അതീതം | എം.ബി. സന്തോഷ്
കാസർഗോഡ് ഗണേശ് മുക്കിലെ നസ്രത്തുൽ ഇസ്‌ലാം ജമാഅത്ത് മസ്ജിദിന് സമീപത്തെ ഖബർസ്ഥാൻ ഭാഗത്ത് മണ്ണ് നീക്കുന്നതിന് പള്ളി അധികൃതർ വിളിച്ചപ്പോൾ അത് ജീവിതമാർഗം അടയ്ക്കാനുള്ളതാണെന്ന് ജെസിബി ഉടമയായ തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയായ എൻ. തങ്കരാജ് വിചാരിച്ചതേയില്ല.
പള്ളിയിൽ എത്തി പണി തുടങ്ങിയത് 2023 ജൂൺ 24ന്. തൊട്ടു പിന്നാലെ ചന്തേര സബ് ഇൻസ്‌പെക്റ്റർ എം.വി. ശ്രീദാസും കൃഷി ഓഫിസർ അംബുജാക്ഷനും മറ്റ് ഉദ്യോഗസ്ഥരും എത്തി. മണൽ നീക്കിയ ഭൂമി 2008ലെ കേരള കൺസർവേഷൻ ഓഫ് നെൽവയൽ തണ്ണീർത്തട നിയമപ്രകാരം സംരക്ഷിക്കണമെന്ന് നിർദേശിച്ചു. ജെസിബി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. മണൽ നീക്കിയതിന് തങ്കരാജിന് റവന്യൂ വകുപ്പ് 12 ലക്ഷം രൂപ പിഴ ചുമത്തി.
സ്ഥലം എംഎൽഎ എൻ.എ. നെല്ലിക്കുന്നിന് മസ്ജിദ് കമ്മിറ്റി പരാതി നൽകി. എംഎൽഎ ഇടപെടുകയും ഉദ്യോഗസ്ഥ വീഴ്ച പരസ്യമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. "എങ്കിൽ കാട്ടിത്തരാം' എന്നുപറഞ്ഞ് ഡാറ്റാ ബാങ്കിൽ രേഖപ്പെടുത്തിയിട്ടുള്ള തണ്ണീർത്തടങ്ങൾ അനധികൃതമായി നികത്തിയെന്നാരോപിച്ചാണ് തങ്കരാജിനെതിരെ നടപടി ആരംഭിച്ചതായിരുന്നു ഫലം. തുടർന്ന് തങ്കരാജിന്‍റെ ജെസിബി ജില്ലാ കലക്റ്റർ പിടിച്ചെടുത്തു. മണ്ണ് നീക്കാൻ മസ്ജിദ് കമ്മിറ്റിയാണ് തന്നെ നിയോഗിച്ചതെന്ന് വ്യക്തത നൽകിയിട്ടും, പിഴയുടെ ഉത്തരവാദിത്തം അദ്ദേഹത്തിന് മാത്രമായി!
കഴിഞ്ഞ ജൂൺ 14ന് പിഴ 45 ലക്ഷം രൂപയായി ഉയർത്തി. ജില്ലാ കലക്റ്റർ ജെസിബിക്ക് 29.9 ലക്ഷം രൂപ വില കണക്കാക്കി. നിയമപ്രകാരം അതിന്‍റെ മൂല്യത്തിന്‍റെ 1.5 ഇരട്ടി പിഴ! ഈ ഉദ്യോഗസ്ഥരുടെ ശുഷ്കാന്തി സമ്മതിക്കണം!
ജൂലൈ 27ന് തങ്കരാജിന് പിഴയടയ്ക്കാൻ കഴിയാത്തതിനാൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പൊലീസ് സ്റ്റേഷനിൽ നിന്ന് കലക്റ്റർ ജെസിബി കണ്ടുകെട്ടി. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് തങ്കരാജിന്‍റെ കുടുംബം. ഇളവ് ആവശ്യപ്പെട്ട് ഒട്ടേറെ ഹർജികൾ നൽകിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. മുഴുവൻ സമ്പാദ്യവും 37 ലക്ഷം രൂപ വായ്പയും ഉപയോഗിച്ചാണ് ജെസിബി വാങ്ങിയത്. 18 മാസമായി മഴയും മഞ്ഞും വെയിലും കൊള്ളുന്ന ജെസിബി തുരുമ്പെടുത്തു തുടങ്ങി. എത്ര ശ്രമിച്ചിട്ടും അത് വീണ്ടെടുക്കാൻ തങ്കരാജിന് കഴിഞ്ഞില്ല. എല്ലാ വരുമാന മാർഗങ്ങളും നിലച്ചതിനാൽ താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്ന് തങ്കരാജ് പറയുന്നു. അതുകൂടി നടന്നു കിട്ടിയാൽ ഈ ഉദ്യോഗസ്ഥർക്ക് ആശ്വാസമാവും!
