പേര് വെറും പേരല്ല..!!

"അങ്ങ് തെരഞ്ഞെടുത്തത് മെനു കാർഡാണ്, പേരല്ല. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഏറെ ഹോട്ടലുകളിൽ മുസ്‌ലിങ്ങൾ പണിയെടുക്കുന്നുണ്ട്
പേര് വെറും പേരല്ല..!!
Updated on

"ഒരു ഹിന്ദു നടത്തുന്ന വെജിറ്റേറിയൻ ഹോട്ടൽ. മറ്റൊരു സസ്യാഹാര ശാലയുമുണ്ട്. അത് ഒരു മുസ്‌ലിം നടത്തുന്നതാണ്. ഞാൻ മുസ്‌ലിമിന്‍റെ ഹോട്ടലിലേക്ക് പോകുകയായിരുന്നു. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ആളായിരുന്നു ആ ഹോട്ടലിന്‍റെ ഉടമ. ആ ഹോട്ടൽ അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്നതാണ്. സുരക്ഷ, ശുചിത്വം, ശുചിത്വം എന്നിവ കാരണം ആ ഹോട്ടലിലേക്കാണ് പോകേണ്ടത് എന്നത് എന്‍റെ തെരഞ്ഞെടുപ്പായിരുന്നു...'- താൻ കേരളത്തിൽ ചീഫ് ജസ്റ്റിസ് ആയിരിക്കേയുള്ള അനുഭവം സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയത് ജസ്റ്റിസ് എസ്.വി.എൻ. ഭാട്ടി.

ഹൈന്ദവ തീർഥയാത്രയായ കൻവർ യാത്ര കടന്നുപോവുന്ന ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മധ്യപ്രദേശിലെയും ഭക്ഷ്യവില്പന ശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന സംസ്ഥാനങ്ങളുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ വാദം കേൾക്കവേയായിരുന്നു ജസ്റ്റിസ് ഭട്ടിയുടെ ഈ പ്രതികരണം.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പ്രതിനിധാനം ചെയ്ത് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി കോടതിയിൽ പറഞ്ഞു: "അങ്ങ് തെരഞ്ഞെടുത്തത് മെനു കാർഡാണ്, പേരല്ല. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഏറെ ഹോട്ടലുകളിൽ മുസ്‌ലിങ്ങൾ പണിയെടുക്കുന്നുണ്ട്. മുസ്‌ലിം തൊട്ട ഭക്ഷണമായതിനാൽ ഇനി അങ്ങോട്ട് പോകില്ലെന്ന് പറയാനാവുമോ?'

റോമിയോയോട് പ്രണയവിവശയായ ജൂലിയറ്റ് പറയുകയാണ്: "ഒരു പേരിലെന്തിരിക്കുന്നു? പനിനീർ പൂവിനെ എന്തു പേര് ചൊല്ലി വിളിച്ചാലും അത് നറുമണം പരത്തുമല്ലോ'. ഷേക്സ്പിയറുടെ കാലത്ത് അങ്ങനെയൊക്കെ പറയാം. പക്ഷെ, ഇന്നത്തെ കാലത്ത് അതൊട്ടും എളുപ്പമല്ല...!

രാജമ്മ എന്ന പേര് ഹിന്ദുവിന്‍റേതാണെന്ന് ആരും പറഞ്ഞുതരേണ്ടതില്ല. രാജമ്മാളോ? ബ്രാഹ്മണ സ്ത്രീ എന്നായിരിക്കും പറയുക. പത്തനംതിട്ട മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായിരുന്ന യശഃശരീരനായ ഖാൻ ഷാജഹാന്‍റെ ഉമ്മയാണ് എം.സി. രാജമ്മാൾ. ബാപ്പയുടെ ഉറ്റ സുഹൃത്തായ ഇ.വി. കൃഷ്ണപിള്ളയാണ് തനിക്ക് ഈ പേരിട്ടതെന്ന് ആ ഉമ്മ അഭിമാനത്തോടെ പറഞ്ഞത് ഓർമയുണ്ട്.

