New governments come to power in Andhra Pradesh and Odisha.
ഭരണം മാറി ആന്ധ്ര, ഒഡിഷ...

ഭരണം മാറി ആന്ധ്ര, ഒഡിഷ...

Published on

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും വോട്ടെടുപ്പു നടന്ന ആന്ധ്ര പ്രദേശിലും ഒഡിഷയിലും പുതിയ സർക്കാരുകൾ അധികാരത്തിലേറിയിരിക്കുകയാണ്. ആന്ധ്രയിൽ നാലാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റ തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിനു വലിയ ഭൂരിപക്ഷമാണ് ഇക്കുറി ജനങ്ങൾ നൽകിയത്. ഗംഭീരമായ ഇരട്ടവിജയം തന്നെയാണ് അദ്ദേഹത്തിന്. ആകെയുള്ള 25 ലോക്സഭാ മണ്ഡലങ്ങളിൽ 16 എണ്ണവും തെലുങ്കുദേശം നേടിയപ്പോഴാണു നായിഡു കേന്ദ്രത്തിലെ കിങ് മേക്കറായത്. നിയമസഭയിൽ തെലുങ്കുദേശത്തിനു ലഭിച്ചത് 135 സീറ്റുകൾ. മൊത്തമുള്ള 175 നിയമസഭാ മണ്ഡലങ്ങളിൽ 164ഉം എന്‍ഡിഎയ്ക്കാണ്. പവൻ കല്യാണിന്‍റെ ജനസേനയ്ക്ക് 21, ബിജെപിക്ക് 8 എന്നിങ്ങനെയാണ് സഖ്യകക്ഷികളുടെ അംഗബലം. അധികാരത്തിൽ നിന്നു പുറത്തുപോയ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് വെറും 11 സീറ്റുകളേയുള്ളൂ.

ആകെ പോൾ ചെയ്തതിൽ 46 ശതമാനത്തോളം വോട്ട് തെലുങ്കുദേശത്തിനു മാത്രം കിട്ടി. 7 ശതമാനത്തോളം വോട്ട് ജനസേനയ്ക്കും 3 ശതമാനത്തോളം ബിജെപിക്കുമാണ്. അതായത് 56 ശതമാനം വോട്ടുവിഹിതവും എന്‍ഡിഎയ്ക്ക്. 40 ശതമാനത്തോളം വോട്ടാണ് ജഗൻ മോഹനുള്ളത്. കഴിഞ്ഞ തവണ (2019ൽ) 39 ശതമാനം വോട്ടും 23 സീറ്റും മാത്രം നേടിയ തെലുങ്കുദേശത്തിന്‍റെ കുതിപ്പ് എത്ര മാത്രമുണ്ടെന്ന് ഇതിൽ നിന്നു വ്യക്തമാണ്. 6 ശതമാനത്തിൽ താഴെ വോട്ടും ഒരേയൊരു സീറ്റും മാത്രമായിരുന്നു കഴിഞ്ഞ തവണ ജനസേനയ്ക്കു ലഭിച്ചിരുന്നത്. ഒരു ശതമാനത്തിൽ താഴെ മാത്രം വോട്ടുണ്ടായിരുന്ന ബിജെപിക്ക് സീറ്റുകളേ ഉണ്ടായിരുന്നില്ല. സഖ്യം 3 പാർട്ടികൾക്കും ഗുണകരമായി എന്നാണ് ഇതിൽ നിന്നു കാണാനാവുന്നത്.

2014ൽ 50 ശതമാനത്തോളം വോട്ടും 151 സീറ്റും വൈഎസ്ആർ കോൺഗ്രസിലെത്തിച്ചതാണ് ജഗൻ മോഹൻ. നിരവധി ക്ഷേമപദ്ധതികളുടെ ബലത്തിൽ ഇക്കുറിയും വിജയവും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഴിമതിക്കേസിൽ ചന്ദ്രബാബുവിനെ ജയിലിലാക്കിയ രാഷ്‌ട്രീയ തന്ത്രം പാളി. തെലങ്കുദേശത്തിന് അനുകൂലമായ സഹതാപ തരംഗത്തിന് ജഗൻ അവസരമുണ്ടാക്കിയെന്നാണു പലരും വിലയിരുത്തുന്നത്. നായിഡു ജയിലിൽ കിടക്കുമ്പോഴാണ് പവൻ കല്യാൺ അദ്ദേഹത്തെ കാണുന്നതും ജനസേനയും തെലങ്കുദേശവും തമ്മിലുള്ള സഖ്യം പ്രഖ്യാപിക്കുന്നതും. ഈ സഖ്യമാണ് തെലുങ്കുദേശത്തിനു പ്രതീക്ഷകൾ പകർന്നു നൽകിയത്.

