ഇന്ത്യയുടെ കാർബൺ വിപണിക്ക് പുതിയ ചട്ടക്കൂട്

ബഹിർഗമനം നേരിടുക, ഹരിത സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുക
new frame for carbon market
ഇന്ത്യയുടെ കാർബൺ വിപണിക്ക് പുതിയ ചട്ടക്കൂട്
Updated on

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും മഹത്തായ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാനുമുള്ള വലിയ മുന്നേറ്റമെന്ന നിലയിൽ, ഇന്ത്യൻ കാർബൺ വിപണിയുടെ (ഐസിഎം) ഭാവിയെ രൂപപ്പെടുത്തുന്ന രണ്ട് അവശ്യ മാർഗനിർദേശങ്ങൾ രാജ്യം പുറത്തിറക്കി. നിർബന്ധിത പ്രവർത്തന ക്രമം അഥവാ കംപ്ലയൻസ് മെക്കാനിസത്തിനായുള്ള വിശദമായ നടപടിക്രമമാണ് ഒന്നാമത്തേത്. അംഗീകൃത കാർബൺ പരിശോധനാ ഏജൻസികൾക്കുള്ള അക്രഡിറ്റേഷൻ നടപടിക്രമവും യോഗ്യതാ മാനദണ്ഡവുമാണ് രണ്ടാമത്തേത്.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിക്ക് കീഴിൽ നിർണയിക്കപ്പെട്ട, ദേശീയ ലക്ഷ്യങ്ങൾ (NDCs) നിശ്ചയിക്കപ്പെട്ട സമയപരിധിക്കു മുമ്പു തന്നെ, തനത് കാലാവസ്ഥാ തന്ത്രത്തിലൂടെ കൈവരിച്ച ഇന്ത്യ ലക്ഷ്യങ്ങൾ മറികടന്നു. 2016ൽ ഒപ്പുവച്ച പാരിസ് ഉടമ്പടി, നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിൽ താഴെയായി പരിമിതപ്പെടുത്താൻ ലക്ഷ്യമിടുന്നു. 2005ൽ നിന്ന് 2030എത്തുമ്പോൾ ബഹിർഗമന തീവ്രത ജിഡിപിയുടെ 3335% കുറയ്ക്കുമെന്ന് ഇന്ത്യ ആദ്യഘട്ടത്തിൽ പ്രതിജ്ഞയെടുത്തു, ഈ ലക്ഷ്യം വളരെ മുമ്പു തന്നെ നേടിയെടുത്തു. 2021ലെ ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ (COP26) ഇന്ത്യ കൂടുതൽ വിപുലമായ ലക്ഷ്യങ്ങൾ ഏറ്റെടുത്തു. 2070ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ തോത് കുറച്ചുകൊണ്ടു വന്ന് പൂജ്യത്തില്‍ എത്തിക്കുമെന്നും (നെറ്റ്സീറോ എമിഷൻ) 2030ഓടെ സമ്പദ്‌വ്യവസ്ഥയുടെ ബഹിർഗമന തീവ്രത 45% കുറയ്ക്കുമെന്നും അതേ സമയപരിധിക്കുള്ളിൽ ഫോസിൽ ഇതര ഇന്ധന സ്രോതസുകളിൽ നിന്ന് 50% വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും തീരുമാനിച്ചു. ഈ നാഴികക്കല്ലുകളിൽ ചിലത് സമയപരിധിക്കും മുമ്പ് കൈവരിച്ചതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള ശ്രമത്തിൽ ഇന്ത്യ നേതൃപരമായ പങ്ക് തെളിയിച്ചു.

എങ്ങനെ ലക്ഷ്യം സാക്ഷാത്കരിക്കും?

അവിടെയാണ് ഇന്ത്യൻ കാർബൺ വിപണിയുടെ (ഐസിഎം) പ്രസക്തി. ആശയം ലളിതമാണ്: ഒരു കമ്പനി അതിന്‍റെ കാർബൺ ബഹിർഗമനം കുറയ്ക്കുകയാണെങ്കിൽ അതിനെ കാർബൺ ക്രെഡിറ്റുകൾ ആയി കണക്കാക്കുന്നു. കാർബൺ ക്രെഡിറ്റുകൾ ബഹിർഗമനം പെട്ടെന്ന് കുറയ്ക്കാൻ സാധിക്കാത്ത മറ്റ് കമ്പനികൾക്ക് വിൽക്കാം. ഇത് ഒരു പ്രതിഫല സംവിധാനം പോലെയാണ് പ്രവർത്തിക്കുന്നത്. പരിസ്ഥിതിക്ക് വേണ്ടി മികച്ച പ്രവർത്തനം നടത്തുന്ന കമ്പനികൾക്ക് പ്രതിഫലമായി പണം സമ്പാദിക്കാം. അതേസമയം മെച്ചപ്പെടാൻ കൂടുതൽ സമയം ആവശ്യമുള്ള കമ്പനികൾക്ക് അധിക ബഹിർഗമനം നികത്താൻ കാർബൺ ക്രെഡിറ്റുകൾ വാങ്ങുകയും ചെയ്യാം.

