ഇടതിന്‍റെ തോല്‍വിയും ജാതി സെന്‍സസിന്‍റെ സ്വാധീനവും

ഭരണകക്ഷിയായ ബിജെപി ജാതി സെന്‍സസിനെ പല്ലും നഖവും ഉപയോഗിച്ച് ശക്തമായി എതിര്‍ക്കുകയാണ്
ഇടതിന്‍റെ തോല്‍വിയും ജാതി സെന്‍സസിന്‍റെ സ്വാധീനവും| Left loss and impact of the caste census
ഇടതിന്‍റെ തോല്‍വിയും ജാതി സെന്‍സസിന്‍റെ സ്വാധീനവും
Updated on

#അഡ്വ. ജി. സുഗുണന്‍

സാമുദായിക സംവരണത്തിന്‍റെ അടിത്തറയായ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും, അതിന്‍റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതിയുടെ ഇന്ദ്രാ സാഹിനി കേസിലെ (1992) ഐതിഹാസികമായ വിധിയും നാളിതു വരെ പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നാക്ക ജനവിഭാഗങ്ങളുടെ എണ്ണവും വിവരങ്ങളും പോലും സര്‍ക്കാരിന്‍റെ കൈവശമില്ല. വസ്തുതാ വിരുദ്ധമായ ജാതി കണക്കുകളുടെ അടിസ്ഥാനത്തിലാണ് സാമുദായിക സംവരണം നടപ്പാക്കിവരുന്നത്. പിന്നാക്ക സംവരണവും പട്ടികജാതി- വര്‍ഗ സംവരണവും ഫലപ്രദമായി നടപ്പാക്കാന്‍ ഇവിടെ കഴിഞ്ഞിട്ടുമില്ല.

സംവരണം നടപ്പിലാക്കാൻ ആദ്യം വേണ്ടത് ജാതി സർവെ തന്നെയാണ്. അതിനു തയാറാകാത്ത കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പിന്നാക്ക സാമുദായിക സംവരണം വേണ്ടെന്നു കരുതുന്നവര്‍ തന്നെയാണ്. എന്തായാലും, ബിഹാറിലെ ജാതി സെന്‍സസും ആന്ധ്ര പ്രദേശിലെയും തെലങ്കാനയിലെയും ജാതി സർവെയുമൊക്കെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളില്‍ രാഷ്‌ട്രീയമായ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നതിൽ യാതൊരു സംശയവുമില്ല.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും മഹാഭൂരിപക്ഷം ജനങ്ങളും പിന്നാക്ക വിഭാഗക്കാരാണ്. ഇക്കൂട്ടരുടെ വികാരം മാനിക്കാതെയും സാമൂഹ്യനീതി നിഷേധിച്ചുകൊണ്ടും ഒരു സര്‍ക്കാരിനും അധിക കാലം മുന്നോട്ടുപോകാന്‍ കഴിയില്ല. ജാതി സെന്‍സസ് നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും അനുവാദം നല്‍കിയിട്ടും, കേന്ദ്രമാണ് നടത്തേണ്ടതെന്ന് പറഞ്ഞ് കൈ കഴുകുന്ന ചില സംസ്ഥാന സര്‍ക്കാരുകളും രാജ്യത്തെ ഇടതുപക്ഷവുമെല്ലാം സ്വന്തം ബാധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. ചില സംസ്ഥാനങ്ങളില്‍ എല്ലാ മേഖലകളിലും സംവരണ വിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള ശ്രമവും നടന്നുവരുന്നു.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ വലിയ പങ്കു വഹിച്ചത് പിന്നാക്ക - ന്യൂനപക്ഷ ജനവിഭാഗങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ മാറ്റങ്ങള്‍ക്ക് അടിസ്ഥാനപരമായ കാരണം കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും മുന്നോട്ടുവച്ച ജാതി സെന്‍സസ് എന്ന പരിപാടിയായിരുന്നു. ബിഹാറിലാണ് ജാതി സെന്‍സസ് നടപ്പിലാക്കല്‍ ആദ്യമുണ്ടായത്. തുടര്‍ന്ന് തെലങ്കാന, ആന്ധ്ര, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജാതി സർവെ നടത്താനുള്ള പ്രഖ്യാപനങ്ങളും നടപടികളും ഉണ്ടായി. കര്‍ണാടകത്തിലും ജാതി സർവെ ഇതിനകം നടത്തിക്കഴിഞ്ഞു.

