പിങ്ക് ലൈനിനു ശേഷം മെട്രൊ റെയിൽ അങ്കമാലിയിലേക്കോ മറൈൻ ഡ്രൈവിലേക്കോ?

നഗരത്തിൽ മെട്രൊ റെയിൽ കവറേജ് പൂർണമായാൽ പിന്നീട് സാറ്റലൈറ്റ് ടൗണുകളിലേക്കായിരിക്കും പദ്ധതി നീളുക
Kochi Metro
Kochi MetroKMRL

പ്രത്യേക ലേഖകൻ

കൊച്ചി: കാക്കനാട് വരെയുള്ള കൊച്ചി മെട്രൊ റെയിലിന്‍റെ രണ്ടാം ഘട്ടം നിർമാണ പ്രവർത്തനങ്ങൾക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പിങ്ക് ലൈൻ എന്നു പേരിട്ടിരിക്കുന്ന ഈ ഘട്ടത്തിനു ശേഷം മെട്രൊ എങ്ങോട്ട് എന്നതാണ് അടുത്ത ചോദ്യം. ആലുവ മുതൽ പേട്ട വരെ നിശ്ചയിച്ചിരുന്ന ആദ്യ ഘട്ടം തന്നെ പേട്ടയിൽ നിന്നു തൃപ്പൂണിത്തുറ വരെ നീട്ടാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി വരുകയാണ്. രണ്ടാം ഘട്ടത്തോടെയും പദ്ധതിയുടെ വികസന സാധ്യതകൾ അവസാനിക്കുന്നില്ല എന്നതാണ് വസ്തുത.

Kochi Metro
കൊച്ചി മെട്രൊ രണ്ടു വർഷത്തിനുള്ളിൽ കാക്കനാടെത്തും

അങ്കമാലി

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വരെ മെട്രൊ നീട്ടണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നതാണ്. എന്നാൽ, എയർപോർട്ടിനു പകരം അങ്കമാലിക്കു നീട്ടുന്നതായിരിക്കും കൂടുതൽ സൗകര്യപ്രദം എന്ന നിലപാടിലാണ് കൊച്ചി മെട്രൊ റെയിൽ അധികൃതർ എന്നാണ് സൂചന. എയർപോർട്ട് വഴി അങ്കമാലിയിലേക്കു നീട്ടിയാൽ കൂടുതൽ ഗുണകരമാകും.

എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ ബസ് റൂട്ടുകളിലൊന്നാണ് എറണാകുളം - അങ്കമാലി പാത. ഈ റൂട്ടിൽ മെട്രൊ വരുന്നത് ദിവസേന പതിനായിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനകരമായിരിക്കും. എംസി റോഡ് ദേശീയപാതയിൽ വന്നു ചേരുന്ന ജംക്‌ഷൻ എന്നതാണ് മേഖലയിലെ ഗതാഗത സംവിധാനത്തിൽ അങ്കമാലിയുടെ ഏറ്റവും വലിയ പ്രസക്തി.

അത്താണിയിൽ നിന്ന് നെടുമ്പാശേരി വഴി അങ്കമാലിയിലേക്ക് കണക്റ്റ് ചെയ്യുകയോ, അത്താണിയിൽ നിന്ന് മെട്രൊ പാതയുടെ ശാഖ എയർപോർട്ടിലേക്ക് നീട്ടുകയോ ചെയ്യാം. എന്നാൽ, എയർപോർട്ടിലേക്ക് നീട്ടുന്നത് സാമ്പത്തികമായി ഭാവിയിൽ ഗുണം ചെയ്യുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. അതിനാൽ, മെട്രൊ പാത ദേശീയ പാതയ്ക്കു സമാന്തരമായി അങ്കമാലിയിലേക്കു നീട്ടുകയും, നിലവിൽ ആലുവയിൽ നിന്ന് എയർപോർട്ടിലേക്ക് ഫീഡർ ബസ് ഏർപ്പെടുത്തിയിരിക്കുന്ന മാതൃകയിൽ അത്താണിയിൽ നിന്ന് ബസ് ഏർപ്പെടുത്തുകയും ചെയ്യുന്നതായിരിക്കും സാമ്പത്തികമായി കൂടുതൽ മെച്ചം എന്ന വാദവും നിലനിൽക്കുന്നു.

