#മമ്മൂട്ടി
ഞാൻ കോളെജിൽ നിന്നു പോയതിനു ശേഷമാണു മാഷ് മഹാരാജാസ് കോളെജിൽ പഠിപ്പിക്കാൻ വന്നത്. മൂന്നു കൊല്ലം മഹാരാജാസിൽ പഠിച്ചിരുന്നുവെങ്കിലും, പിന്നീടുണ്ടായ മൂന്നു കൊല്ലം ലോ കോളെജിലെ അഡ്മിഷൻ രജിസ്റ്ററിൽ ഉണ്ടായിരുന്നു. എങ്കിലും എന്റെ വിഹാരരംഗം മഹാരാജാസ് കോളെജ് ആയിരുന്നു. അങ്ങനെ നോക്കുമ്പോൾ ഞാൻ ആറു കൊല്ലം മഹാരാജാസ് കോളെജിൽ പഠിച്ചതാണ്. എന്നിട്ടും ഓമനക്കുട്ടൻ മാഷിന്റെ ക്ലാസിലിരുന്ന് പഠിക്കാനുള്ള യോഗം എനിക്കുണ്ടായില്ല.
ഓമനക്കുട്ടൻ മാഷിനെപ്പറ്റി എല്ലാ വിദ്യാർഥികളും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. മാഷെപ്പറ്റി കുട്ടികൾ പറയുന്നതു സുഹൃത്തായിട്ടാണ്. അങ്ങനെ ഞാൻ പഠിച്ച കാലത്തുണ്ടായിരുന്നതു ഭരതൻ മാഷാണ്. അതിനു ശേഷം വിദ്യാർഥികളുടെ കൂടെ, വിദ്യാർഥിയായിത്തന്നെ, സുഹൃത്തായിട്ടു തന്നെ, അതേസമയം അധ്യാപകനുമായിരുന്ന ആളാണ് ഓമനക്കുട്ടൻ മാഷ്.
ഓമനക്കുട്ടൻ എന്നത് ഒരു മാഷിനു പറ്റിയ പേരൊന്നുമല്ല. പിള്ളേർക്കിടുന്ന പേരുണ്ട്. ആ പേരിൽ തന്നെയാരു കൗതുകമുണ്ട്. വളരെ ഫ്രണ്ട്ലി ആയിട്ടുള്ള പേരു കൂടിയാണു മാഷിനു ലഭിച്ചത്. എഴുതാനൊരു സമയവും കാലവും പ്രായവുമില്ല എന്നതാണ് എല്ലാ എഴുത്തുകാരിൽ നിന്നു മനസിലാക്കിയിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും തുടങ്ങാം, എപ്പോൾ വേണമെങ്കിലും എഴുത്തുകാരനാകാം. മാഷിന്റെ പുസ്തക പ്രസാധനത്തിനോ ഉദ്ഘാടനത്തിനോ എനിക്കു പ്രത്യേകിച്ചു യോഗ്യതയൊന്നുമില്ല. എന്നെക്കണ്ടാൽ ആളുകൾക്കു തിരിച്ചറിയാം, സിനിമാ നടനാണ് എന്നതിനപ്പുറത്തേക്ക് മാഷിന്റെ ഒരു പുസ്തകത്തിന്റെ പ്രകാശനത്തിന് എത്തുക എന്നത് എനിക്കു കിട്ടിയ ഒരു ഭാഗ്യമാണ്. മാഷിന്റെ പുസ്തകം പ്രകാശനം ചെയ്യുപ്പെടുന്നത് പുതിയ അറിവുകളിലേക്ക് ആവേട്ടയെന്ന് ആശംസിക്കുന്നു.
മഹാരാജാസ് കോളെജ് എന്നു പറയുന്നതൊരു സർവകലാശാലയാണ്. എല്ലാ കലകളും പഠിപ്പിക്കുന്ന സ്ഥലം തന്നെയാണ്. മഹാരാജാസ് കോളെജിൽ പഠിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ സിനിമയിൽ വരില്ലായിരുന്നു.