തൊണ്ണൂറാണ്ട് കടന്ന് മലയാളത്തിന്‍റെ പ്രിയ എംടി

ഒ.വി. വിജയൻ, എം. മുകുന്ദൻ, മാധവിക്കുട്ടി തുടങ്ങിയ പ്രത്ഭരുടെ നിര തന്നെയുണ്ടായിരുന്ന കാലത്തും എംടിയുടെ പേനത്തുമ്പിൽ‌ നിന്നു പിറന്നു വീണ കഥാപാത്രങ്ങളുടെ തട്ട് താണു തന്നെയിരുന്നു
എം.ടി. വാസുദേവൻ നായർ
എം.ടി. വാസുദേവൻ നായർAI
Updated on

നീതു ചന്ദ്രൻ

ഒന്നും രണ്ടുമല്ല, നിരവധി തലമുറകളെ വായനയിൽ തളച്ചിട്ട്, തന്‍റെ കഥാപാത്രങ്ങളുടെപോലും ആരാധകരാക്കി മാറ്റിയ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ, പുസ്തകങ്ങളിലൂടെയും വെള്ളിത്തിരയിലൂടെയും മലയാളികൾക്ക് ചിരപരിചിതരായി മാറിയ കഥാപാത്രങ്ങളുടെ സ്രഷ്ടാവ്, അതുവരെ പരിചിതമല്ലാത്ത വഴികളിലേക്ക് മലയാള സാഹിത്യത്തെ പടർത്തിവിട്ട എഴുത്തുകാരൻ... അങ്ങനെയങ്ങനെ എണ്ണമില്ലാത്തത്രയും വിശേഷണങ്ങളുടെ കൈപിടിച്ചാണ് എം.ടി. വാസുദേവൻ നായർ, മലയാളത്തിന്‍റെ പ്രിയ എംടി നവതിയുടെ പടി കയറുന്നത്.

എംടി പിറന്നിട്ട് തൊണ്ണൂറ് ആണ്ടുകൾ കടന്നു പോയിരിക്കുന്നു. അതിനിടെ സിനിമയിലും കഥകളിലുമായി എത്രയേറെ കഥാപാത്രങ്ങൾ. നാലുകെട്ടിലെ അപ്പുണ്ണി, മഞ്ഞിലെ വിമല, കാലത്തിലെ സേതു, രണ്ടാമൂഴത്തിലെ അതു വരെ പരിചിതമല്ലാതിരുന്ന മറ്റൊരു ഭീമൻ... എംടിയുടെ കഥാപാത്രങ്ങളെല്ലാം മലയാളികൾക്ക് സുഹൃത്തുക്കളെപ്പോലെ ചിരപരിചിതരായിരുന്നു. അക്കാലത്തൊന്നും എംടിയുടെ ഒരു പുസ്തകമെങ്കിലും വായിക്കാത്ത മലയാളികൾ ഇല്ലായിരുന്നുവെന്നു തന്നെ പറയാം. ഒ.വി. വിജയൻ, എം. മുകുന്ദൻ, കാക്കനാടൻ, മാധവിക്കുട്ടി തുടങ്ങിയ പ്രത്ഭരുടെ നിര തന്നെയുണ്ടായിരുന്നു അക്കാലത്ത് മലയാളത്തിന് കൂട്ടായി. എന്നിട്ടും എംടി പേനത്തുമ്പിൽ‌ നിന്നു തുറന്നു വിട്ട കഥാപാത്രങ്ങളുടെ തട്ട് എന്നും താണു തന്നെയിരുന്നു.

പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ 1933 ജൂലൈ 15 നാണ് എം.ടി. വാസുദേവൻ നായർ‌ ജനിച്ചത്. ഇരുപതുകളിലാണ് എംടി അദ്ദേഹത്തിന്‍റെ എഴുത്തുജീവിതത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാലുകെട്ട് എഴുതിത്തീർത്തത്. അക്കാലത്തെ മലയാള സാഹിത്യം പിന്തുടർന്നു വന്ന മാമൂലുകൾ എല്ലാം പൊളിച്ചെഴുതുന്നതായിരുന്നു ആ നോവൽ. അതീവ ലളിതവും അതേസമയം അതീവ മനോഹരവുമായ ഭാഷയാണ് എംടിയെ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കി മാറ്റിയത്. ഇരുട്ടിന്‍റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാനപ്രസ്ഥം തുടങ്ങിയ നിരവധി കഥകളാണ് മലയാളികൾ ഇപ്പോഴും ഹൃദയത്തിൽ പേറുന്നത്.

എഴുത്തിലെന്ന പോലെ തന്നെ സിനിമയിലും എംടി പകരക്കാരനില്ലാത്തതു പോലെ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നു. നിർമാല്യം, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി, എന്നു സ്വന്തം ജാനകിക്കുട്ടി, വൈശാലി, ഒരു വടക്കൻ വീരഗാഥ, സുകൃതം, പരിണയം , പഴശ്ശിരാജ തുടങ്ങി എന്നെന്നും ഓർത്തു വയ്ക്കാവുന്ന സിനിമകളുടെ ഒരു വലിയ ശേഖരം തന്നെ എംടി മലയാളികൾക്കു സമ്മാനിച്ചിട്ടുണ്ട്. ജീവിതത്തിന്‍റെ 90 ആണ്ടുകൾ കടന്നു പോകുമ്പോൾ മലയാളികൾക്ക് ഇന്നും എംടി എന്ന രണ്ടക്ഷരം സ്വകാര്യ അഹങ്കാരമായിത്തന്നെ തുടരുന്നു.

Trending

No stories found.

Latest News

No stories found.