എഴുത്തുകാരനും അഭിനേതാവും അധ്യാപകനുമായ വട്ടപ്പറമ്പിൽ പീതാംബരന്‍റെ മൂത്തമകളുടെ പേര് ഗീത. രണ്ടാമത്തെ മകളുടെ പേര് സോഫിയ. ഇത് ക്രിസ്ത്യൻ പേരല്ലേ എന്ന് ചിലർ നെറ്റി ചുളിച്ചു. മൂന്നാമത്തെ മകൾ "നദീറ'. ഇത് മുസ്‌ലിം പേരല്ലേ എന്ന് ആരും ചോദിച്ചില്ല! സർക്കാർ അധ്യാപകരുടെ സമരത്തിന് ഡൈസ് നോൺ ബാധകമാക്കിയ സർക്കാരിനെതിരേ സമരം ചെയ്യവേ പിറന്ന മകന്‍റെ പേര് ഡൈസ് നോൺ!

ലാലു പ്രസാദ് യാദവ് അടിയന്തരാവസ്ഥക്കാലത്ത് "മിസ' നിയമപ്രകാരം ജയിലിൽ കിടക്കേണ്ടി വന്ന ഓർമയിൽ അക്കാലത്തുണ്ടായ മകൾക്ക് പേരിട്ടത് "മിസാ ഭാരതി' എന്നാണ് . ഇപ്പോൾ, ബിഹാറിലെ പാടലീപുത്രം എംപിയാണ് മിസ.

കൊല്ലം പെരിനാട് റെയ്‌ൽവേ സ്റ്റേഷന് സമീപമുള്ള പനയം മതിനൂർ വീട്ടിൽ കെ. അർജുനൻ ആചാരിയുടെ മക്കളുടെ പേരുകൾ: മൂത്ത മകൻ അഭിഭാഷകനായ "ഇലക്‌ട്രോൺ'. രണ്ടാമത്തെ മകൻ "പ്രോട്ടോൺ' വീടിനോടു ചേർന്ന് ഒരു കട നടത്തുന്നു. ഇളയ മകൻ "ന്യൂട്രോൺ' പ്രവാസിയാണ്. ഈ പേരുകളോട് ആരാധന മൂത്ത് ദുബായിൽ ഉദ്യോഗസ്ഥനായ കൊല്ലം അഞ്ചാലുമ്മൂട് സ്വദേശി ബൈജുവും ഭാര്യ മേരിയും മക്കൾക്ക് നൽകിയ പേരുകൾ: ആൽഫ, ബീറ്റ, ഗാമ!

കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ കോട്ടയം തോട്ടയ്ക്കാട് ജി. ഓലിക്കരയുടെ മക്കളുടെ പേരുകൾ ഇങ്ങനെ: ഭാഗ്യൻ, സ്നേഹൻ, കുലീന, പ്രിയൻ.

കോട്ടയം കുമ്മനം കിണറ്റുമ്മൂട്ടിൽ പരേതനായ സി.കെ. ജോർജിന്‍റെ മക്കളുടെ പേരുകൾ: ടാറ്റാമ്മ, ബിർളാമ്മ, ഡാൽമിയ, ബില്ലി, സൂസമ്മ. കോട്ടയത്ത് പ്രസംഗിക്കാൻ വന്ന അമെരിക്കൻ സുവിശേഷകൻ ഡോ. ബില്ലി ഗ്രഹാമിന്‍റെ ഓർമയിലാണ് ബില്ലി എന്ന പേരിട്ടത്. സൂസമ്മ ഗർഭത്തിലായിരുന്നപ്പോഴായിരുന്നു അപ്പന്‍റെ മരണം.