സഖ്യകക്ഷികൾ തമ്മിൽ അടിത്തട്ടു വരെ നല്ല ഐക്യത്തിൽ പ്രവർത്തിച്ചത് മുന്നണിയുടെ കരുത്തുകൂട്ടി. 226 ദിവസം കൊണ്ട് 3,132 കിലോമീറ്റർ താണ്ടിയ മകൻ ലോകേഷിന്‍റെ പദയാത്രയും ചന്ദ്രബാബുവിന് അനുകൂലമായ തരംഗമുണ്ടാക്കി. ജനങ്ങളുടെ പരാതികൾ കേട്ടും അധികാരം ലഭിച്ചാൽ പരിഹാരം ഉറപ്പുനൽകിയും ജനങ്ങളെ കൈയിലെടുക്കാൻ ലോകേഷിനു കഴിഞ്ഞു. ചന്ദ്രബാബുവിന്‍റെ മന്ത്രിസഭയിൽ ലോകേഷും അംഗമാണ് എന്നു മാത്രമല്ല സർക്കാരിന്‍റെ പ്രവർത്തനത്തിൽ പ്രധാന പങ്കും അദ്ദേഹം വഹിക്കുമെന്നു കരുതണം. പരമാവധി വീടുകളിലേക്കും ക്ഷേമപ്രവർത്തനങ്ങൾ എത്തിച്ചിട്ടും എന്തുകൊണ്ടു തോറ്റു എന്നറിയില്ലെന്ന ജഗൻ മോഹന്‍റെ പ്രതികരണം കടുത്ത നിരാശയിൽ നിന്നുണ്ടായതാണ്.

70കളിൽ കോൺഗ്രസിലൂടെ രാഷ്‌ട്രീയ പ്രവർത്തനം തുടങ്ങിയ ചന്ദ്രബാബു നായിഡു 1978ൽ തന്നെ സംസ്ഥാന നിയമസഭയിൽ അംഗമായതാണ്. 1980ൽ സംസ്ഥാനത്തു മന്ത്രിയുമായി. 1982ൽ എൻ.ടി. രാമറാവു തെലുങ്കുദേശം രൂപവത്കരിച്ചപ്പോൾ അവിടെയെത്തി. രാമറാവുവിന്‍റെ മരുമകൻ കൂടിയായ നായിഡു ആദ്യമായി മുഖ്യമന്ത്രിയാവുന്നത് 1995ലാണ്. 2004 വരെ 9 വർഷം തുടർച്ചയായി അവിഭക്ത ആന്ധ്ര അദ്ദേഹം ഭരിച്ചു. തെലങ്കാനയും ആന്ധ്രയുമായി വിഭജിച്ച 2014ൽ ചന്ദ്രബാബു നായിഡു വീണ്ടും ആന്ധ്രയുടെ മുഖ്യമന്ത്രിയായി. ഐടി മേഖലയിലെ മുന്നേറ്റങ്ങളിലും സാമ്പത്തിക പരിഷ്കാരങ്ങളിലും ശ്രദ്ധ ചെലുത്തിയ നായിഡു ആന്ധ്രയുടെ വികസനത്തിനു മുഖ്യപങ്കു വഹിച്ച നേതാവായാണ് അറിയപ്പെടുന്നത്. 74ാം വയസിൽ അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് വികസന നായകൻ എന്ന പ്രതിച്ഛായ ഓർമിപ്പിച്ചുകൊണ്ടാണ്. സംസ്ഥാന രാഷ്‌ട്രീയത്തിലും അധികാരത്തിലും മകൻ ലോകേഷിന്‍റെ പങ്ക് ഉറപ്പിക്കാൻ നായിഡുവിന് ഈ അവസരം ഉപയോഗിക്കാനാവും.

