ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്വകാര്യ ചാനൽ സംഭ്രമജനകമായ വാർത്ത പുറത്തുവിട്ടത്: "ശസ്ത്രക്രിയയ്ക്കു ശേഷം കൈയുറ മറന്നു വച്ചു; തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരേ പരാതി'.
അടുത്ത ചാനൽ മാറ്റി നോക്കി. അതിൽ കുറച്ചുകൂടി കടുപ്പിച്ചാണ്: "മുഴ നീക്കം ചെയ്ത ശസ്ത്രക്രിയയിൽ മുതുകിൽ കൈയുറ തുന്നിചേർത്തു; തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരേ പരാതി'.
"ഹഹഹ'എന്ന വികൃതച്ചിരി ആഡംബരമായി കൊണ്ടുനടക്കുന്ന ആൾ പ്രമുഖനായ ചാനൽ നോക്കിയപ്പോൾ ഉറപ്പിച്ചു പറയുകയാണ്: "രോഗിയുടെ മുതുകിൽ കൈയുറ തുന്നിച്ചേർത്തു'. (പിന്നീട്, "സാഹിത്യം' അപ്പാടെ തെറ്റിയെന്ന് കണ്ടപ്പോൾ അത് ഓൺലൈനിൽനിന്ന് നീക്കി മിടുക്കരാകാൻ ശ്രദ്ധിച്ചിട്ടുമുണ്ട്!)
ബ്രേക്കിങ് ന്യൂസുകളുടെ പൂരം. എല്ലാത്തിലും കത്തിക്കുന്നത് ഇതുതന്നെ. ഒരാഴ്ചയിലേറെയായി വയനാട് ദുരന്തത്തിന്‍റെ ദൃശ്യങ്ങളിൽ മാത്രം ചുറ്റിത്തിരിയുന്നതിനാൽ പുതിയൊരെണ്ണം കിട്ടിയതിനാൽ അതങ്ങ് ആഘോഷിക്കാൻ തന്നെ എല്ലാ ചാനലുകളും തീരുമാനിച്ചുവെന്ന് വ്യക്തം.
അതൊക്കെ കേൾക്കുകയും കാണുകയും ചെയ്തതിൽനിന്ന് മനസിലായത്: മുതുകിൽ ചെറിയൊരു മുഴ വന്ന ആൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി ഡോക്റ്ററെ കണ്ടു. ശസ്ത്രക്രിയ തീരുമാനിച്ചു. ശസ്ത്രക്രിയ നടന്നതിന്‍റെ അന്നുതന്നെ രോഗിയെ വീട്ടിൽ വിട്ടു. ഒന്നുരണ്ടുദിവസം കഴിഞ്ഞിട്ടും രോഗിക്ക് വേദന മാറാതെ വന്നപ്പോൾ ഭാര്യ രോഗിയുടെ ശസ്ത്രക്രിയാ മുറിവിലെ വച്ചുകെട്ടൽ വലിച്ചെടുത്ത് കളയുന്നു. അപ്പോഴാണ് കൈയുറ കണ്ടത്.
നെടുമങ്ങാട് ഗവ. ആശുപത്രിയിൽ രോഗിയും ഭാര്യയും എത്തുന്നു. അവിടെത്തെ ഡോക്റ്റർക്ക് ഇതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. എല്ലാം ശരിയായ വിധത്തിലാണ് ചെയ്തതെന്ന് ഡോക്റ്റർ പറയുന്നു. വേദന കുറയുന്നില്ലെന്ന് പരാതിപ്പെട്ട രോഗിയോടും ഭാര്യയോടും ആ ഡോക്റ്റർ പറഞ്ഞു: "എങ്കിൽ, നിങ്ങൾ നേരെ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലേക്ക് പോകൂ'.
കൈയുറ വച്ച് കുത്തിക്കെട്ടിയത് മാരക ചികിത്സാപിഴവെന്നും അത് മറച്ചു വയ്ക്കാൻ ഡോക്റ്റർ സമൂഹം ഒന്നാകെ നിൽക്കുകയാണെന്നുമുള്ള ധാരണയിൽ നീതിതേടി രോഗിയും ഭാര്യയും ചാനലുകൾക്ക് മുന്നിലേക്ക് ചെല്ലുന്നു. കൈയുറ തുന്നിച്ചേർത്തിരിക്കുന്ന ദൃശ്യങ്ങൾ ഉണ്ട്. പരാതി പറയാൻ രോഗിയും ഭാര്യയും സന്നദ്ധം. ആനന്ദലബ്ധിക്കിനി എന്തുവേണം?
