ഇപ്പോഴും സജീവമാണ് മാത്യു ബെന്നി, കുടുംബവും...
എം.ബി.സന്തോഷ്
കരീനപ്പശു പ്രസവിച്ചതിന്‍റെ സന്തോഷത്തിലാണ് ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നിയും കുടുംബാംഗങ്ങളും. അമ്മ ഷൈനി, ജ്യേഷ്ഠൻ ജോർജ്, അനുജത്തി റോസ് മേരി എന്നിവരുൾപ്പെട്ട കുടുംബത്തിന്‍റെ ഏക ഉപജീവനമാർഗമാണ് കന്നുകാലികൾ.
ഈ കുടുംബത്തിനെ കേരളമറിയും. കഴിഞ്ഞ പുതുവത്സരദിനത്തിൽ ഭക്ഷ്യവിഷബാധ മൂലം 13 പശുക്കളെയാണ് കുട്ടിക്കർഷകൻ മാത്യു ബെന്നിക്കും കുടുംബത്തിനും നഷ്ടമായത്. അന്ന് ആ കുടുംബത്തോടൊപ്പം ഈ നാട് ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയായിരുന്നു.
ഡിസംബർ 31ന് കുടുംബാംഗങ്ങൾ ബന്ധുവീട്ടിൽ പോയിരുന്നു. രാത്രി മടങ്ങിയെത്തിയപ്പോൾ എട്ടരയോടു കൂടി പശുക്കൾക്ക് കപ്പത്തൊണ്ട് ആഹാരമായി നൽകി. വിശന്നു നിന്ന പശുക്കൾ കൂടുതൽ തിന്നു. അത് ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചു.
ഈ കുടുംബത്തിന്‍റെ ദുഃഖം കണ്ട് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി 5 പശുക്കളെ നൽകുമെന്ന് വീട്ടിലെത്തി അറിയിച്ചു. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയും കർഷകസംഘം ഇടുക്കി ജില്ലാ കമ്മിറ്റിയും മൂലമറ്റം ഏരിയ കമ്മിറ്റിയും ചേർന്ന് 3 പശുക്കളെ നൽകി.
മുൻ മന്ത്രി പി.ജെ. ജോസഫ് എംഎൽഎയും ഒരു പശുവിനെ സമ്മാനിച്ചു. കത്തോലിക്കാ കോൺഗ്രസ് 2 പശുക്കളെയും മൂരിക്കിടാവിനെയും നൽകി. മമ്മൂട്ടി, പൃഥിരാജ്, ജയറാം, ലുലു ഗ്രൂപ്പ്, മിൽമ തുടങ്ങിയവർ സാമ്പത്തികമായും സഹായിച്ചു.
സംഭവം നടന്നതിന്‍റെ കൃത്യം 16ാംദിവസം മുന്തിയ ഇനത്തിൽപ്പെട്ട 5 പശുക്കളുമായി മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും ആ വീട്ടിലെത്തി. ഹോൾസ്റ്റീൻ ഫ്രീസിയൻ ഇനത്തിൽപ്പെട്ട 5 പശുക്കളെയാണ് കൈമാറിയത്. ഇൻഷ്വറൻസ് പരിരക്ഷയുള്ള പശുക്കളെ മാട്ടുപ്പെട്ടിയിലെ കേരള ലൈവ് സ്റ്റോക്ക് ഡിവലപ്‌മെന്‍റ് (കെഎൽഡി) ബോർഡിന്‍റെ ഫാമിൽ നിന്ന് എത്തിക്കുകയായിരുന്നു. മിൽമയുടെ 45,000 രൂപയുടെ സഹായധനവും മാത്യുവിന് നൽകി. പശുക്കളുടെ ആരോഗ്യം ഓരോ മാസവും പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകാൻ കെഎൽഡി ബോർഡിലെ ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു.
കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന സർക്കാരിന്‍റെ അവാർഡ് നേടിയ 16കാരനായ മാത്യു ബെന്നിയുടെ വീട്ടിലെ ഫാമിൽ ഇപ്പോൾ 7 കറവ പശുക്കളടക്കം 20 കന്നുകാലികളുണ്ട്. ഇതിൽ 4 എണ്ണം മൂരിക്കിടാങ്ങൾ. പെൺകിടാങ്ങൾ മൂന്ന്. കറവയില്ലാത്ത 2 പശുക്കളുമുണ്ട്. കുത്തിവച്ച കിടാക്കൾ 4 എണ്ണം. ദിവസം 60 ലിറ്ററിലേറെ പാൽ കറക്കുന്നു. രാവിലെ 40,വൈകിട്ട് 20 ലിറ്റർ വീതം.പാൽ വീടുകളിലും സൊസൈറ്റികളിലും വിൽക്കും.
