കേരള മീഡിയ അക്കാഡമി
കേരള മീഡിയ അക്കാഡമി

കേരള മീഡിയ അക്കാഡമിയുടെ ഭാവിയിലേക്ക് നിഴൽ വീഴ്ത്തി മെട്രൊ റെയിൽ വികസനം

മെട്രൊ റെയിൽ വികസന പദ്ധതി മുന്നോട്ടു വച്ചപ്പോൾ തന്നെ അക്കാഡമി കെട്ടിടം ഇരിക്കുന്ന പ്രദേശത്തു കൂടിയാണ് റെയിൽ കടന്നു പോകുകയെന്ന് വ്യക്തമായിരുന്നു.

കൊച്ചി മെട്രൊ റെയിൽ സർവീസ് കൂടുതൽ പ്രദേശത്തക്ക് വ്യാപിപ്പിക്കുമ്പോൾ 45 വർഷത്തെ പാരമ്പര്യമുള്ള കേരള മീഡിയ അക്കാഡമി എന്ന സ്ഥാപനത്തിന്‍റെ ഭാവി അരക്ഷിതാവസ്ഥയിലാകുകയാണ്. അക്കാഡമി കെട്ടിടം ഇരിക്കുന്ന പ്രദേശത്തു കൂടിയാണ് മെട്രൊ റെയിൽ കടന്നു പോകുക. നിർമാണപ്രവർത്തനത്തിന്‍റെ ഭാഗമായുള്ള പൈലിങ്ങിന്‍റെ ആഘാതം അക്കാഡമി കെട്ടിടത്തിന് താങ്ങാനാകുമോ എന്നത് സംശയമാണ്. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കണമെന്നതിൽ അധികൃതർ ഇനിയും തീരുമാനമെടുത്തിട്ടില്ല.

അജയൻ

കൊച്ചി മെട്രൊ റെയിൽ വികസനം അതിദ്രുതം മുന്നേറുമ്പോൾ 45 വർഷത്തെ പാരമ്പര്യമുള്ള മുൻപ് കേരള പ്രസ് അക്കാഡമി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാക്കനാട് കേരള മീഡിയ അക്കാഡമിയുടെ ഭാവി അനിശ്ചിതാവസ്ഥയിലും ആശങ്കയിലുമാകുകയാണ്. നിരവധി പ്രഗത്ഭർ പഠിച്ചിറങ്ങിയ വിഖ്യാതമായ സ്ഥാപനം മാറ്റിസ്ഥാപിക്കുമോ അതോ നിലവിലുള്ള അതേ കെട്ടിടത്തിൽ തന്നെ തുടരുമോയെന്നതിൽ ഇനിയും വ്യക്തതയായിട്ടില്ല.

അക്കാഡമി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാലു തൂണുകൾ നിർമിച്ച് മെട്രൊ റെയിൽ നിർമാണം അതിദ്രുതം മുന്നോട്ടു കൊണ്ടു പോകാനുള്ള നീക്കാത്തിലാണ് കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് ( കെഎംആർഎൽ) അധികൃതർ. തൂണുകൾ നിർമിക്കുന്നതിനായുള്ള പൈലിങ് തുടങ്ങിയാൽ അതിന്‍റെ ആഘാതം 45 വർഷം പഴക്കമുള്ള അക്കാഡമി കെട്ടിടത്തിനു താങ്ങാൻ ആകുമോയെന്നതിൽ സംശയമാണെന്ന് മെട്രൊ എൻജിനീയർമാർ പറയുന്നു. അതു കൊണ്ടു തന്നെ അക്കാഡമി മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റി പ്രവർത്തനം തുടരാമെന്ന വിധത്തിലുള്ള ചർച്ചകളും തുടരുന്നുണ്ട്.

മെട്രൊ റെയിൽ
മെട്രൊ റെയിൽ

മെട്രൊ റെയിൽ വികസന പദ്ധതി മുന്നോട്ടു വച്ചപ്പോൾ തന്നെ അക്കാഡമി കെട്ടിടം ഇരിക്കുന്ന പ്രദേശത്തു കൂടിയാണ് റെയിൽ കടന്നു പോകുകയെന്ന് വ്യക്തമായിരുന്നു. എന്നാൽ അക്കാഡമി അധികൃതരോ സർക്കാരോ ഈ വിഷയത്തെ വേണ്ട രീതിയിൽ കണക്കിലെടുത്തില്ല. ഇപ്പോൾ പൈലിങ് ജോലികൾ അക്കാഡമി പരിസരത്തോട് അടുത്തതോടെ അന്താരാഷ്ട്ര തലത്തിൽ വരെ പേരുകേട്ട നിരവധി മാധ്യമപ്രവർത്തകർ‌ പഠിച്ചിറങ്ങിയ അക്കാഡമിക്കു ചുറ്റും ആശങ്ക പെരുകുകയാണ്. അക്കാഡമി അധികൃതർക്കുള്ളിൽ തന്നെ ഈ വിഷയത്തിൽ പ്രകടമായ ഭിന്നിപ്പുണ്ട്. വിദ്യാർഥികളുടെ മാത്രമല്ല സ്ഥാപനത്തിന്‍റെ തന്നെ ഭാവിയെ ഈ പ്രശ്നങ്ങൾ ബാധിച്ചേക്കാം.

