മാണി സാറിന്‍റെ സ്മരണകള്‍ ഇരമ്പുന്നു

160 വര്‍ഷത്തെ പാരമ്പര്യം പേറുന്ന ഈ മൈതാനത്തിന്‍റെ കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രം കേരള കോണ്‍ഗ്രസിന്‍റെ ചരിത്രമാണ്
km mani
km mani
Updated on

#റോഷി അഗസ്റ്റിന്‍

ചരിത്രം തുടിക്കുന്ന തിരുനക്കര മൈതാനം. കോഴിക്കോടിനു മാനാഞ്ചിറ പോലെ, തിരുവനന്തപുരത്തിനു പുത്തരിക്കണ്ടം മൈതാനം പോലെ, തൃശൂരിനു തേക്കിന്‍കാടു പോലെ, കൊച്ചിക്കു രാജേന്ദ്ര മൈതാനം പോലെ കോട്ടയത്തിനു തിരുനക്കര മൈതാനം. ദിവാന്‍ പേഷ്‌കാര്‍ രാമറാവു പൊലീസ് പരേഡ് ഗ്രൗണ്ടായി സ്ഥാപിച്ച തിരുനക്കര മൈതാനത്താണ് മഹാത്മാ ഗാന്ധി 1925ല്‍ ആദ്യമായി കോട്ടയത്തു വന്നപ്പോള്‍ പ്രസംഗിച്ചത്.

ജവഹര്‍ലാല്‍ നെഹ്‌റുവും പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയും പങ്കെടുത്ത 1928ലെ എസ്എന്‍ഡിപി വാര്‍ഷിക സമ്മേളനവും, സി.വി. രാമന്‍പിള്ളയുടെ അധ്യക്ഷതയില്‍ 1935ല്‍ സമസ്ത കേരള നായര്‍ മഹാസമ്മേളനവും, കോട്ടയം രൂപതയുടെ മെത്രാന്മാരായിരുന്ന മാര്‍ അലക്‌സാണ്ടര്‍ ചൂള പ്പറമ്പിലിന്‍റെയും ബിഷപ് മാര്‍ തോമസ് തറയിലിന്‍റെയും പൗരോഹിത്യ രജതജൂബിലിയും ജിവ്യകാരുണ്യ കോണ്‍ഗ്രസും നടന്നത് തിരുനക്കര മൈതാനത്താണ്. ഉത്തരവാദ ഭരണ പ്രക്ഷോഭണം കൊടുമ്പിരി കൊണ്ട കാലത്ത് സര്‍ സി.പിയുടെ ഭരണത്തിനെതിരെ പതിനായിരങ്ങളെ നയിച്ചുകൊണ്ട് പട്ടം താണുപിള്ളയും പി.ടി. ചാക്കോയും അരങ്ങു നിറഞ്ഞാടിയതും ഈ മൈതാനത്തുതന്നെ. മന്നത്തു പദ്മനാഭന്‍റെ നേതൃത്വത്തില്‍ 1959ല്‍ നടന്ന വിമോചനസമരത്തിന്‍റെ കാഹളം മുഴങ്ങിയതിനും നഗരമധ്യത്തിലെ ഈ മൈതാനത്താണ്. മതസൗഹാര്‍ദത്തിന്‍റെ സ്മാരകം കൂടിയാണു തിരുനക്കര. എം.സി. മാത്യുവിന്‍റെയും ഹസന്‍ ബാവ റാവുത്തറുടെയും നാമത്തിലുള്ള കവാടങ്ങളും മന്നം ശതാഭിഷേക സ്മാരക വേദിയും ഈ മൈതാനത്തിന്‍റെ യശസുയര്‍ത്തുന്നു.

160 വര്‍ഷത്തെ പാരമ്പര്യം പേറുന്ന ഈ മൈതാനത്തിന്‍റെ കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രം കേരള കോണ്‍ഗ്രസിന്‍റെ ചരിത്രമാണ്. പി.ടി. ചാക്കോയുടെ അകാലമരണത്തിനു വഴിതെളിച്ച നെറികേടു രാഷ്‌ട്രീയത്തിനെതിരേ ഇരമ്പിയാര്‍ത്ത ജനസഹസ്രങ്ങളെ സാക്ഷിനിർത്തി ഭാരതകേസരി മന്നത്തു പദ്മനാഭന്‍ 1964 ഒക്ടോബര്‍ 9ന് ഇതേ തിരുനക്കര മൈതാനത്ത് ഇങ്ങനെ പ്രഖ്യാപിച്ചു, ""ഈ രാഷ്‌ട്രീയ പ്രസ്ഥാനത്തിനു ഞാന്‍ കേരള കോണ്‍ഗ്രസ് എന്നു പേരിടുന്നു; അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍റെ വോട്ട് ഈ പാര്‍ട്ടിക്കായിരിക്കും; എന്‍റെ മാത്രമല്ല, എന്‍റെ ഭാര്യയുടെ വോട്ടും ഈ പാര്‍ട്ടിക്കായിരിക്കും; എന്‍റെയും എന്‍റെ ഭാര്യയുടെയും മാത്രമല്ല, എന്‍റെ സമുദായം മുഴുവന്‍റെയും വോട്ട് ഈ പാര്‍ട്ടിക്കായിരിക്കും.''

