തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ രീതിയിലാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ ഏപ്രിൽ ഒന്നിനു നിലവിൽ വരികയാണ്. സേവനങ്ങളുടെ വേഗം കൂട്ടുന്നതിനും നടപടികൾ സുതാര്യമാക്കുന്നതിനും ഇതു സഹായിക്കുമെന്നു കരുതാവുന്നതാണ്. നഗരങ്ങളിൽ അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കുന്നതാണ് ഇതിലൊന്ന്. തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റേറ്റിങ് ഏർപ്പെടുത്തുന്നതു മറ്റൊരു നടപടി. പൊതുമരാമത്ത് പ്രവർത്തനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതു ലക്ഷ്യമിട്ടുള്ള ക്വാളിറ്റി മോണിറ്ററിങ് സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. സേവനങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള പരാതി പരിഹരിക്കാൻ സ്ഥിരം സംവിധാനം ഒരുക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത നിർമാണങ്ങൾ കണ്ടെത്താൻ ജിഐഎസ് മാപ്പിങ്, വകുപ്പിലെ സ്ഥലംമാറ്റം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പൂർണമായും ഓൺലൈൻ വഴിയാക്കൽ തുടങ്ങിയ നടപടികളും പരിഷ്കാരങ്ങളുടെ ഭാഗമാണ്.
ഭരണനിർവഹണവുമായി ബന്ധപ്പെട്ട് ഏറ്റവും അടിത്തട്ടിലുള്ള സ്ഥാപനങ്ങളെന്ന നിലയിൽ വളരെയേറെ പ്രാധാന്യമുള്ളതാണു തദ്ദേശ സ്ഥാപനങ്ങൾ. വിവിധ തരത്തിലുള്ള സേവനങ്ങൾക്കായി ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടുന്ന സ്ഥാപനവുമാണത്. അവിടെയെത്തുന്ന ജനങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ ആവശ്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കുക എന്നതാണ് അനിവാര്യമായിട്ടുള്ളത്. സമയം എല്ലാവർക്കും ഏറെ വിലപ്പെട്ടതാണ്. സാങ്കേതിക സംവിധാനങ്ങളുടെ കൂടി സഹായത്തോടെ സമയനഷ്ടം പരമാവധി കുറയ്ക്കാൻ ഓരോ ഭരണനിർവഹണ സ്ഥാപനങ്ങളും ശ്രമിക്കേണ്ടതുമാണ്. അതിലേക്കുള്ള ഏതു നീക്കവും ജനങ്ങൾ സ്വാഗതം ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തൃപ്തികരമായ രീതിയിൽ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി പലപ്പോഴും ഉയരാറുണ്ട്. ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റവും പരാതികൾക്ക് ഇട നൽകാറുള്ളതാണ്. കൈക്കൂലി, അഴിമതി ആരോപണങ്ങൾക്കും അവസരങ്ങൾ ഉണ്ടാകുന്നു. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആത്മാർഥമായി സേവനം ചെയ്യുന്ന ജീവനക്കാർ ധാരാളമുണ്ട്. എന്നാൽ, അവർക്കുപോലും കളങ്കമാവുന്ന തരത്തിൽ പ്രവർത്തിക്കുന്ന ചിലരുമുണ്ട്. സംവിധാനത്തിന്റെ മൊത്തം ശുദ്ധീകരണമാണ് പൊതുജന താത്പര്യത്തിന് ഉതകുന്നത്. ഓരോ പരിഷ്കാരവും ഈ ശുദ്ധീകരണം ലക്ഷ്യമിട്ടാവണം.
കോർപ്പറേഷൻ, നഗരസഭാ പരിധിയിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ലോ റിസ്ക് വിഭാഗത്തിലെ കെട്ടിടങ്ങൾക്കാണ് അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച ശേഷം പെർമിറ്റ് നൽകുന്ന രീതി ഒഴിവാകുന്നു. കെട്ടിട ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഓൺലൈനിൽ സമർപ്പിച്ചാൽ അപേക്ഷിക്കുന്ന അന്നു തന്നെ സിസ്റ്റം ജനറേറ്റഡ് അനുമതി നൽകുകയാണു ചെയ്യുക. ഇതുമൂലം പല തലത്തിലുള്ള പരിശോധനകളും തടസങ്ങളും ഒഴിവായിക്കിട്ടുന്നു. എൻജിനീയറിങ് വിഭാഗത്തിന്റെ ജോലിഭാരം കുറയുകയും അഴിമതി സാധ്യത ഇല്ലാതാവുകയും ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തെറ്റായ സത്യവാങ്മൂലം നൽകിയാൽ കെട്ടിട ഉടമയ്ക്കും ലൈസൻസിക്കും എതിരേ നടപടികളുണ്ടാവും. ഈ സംവിധാനം ക്രമേണ ഗ്രാമപഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയിട്ടുള്ളത്.
സേവനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച പൊതുജനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് റേറ്റിങ് നടപ്പിലാക്കുന്നത്. പൗരന്മാരുടെ "ഫീഡ് ബാക്ക് ' അറിയാൻ പ്രത്യേക ഓൺലൈൻ സംവിധാനം ഒരുക്കുകയാണ്. ഇതു കൃത്യമായി പ്രവർത്തിക്കുന്നുവെങ്കിൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രതയുണ്ടാവും. സേവനത്തിനായി സമീപിക്കുന്നവരുടെ വിലയിരുത്തൽ മോശമാവുന്നത് തങ്ങളെ ബാധിക്കുമെന്ന ആശങ്ക പൊതുവായി ഉണ്ടാകേണ്ടതാണ്. ജനാഭിപ്രായത്തിനു പുറമേ മാലിന്യ സംസ്കരണ മേഖലയിലെ നേട്ടങ്ങൾ, അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ, ഫയൽ തീർപ്പാക്കുന്നതിലെ വേഗം, വിഭവസമാഹരണത്തിലെ പുരോഗതി തുടങ്ങിയ ഘടകങ്ങളും റേറ്റിങ്ങിന് അടിസ്ഥാനമാക്കുന്നുണ്ട്. റേറ്റിങ് സർക്കാർ ഗൗരവത്തിലെടുക്കുന്നുവെങ്കിൽ അതിന്റെ ഫലം തീർച്ചയായും അടിത്തട്ടിലുണ്ടാവും.
തദ്ദേശ സ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫിസിനോടു ചേർന്ന് പൊതുജന സേവന കേന്ദ്രങ്ങൾ നിലവിൽ വരുമെന്നു പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. നഗരസഭകളിലെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനുള്ള പ്ലാറ്റ്ഫോം കെ- സ്മാർട്ട് ഏപ്രിൽ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. പരാതി പരിഹാരത്തിനുള്ള സ്ഥിരം സംവിധാനത്തിന്റെ ഭാഗമായി ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ സ്ഥിരമായി അദാലത്തുകൾ നടത്തും. ഉപജില്ലാ തലത്തിൽ 10 ദിവസം കൂടുമ്പോഴും ജില്ലാ തലത്തിൽ 15 ദിവസം കൂടുമ്പോഴും സംസ്ഥാന തലത്തിൽ ഓരോ മാസവുമാണ് അദാലത്ത് നടത്തുക. പരാതികൾ ഓൺലൈനായി സ്വീകരിക്കാൻ പോർട്ടലുമുണ്ടാകും. പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താനാവശ്യമായ സംവിധാനങ്ങളുടെ അഭാവം ഗുണമേന്മയെ ബാധിക്കുന്നതു തടയാനുള്ള നീക്കം നിർണായകമായ ചുവടുവയ്പ്പാണ്.