ബഹിർഗമന വിലനിർണയത്തിന് ഊന്നൽ നൽകി സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ഒരു പ്രധാന സംവിധാനമാണ് ഇന്ത്യൻ കാർബൺ വിപണി. കാർബൺ ക്രെഡിറ്റുകൾ വ്യാപാരം ചെയ്യാൻ കമ്പനികളെ അനുവദിക്കുന്നതിലൂടെ, പൊതു- സ്വകാര്യ പങ്കാളികളെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിന് പ്രേരിപ്പിക്കുകയെന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് ചെലവ് കുറഞ്ഞ രീതിയിൽ രാജ്യത്തെ കാർബൺ മുക്തമാക്കാൻ സഹായിക്കുന്നു.

ഇന്ത്യൻ കാർബൺ വിപണി

ഒരു കാർബൺ ക്രെഡിറ്റ് ട്രേഡിങ് സ്കീം (CCTS) സ്ഥാപിക്കാൻ സർക്കാരിന് അധികാരം നൽകിയ ഊർജ സംരക്ഷണ നിയമം 2001ന്‍റെ 2022ലെ ഭേദഗതിയാണ് ഇന്ത്യൻ കാർബൺ വിപണിയ്ക്ക് അടിത്തറ പാകിയത്. ആഗോള കാർബൺ വിപണി സമ്പ്രദായങ്ങളുമായി ഇന്ത്യയെ ചേർത്തുനിർത്തി കാർബൺ വ്യാപാരം പ്രവർത്തനക്ഷമമാക്കാൻ ആവശ്യമായ നിയന്ത്രണ ഘടന ഈ സ്കീം നൽകുന്നു. 2023 ജൂണിൽ സ്കീം അവതരിപ്പിക്കുകയും 2023 ഡിസംബറിൽ കൂടുതൽ പരിഷ്കരിക്കുകയും ചെയ്തു.

"ബാധ്യതയുള്ള സ്ഥാപനങ്ങൾ' എന്ന് തരംതിരിക്കപ്പെട്ട വ്യവസായങ്ങളെയും മേഖലകളെയും കംപ്ലയൻസ് സംവിധാനം ലക്ഷ്യമിടുന്നു. ഈ സ്ഥാപനങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിർദിഷ്ട ഹരിതഗൃഹ വാതക ബഹിർഗമന തീവ്രതാ (GEI) ലക്ഷ്യങ്ങൾ നിറവേറ്റേണ്ടതുണ്ട്. ഒരു നിർബന്ധിത സ്ഥാപനം അതിന്‍റെ ബഹിർഗമനം നിശ്ചിത ലക്ഷ്യത്തിന് താഴെ എത്തിക്കുകയാണെങ്കിൽ, അതിന് കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റുകൾ നൽകും. അത് ട്രേഡിങ് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യാം. ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾ അവയുടെ അധിക ബഹിർഗമനം നികത്താൻ ക്രെഡിറ്റുകൾ വാങ്ങണം. വിപണിയായി പ്രവർത്തിക്കുന്ന ഈ സംവിധാനം കമ്പനികളെ ബഹിർഗമനം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നു. ഇന്ത്യയുടെ ദേശീയ- അന്തർദേശീയ കാലാവസ്ഥാ പ്രതിബദ്ധതകൾ നിറവേറ്റുന്നതിനുള്ള പ്രധാന ഉപകരണമായി ഇത് മാറും.