ആയിരങ്ങള്‍ ഹര്‍ഷാരവത്തോടെ എതിരേറ്റ ആ പ്രഖ്യാപനത്തിന്‍റെ വജ്രജൂബിലി വര്‍ഷമാണ് 2024. കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 1960കളുടെ ആദ്യപകുതിയില്‍ നിരവധി സമ്മേളനങ്ങളുടെ സംഘാടകനായും വാഗ്മിയായും കെ.എം. മാണി വരവറിയിച്ച വേദിയുമാണ് തിരുനക്കര മൈതാനം. അക്കാലത്ത് ആരംഭിച്ച്, എംഎല്‍എ ആയും മന്ത്രിയായും കേരള കോണ്‍ഗ്രസിന്‍റെ ചെയര്‍മാനായും നൂറുകണക്കിനു സന്ദര്‍ഭങ്ങളില്‍ മാണി സാറിന്‍റെ സിംഹനാദം മുഴങ്ങിയ മൈതാനവും മറ്റൊന്നല്ല.

ഇന്ന്, 2024 ഏപ്രില്‍ മാസം 9ന്, തിരുനക്കര മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പന്തലില്‍ കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനു മനുഷ്യര്‍ ഒന്നിച്ചുചേരും. അദ്ദേഹത്തിന്‍റെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന അര്‍പ്പിക്കാനും ജാജ്വല്യമാനമായ ആ സ്മരണയ്ക്കു മുമ്പില്‍ അരനാഴികനേരം ധ്യാനനിമഗ്‌നരായി ചെലവഴിക്കാനും.

1964ലെ വിശുദ്ധവാരത്തില്‍ പി.ടി. ചാക്കോയോടൊത്ത് കോട്ടഗിരിയിലെ കപ്പൂച്ചിന്‍ ആശ്രമത്തിന്‍റെ ഏകാന്തതയില്‍ ധ്യാനനിമഗ്‌നനായി കഴിഞ്ഞുകൂടിയ ദിനങ്ങളെപ്പറ്റി കെ.എം. മാണി എഴുതി: ""എന്തൊരു നല്ല ധ്യാനം, എത്ര സുന്ദരമായ അന്തരീക്ഷം, അടുത്ത തവണയും നമുക്കു വരണം കേട്ടോ. സ്വതസിദ്ധമായ മന്ദസ്മിതത്തോടുകൂടി പി.ടി. ചാക്കോ എന്നോടു പറഞ്ഞു. പക്ഷേ വീണ്ടും ഞങ്ങള്‍ക്ക് അവിടെ ഒന്നിച്ചുചേരുവാന്‍ കഴിഞ്ഞില്ല. വിശ്വവിഖ്യാതമായ ആ സുഖവാസകേന്ദ്രത്തോടും ധ്യാനാത്മകമായ ചുറ്റുപാടുകളോടുമെല്ലാം അദ്ദേഹം അവസാനയാത്ര പറയുകയായിരുന്നുവെന്ന് ആരറിഞ്ഞു...?''

വേദപാരംഗതനായ വിശുദ്ധ ബെര്‍ണാദിന്‍റെ ശിഷ്യനായിരുന്നു എവുജീനിയൂസ് തൃതീയന്‍ പാപ്പാ. മാര്‍പാപ്പയായ ശേഷവും അദ്ദേഹം ബെര്‍ണാര്‍ദിന്‍റെ ഉപദേശം ആവശ്യപ്പെട്ടിരുന്നു. ഭാരിച്ച ജോലികള്‍ക്കിടയില്‍ ധ്യാനം മുടക്കരുതെന്നായിരുന്നു ബെര്‍ണാര്‍ദിന്‍റെ പ്രധാനോപദേശം. തന്‍റെ രാഷ്‌ട്രീയ ഗുരുവായ പി.ടി. ചാക്കോയില്‍നിന്നും കെ.എം. മാണി സ്വീകരിച്ച ഏറ്റവും ബലവത്തായ ഉപദേശവും ഇതുന്നെയായിരിക്കണം. എല്ലാ വര്‍ഷവും പെസഹാക്കാലത്ത് വാര്‍ഷിക ധ്യാനത്തില്‍ സംബന്ധിക്കുന്ന അനുകരണീയമായ മാതൃക കെ.എം. മാണി മരണംവരെയും പിന്തുടര്‍ന്നു. ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ ദൈവസന്നിധിയില്‍ ഏറ്റുപറയുവാനും അനുഗ്രഹങ്ങള്‍ക്കു നന്ദിപറയാനും അദ്ദേഹം തന്‍റെ ഓരോ ധ്യാനത്തെയും പ്രയോജനപ്പെടുത്തി. വിശുദ്ധിയോടെ നിലകൊള്ളുകയെന്നത് ഏറെ പ്രയാസകരമായ രാഷ്‌ട്രീയമണ്ഡലത്തില്‍ വിശുദ്ധിക്കുവേണ്ടി പരിശ്രമിച്ച നേതാവാണ് കെ.എം. മാണി. ""ജനങ്ങളുടെ ശബ്ദം ദൈവത്തിന്‍റെ ശബ്ദം'' (Vox Populi, Vox Dei) എന്ന വിശുദ്ധവിചാരത്തോടെ ജനസേവനം നിര്‍വഹിച്ച മാണി രാഷ്‌ട്രീയ പ്രവര്‍ത്തകരിലെ വിശുദ്ധനും വിശുദ്ധര്‍ക്കിടയിലെ രാഷ്‌ട്രീയക്കാരനുമാണ്.