കൂണു പോലെ മുളച്ചു പൊന്തിയ നിരവധി മാധ്യമ പഠന സ്കൂളുകൾ അടച്ചു പൂട്ടൽ ഭീതിയിൽ തുടരുമ്പോൾ കേരള മീഡിയ അക്കാഡമി ഒരു കാലത്തും പുറകോട്ട് പോയിട്ടില്ല. ഓരോ വർഷവും വിവിധ കോഴ്സുകളിലായി 120 വിദ്യാർഥികളാണ് അക്കാഡമിയിൽ പ്രവേശനം നേടാറുള്ളത്. ഇത്തവണയും അത്ര തന്നെ വിദ്യാർഥികൾ പ്രവേശനത്തിനൊരുങ്ങുകയാണ്.

മെട്രൊ റെയിൽ വികസനത്തിന്‍റെ പേരിൽ അക്കാഡമി മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് വർഷങ്ങളോളമായി അക്കാഡമി ചെയർമാനായി പ്രവർത്തിക്കുന്ന ആർ.എസ്. ബാബു പറയുന്നു. പ്രദേശത്ത് വികസനത്തിന്‍റെ ഭാഗമായി കുറച്ചു തൂണുകൾ മാത്രം നിർമിച്ചാൽ മതിയാകും. അതു കൊണ്ടു തന്നെ കെട്ടിടത്തിന് കാര്യമായ മാറ്റമൊന്നും വേണ്ടി വരില്ല. നിലവിലുള്ള സ്ഥലത്തു തന്നെ അക്കാഡമി തുടരുമെന്നതിലുള്ള ആത്മവിശ്വാസവും അദ്ദേഹം മെട്രൊ വാർത്തയോട് പങ്കു വച്ചു. നിലവിൽ മണ്ണ് പരിശോധന അടക്കമുള്ള പ്രാഥമിക നടപടികളാണ് നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പിന്നീടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ മെട്രൊ റെയിൽ നിർമാണപ്രവർത്തനങ്ങൾ അക്കാഡമിയുടെ മുറ്റത്തെത്തിയെന്നതാണ് യാഥാർഥ്യം. പൈലിങ്ങിന്‍റെ ആദ്യ ഘട്ടമായ മണ്ണു പരിശോധനയാണ് നടക്കുന്നത്. സാധനസാമഗ്രികളെല്ലാം എത്തിച്ചു കഴിഞ്ഞു. എന്നിട്ടും അക്കാഡമിയുടെ ഭാവിയെക്കുറിച്ച് ഇനിയും കൃത്യമായ തീരുമാനങ്ങളായിട്ടില്ല.

എംഎൽഎ ഉമ തോമസ്
എംഎൽഎ ഉമ തോമസ്

നിർമാണ പ്രവർത്തനങ്ങൾ അക്കാഡമി കെട്ടിടത്തെ ഉറപ്പായും ബാധിക്കുമെന്നും അക്കാഡമി മറ്റൊരിടത്തേക്ക് മാറ്റേണ്ടത് അത്യാവശ്യമാണെന്നും അക്കാഡമി സെക്രട്ടറി അനിൽ ഭാസ്കർ പറയുന്നു. കുറച്ചു വർഷങ്ങൾക്കുള്ളിൽ മെട്രൊ റെയിൽ നിർമാണം പൂർത്തിയാകും. മെട്രൊ റെയിൽ അക്കാഡമിയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിൽ സംശയമില്ല. എന്നാൽ അക്കാഡമിക്കു അനുയോജ്യമായ സ്ഥലമോ കെട്ടിടമോ കണ്ടെത്തേണ്ടത് പ്രധാനമാണ്. അധികം വൈകാതെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അനിൽ ഭാസ്കർ കൂട്ടിച്ചേർത്തു.

സാഹചര്യം ശ്രദ്ധയോടെ വിലയിരുത്തുമെന്ന് തൃക്കാക്കര എംഎൽ‌എ ഉമ തോമസ് മെട്രൊവാർത്തയോട് പറഞ്ഞു. മണ്ഡലത്തിൽ അക്കാഡമിയെപ്പോലെ പേരു കേട്ട ഒരു സ്ഥാപനം പ്രവർത്തിക്കുന്നത് അഭിമാനകരമാണെന്നും വേണ്ടി വന്നാൽ അക്കാഡമിക്കു പ്രവർത്തിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തി കൊടുക്കാൻ ഇടപെടുമെന്നും ഉമ തോമസ് പറഞ്ഞു.

പൂർവ വിദ്യാർഥികൾ അടക്കം അക്കാഡമിയുമായി ബന്ധമുള്ള കൂടുതൽ പേരും അക്കാഡമി മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നത് ഉറപ്പാണെന്ന് പറയുന്നു. കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡി ന്‍റെ പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ, സർക്കാരിന് ഏതെങ്കിലും മെട്രൊ സ്റ്റേഷനിൽ സ്ഥലം ഉറപ്പാക്കാനോ എറണാകുളത്തെ റവന്യൂ ടവറിലെ അതിനെ മുൻ ഓഫീസ് വീണ്ടും നൽകാനോ സാധ്യതയുണ്ടെന്ന ശുഭാപ്തിവിശ്വാസമുണ്ട്. എന്നിരുന്നാലും നിർണായകമായ തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നത് യാഥാർഥ്യമാണ്.

Trending

No stories found.

Latest News

No stories found.