നിർബന്ധിതമല്ലാത്ത സ്ഥാപനങ്ങളെ കാർബൺ വിപണിയിൽ സ്വമേധയാ പങ്കെടുക്കാൻ അനുവദിക്കുന്ന ഓഫ്‌സെറ്റ് സംവിധാനം കംപ്ലയൻസ് സംവിധാനത്തിന് പൂരകമായി പ്രവർത്തിക്കുന്നു. പുനരുത്പാദക ഊർജ പദ്ധതികളോ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളോ ഉൾപ്പെട്ടേക്കാവുന്ന ഈ സ്ഥാപനങ്ങൾക്ക് കാർബൺ ക്രെഡിറ്റുകൾക്കായി അവരുടെ പ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്യാം. മൊത്തത്തിലുള്ള ബഹിർഗമനം കുറയ്ക്കുന്നതിന് സംഭാവന നൽകുന്നതിലൂടെ ഈ പദ്ധതികൾക്കും കാർബൺ ക്രെഡിറ്റുകൾ ലഭിക്കും. ഇത് ഇന്ത്യയുടെ കാർബൺ വിപണിയുടെ വിപുലമായ ശൃംഖലയെ ശക്തിപ്പെടുത്തും.

പുതിയ മാർഗനിർദേശങ്ങൾ

കംപ്ലയൻസ് മെക്കാനിസത്തിനായുള്ള വിശദമായ നടപടിക്രമം കാർബൺ വിപണി സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്നു. കമ്പനികൾക്ക് അവയുടെ ബഹിർഗമന തോത് എങ്ങനെ നിരീക്ഷിക്കാമെന്നും റിപ്പോർട്ട് ചെയ്യാമെന്നും എമിഷൻ- റിഡക്ഷൻ ലക്ഷ്യങ്ങൾ നിറവേറ്റുകയോ മറികടക്കുകയോ ചെയ്താൽ കാർബൺ ക്രെഡിറ്റുകൾ എങ്ങനെ നേടാമെന്നും ഇത് വിശദമാക്കുന്നു.

ഒരു സിമന്‍റ് കമ്പനി അതിന്‍റെ ബഹിർഗമനം ആവശ്യപ്പെടുന്ന നിലവാരത്തേക്കാൾ കുറയ്ക്കുകയാണെങ്കിൽ, അതിന് അധിക കാർബൺ ക്രെഡിറ്റുകൾ നേടാം. ഈ ക്രെഡിറ്റുകൾ മലിനീകരണം കുറയ്ക്കാൻ ബുദ്ധിമുട്ടുന്ന സ്റ്റീൽ ഫാക്റ്ററി പോലുള്ള മറ്റൊരു ബിസിനസ് സ്ഥാപനത്തിന് പോയിന്‍റുകൾ എന്ന പോലെ വിൽക്കാൻ കഴിയും. ഈ രീതിയിൽ, മലിനീകരണം കുറയ്ക്കാൻ കൂടുതൽ സമയം ആവശ്യമുള്ള ബിസിനസുകൾക്ക്, മികച്ച രീതിയിൽ പ്രവർത്തിച്ചവയിൽ നിന്ന് ക്രെഡിറ്റുകൾ വാങ്ങി ലക്ഷ്യങ്ങൾ കൈവരിക്കാം.

കംപ്ലയൻസ് മെക്കാനിസത്തിനായുള്ള ഈ വിശദമായ നടപടിക്രമം, പാലിക്കൽ പ്രക്രിയ എങ്ങനെ പ്രവർത്തനക്ഷമമാക്കാമെന്നതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. തങ്ങളുടെ എമിഷൻ റിഡക്ഷൻ ബാധ്യതകൾ നിറവേറ്റുന്നതിന് ഓഹരി ഉടമകൾ പാലിക്കേണ്ട തത്വങ്ങൾ, പ്രക്രിയകൾ, സമയക്രമങ്ങൾ എന്നിവ ഈ രൂപരേഖ പ്രതിപാദിക്കുന്നു. സംവിധാനം സുതാര്യവും ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കി സ്ഥാപനങ്ങൾ അവരുടെ ഹരിതഗൃഹ വാതക (GHG) ബഹിർഗമനം എങ്ങനെ നിരീക്ഷിക്കണം, റിപ്പോർട്ട് ചെയ്യണം, പരിശോധിക്കണം എന്ന മാർഗനിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അക്രഡിറ്റേഷൻ നടപടിക്രമം എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ മാർഗനിർദേശം, കമ്പനികൾ മലിനീകരണം കുറയ്ക്കുന്നത് യഥാർഥമാണോ എന്നും വിശ്വസനീയവും നൈപുണ്യയുക്തവുമാണോ എന്നും ഉറപ്പാക്കുന്നു. ബിസിനസ് സ്ഥാപനങ്ങൾ തങ്ങളുടെ ബഹിർഗമന തോത് സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ അക്രഡിറ്റഡ് കാർബൺ വെരിഫിക്കേഷൻ ഏജൻസികൾ (എസിവി) എന്ന നിഷ്പക്ഷ സംഘടനകൾ ഉണ്ടാകും. കൂടുതൽ ഊർജക്ഷമതയുള്ള സാങ്കേതികവിദ്യയോ പുനരുപയോഗ ഊർജമോ ഉപയോഗിച്ച് ബഹിർഗമനം കുറച്ചതായി ഒരു വ്യവസായം അവകാശപ്പെടുകയാണെങ്കിൽ, കാർബൺ ക്രെഡിറ്റുകൾ നൽകുന്നതിന് മുമ്പ് രണ്ടുതവണ എസിവി പരിശോധന നടക്കും. ഓഡിറ്റർമാരെപ്പോലെയാണ് ഇതിന്‍റെ പ്രവർത്തനം. ഇത് സുതാര്യത ഉറപ്പാക്കുന്നു. ബഹിർഗമനം കുറയ്ക്കൽ കടലാസിൽ മാത്രമല്ലെന്നും യഥാർഥമാണെന്നും നമുക്ക് വിശ്വസിക്കാം.