ഭരണകക്ഷിയായ ബിജെപി ജാതി സെന്‍സസിനെ പല്ലും നഖവും ഉപയോഗിച്ച് ശക്തമായി എതിര്‍ക്കുകയാണ്. മുന്നാക്ക ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബന്ധമായ ബിജെപിക്ക് അതല്ലാതെ മറ്റൊരു സമീപനം സ്വീകരിക്കാന്‍ കഴിയുകയുമില്ല.

രാജ്യത്തെ 80 ശതമാനത്തോളം വരുന്ന പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ജാതി സെന്‍സസ് നടത്താതെ അവരുടെ ശോചനീയവാസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയാത്ത സ്ഥിതിയാണ്. ഓട്ടക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ സംവരണം നടപ്പിലാക്കിയിട്ടുള്ളത്. ഈ സംവരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ക്ക് യാതൊരു അടിത്തറയുമില്ല. സർവെ പൂര്‍ത്തിയാക്കിയാലേ യഥാർഥ ചിത്രം വെളിപ്പെടൂ.

ജാതി സംവരണത്തിനെതിരേ നിലകൊണ്ടിട്ടുള്ള മുന്നാക്ക സംഘടനകളും പ്രസ്ഥാനങ്ങളും ജാതി സർവെയേയും ശക്തമായി എതിര്‍ക്കുകയാണ്. ബിജെപിയുടെയും മറ്റും എതിര്‍പ്പും അതിനാലാണ്. ജാതി സർവെ നടപ്പാക്കുമെന്ന ഇന്ത്യ മുന്നണിയുടെ പ്രഖ്യാപനം വലിയ അനുകൂല സാഹചര്യമാണ് ആ മുന്നണിക്ക് ഉണ്ടാക്കിയത്. യുപിയിലും മറ്റു പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തെലങ്കാന, തമിഴ്‌നാട്, കര്‍ണാടകം, കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണിക്ക് കാര്യമായ വിജയമുണ്ടാകാനുള്ള പ്രധാന കാരണം ജാതി സെന്‍സസ് മുദ്രാവാക്യം തന്നെയാണ്.

എന്നാൽ, ഇന്ത്യ മുന്നണിയുമായി സഹകരിക്കുന്ന ഇടതുപക്ഷം ജാതി സെന്‍സസ് കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. അതിന്‍റെ തിരിച്ചടി പല സംസ്ഥാനങ്ങളിലും അവർക്ക് ഉണ്ടാവുകയും ചെയ്തു. കേരളത്തിലാണ് വലിയ തിരിച്ചടി ഇടതുപക്ഷത്തിനുണ്ടായത്.

കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് ഒരിക്കലും നടത്തില്ലെന്ന് ഇപ്പോള്‍ ജാതി സർവെയില്‍ നിന്നും മാറി നില്‍ക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബോധ്യമുള്ള കാര്യമാണ്. ജാതി സെന്‍സസ് നടത്താന്‍ താത്പര്യമില്ലാത്ത സംസ്ഥാന സര്‍ക്കാരുകളാണ് കേന്ദ്രത്തെ പഴിചാരി ഈ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ തുണച്ച ജാതി സെന്‍സസ്, സംവരണ പരിധി ഒഴിവാക്കല്‍ ആവശ്യങ്ങള്‍ വീണ്ടും ശക്തമായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് സജീവമായി രംഗത്തുവന്നിരിക്കുകയാണ്. ഭരണമുന്നണിയിലുള്ള ജെഡിയുവിന്‍റെയും ടിഡിപിയുടെയും രാഷ്‌ട്രീയ നിലപാടിനനുസൃതമായി ജാതി വിഷയം ഉയര്‍ത്തി അവരില്‍ ഭിന്നത ഉളവാക്കുകയും ഇവരുടെ ലക്ഷ്യമാണ്. ജാതി സംവരണം 50 ശതമാനത്തിലും മേല്‍ കൂട്ടുന്നതിന് ഭരണഘടനാ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ബിഹാറില്‍ നിതീഷ് കുമാറിന്‍റെ വോട്ടുബാങ്ക് പൂര്‍ണമായും ജാതി സെന്‍സസ്, സംവരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ്. നിതീഷ് ഇന്ത്യ സഖ്യത്തിനൊപ്പം ഉണ്ടായിരുന്നപ്പോള്‍ പ്രധാനമായും ഉന്നയിച്ച വിഷയങ്ങളായിരുന്നു ജാതി സെന്‍സസും സംവരണ പരിധിയും. ജെഡിയു ഇപ്പോൾ എന്‍ഡിഎയുടെ ഭാഗമാണെങ്കിലും ജാതി സെന്‍സസ് ആവശ്യവും സംവരണവും ഒഴിവാക്കി മുന്നോട്ടുപോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് നേതൃത്വത്തിനറിയാം. ജാതി സെന്‍സസ് നടത്തുമെന്ന് പറഞ്ഞാണ് നിതീഷ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിവിധ ജാതികളുടെ പിന്നാക്കാവസ്ഥ മനസിലാക്കി വേണം സംവരണാനുകൂല്യം വിതരണം ചെയ്യേണ്ടതെന്ന നിലപാടിലാണ് എൻഡിഎ ഘടകകക്ഷിയായ തെലുങ്കുദേശത്തിന്‍റെ നേതാവ് ചന്ദ്രബാബു നായിഡുവും. എന്തായാലും നിതീഷ് കുമാറിന്‍റെയും ചന്ദ്രബാബു നായിഡുവിന്‍റെയും ഇക്കാര്യത്തിലുള്ള ശക്തമായ നിലപാടും വികാരവും വിസ്മരിക്കാന്‍ വളരെയെളുപ്പത്തില്‍ നരേന്ദ്ര മോദിക്ക് കഴിയുകയില്ല.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പാര്‍ട്ടി ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അടുത്ത ദേശീയ സെന്‍സസില്‍ ജാതി കോളം കൂടി ചേര്‍ത്ത് ജാതി സെന്‍സസ് നടത്തണമെന്നാണ് അതില്‍ നിർദേശിക്കുന്നത്. ജാതി സെന്‍സസ് നടത്തേണ്ടത് കേന്ദ്രമാണെന്നാണ് സിപിഎം നിലപാട്. അതായത് ജാതി സർവെ കേന്ദ്രത്തിന്‍റെ ചുമരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് ഈ പാര്‍ട്ടി നടത്തുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്രം പൊതു സെന്‍സസ് പോലും നടത്തുമെന്ന് തോന്നുന്നില്ല. അവിടെയാണ് സെന്‍സസില്‍ ജാതി കോളം കൂടി ചേര്‍ത്ത് കേന്ദ്രം സെന്‍സസ് നടത്തണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്!

ഇടതുപക്ഷം അധികാരത്തിലുള്ള ഏക സംസ്ഥാനം കേരളമാണ്. സംസ്ഥാനങ്ങള്‍ക്ക് ജാതി സെന്‍സസ് നടത്തുന്നതിന് ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും നിയമതടസവുമില്ല. അതിനാൽ കേരള സർക്കാരിന് സർവെ നടത്താം. സിപിഎം നേതൃത്വത്തിലുള്ള കേരളത്തിലെ സര്‍ക്കാരിന് ജാതി സെന്‍സസില്‍ നിന്ന് ഇനി പിന്നാക്കം പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