ഒരു കാര്യം കൂടി നമ്മൾ അറിയണം: കേരളത്തിലെ ന്യൂസ് ചാനലുകൾ അതിഭീകരമായ നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. മുമ്പ്, ബാർക് റേറ്റിങ് എന്ന് ഒരു സുതാര്യതയുമില്ലാതെയുള്ള വിലയിരുത്തൽ മാത്രമേ നേരിടേണ്ടി വന്നിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ ചാനൽ ചുമതലക്കാർ ഓരോ നിമിഷവും യൂ ട്യൂബിൽ ട്രെൻഡിങ് ആവാനുള്ള വാർത്തകൾ പടച്ചുവിടാനുള്ള ബദ്ധപ്പാടിലാണ്. നേരായ വാർത്ത കൊടുത്തുകൊണ്ടിരുന്നാൽ യൂ ട്യൂബിൽ അതാര് കാണാനാണ്? വയനാട്ടിലെ പുനരധിവാസം പറഞ്ഞാൽ വികസനോനന്മുഖ വാർത്ത കാണാനും കേൾക്കാനും കിട്ടാനില്ലെന്ന് പരാതിപ്പെടുന്ന മലയാളി റിമോട്ടെടുത്ത് ചാനൽ മാറ്റും. എന്നും ഇലക്ഷനും മണ്ണിടിച്ചിലും ഉണ്ടാവില്ലല്ലോ. അപ്പോൾ, യൂ ട്യൂബ് ട്രെൻഡിങ് പരീക്ഷണങ്ങൾ നടത്തിയില്ലെങ്കിൽ കസേര കാണില്ല! യൂ ട്യൂബിൽ ട്രെൻഡിങ് ആവാൻ അങ്ങനെ എടുത്തുചാടുന്നതോടെ ചിലപ്പോൾ,ഇപ്പോൾ മിക്കവാറും എന്നുതന്നെ പറയണം, മൂക്കുകുത്തി വീഴും. ചില അവതാരകരെ കാണാമല്ലോ. ചിലരെ "പള്ള്' പറയുന്നതാണ് അന്തിച്ചർച്ച എന്ന് നിശ്ചയിക്കുന്നവർ! വർഷങ്ങളും ദശകങ്ങളും കൊണ്ട് സ്വന്തമാക്കിയ വിശ്വാസ്യത കടലെടുത്തുപോവുമെന്നറിഞ്ഞുകൊണ്ടുതന്നെ യൂ ട്യൂബ് ട്രെൻഡിങ് ലക്ഷ്യമിട്ടുള്ള ആ പരിതാപപ്രകടനങ്ങൾ കാണുമ്പോൾ സഹതപിക്കുകയേ നിവൃത്തിയുള്ളൂ.
ജനറൽ ആശുപത്രിയിലേക്കു തന്നെ തിരിച്ചുവരാം. നെടുമങ്ങാട് മുളമുക്ക് സ്വദേശി ഷിനുവിന്‍റെ മുതുകിലെ മുഴ ശസ്‌ത്രക്രിയയിലൂടെ നീക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ജനറൽ ആശുപത്രി സർജറി വിഭാഗത്തിൽ രണ്ട് ചീഫ് കൺസൾട്ടന്‍റുമാരാണുള്ളത് - ഡോ. ടി. തങ്കരാജും ഡോ. ആർ. സുരേഷും. ഇരുവരും പ്രഗത്ഭരായ സർജന്മാരാണ്. തങ്കരാജ് പ്രശസ്തനായ യൂറോളജിസ്റ്റുമാണ്. ഇരുവർക്കും ശരാശരി 400 ഒപിയാണ് ഉണ്ടാവുക. അതെല്ലാം ക്ഷമയോടെ രോഗീ സൗഹൃദനിലയിലാണ് കൈകാര്യം ചെയ്യുന്നത്.