കുറച്ച് പ്രത്യക്ഷ ഉദാഹരണങ്ങൾ പരിഗണിക്കാം: ഒരു വലിയ സ്റ്റീൽ കമ്പനി വർഷാവസാനത്തോടെ കാർബൺ ബഹിർഗമനം 10% കുറയ്ക്കേണ്ടതുണ്ടെന്ന് കരുതാം. ഈ ലക്ഷ്യം കൈവരിക്കാൻ കമ്പനി അതിന്‍റെ യന്ത്രസാമഗ്രികൾ കൂടുതൽ ഊർജ കാര്യക്ഷമതയോടെ നവീകരിക്കുകയും കാർബൺ പുറന്തള്ളൽ 15% കുറയ്ക്കുകയും ചെയ്യുന്നു. ബഹിർഗമന തോതിലെ ഈ കുറവ് അംഗീകൃത കാർബൺ പരിശോധനാ ഏജൻസികൾ പരിശോധിച്ച് സ്ഥിരീകരിക്കുന്നു. അധികമുണ്ടാകുന്ന 5% കുറവ് കമ്പനിക്ക് കാർബൺ ക്രെഡിറ്റുകൾ നേടിക്കൊടുക്കുന്നു. അത് ബഹിർഗമന ലക്ഷ്യം കൈവരിക്കാൻ ബുദ്ധിമുട്ടുന്ന ഒരു സിമന്‍റ് നിർമാണ കമ്പനിക്ക് വിൽക്കാം. ഇപ്രകാരം, ഇന്ത്യയുടെ മൊത്തത്തിലുള്ള ബഹിർഗമനം കുറയുമ്പോൾ രണ്ട് കമ്പനികൾക്കും പ്രയോജനം ലഭിക്കും.

അടുത്ത നീക്കം എന്താണ് ?

ഇന്ത്യൻ കാർബൺ വിപണിയുടെ പ്രവർത്തനക്ഷമത ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും അടിസ്ഥാനം അതിവേഗം രൂപപ്പെട്ടുവരികയാണ്. ഐസിഎമ്മിന്‍റെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) നിലവിൽ കംപ്ലയൻസ് മെക്കാനിസത്തിൽ പങ്കെടുക്കുന്ന വ്യവസായങ്ങൾക്കായി മേഖലാടിസ്ഥാനത്തിൽ നിർദിഷ്ട ബഹിർഗമന ലക്ഷ്യങ്ങൾക്ക് അന്തിമരൂപം നൽകുന്നു. ദേശീയ കാലാവസ്ഥാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി മലിനീകരണം കുറയ്ക്കുന്നതിലേക്ക് കമ്പനികളെ നയിക്കുന്നതിൽ ഇത് നിർണായകമാകും.

ഒപ്പം, കാർബൺ ക്രെഡിറ്റുകളുടെ സുഗമമായ വ്യാപാരം സാധ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഐസിഎം പോർട്ടൽ വികസിപ്പിക്കുന്നതിനായും ബിഇഇ പ്രവർത്തിക്കുന്നു. ഈ വിവരസാങ്കേതിക അടിസ്ഥാന സൗകര്യം കാർബൺ വിപണി കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇടപാടുകളിലേക്ക് എല്ലാ പങ്കാളികൾക്കും പ്രവേശിക്കാവുന്നതും സുതാര്യവും ആണെന്ന് ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.

