#വെള്ളാപ്പള്ളി നടേശൻ, ജനറൽ സെക്രട്ടറി, എസ്എൻഡിപി യോഗം
കേരള രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞു നിന്ന കെ.എം. മാണിയെന്ന മാണി സാറിനെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. മാന്യനായ നേതാവ്. പച്ചയായ, മനുഷ്യസ്നേഹിയായ രാഷ്ട്രീയക്കാരൻ. നിഷ്കളങ്ക സ്നേഹവും കൗശല രാഷ്ട്രീയവുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. എത്ര കൂരമ്പുകൾ കൊണ്ട് ആക്ഷേപിക്കപ്പെട്ടാലും കുത്തിനോവിച്ചാലും തിരിച്ച് സൗമ്യ ഭാഷയിലല്ലാതെ പരുഷമായി പ്രതികരിച്ചു കണ്ടിട്ടില്ല. സ്നേഹബന്ധങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും വില കൽപ്പിച്ചു.
കടുത്ത വിമർശനങ്ങളും ആരോപണങ്ങളും ഇത്രയധികം നേരിട്ട രാഷ്ട്രീയ നേതാക്കൾ കുറവാണ്. വിമർശിച്ചവർ തന്നെ അദ്ദേഹത്തെ സ്വീകരിക്കാൻ പുറകേ നടന്നതിനും നാം പലവട്ടം സാക്ഷ്യം വഹിച്ചു. ഇടതുപക്ഷവും വലതുപക്ഷവും മാണിയെയും മാണിയുടെ പാർട്ടിയെയും ആക്ഷേപിക്കാനും നേരിടാനും ശ്രമിച്ചപ്പോഴും ഇരുകൂട്ടരും തരാതരം പോലെ അദ്ദേഹത്തെ സ്വന്തം പക്ഷത്ത് ആഗ്രഹിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം.
ബാർ കോഴക്കേസിൽ മാണിയെ ഏറ്റവും അധികം എതിർത്ത ഇടതുപക്ഷം തന്നെ പിന്നീട് കേരള കോൺഗ്രസിനെ താലത്തിൽ വച്ച് സ്വീകരിച്ചു. പ്രായോഗിക രാഷ്ട്രീയത്തെ ഇത്രത്തോളം വിജയകരമായി വിനിയോഗിച്ച വേറൊരാൾ ഉണ്ടാവുമെന്നു തോന്നുന്നില്ല. മുന്നണി രാഷ്ട്രീയത്തിലെ ചാണക്യനായിരുന്നു മാണി. അരനൂറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്തും വ്യക്തിബന്ധവും വിശ്വാസ്യതയും കാഴ്ചപ്പാടുകളും അദ്ദേഹത്തെ വേറിട്ടു നിർത്തുന്നു.
കേരള കോൺഗ്രസിനോടും ആ പാർട്ടിയുടെ രാഷ്ട്രീയത്തോടും വിയോജിപ്പുകൾ പുലർത്തുമ്പോഴും, മാണി എന്ന വ്യക്തിയോട് ആർക്കും എതിർപ്പുണ്ടാകാനിടയില്ല. വ്യക്തിജീവിതത്തിൽ അദ്ദേഹം പുലർത്തിയ മാന്യത തന്നെയാണ് കാരണം. ജീവാത്മാവും പരമാത്മാവുമായ സ്വന്തം പാർട്ടിയുടെ വളർച്ചയിലും തളർച്ചയിലും പിളർപ്പിലും മഹാമേരു പോലെ തന്നെ മാണി നിന്നു. മനഃസാക്ഷി സൂക്ഷിപ്പുകാരായ സഹപ്രവർത്തകർ വിട്ടുപോയി സ്വന്തം പാർട്ടികൾ ഉണ്ടാക്കിയപ്പോഴും അവരോട് അദ്ദേഹം അന്തസില്ലാതെ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ഉണ്ടായിട്ടില്ല. പോയവരിലേറെയും തിരികെയെത്തി. ഏറ്റവും വലിയ വിമർശകരിൽ ഒരാളായിരുന്ന പി.സി. ജോർജ് പോലും വീണ്ടും മാണിക്കൊപ്പം ചേർന്ന സന്ദർഭവുമുണ്ടായി.
രാഷ്ട്രീയത്തെയും വ്യക്തിബന്ധങ്ങളെയും വേറിട്ട കണ്ട നേതാവാണ് അദ്ദേഹം. സരസമായി വിമർശിക്കുകയല്ലാതെ വ്യക്തിപരമായി ആക്രമിക്കുക അദ്ദേഹത്തിന്റെ ശൈലിയല്ലായിരുന്നു. സമകാലിക രാഷ്ട്രീയത്തിലെ വ്യക്തികേന്ദ്രീകൃതമായ വിമർശനങ്ങളും എതിർപ്പുകളും മറ്റും കാണുമ്പോഴാണ് മാണിയുടെ സമീപനരീതികളുടെ മൂല്യം മനസിലാവുക.
