടെ അമൃത്പാൽ ഖൽസ വഹീർ യാത്ര തുടങ്ങാനിരിക്കുന്നതിനു തലേദിവസമായിരുന്നു അത്. അന്നു തുടങ്ങിയ ഒളിവുജീവിതം അനന്തമായി നീണ്ടു. അനുയായികളെയും ബന്ധുക്കളെയുമൊക്കെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അപ്പോഴും അജ്ഞാതമായ ഇടത്തിരുന്ന് അമൃത്പാൽ വീഡിയോ സന്ദേശങ്ങൾ അയച്ചു. പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചു. അന്വേഷണസംവിധാനങ്ങൾ മുഴുവനും അമൃത്പാലിനായി ഇറങ്ങിത്തിരിച്ചപ്പോഴും പിടിക്കാനായില്ല.

ഒടുവിൽ കീഴടുങ്ങുന്നതിനായി അമൃത്പാൽ തെരഞ്ഞെടുത്തതു മോഗ ജില്ലയിലെ റോഡെയാണ്. അതേ, ഭിന്ദ്രൻവാലയുടെ ഗ്രാമം. എഴുപതുകളുടെ ഒടുവിൽ ഉടലെടുത്ത രാഷ്ട്രീയാവസ്ഥകളുടെ ഫലമായിരുന്നു ജർണയിൽ സിങ് ഭിന്ദ്രൻവാല. അരനൂറ്റാണ്ടിനിപ്പുറം സ്വതന്ത്ര രാജ്യവാദത്തെ പിന്തുണച്ചു കൊണ്ട്, ഭിന്ദ്രൻവാല 2.0 എന്ന അവകാശവാദവുമായി അമൃത്പാൽ സിങ്ങും എത്തുന്നു, നിവർത്തിയില്ലാതെ കീഴടങ്ങുന്നു. രൂപഭാവങ്ങളിലും ആശയങ്ങളിലും സമാനത പുലർത്തി പുതിയകാലത്തിന്‍റെ ഭിന്ദ്രൻവാലയാകാനുള്ള ശ്രമങ്ങളിൽ നിയമത്തിന്‍റെ കൈയാമം വീണിരിക്കുന്നു.

Trending

No stories found.

Latest News

No stories found.