ഇന്ത്യൻ കാർബൺ വിപണി പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഒരുപോലെ പ്രയോജനം ചെയ്യും വിധത്തിൽ കാര്യമായ സ്വാധീനം സൃഷ്ടിക്കാൻ സജ്ജമാണ്. ബിസിനസ് സ്ഥാപനങ്ങളെ ബഹിർഗമനം കുറയ്ക്കാൻ പ്രേരിപ്പിക്കുകയും വിജയിക്കുന്നവർക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നതിലൂടെ, വിപണി ഹരിത സാങ്കേതിക വിദ്യകളിലേക്കുള്ള പരിവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. കമ്പനികൾക്ക് അവയുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ നേടാനായി ചെലവ് കുറഞ്ഞ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് ഈ സംവിധാനം ഉറപ്പാക്കും. കാലക്രമേണ, കൂടുതൽ വ്യവസായങ്ങൾ പങ്കെടുക്കുമെന്നതിനാൽ, കാർബൺ ക്രെഡിറ്റുകൾ വ്യാപാരം ചെയ്യാൻ ബിസിനസ് സ്ഥാപനങ്ങളെ അനുവദിച്ചുകൊണ്ട് മലിനീകരണം കുറയ്ക്കുന്നതിനുള്ള ചെലവ് കുറയ്ക്കാൻ കാർബൺ വിപണി സഹായിക്കും. ശുദ്ധമായ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ബഹിർഗമന തോത് കുറയ്ക്കുന്നതിൽ വെല്ലുവിളി നേരിടുന്ന കമ്പനികൾക്ക് ക്രെഡിറ്റുകൾ വാങ്ങാൻ കാർബൺ വിപണി സംവിധാനമൊരുക്കുന്നു.

ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്, കാർബൺ വിപണികളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കാർബൺ ക്രെഡിറ്റുകൾ വ്യാപാരം ചെയ്യാൻ കഴിയുന്ന ഒരു വിപണി സൃഷ്ടിക്കുന്നതിലൂടെ, ഹരിത സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള ചെലവ് കണ്ടെത്താൻ ബിസിനസ് സ്ഥാപനങ്ങൾക്ക് കഴിയുന്നു. സുസ്ഥിരമായ പ്രവർത്തനങ്ങളിലേക്ക് മാറുന്നതിനുള്ള മുഴുവൻ ചെലവും ഓരോ കമ്പനിയും വഹിക്കുന്നതിനു പകരം, മത്സരാധിഷ്ഠിതമായി നിലകൊണ്ട് ക്രമേണ മാറ്റങ്ങൾ വരുത്താൻ അവയ്ക്ക് സാധ്യതയൊരുക്കുന്നു.

2030ഓടെ 15 ബില്യൺ ഡോളറിന്‍റെ വിപണിയായി വളരാൻ സാധ്യതയുള്ള പുനരുപയോഗ ഊർജം, ഹരിത സാങ്കേതികവിദ്യകൾ, കാർബൺ ബഹിർഗമന തോത് കുറയ്ക്കുന്നതിനുള്ള കണ്ടുപിടിത്തങ്ങൾ എന്നിവയിൽ ഗണ്യമായ നിക്ഷേപം നടത്തുന്നതിന് ഇന്ത്യൻ കാർബൺ വിപണി ഒരു പരിവർത്തന അവസരമാണ് തുറന്നുനൽകുന്നത്. കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന മൂന്നാമത്തെ വലിയ രാജ്യമെന്ന നിലയിൽ, ഇന്ത്യയുടെ കാർബൺ വിപണി ആഗോള ബഹിർഗമനം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. 2070ഓടെ ഹത്തായ നെറ്റ്സീറോ ലക്ഷ്യം കൈവരിക്കാൻ ഇത് സഹായിക്കും. ഈ സമീപനം കാലാവസ്ഥാ പ്രതിബദ്ധതകൾ നിറവേറ്റുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തെ ത്വരിതപ്പെടുത്തുന്നതൊനൊപ്പം ഡീകാർബണൈസേഷന്‍റെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കും.

(അശോക് കുമാർ (ഡിജിജി) , സൗരഭ് ദിദ്ദി (ഡയറക്റ്റർ) , അതിക് മതിൻ ഷെയ്ഖ്, (കാലാവസ്ഥാ വ്യതിയാന വിദഗ്ധൻ) ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി)

Trending

No stories found.

Latest News

No stories found.