കുടിയേറ്റ കർഷകരുടെ, വിശേഷിച്ച് മധ്യകേരളത്തിലെ ക്രൈസ്തവരുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് പിന്നിൽ മാണിയുടെയും കേരള കോൺഗ്രസിന്റെയും സംഭാവനകൾ വളരെ വലുതാണ്. അധികാരവും ഭരണസ്വാധീനവും ജനങ്ങൾക്കു വേണ്ടിയാണെന്ന് വിശ്വസിച്ച നേതാക്കളിൽ ഒരാളായിരുന്നു മാണി. അതിന്റെ പേരിൽ ആരോപണങ്ങൾ ഒരുപാട് നേരിട്ടെന്ന കാര്യവും മറക്കുന്നില്ല. എങ്കിലും, അണികളോട് പ്രതിബദ്ധതയുള്ള നേതാവായിരുന്നു.
വളരും തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എന്ന മാണിയുടെ വിശകലനം അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ആഴമാണ് സൂചിപ്പിക്കുന്നത്. പത്തോളം കേരള കോൺഗ്രസുകൾ ഇപ്പോഴുമുണ്ട്. മാണിക്കൊപ്പം നിന്നവരാണ് എല്ലാ വിഭാഗത്തിന്റെയും നേതാക്കൾ. തിരികെ വന്നവരെ വീണ്ടും ഒപ്പം കൂട്ടി സമവായങ്ങളുടെ സൂത്രവാക്യങ്ങൾ ഇവരിലൂടെ മാണി പലവട്ടം ഉപയോഗിച്ചു. മുന്നണി രാഷ്ട്രീയത്തിലെ എല്ലാ സാധ്യതകളെയും പരിമിതികളെയും പ്രതിസന്ധികളെയും സൂക്ഷ്മമായി, അസാമാന്യ കൗശലത്തോടെ പ്രയോജനപ്പെടുത്തിയ നേതാവ് കൂടിയാണ് അദ്ദേഹം.
കേരള രാഷ്ട്രീയ ചരിത്രത്തിൽ കെ.എം. മാണിയുടെയും കേരള കോൺഗ്രസിന്റെയും ചരിത്രം വേറിട്ടു നിൽക്കും. സ്വന്തം മണ്ഡലമായ പാലായിൽ നിന്ന് 1965 മുതൽ 54 വർഷം 13 തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. അതും റെക്കോഡാണ്. 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡും ആർക്കെങ്കിലും തകർക്കാനാകുമെന്നു തോന്നുന്നില്ല. 10 മന്ത്രിസഭകളിലും അംഗമായിരുന്നു.
രാജ്യത്ത് ആദ്യമായി കാർഷിക പെൻഷൻ കൊണ്ടുവന്നത് അദ്ദേഹമാണ്. കുടിയേറ്റ കർഷകർക്ക് പട്ടയം മുതൽ കാരുണ്യ ചികിത്സാ പദ്ധതി വരെ ജനങ്ങളെ തന്നോടും സർക്കാരിനോടുമൊപ്പം പിടിച്ചു നിർത്തുന്ന നിരവധി പദ്ധതികളാണ് മാണി ആവിഷ്കരിച്ചു നടപ്പാക്കിയത്. ക്ഷേമ പെൻഷനുകൾക്കും റവന്യൂ അദാലത്തിനും പിന്നിൽ ആ കരങ്ങളുണ്ട്. കേരള ലോട്ടറിയിലൂടെ നടപ്പാക്കിയ കാരുണ്യ ചികിത്സാ പദ്ധതിക്ക് ലഭിച്ച സ്വീകാര്യത ചെറുതല്ല. നിയമസഭയിലെ മാണിയുടെ പ്രകടനം പുതുതലമുറ സാമാജികർക്കും മാതൃകയാണ്. കാര്യങ്ങൾ ശരിയായി പഠിച്ചും വിശകലനം ചെയ്തും നിയമസഭാ ചട്ടങ്ങൾ കൃത്യമായി പാലിച്ചുമായിരുന്നു പ്രകടനങ്ങൾ. മരണം വരെ രാഷ്ട്രീയത്തിൽ സജീവമായി നിൽക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായി.
ഒരു വടവൃക്ഷം പോലെ 6 പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിൽ പടർന്നു പന്തലിച്ചു നിന്ന കരിങ്ങോഴക്കൽ മാണി മൺമറഞ്ഞിട്ട് 4 വർഷം തികയുകയാണ്. ആ ശൂന്യതയുപ്പോൾത്തന്നെ താൻ വെട്ടിത്തെളിച്ച് കൈയടക്കിയ രാഷ്ട്രീയ സാനുക്കളിൽ മാണിയെന്ന നേതാവിന്റെ ഓർമകൾ തലയുയർത്തി നിൽക്കും. ആ ചിരിയും സ്നേഹവും പരിഗണനയും ഇന്നും മനസിലുണ്ട്. പ്രിയ സുഹൃത്തിന്റെ സ്മരണകൾക്കു മുന്നിൽ പ്രണാമം.