മറൈൻ ഡ്രൈവ്

രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നഗരത്തിലെ തിരക്കേറിയ മേഖലകളിൽ മെട്രൊ കവറേജ് ലഭിക്കാത്ത ഏക മേഖല മറൈൻ ഡ്രൈവ് ആയിരിക്കും. മെട്രൊ റെയിൽ നിർമാണത്തിന് ആദ്യം പരിഗണിച്ചിരുന്ന റൂട്ടുകളിലൊന്ന് ഇതായിരുന്നെങ്കിലും, ദൂരം കുറച്ച് എംജി റോഡ് വഴിയാക്കാൻ തീരുമാനിച്ചതോടെ മറൈൻ ഡ്രൈവും ഹൈക്കോടതിയുമെല്ലാം പുറത്താകുകയായിരുന്നു. ഇനിയായാലും എംജി റോഡിലേക്കു തിരിയുന്ന ഭാഗത്തുനിന്നു വെറും രണ്ടര കിലോമീറ്റർ ലൈൻ കൂടി നിർമിച്ചാൽ ഹൈക്കോടതിയിലെ വാട്ടർ മെട്രൊ ജെട്ടിയുമായി നിലവിലുള്ള മെട്രൊ ലൈൻ ബന്ധിപ്പിക്കാമെന്ന നിർദേശം നിലവിലുണ്ട്. തിരക്കേറിയ മറൈൻ ഡ്രൈവ്, മേനക ഭാഗത്തേക്കും ഗോശ്രീ മേഖലയിലേക്കുമെല്ലാം യാത്ര ചെയ്യുന്നവർക്ക് ഇതു പ്രയോജനപ്പെടും.

Josekutty Panackal

അരൂർ - ചേർത്തല

ഇടപ്പള്ളിയിൽ നിന്ന് വൈറ്റില എത്താൻ എംജി റോഡ് ചുറ്റി വരേണ്ട സ്ഥിതിയാണ് മെട്രൊ യാത്രക്കാർക്ക് നിലവിലുള്ളത്. ഇതിനു പകരം, എൻഎച്ച് ബൈപാസിനു സമാന്തരമായി ഇടപ്പള്ളിയിൽ നിന്നു നേരേ വൈറ്റിലയിലേക്ക് പാത നിർമിച്ചാൽ ഭാവിയിൽ അരൂർ വരെയോ, അവിടെ നിന്നു ചേർത്തല വരെയോ ഇതു നീട്ടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇടപ്പള്ളി - വൈറ്റില ബൈപാസിനു മുകളിലൂടെ അതിവേഗ പാത നിർമിക്കാനുള്ള പദ്ധതി തയാറാക്കുമ്പോൾ മെട്രൊ നിർമാണ സാധ്യത അടയാൻ പാടില്ല എന്നതാണ് പ്രധാനം.

ഫോർട്ട് കൊച്ചി

പഴയ കൊച്ചിയെയും പുതിയ കൊച്ചിയെയും വേർതിരിക്കുന്ന കായലിനടിയിലൂടെ മെട്രൊ പാത നിർമിക്കുക എന്ന നിർദേശം മുൻപ് ഉയർന്നു വന്നതാണെങ്കിലും നിരാകരിക്കപ്പെടുകയായിരുന്നു. ഇതിനു പകരം ഈ റൂട്ടിൽ വാട്ടർ മെട്രൊ സർവീസ് തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ, വാട്ടർ മെട്രൊ റൂട്ടുകൾ വർധിപ്പിക്കുന്നതിനായിരിക്കും മുൻഗണന. ഇതു പൂർത്തിയാകുന്നതോടെ പശ്ചിമ കൊച്ചിയെയും വൈറ്റിലയെയും കാക്കനാടിനെയുമെല്ലാം വെള്ളത്തിലൂടെയും ബന്ധിപ്പിക്കാൻ സാധിക്കും.

Trending

No stories found.

Latest News

No stories found.