Left repeatedly becomes Right
വലത്തേക്കു ചായുന്ന ഇടതുപക്ഷം

വലത്തേക്കു ചായുന്ന ഇടതുപക്ഷം

മുകേഷ് ഇതാ പി. ശശിയുടെയും പി.കെ. ശശിയുടെയും പദവിയിലേക്ക് ഉയർന്നിരിക്കുന്നു. ലൈംഗികാരോപണം നേരിടുന്ന എംഎൽഎയെ ധാർമികതയുടെയും പ്രത്യയശാസ്ത്രത്തിന്‍റെയും മറവിൽ സിപിഎം പ്രതിരോധിക്കുന്നു
Published on

അജയൻ

ലൈംഗികാരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിനെ ന്യായീകരിക്കാൻ പറഞ്ഞുപഴകിയതും വിശ്വാസ്യമല്ലാത്തതുമായി ന്യായീകരണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയപ്പോൾ, ഒരു അബദ്ധ നാടകം പോലെ കേരളം അതു കണ്ടുനിന്നു. ആരോപണം കോടതിയിൽ തെളിയിക്കപ്പെടണമെന്നും, മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ഒരു കാരണവുമില്ലെന്നുമാണ് പാർട്ടി സെക്രട്ടറി പറഞ്ഞുവയ്ക്കുന്നു. ഇതേ പാർട്ടി നയിക്കുന്ന സർക്കാർ തന്നെ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെയും പൊതുജന വികാരത്തെയും അവഗണിച്ചുകൊണ്ട്, കുറ്റക്കാരനെന്നു കോടതി വിധിക്കും വരെ നിഷ്കളങ്കൻ എന്ന വാദമാണ് മുകേഷിനെ പ്രതിരോധിക്കാൻ ഗോവിന്ദൻ നിരത്തുന്നത്.

അൽപ്പകാലം മുൻപ് രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരേ ലൈംഗകാരോപണം ഉയർന്നപ്പോൾ അവരുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പാർട്ടിയുടെ സെക്രട്ടറിയാണു താനെന്ന് അദ്ദേഹം സൗകര്യപൂർവം മറക്കുന്നു. മുകേഷിന്‍റെ കാര്യത്തിൽ മൂന്നാമത്തെ ആരോപണവും പുറത്തുവരുമ്പോൾ, ഇരട്ടത്താപ്പാണോ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ പ്രത്യയശാസ്ത്രമെന്ന് കേരളീയർക്കു ന്യായമായും സംശയിക്കാം.

എംപിമാരും എംഎൽഎമാരുമായി നൂറോളം പേർ സമാന ആരോപണങ്ങൾ നേരിട്ടിട്ടും ജനപ്രതിനിധികളായി തുടരുന്നുണ്ടെന്ന ഗോവിന്ദൻ ന്യായം ഇടതുപക്ഷത്തെ വലതുപക്ഷവുമായി തുലനം ചെയ്യുന്നതാണ്; ഒപ്പം, സിപിഎമ്മിന്‍റെ മൂല്യച്യുതിയിലേക്കു വിരൽചൂണ്ടുന്നതും. ''കോൺഗ്രസിനെപ്പോലുള്ള വലതുപക്ഷ പാർട്ടിയിൽ നിന്നു ഞങ്ങൾ ഭിന്നരല്ല'' എന്നാണ് അദ്ദേഹം ഇവിടെ പറയാതെ പറയുന്നത്. ഈ പാർട്ടി ഒരിക്കൽ അപലപിച്ചിരുന്ന പ്രവണതകളെ ഇന്നു പരസ്യമായി ന്യായീകരിക്കുകയാണ് പാർട്ടി സെക്രട്ടറി.

ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണുന്നിനും വളരെ മുൻപു നടി സരിത തന്‍റെ മുൻ ഭർത്താവായ മുകേഷിന്‍റെ വിഴുപ്പു ഭാണ്ഡങ്ങൾ മലയാളികൾക്കു മുന്നിൽ അഴിച്ചുനിർത്തിയിട്ടുള്ളതാണ്. എന്നിട്ടും കമ്യൂണിസ്റ്റ് അതികായനും ട്രേഡ് യൂണിയനിസ്റ്റുമായ പി.കെ. ഗുരുദാസന്‍റെ സ്ഥാനത്ത് ഇടതു കോട്ടയായ കൊല്ലത്തെ പ്രതിനിധീകരിക്കാൻ പാർട്ടി നിയോഗിച്ചത് ഇതേ മുകേഷിനെയാണ്.