ഡോ. സുരേഷിന്‍റെ യൂണിറ്റിലെ രോഗിയാണ് ഷിനു. സുരേഷിനോടോ ആ യൂണിറ്റിലെ ആരെയെങ്കിലുമോ വാർത്ത കൊടുക്കുംമുമ്പ് ഒരു ചാനലും വിളിച്ച് വിവരം ആരാഞ്ഞിട്ടില്ല. ഒ പിയിലിരുന്ന് രോഗിയെ നോക്കുകയായിരുന്നു സുരേഷും അദ്ദേഹത്തിന്‍റെ യൂണിറ്റും. ജനറൽ ആശുപത്രിയിലെ ഒപിയിൽ ഒരു യൂണിറ്റിലെയും ഡോക്റ്റർമാർക്ക് ടിവി കാണാനുള്ള സാവകാശമോ സൗകര്യമോ ലഭിക്കാറില്ലെന്ന് അവിടെ ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്ക് അറിയാം. ഒരു ഡോക്റ്റർക്കെതിരെയോ ഒരു യൂണിറ്റിനെതിരെയോ പരാതി ഉണ്ടെങ്കിൽ അവർക്ക് എന്താണ് പറയാനുണ്ടെന്ന് ആരായുക മാധ്യമ പ്രവർത്തനത്തിലെ പ്രാഥമിക പാഠമാണ്. അതുപോലും മറന്ന് ഇത്തരമൊരു വാർത്ത ബ്രേക്കിങ് ന്യാസാക്കാൻ എന്ത് അടിയന്തര പ്രാധാന്യമാണ് ഉണ്ടായിരുന്നത്?
മുറിവിലെ പഴുപ്പ് ശേഖരിക്കാൻ ഉപയോഗിക്കുന്ന സർജിക്കൽ ഡ്രെയ്ൻ എന്ന ഉപകരണത്തിന് 800 രൂപ മുതൽ 1200 രൂപവരെയാണ് വില. അതേ സമയം കൈയുറയുടെ കഷണം സ്റ്റെറിലൈസ് ചെയ്ത് ഉപയോഗിച്ചാൽ രോഗിക്ക് അത്രയും പണം ചെലവാകില്ല. കൈയുറയുടെ ഭാഗം മുറിച്ച് പഴുപ്പ് ഒഴുക്കിക്കളയാൻ ഉപയോഗിക്കുന്ന രീതി "ഗ്ലൗ ഡ്രെയ്ൻ' എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണ നടപടിക്രമമാണ്.
ഇത്രയും വിശദീകരണം വാർത്തയ്ക്ക് പിന്നാലെ വന്നതോടെ വീഴ്ച ഇത് വാർത്തയാക്കിവർക്കാണെന്ന് തെളിഞ്ഞു. അതോടെ, രോഗിയുടെ ഭാര്യയുടെ ബൈറ്റ് എടുത്തു. കൈയുറയുടെ കാര്യം ഉൾപ്പെടെ ഒന്നും ഡോക്റ്റർ പറഞ്ഞിട്ടില്ലെന്നാണ് അതിൽ വാദം. അത് വലിയ വീഴ്ചയാണെന്നായി ചാനലുകൾ. "വീണിടത്ത് കിടന്ന് ഇങ്ങനെ ഉരുളണോ' എന്ന് ഓരോ കാഴ്ചക്കാർക്കും തോന്നുന്ന അവസ്ഥ. അപ്പോഴാണ്, ഇതൊക്കെ ഒപി ടിക്കറ്റിൽ എഴുതിയിട്ടുണ്ടെന്ന് ഡോക്റ്റർ വ്യക്തമാക്കിയത്. "അതൊന്നും വായിച്ച് മനസിലാക്കാനുള്ള അറിവില്ലെ'ന്നായി രോഗിയും ഭാര്യയും. അതിന്‍റെ പേരിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ വീഴ്ചയാണെന്നു വാദിച്ച് ചർച്ചിച്ചില്ലല്ലോ എന്നതാണിപ്പോൾ ആശ്വാസം!