പിന്നാക്ക- പട്ടികജാതി ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണം വര്‍ഗീയ വിപത്താണെന്ന് കേരളത്തിലെ പ്ലസ് വണ്‍ പാഠപുസ്തകത്തില്‍ അടിവരയിട്ട് പറയുകയാണ്. ഇതിന് പരിഹാരം സാമ്പത്തിക സംവരണമാണെന്ന് പ്ലസ് വണ്‍ സ്റ്റേറ്റ് സിലബിസില്‍പ്പെട്ട ഹ്യുമാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹ്യപ്രവര്‍ത്തനം എന്ന വിഷയത്തിലെ പാഠഭാഗത്തില്‍ പറയുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിനുവേണ്ടി എസ്‌സിഇആര്‍ടി 2019ല്‍ തയാറാക്കിയ ഈ പാഠഭാഗം സോഷ്യല്‍ വര്‍ക്ക് വിഷയം ഓപ്ഷനായി എടുത്ത കുട്ടികള്‍ നിര്‍ബന്ധമായും പഠിക്കേണ്ടതാണ്. സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് ഈ പാഠത്തില്‍ പറയുന്നു. നമ്മുടെ സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളെപ്പോലും പിന്നാക്ക സംവരണത്തിനെതിരേ തിരിച്ചുവിടുന്ന പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും, ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഈ പാഠഭാഗം നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രസ്താവിച്ചിട്ടുണ്ട്.

ജാതി സെന്‍സസിനും സംവരണത്തിനും എതിരായ ശക്തമായ നിലപാടുള്ള മുന്നാക്ക ജാതി പ്രസ്ഥാനങ്ങള്‍ കേരളത്തിൽ ജാതി സെന്‍സസിനെതിരേ സജീവമായി രംഗത്തുണ്ട്. എന്‍എസ്എസ്, സിറിയന്‍ ക്രിസ്ത്യൻ തുടങ്ങിയ മുന്നോക്ക സാമുദായിക സംഘടനകളുടെ സ്വാധീനം മൂലമാണ് ജാതി സെന്‍സസ് സംസ്ഥാനത്ത് നടത്താതിരിക്കുന്നതെന്ന ആക്ഷേപവും വ്യാപകമായി ഉയരുന്നുണ്ട്.

നായർ, സുറിയാനി ക്രിസ്ത്യാനി വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷവും ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന കാര്യം ഒളിച്ചുവച്ചിട്ട് കാര്യമില്ല. സാമുദായിക സംവരണത്തിനും ജാതി സെന്‍സസിനുമെതിരേ ശക്തമായ നിലപാടുള്ള പാര്‍ട്ടി ബിജെപിയായതു കൊണ്ടുതന്നെയാണ് അവര്‍ ബിജെപിക്ക് പിന്നില്‍ അണിനിരന്നിട്ടുളള്ളതും.

ജാതി സെന്‍സസിനോടുള്ള സിപിഎമ്മിന്‍റെ നിഷേധാത്മക നിലപാടാണ് തെരഞ്ഞെടുപ്പില്‍ ഈ ദയനീയ തോല്‍വി പാര്‍ട്ടിക്ക് നല്‍കിയത്. അതില്‍ നിന്നും പാഠം പഠിക്കാന്‍ പാര്‍ട്ടി തയാറാവണം. അടിയന്തരമായി സംസ്ഥാനത്ത് ജാതി സർവെ നടത്തുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. കേരളത്തിലെ ജനസംഖ്യയില്‍ 83% വരുന്ന പിന്നാക്ക ജനവിഭാഗത്തെ വിസ്മരിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ പിന്നാക്ക ജനവിഭാഗത്തിന്‍റെ മാത്രം അടിത്തറയില്‍ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള ഇടതുപക്ഷത്തിന് ഒരിക്കലും സാധിക്കുകയുമില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിത്തറയായ ഈ വിഭാഗത്തിന്‍റെ വികാരം തൃണവത്ഗണിച്ച് ഇനിയും മുന്നോട്ട് പോയാല്‍ അവരുടെ ഏറ്റവും കടുത്ത പ്രഹരമായിരിക്കും ഇനി ലഭിക്കുക. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ അതിന് തുടക്കം കുറിച്ചിരിക്കുന്നു എന്നതാണു യാഥാര്‍ഥ്യം.

(ലേഖകന്‍റെ ഫോണ്‍: 9847132428)

Trending

No stories found.

Latest News

No stories found.