'ആവർത്തിക്കുന്ന ജാഗ്രതക്കുറവുകളുടെ' പേരിൽ കുപ്രസിദ്ധനായ ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു പുറത്താക്കിയ കാര്യം പ്രഖ്യാപിക്കുന്ന സമയത്തും ദയനീയമായിരുന്നു എം.വി. ഗോവിന്ദന്‍റെ ന്യായവാദങ്ങൾ. ഇത്രയും കാലം ഇപിയുടെ കാര്യത്തിൽ പാർട്ടി എന്തുകൊണ്ട് കണ്ണടച്ചു എന്ന ചോദ്യം ഗോവിന്ദന്‍റെ പ്രത്യയശാത്ര് വിശദീകരണങ്ങൾക്കു ശേഷവും ഉത്തരമില്ലാതെ ശേഷിക്കുകയാണ്. 'പ്രിയപ്പെട്ട' മുഖ്യമന്ത്രി പിണറായി വിജയനു നേരേ അഴിമതിയും സ്വജനപക്ഷപാതവും ആരോപിക്കപ്പെട്ടപ്പോൾ സർവശക്തിയുമെടുത്ത് പ്രതിരോധിക്കാൻ മുന്നിലുണ്ടായിരുന്ന ആളാണ് ഈ ഇപി. ഇപ്പോൾ, ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനൊപ്പം ചായ കുടിച്ചതിന് ജയരാജനെ പുറത്താക്കി എന്നു പറഞ്ഞാൽ അതു വലിയ കാര്യമൊന്നുമല്ല. ഇപി ഇപ്പോഴും സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തുടരുന്ന സാഹചര്യത്തിൽ, അദ്ദേഹം പാർട്ടി നിലടാപിനു വിരുദ്ധമായൊന്നും ചെയ്തതായി പാർട്ടിക്കു ബോധ്യപ്പെട്ടിട്ടില്ല എന്നു വേണം കരുതാൻ.

പി.വി. അൻവറിനപ്പോലുള്ളവരുടെ കാര്യമെടുത്താൽ, ചില തെറ്റുകൾ മറ്റു തെറ്റുകളെ അപേക്ഷിച്ച് മാപ്പ് നൽകാവുന്നതാണ് എന്ന നയം പാർട്ടി സ്വീകരിച്ചു എന്നു കരുതണം. നിയമലംഘനങ്ങളിലൂടെയും കോടതികളെ വരെ വെല്ലുവിളിച്ചും രൂപപ്പെടുത്തിയ കരിയറാണ് പി.വി. അൻവറിന്‍റേത്. തന്‍റെ മാർഗദർശി കൂടിയായ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരേ ഗുരുതരമായ ആരോപണങ്ങൾ അൻവർ ഉന്നയിച്ചിട്ടും പാർട്ടിക്ക് അദ്ദേഹത്തോട് മൃദു സമീപനം മാത്രം. ഒരിക്കൽ താനുമായി അടുപ്പമുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരേയാണ് അൻവർ ഇപ്പോൾ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പിണറായി ഭരിക്കുന്ന പൊലീസ് വകുപ്പിനെതിരേ തന്നെയാണ് അൻവറിന്‍റെ ചൂണ്ടുവിരൽ നീളുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിൽ സെക്രട്ടറി പി. ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നാണ് അൻവർ പറയുന്നത്. ഈ പി. ശശിയാകട്ടെ, ലൈംഗികാരോപണങ്ങൾ വരെ നേരിട്ടിട്ടുള്ള ആളും.

പക്ഷേ, അൻവറിനു ഭയക്കേണ്ട കാര്യമില്ല, കാരണം, എം.വി. ഗോവിന്ദന്‍റെ അഭിപ്രായത്തിൽ അൻവറിനെ ഒരു പാർട്ടി ക്ലാസ് കൊണ്ട് നേർവഴിക്കു നടത്താവുന്നതേയുള്ളൂ! പാർട്ടിയുടെ ഇപ്പോഴത്തെ പ്രത്യയശാസ്ത്രങ്ങളിൽ അൻവർ ഇതിനകം പ്രാഗൽഭ്യം തെളിയിച്ച സാഹചര്യത്തിൽ ഇനി ഗോവിന്ദന്‍റെ ക്ലാസ് ആവശ്യം വരുമോ എന്നുമാത്രം ചിന്തിച്ചാൽ മതി.

വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് കാൾ മാർക്സ് ചിന്തിച്ചു തുടങ്ങുന്നതിനും എത്രയോ കാലം മുൻപേ ഗ്രീക്ക് തത്വചിന്തകൻ അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ട്, ''പ്രത്യേക രീതിയിൽ നിരന്തരമായി പ്രവർത്തിക്കുന്ന മനുഷ്യർ കാലക്രമേണ പ്രത്യേക നിലവാരം ആർജിക്കും''. നൂറ്റാണ്ടുകൾക്കിപ്പുറം കേരളത്തിൽ ചിലർ ഈ പാഠം ഹൃദയത്തിൽ ഉൾക്കൊണ്ടു എന്നു വേണം കരുതാൻ- അരിസ്റ്റോട്ടിൽ ഉദ്ദേശിച്ച അർഥത്തിൽ അല്ലെങ്കിലും.