1933 ജനുവരി 30നു ജനിച്ച് 8 പതിറ്റാണ്ടുകള്‍ കടന്നു മുന്നേറിയ സംഭവബഹുലവും ഫലസമൃദ്ധവുമായ ജീവിതം പൂര്‍ത്തിയാക്കി, തനിക്കായി നിശ്ചയിച്ചിരുന്ന ഓട്ടപ്പന്തയത്തില്‍ ഒന്നാമനായി ഓടിയെത്തി, ആകാശമോക്ഷം പ്രാപിക്കണമെന്ന ഏകലക്ഷ്യത്തോടെ 2019 ഏപ്രില്‍ 9നു നിത്യതയിലേക്കു പ്രവേശിച്ച മാണി സാറിന്‍റെ ഭൗതികശരീരം അന്ത്യവിശ്രമം കൊള്ളുന്ന പാലാ വലിയ പള്ളിയില്‍ രാവിലെ 6.45ന് ദിവ്യബലിക്കും കബറിടത്തില്‍ പ്രാര്‍ത്ഥനയ്ക്കും ശേഷം 9.30നാണ് തിരുനക്കരയിലെ ചടങ്ങുകള്‍ ആരംഭിക്കുക. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി നിലവിളക്കു കൊളുത്തി പുഷ്പാര്‍ച്ചന നടത്തുന്നതോടു കൂടി ആരംഭിക്കുന്ന, തീര്‍ത്തും അനൗപചാരികമായ ഈ ഒത്തുചേരലിലേക്ക് കെ.എം. മാണിയെ സ്‌നേഹിക്കുന്ന സകലരെയും കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ സ്വാഗതം ചെയ്യുന്നു.

ചാള്‍സ് ലാംബ് എന്ന ആംഗലേയ കവി എഴുതി: ""ഭൂമുഖത്തെ ഏറ്റവും സുന്ദരമായ ദൃശ്യം മനുഷ്യമുഖമാണ്. മനുഷ്യന്‍റെ വ്യക്തിത്വത്തെ അയാളുടെ മുഖം പ്രതിഫലിപ്പിക്കുന്നു. മുഖത്തെ ഭാവഭേദങ്ങള്‍ സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ ആ വ്യക്തിയുടെ മാനസിക വ്യാപാരങ്ങളിലേക്കും ജീവിതത്തിലേക്കും ഒരു പരിധിവരെ കടന്നെത്താന്‍ കഴിയും''.

തന്‍റെ ജീവിതകാലം മുഴുവന്‍ പ്രസാദാത്മകത്വവും ആര്‍ദ്രസ്‌നേഹവും നിറഞ്ഞ പ്രസരിപ്പാര്‍ന്ന മുഖഭാവത്തോടെ ജീവിച്ച കെ.എം. മാണിയെ സംബന്ധിച്ചിടത്തോളം മുഖം മനസിന്‍റെ കണ്ണാടിയായിരുന്നു, ഹൃദയം കാരുണ്യത്തിന്‍റെ ഉറവിടമായിരുന്നു. ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും അധിഷ്ഠിതമായ തന്‍റെ പ്രവര്‍ത്തനശൈലിയാണ് മാണി സാറിനെ കര്‍മോത്സുകതയുടെ ആള്‍രൂപമാക്കി മാറ്റിയതെന്ന് അസന്ദിഗ്ധമായി പറഞ്ഞുകൊള്ളട്ടെ. അതിനാലാണ്, അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ ഒരംശം അലിഞ്ഞുചേര്‍ന്ന തിരുനക്കരയിലെ മണ്ണില്‍ നടക്കുന്ന ഈ സ്മൃതിസംഗമം അവിസ്മരണീയമായി തീരുന്നതും.

(കേരള കോണ്‍ഗ്രസ് - എം നിയമസഭാ കക്ഷി നേതാവും ജലവിഭവ മന്ത്രിയുമാണു ലേഖകൻ)

Trending

No stories found.

Latest News

No stories found.