കഴിഞ്ഞ 6 മാസത്തിനിടയിൽ സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിൽ എത്ര വലിയ,ഗുരുതരമായ ചികിത്സാ പിഴവുകളുണ്ടായി?അതൊന്നും ഒരു വാക്കിൽപോലും ഉന്നയിക്കാൻ ഈ മാധ്യമങ്ങൾ ശ്രമിക്കാത്തത് അതൊന്നും അറിയാത്തതിനാലല്ല. അതിന്‍റെ ഇരകൾ ഇവരെയൊക്കെ നിരന്തരം സമീപിച്ചിട്ടും മുഖം തിരിക്കുകയായിരുന്നു. കാരണം, അതൊക്കെ വൻകിട സ്വകാര്യ ആശുപത്രികളിലാണ്. പരസ്യം നൽകുന്നവരുടെയോ നൽകാനിടയുള്ളവരുടെയോ ആശുപത്രികൾക്കെതിരെ വാർത്ത നൽകാൻ പാടില്ലെന്നാണ് വ്യവസ്ഥയത്രേ. അതിൽ പരാതി പറഞ്ഞവരോട് "നിങ്ങൾ സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവിന്‍റെ തെളിവുമായി വാ' എന്നാണ് ഉപദേശം. കാരണം, സർക്കാർ ആശുപത്രിയാവുമ്പോൾ ആർക്കും കേറി മേയാമല്ലോ. അവിടെ, 800 രൂപ പോലും രോഗിക്ക് ചെലവഴിക്കാൻ ഇല്ലെന്ന് തിരിച്ചറിഞ്ഞ് കൈയുറ മുറിച്ച് ചികിത്സ നൽകുന്ന ആത്മാർഥയുള്ള ഡോക്റ്റർമാരും പലപ്പോഴും ഉടുതുണിക്ക് മറുതുണിയില്ലാത്ത രോഗികളും മാത്രമേ ഉണ്ടാവാറുള്ളൂ. എന്നുവച്ച് അവിടെ എല്ലാം മികവുറ്റതാണെന്നൊന്നും പറയുന്നില്ല. വീഴ്ചകൾ ഉണ്ടാവാറുണ്ട്. ദുരമൂത്ത ആർത്തിപ്പണ്ടാരങ്ങൾ ഏത് മേഖലയിലാണ് ഇല്ലാത്തത്?
നിങ്ങൾ വാർത്ത നൽകി അപമാനിക്കാൻ ശ്രമിച്ച ജനറൽ ആശുപത്രിയിലെ ഡോക്റ്റർമാരിൽ ഓരോരുത്തരും ഇനി, ചികിത്സ നൽകും മുമ്പ് രണ്ടുവട്ടം ആലോചിക്കും. കൈയുറ കീറി ശസ്ത്രക്രിയ നടത്തുന്നതിനെക്കാൾ നല്ലത് 1200 രൂപ മുടക്കി സർജിക്കൽ ഡ്രെയ്ൻ വാങ്ങിക്കൊണ്ടുവരാൻ പറയുമ്പോൾ ഡോക്റ്റർക്ക് ഒരു റിസ്കുമില്ല. പക്ഷെ, അപ്പോൾ തോൽക്കുന്നത് കെട്ടുതാലി ആശുപത്രിക്ക് സമീപത്തെ ബ്ലേഡ് പലിശക്കാരന്‍റെ കൈയിൽ പണയം വയ്ക്കാൻ കാത്തുനിൽക്കുന്ന പാവപ്പെട്ടവരാണെന്ന് നിങ്ങൾക്ക് ഒരിക്കലും മനസിലാവില്ല.
ഇതുപോലൊരു ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിൽ നടത്താൻ എത്ര രൂപയാവുമെന്ന് അന്വേഷിച്ചു:കുറഞ്ഞ നിരക്ക് 25,000 രൂപ!മൂന്നുമുതൽ ഒരാഴ്ചവരെ ആശുപത്രിവാസവും നിർദേശിക്കാറുണ്ട്.
യശ്ശശരീരനായ സാഹിത്യകാരന്‍ പി. കേശവദേവിന്‍റെ പ്രശസ്തമായ ഒരു ചെറുകഥയുടെ ശീര്‍ഷകം ഇങ്ങനെയാണ്: "കൊല്ലരുതനിയാ, കൊല്ലരുത്!'. അതു തന്നെയാണ് ഇക്കൂട്ടരോടും പറയാനുള്ളത്. ദയവു ചെയ്ത് സർക്കാർ ആശുപത്രികളെ കൊല്ലരുത്. അത് ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ആശ്വാസമാണ്.