കേസായതോടെ മണൽ നീക്കാൻ വിളിച്ച പള്ളി കമ്മിറ്റിയും തങ്കരാജിനെ കൈവിട്ടു. അവർ പറയാതെ എങ്ങനെ ഖബർസ്ഥാനിൽ പ്രവേശിക്കാൻ കഴിയും എന്ന ജെസിബിക്കാരന്‍റെ ചോദ്യത്തിന് ഉത്തരമില്ല.
മണൽ നീക്കത്തെക്കുറിച്ചും പിഴയെക്കുറിച്ചും നിയമം പറയുന്നത്: കാർഷിക സുസ്ഥിരതയും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിനായി തണ്ണീർത്തടങ്ങളിൽ നിന്ന് മണലോ മണ്ണോ നീക്കം ചെയ്യുന്നത് കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം 2008 തടയുന്നു. നിയമത്തിന്‍റെ 11ാം വകുപ്പ് പ്രകാരം തണ്ണീർത്തടങ്ങൾ അനധികൃതമായി നീക്കം ചെയ്യുന്നതോ നികത്തുന്നതോ നിരോധിച്ചിരിക്കുന്നു. ഇത്തരം ലംഘനങ്ങളിൽ ഉൾപ്പെട്ട യന്ത്രങ്ങൾ കണ്ടുകെട്ടാനും പിടിച്ചെടുത്ത വസ്തുവിന്‍റെ മൂല്യത്തിന്‍റെ ഒന്നര ഇരട്ടി വരെ പിഴ ചുമത്താനും ജില്ലാ കലക്റ്റർമാർക്ക് വകുപ്പ് 20 അധികാരം നൽകുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ വ്യാപകമായ പരിവർത്തനവും നാശവും തടയാനാണ് ഈ വ്യവസ്ഥകൾ ലക്ഷ്യമിടുന്നത്. തങ്കരാജിന്‍റെ കാര്യത്തിൽ ഈ വ്യവസ്ഥകൾ ലംഘിച്ച് 20 മീറ്റർ മുതൽ 12 മീറ്റർ വരെ വിസ്തൃതിയിൽ ഏകദേശം 60 ലോഡ് മണ്ണ് നികത്താൻ സഹായിച്ചതായി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നതിന് ഈ നിയമം കടുത്ത പ്രത്യാഘാതങ്ങൾ ചുമത്തുന്നുണ്ടെങ്കിലും, ഭൂവുടമകളും കരാറുകാരും തമ്മിലുള്ള ഉത്തരവാദിത്തത്തിലെ കണ്ണടച്ച ഉദ്യോഗസ്ഥരെ സമ്മതിക്കണം!
കാസർഗോഡ് മണ്ണുമായി ബന്ധപ്പെട്ട മറ്റൊരു അനീതി മന്ത്രിതല ഇടപെടലിൽ തിരുത്തിയത് 2 മാസം മുമ്പാണ്. അതിനു വേണ്ടി സ്വാതന്ത്യസമര സേനാനി സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയത് 17 കൊല്ലമാണ്. സമരകാലത്ത് താൻ ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് മുഖ്യമന്ത്രിയായപ്പോൾ മുൻകൈയെടുത്ത് ഇ.കെ. നായനാർ താല്പര്യപ്പെട്ട് അനുവദിച്ചതാണ് എളേരിത്തട്ട് ഗവ. കോളെജ്. നായനാരുടെ മരണാനന്തരം കോളെജ് അദ്ദേഹത്തിന് സ്മാരകവുമായി. കയ്യൂർ രക്തസാക്ഷി കുടുംബാംഗവും കർഷകസമര സേനാനിയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പൊടോര അപ്പു നായർ എന്ന പി.എ. നായർ കോളെജ് സ്ഥാപിക്കാൻ നായനാരുടെ അഭ്യർഥന പ്രകാരം നാലേക്കർ സൗജന്യമായി നൽകി. സ്ഥലത്തോട് ചേർന്ന് സ്വന്തം ഭൂമിയിലേക്കുള്ള വഴി കൊട്ടിയടച്ചാണ് ഈ കയ്യൂർ സമരനായകനെ കോളെജ് അധികൃതർ ആദരിച്ചത്!
പിന്നീട് പരാതിയുമായി അധികാര സ്ഥാനങ്ങൾ കയറിയിറങ്ങുകയായിരുന്നു, ഈ സ്വാതന്ത്യസമര സേനാനി. തുടർന്ന് കോളെജിലേക്കുള്ള റോഡിൽനിന്ന് പി.എ. നായരുടെ സ്ഥലത്തേക്കുള്ള 104 മീറ്റർ നീളത്തിൽ റോഡിനുള്ള സ്ഥലം നൽകണമെന്ന് കോളെജ് വികസന സമിതിയും മനുഷ്യാവകാശ കമ്മിഷനും കോളെജ് വിദ്യാഭ്യാസ ഡയറക്റ്ററും നിർദേശിച്ചിരുന്നു. എന്നാൽ 4 മീറ്റർ വീതിയിൽ 50 മീറ്റർ ദൂരം മാത്രം റോഡ് അനുവദിച്ചായിരുന്നു ആർഡിഒയുടെ ഉത്തരവ്!