സ്ഥലം എംഎൽഎ കൂടിയായ പി.ജെ. ജോസഫ് നൽകിയ പശുവാണ് കരീന. ഗിർ ഇനത്തിൽപ്പെട്ട പശുവാണിത്.രണ്ടുദിവസം മുമ്പ് ഈ പശു പ്രസവിച്ചു. ഇനി അതിന്‍റെ കിടാവിന് ഒരു പേര് വേണം. അതിന്‍റെ ആലോചനകളിലാണ് മാത്യു.നേരത്തെ 3 പശു പ്രസവിച്ചെങ്കിലും രണ്ടെണ്ണം പ്രസവത്തോടെ ചത്തുപോയി. അതിൽ ഇവിടത്തെ വെറ്ററിനറി ക്ലിനിക്കിലെ ചികിത്സ കൃത്യമായിട്ടല്ലായിരുന്നുവെന്ന് കുടുംബത്തിന് പരാതിയുണ്ട്. അത് ഒരു മെസേജ് ആയി മന്ത്രി ചിഞ്ചുറാണിയുടെ ഓഫിസിൽ അറിയിച്ചിരുന്നു. ഇടപെടൽ ഉടൻ ഉണ്ടായി. അതുകൊണ്ട് മറ്റ് പശുക്കളെ സംരക്ഷിക്കാനായതായി എന്ന് അവർ പറയുന്നു.
തീറ്റപ്പുൽകൃഷിക്ക് ആവശ്യമായ നടീൽ വസ്തുക്കൾ ക്ഷീരവികസനവകുപ്പ് നൽകുമെന്നും അനുയോജ്യമായ സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തീറ്റപ്പുല്ല് കൃഷി ചെയ്യാൻ പഞ്ചായത്ത് സഹായിക്കുമെന്നും മന്ത്രി ചിഞ്ചുറാണി ഉറപ്പുനൽകിയിരുന്നു. വീടിനു സമീപം തൊഴുത്തിനടുത്തുള്ള റബർ വെട്ടിമാറ്റാറായി. അത് ഉടൻ വെട്ടും. അതിനുശേഷം അവിടെ തീറ്റപ്പുൽ കൃഷി ചെയ്യാനാണ് ഉദ്ദേശ്യം.
പിതാവ് ബെന്നി മരിച്ചതോടെ 2020ൽ പശുക്കളെ ഏറ്റെടുത്ത എട്ടാം ക്ലാസുകാരനായ മാത്യു ബെന്നി ഇപ്പോൾ വെള്ളിയാമറ്റം സികെവിഎച്ച്എസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. വെറ്ററിനറി ഡോക്റ്ററാവുകയാണ് ലക്ഷ്യം. അതിനായി ബ്രില്ല്യന്‍റ് കോച്ചിങ് സെന്‍ററിന്‍റെ സഹായത്തോടെ എൻട്രൻസിനും പഠിക്കുന്നു. അനിയത്തി റോസ് മേരി പത്താം ക്ലാസിൽ. മൂത്ത സഹോദരൻ ജോർജ് പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്ത് പോകാനിരിക്കുന്നു. ഏർലി ചൈൽഡ്ഹുഡ് എഡ്യുക്കേഷന്‍റെ ഭാഗമായി ഡേ കെയർ ടീച്ചറാവുന്നതിനാണ് വിദേശ യാത്ര. തിരിച്ചടികളിൽ പതറാതെ ഈ കുടുംബം മുന്നോട്ടാണ്.
സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണം 29.09 ലക്ഷം ആണെന്നാണ് ഏറ്റവും ഒടുവിൽ നടന്ന കന്നുകാലി സെൻസസ് പ്രകാരമുള്ള കണക്ക്. അതിനുമുമ്പുള്ള കണക്കെടുപ്പിനെക്കാൾ 16.8 ശതമാനമാണ് വർധന. ഇന്ത്യയിൽ ശരാശരി പ്രതിശീർഷ പാൽ ലഭ്യത 2022-23ൽ 459 ഗ്രാമായിരുന്നു. ഏറ്റവും കൂടുതൽ പ്രതിശീർഷ പാൽ ലഭ്യത പഞ്ചാബിലാണ്- 1,283 ഗ്രാം. രാജസ്ഥാനിൽ അത് പ്രതിദിനം 1,283 ആണ്. കേരളത്തിൽ ഇത് കേവലം 198 ഗ്രാം. പാലുല്പാദന സംസ്ഥാനങ്ങളിൽ കേരളത്തിന്‍റെ സ്ഥാനം 15 ആണ്. കേരളത്തിൽ 2022-23 ൽ മൊത്തം പാലിന്‍റെ ആവശ്യം 33.51 ലക്ഷം ടൺ ആയിരുന്നു. നിലവിൽ നമ്മുടെ ഉല്പാദനം 25.32 ലക്ഷം ടൺ ആണ്.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരു വര്‍ഷത്തിനുള്ളില്‍ പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ചിഞ്ചുറാണി അവകാശപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം 50 പഞ്ചായത്തുകളില്‍ കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുകയാണ്. സമഗ്ര ഇൻഷ്വറന്‍സ് പദ്ധതിയിലൂടെ എല്ലാ പശുക്കളെയും ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.
പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന പ്രഖ്യാപനം വളരെ പ്രതീക്ഷ നൽകുന്നതാണ്. ഇത്തരം മാത്യു ബെന്നിമാരുള്ളപ്പോൾ അത് തീർച്ചായായും സംഭവിക്കുമെന്നുതന്നെ കരുതാം. അതിനായി ഇത്തരം മാതൃകാ മാത്യു ബെന്നിമാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ക്ഷീരവികസന വകുപ്പിന് സാധിക്കട്ടെ.