ഒഡിഷയിൽ ഒരു കാലഘട്ടത്തിന്‍റെ അന്ത്യമാണു സംഭവിച്ചിരിക്കുന്നത്. രാജ്യ രാഷ്‌ട്രീയത്തിലെ അതികായനായിരുന്ന ബിജു പട്നായിക്കിന്‍റെ മകൻ നവീൻ പട്നായിക്കിന്‍റെ 24 വർഷത്തെ ഭരണം ബിജെപി അവസാനിപ്പിച്ചിരിക്കുന്നു. ഭരണകക്ഷിയായ ബിജെഡിയെ ഭരണവിരുദ്ധ വികാരം ബാധിച്ചെങ്കിലും അത് ആന്ധ്രയിൽ ജഗനു നേരിട്ട അത്രയും കനത്തതായില്ല എന്നതും ശ്രദ്ധേയമാണ്. ആകെ 147 അംഗങ്ങളുള്ള ഒഡിഷ നിയമസഭയിൽ ബിജെപിക്ക് 78 എംഎൽഎമാരെയാണു കിട്ടിയത്. ഭൂരിപക്ഷത്തിനു വേണ്ടതിനെക്കാൾ 4 എംഎൽഎമാർ കൂടുതൽ. ബിജെഡിക്ക് 51, കോൺഗ്രസിനു 14 സീറ്റ് വീതമാണുള്ളത്. കഴിഞ്ഞ തവണ 23 സീറ്റുകൾ മാത്രമായിരുന്നു ബിജെപിക്ക്. ബിജെഡിക്ക് കഴിഞ്ഞ 3 തവണയും 100ലേറെ സീറ്റുണ്ടായിരുന്നു. ഗോത്രവർഗ നേതാവും നാലാം തവണ എംഎൽഎയുമായ മോഹൻ ചരൺ മാഝിയെ പുതിയ മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തത് അപ്രതീക്ഷിതമായാണ്. മുതിർന്ന നേതാക്കളായ കെ.വി. സിങ്ദേവ്, പ്രവതി പരിദ എന്നിവർ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റിട്ടുണ്ട്.

1998 മുതൽ 2009 വരെ 11 വർഷക്കാലം ഒഡിഷയിൽ സഖ്യകക്ഷികളായിരുന്നു ബിജെപിയും ബിജെഡിയും. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒന്നിച്ചു മത്സരിച്ചിട്ടുള്ള ഈ കക്ഷികൾ പിന്നീടു രണ്ടായി നിൽക്കുന്നുവെങ്കിലും നിർണായക സമയങ്ങളിൽ കേന്ദ്ര സർക്കാരിന് നവീൻ പട്നായിക്കിന്‍റെ പിന്തുണ കിട്ടാറുണ്ടായിരുന്നു. പട്നായിക്കിന്‍റെ മോശം ആരോഗ്യനിലയും അദ്ദേഹത്തിന്‍റെ സഹായിയും പാർട്ടി നേതാവുമായ വി.കെ. പാണ്ഡ്യനു സർക്കാരിലുള്ള സ്വാധീനവും ചൂണ്ടിക്കാണിച്ചാണ് ഇത്തവണ ബിജെപി വോട്ടു പിടിച്ചത്. ബിജെപി അധികാരത്തിലെത്തിയാൽ പട്നായിക്കിന്‍റെ ആരോഗ്യനില എങ്ങനെ മോശമായി എന്ന് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, മോഹൻ ചരൺ മാഝി നേരിട്ടു ചെന്ന് ക്ഷണിച്ചതനുസരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ നവീൻ എത്തുകയും മോദിയും അമിത് ഷായും അടക്കമുള്ളവരോടു സൗഹൃദം പങ്കിടുകയും ചെയ്തു.

സർക്കാരിനുണ്ടായ പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ വി.കെ. പാണ്ഡ്യൻ രാഷ്‌ട്രീയം തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. പട്നായിക് വീണ്ടും മുഖ്യമന്ത്രിയായില്ലെങ്കിൽ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന് പ്രചാരണ സമയത്ത് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ പാണ്ഡ്യൻ തമിഴ്നാട് സ്വദേശിയാണ്. വലംകൈയായി പാണ്ഡ്യനില്ലാതെ 77ാം വയസിൽ പ്രതിപക്ഷത്തിരിക്കുമ്പോൾ പട്നായിക്കിന് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.