ദുബായ് മുനിസിപ്പാലിറ്റിയിലെ മീഡിയ വിഭാഗം തലവനുമായ എഴുത്തുകാരൻ ഇസ്മയിൽ മേലടിയും ഡോ. റാബിയും മൂത്ത മകനിട്ടത് "ഓമൽ' എന്നായിരുന്നു. 9 പെൺമക്കൾക്കുശേഷം പിറന്ന മകന് ടെൻസൺ എന്നുപേരിട്ട ചെങ്ങന്നൂർകാരനെ കുറിച്ച് വായിച്ചത് ഓർക്കുന്നു.

പേരിടുന്നതിൽ അപൂർവ പ്രതിഭയായിരുന്നു നടനും സംവിധായകനുമായ തിക്കുറിശ്ശി സുകുമാരൻ നായർ. ചിറയിൻകീഴുകാരൻ അബ്ദുൾ ഖാദറിനെ "പ്രേം നസീർ' എന്ന മലയാള സിനിമയിലെ നിത്യഹരിത നായകനാക്കിയ തിക്കുറിശി, മാധവൻ നായരെ "മധു' എന്ന് ചുരുക്കി. കെ. ബേബി ജോസഫിനെ "ജോസ് പ്രകാശാ'ക്കിയ അദ്ദേഹം, കുഞ്ഞാലിയെ "ബഹദൂറാ'ക്കിയും പത്മദളാക്ഷനെ "കുതിരവട്ടം പപ്പു'വാക്കിയും അദ്ഭുതപ്പെടുത്തി.

മണിപ്പുരിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചോക്‌പോട്ടിലെ ബിജെപി സ്ഥാനാർഥിയായിരുന്നു "നവംബര്‍ത്ത് സി.എച്ച്. മാരക്'. ഇത്രയും' മാരക'മായ പേര് ഉണ്ടായിട്ടും 5 പേർ മത്സരിച്ചിടത്ത് അദ്ദേഹം ഒടുവിലായിപ്പോയി!

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ വീട്ടിൽ "കുരൾ' എന്ന് വിളിക്കുന്ന ബി.വി. കുരളമുത്തൻ നാലാം വയസിൽ 43 സെക്കൻഡുകൾക്കുള്ളിൽ 28 ഇന്ത്യൻ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങൾ തിരിച്ചുവിളിച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. "കുരളമുത്തൻ' എന്നതിന്‍റെ അർഥം കുട്ടിയുടെ അമ്മ എസ്. പ്രീതി വിശദീകരിച്ചത് ഇങ്ങനെ: "പേരിന്‍റെ അർഥം "സാഹിത്യ ശാശ്വത മധുരം' എന്നാണ്. കുറൽ എന്ന പേര് വലിയ തമിഴ് സാഹിത്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് - തിരുക്കുറൽ, അമുത്ത് എന്നിവ പുരാണങ്ങളിൽ നിന്ന് '.

പേരിന്‍റെ അവസാനം "ആൻ' എന്ന് ഉച്ചാരണം വരുന്നതിനോട് ചലച്ചിത്ര മേഖലയിലുള്ളവർക്ക് വലിയ പ്രിയമാണ്. ആര്യമാൻ (ബോബി ഡിയോൾ), ആര്യൻ (ഷാരൂഖ് ഖാൻ), ഷഹ്‌റാൻ (സഞ്‌ജയ് ദത്ത്), റയാൻ (മാധുരി ദീക്ഷിത്), നെവാൻ (സോനു നിഗം), ഇഷാൻ (ഓംപുരി), ജിഡാൻ (അർശദ് വസി), അഹാൻ (സുനിൽ ഷെട്ടി), അയാൻ (ഇമ്രാൻ ഹാഷ്‌മി), വിവാൻ (നസ്‌റുദ്ദീൻ ഷാ), വിഹാൻ (നന്ദിത ദാസ്), അജാൻ (അമൃത അറോറ)... ഫിർഫാൻ ഖാന്‍റേയും ഇമ്രാൻ ഹഷ്‌മിയുടെയും മകന്‍റെ പേര് അയാൻ എന്നാണ്. അദ്‌നൻ സാമിയുടെയും അമൃത അറോറയുടേയും മകന്‍റെ പേര് അജാൻ. മലയാളത്തിലെ യശഃശരീരനായ നടൻ അഗസ്റ്റിന്‍റെ മകൾ നടിയായ ആൻ അഗസ്റ്റിൻ.

സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കും സംഗീതജ്ഞ ഗ്രിംസുമായുള്ള ബന്ധത്തിലെ ആദ്യ കുഞ്ഞിന്‍റെ ജനനവും പേരിടലും ഏറെ തലക്കെട്ടുകള്‍ സൃഷ്ടിച്ചതാണ്. "എക്സ് ' എന്നാണ് ആ മകന്‍റെ പേര്. സമൂഹമാധ്യമമായ ട്വിറ്ററിന്‍റെ പേരും ലോഗോയും മാറ്റി ഉടമ മസ്ക് "എക്സ്' എന്നു പേരിട്ടത് ഓർക്കാം. രണ്ടാമത്തെ മകള്‍ക്ക് "വൈ' അഥവാ എക്സാ ഡാര്‍ക് സിഡ്രായേല്‍ മസ്ക് എന്നാണ് പേര്. വാടക ഗര്‍ഭപാത്രത്തിലൂടെ 2021ലാണ് ഈ കുഞ്ഞ് ജനിച്ചത്. "ടെക്നോ മെക്കാനിക്കസ് ' എന്ന പേരില്‍ മൂന്നാമതൊരു മകന്‍ കൂടി ഇവര്‍ക്കുണ്ട്.

"സുംനഫ്‌താഖ് ഫ്ലാവേല്‍ നൂണ്‍ ഖരസിനോവ് '- പേടിക്കരുത്, മലയാളിയുടെ പേരാണ്! കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശിയും റിട്ടയേർഡ് പൊലീസ് ഹെഡ് കോണ്‍സ്റ്റബിളും നാടക പ്രവർത്തകനുമായ ടി.സി. സുരേന്ദ്രന്‍റെ മകൻ. തന്‍റെ പേരിന്‍റെ ആദ്യക്ഷരവും ഭാര്യ തങ്കയുടെ പേരിന്‍റെ അക്ഷരങ്ങളും കൂട്ടിച്ചേര്‍ത്ത് സുംനഫ്‌താഖ് എന്നു വിളിക്കാന്‍ തുടങ്ങി, ബാക്കിയെല്ലാം അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തും അന്നത്തെ കേരള ഗവര്‍ണരുടെ പേരും കൂട്ടിച്ചേര്‍ത്ത് മൂത്ത മകന് പേരിട്ടുവെന്നാണ് സുരേന്ദ്രന്‍റെ വിശദീകരണം. മറ്റ് രണ്ട് മക്കളുടെ പേരുകളും വളരെ വ്യത്യസ്‌തമാണ്- സുംതാഖ് ജയ്‌സിന്‍ ഷിനോവ്, സുംതാഖ് ലിയോഫര്‍ദ് ജിഷിനോവ്.

ഇവർ ഒരു ഹോട്ടൽ യുപിയിൽ തുടങ്ങുകയും അതിൽ ഉടമയുടെ പേര് എഴുതിവയ്ക്കേണ്ടി വരികയും ചെയ്താൽ ബോർഡിന്‍റെ നീളം എത്ര വേണ്ടിവരും? ഈ പേര് വായിച്ചാൽ എന്ത് മനസിലാക്കാനാവും? മലയാളികളെ അങ്ങനെയൊന്നും തോൽപ്പിക്കാനാവില്ല! പേര് ഇന്നത്തെ കാലത്ത് വെറും പേരല്ല. അത് ജീവന്‍റെ വില കൂടിയാണ്, ചിലപ്പോഴെങ്കിലും. ചിലപ്പോൾ, ജീവിതത്തിന്‍റേയും...

Trending

No stories found.

Latest News

No stories found.