ഇതേക്കുറിച്ച് പ്രൊഫ. എം.എൻ. വിജയന്‍റെ മകനും കോളെജ് അധ്യാപകനായിരുന്ന കഥാകൃത്ത് വി.എസ്. അനിൽകുമാർ പ്രതികരിച്ചത് ഇങ്ങനെ: "ജന്മിത്തമ്പുരാൻ കള്ള് ഷാപ്പിൽ എത്തുന്നു. അപ്പോൾ കുടിയാന്മാർ എഴുന്നേറ്റു വായ് കൈ പൊത്തിനിന്നു. കള്ളിനൊപ്പം ചാക്കണ (കള്ള് ഷാപ്പിലെ ഭക്ഷണം) ഒന്നുമില്ല. ജന്മി പരുങ്ങുന്നത് കണ്ട് ഒരു കുടിയാൻ തന്‍റെ കൈയിലുള്ള ഇലപ്പൊതി സംശയിച്ച് നീട്ടി. "ഉണക്കമീൻ ചുട്ടതാണ്' അയാൾ പറഞ്ഞു. ജന്മി അതുകൂട്ടി കള്ളുകുടിച്ചു തുടങ്ങി. തൊട്ടുകൂട്ടാൻ മറ്റൊന്നുമില്ലാത്തതുകൊണ്ട് പരുങ്ങുന്ന കുടിയാനെ കണ്ട് ജന്മി വളരെ ഔദാര്യത്തോടു കൂടി ഇലപ്പൊതി തള്ളിവച്ച് പറഞ്ഞു: "ലേശം എടുത്തോ!'
ആർഡിഒയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ബാക്കിഭാഗം മതിൽകെട്ടി അടച്ചു. പി.എ. നായരുടെ വീട് പണിയും ഇതോടെ നിലച്ചു. വഴിയടച്ചത് ചോദ്യംചെയ്ത് ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി മുതൽ സംസ്ഥാന തലത്തിൽ വരെ പരാതി നൽകി. കഴിഞ്ഞ സെപ്റ്റംബർ 19ന് നന്ദികേടും അനീതിയും നേരിട്ടു ബോധ്യപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വിളിച്ച യോഗത്തിലാണ് ഉദ്യോഗസ്ഥ ഹുങ്കിന് പരിഹാരമായത്.
കോളെജിന്‍റെ മതിൽ പൊളിച്ച് റോഡിനുള്ള സ്ഥലം നൽകാൻ യോഗം തീരുമാനിച്ചു. അപ്പു നായരുടെ പുരയിടത്തിലേക്ക് നാലു മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. കോളെജിന്‍റെ മതിൽ 54 മീറ്റർ നീളത്തിൽ പൊളിച്ച ശേഷം 4 മീറ്റർ ഉള്ളിലേക്ക് മാറ്റി പുനർനിർമിക്കാൻ കോളെജ് വിദ്യാഭ്യാസ ഡയറക്റ്റർ നടപടി സ്വീകരിക്കും. റോഡ് നിർമിക്കാനുള്ള അനുമതിയും കോളെജ് വിദ്യാഭ്യാസ ഡയറക്റ്റർ നൽകാനും തീരുമാനമായി. ഈ 84കാരന്‍റെ ജീവിതത്തിലെ 17 വർഷം സംഘർഷഭരിതമാക്കിയ ഉദ്യോഗസ്ഥർ ഒന്നും സംഭവിക്കാതെ ശമ്പളം വാങ്ങി അടുത്ത ആരെ വഴിയാധാരമാക്കാമെന്ന് ആലോചിച്ച് നടക്കുകയാണ്.
കയ്യൂർ സമര സേനാനിയും റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ സംസ്ഥാന സമിതി അംഗവും ആയിട്ടും അർഹമായ നീതിക്ക് വേണ്ടിവന്നത് 17 കൊല്ലം! അപ്പോൾ, സ്വാധീനമുള്ള ആൾക്കാരാരും കൂടെയില്ലാത്ത ജീവിക്കാൻ കാസർഗോട്ടെത്തിയ ഒരു തമിഴന് എത്ര കൊല്ലം കാത്തിരുന്നാൽ കണ്ണുകെട്ടിയ നീതി കണ്ണുതുറക്കും? ഓരോ ഫയലും ഓരോ ജീവിതമാണെന്നൊക്കെ മുഖ്യമന്ത്രിക്ക് പറയാം. അത് ചവിട്ടി മെതിക്കാൻ ഏതാനും ഉദ്യോഗസ്ഥർ വിചാരിച്ചാൽ മതി. അവരെ നിയന്ത്രിക്കാനോ അത്തരക്കാർക്കെതിരെ നടപടിക്കോ ആരു വിചാരിച്ചാലും കഴിയില്ല. കാരണം, ഇവർ എല്ലാക്കാലത്തും ഭരണകക്ഷിയാണ്!