പ്രവാസത്തിന്‍റെ ഘടന മാറുന്നു; പണം ഇനി ഇങ്ങോട്ടല്ല, അങ്ങോട്ടൊഴുകും
NRI money to flow in reverse to Western countriesImage by creativeart on Freepik

പ്രവാസത്തിന്‍റെ ഘടന മാറും; ഇങ്ങോട്ട് വരുന്നതിൽ കൂടുതൽ പണം പുറത്തേക്കു പോകും

കേരളത്തിൽനിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ല. ജോലിക്കു പോകുന്നവരുടെ എണ്ണം കുറയുകയും, ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്.

സ്വന്തം ലേഖകൻ

കുടിയേറ്റത്തിലെ പുതിയ പ്രവണതകൾ കേരളത്തിന്‍റെ ജനസംഖ്യാ ഘടനയിലും സമ്പദ്‌വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും, ഇക്കാര്യത്തിൽ നയപരമായ ഇടപെടലുകൾ ആവശ്യമാണെന്നുമാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്‍റെ നേതൃത്വത്തിൽ നടത്തിയ മൈഗ്രേഷൻ സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നാട്ടിലേക്കുള്ള എൻആർഐ പണത്തിന്‍റെ അളവിൽ കഴിഞ്ഞ വർഷം വലിയ വർധനയുള്ളതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കേരളത്തിൽനിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായ വർധയുണ്ടായിട്ടില്ല. 2018ൽ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണമാണ് 2023ൽ 22 ലക്ഷത്തിൽ എത്തിനിൽക്കുന്നത്.

കൂടുന്നത് വിദ്യാർഥികളുടെ കുടിയേറ്റം മാത്രം

അതേസമയം, ജോലിക്കായി വിദേശത്തേക്കു പോകുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. വിദ്യാർഥികളുടെ കുടിയേറ്റം വർധിക്കുന്നതു കാരണമാണ് ആകെ പ്രവാസികളുടെ എണ്ണം ചെറിയ തോതിലെങ്കിലും കൂടിയത്. 2018ൽ 1,29,763 വിദ്യാർഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കിൽ 2023ൽ അത് 2,50,000 ആയി വർധിച്ചു.

കേരളത്തിൽനിന്നുള്ള പ്രവാസത്തിന്‍റെ സ്വഭാവത്തിൽ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്നു പറയുന്ന സർവേ റിപ്പോർട്ട്, 17 വയസിനു മുൻപുതന്നെ നാടു വിടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു. വിദേശത്തു പഠിക്കാൻ യുവതലമുറ കൂടുതൽ താത്പര്യം കാണിക്കുന്നു. കേരളത്തിൽനിന്നുള്ള മൊത്തം പ്രവാസികളിൽ 11.3 ശതമാനം പേർ വിദ്യാർഥികളാണ്.

കേരളത്തിൽ നിന്നു പുറത്തേക്ക് പണമൊഴുക്ക്

ജോലിക്കായി വിദേശത്തു പോകുന്നവരാണ് കൂടുതലായി പണം നാട്ടിലേക്കയയ്ക്കുക. ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നവരിലൂടെ ഇവിടെ നിന്നുള്ള പണം തിരിച്ച് അങ്ങോട്ടും ഒഴുകിത്തുടങ്ങിയിരിക്കുന്നു. ഈ പ്രവണത വർധിച്ചുവരുകയും ചെയ്യുന്നു.

വിദ്യാഭ്യാസ അവസരങ്ങൾ ഏറെയും യൂറോപ്യൻ, അമേരിക്കൻ, ഓസ്ട്രേലിയൻ വൻകരകളിലാണ്. അതിനാൽ തന്നെ, അവിടങ്ങളിൽ ജോലി കിട്ടുന്നവർ ഗൾഫിലേതു പോലെ ജോലി ചെയ്ത് സമ്പാദ്യം മുഴുവൻ നാട്ടിലേക്കയയ്ക്കുന്ന രീതിയിലും വ്യത്യാസം വരുന്നുണ്ട്. യൂറോപ്പിലും യുഎസിലും ക്യാനഡയിലും യുകെയിലുമെല്ലാം പൗരത്വം നേടാൻ അവസരമുള്ളതിനാൽ അവിടെ തന്നെ തുടരാനാണ് ആധുനിക തലമുറയിലെ കുടിയേറ്റക്കാർ കൂടുതലായും താത്പര്യപ്പെടുന്നത്.

വിദ്യാർഥി കുടിയേറ്റത്തിൽ യുകെയാണ് മുന്നിൽ. ആകെ വിദേശ വിദ്യാർഥികളിൽ 30 ശതമാനം യുകെയിലാണു പഠിക്കുന്നത്. സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018ലെ 15.8 ശതമാനത്തിൽനിന്ന് 2023ൽ 19.1 ശതമാനത്തിന്‍റെ വർധന കാണിക്കുന്നു. സ്ത്രീ പ്രവാസികൾ ജിസിസി രാജ്യങ്ങളിൽ ഇപ്പോൾ കാര്യമായി താത്പര്യം കാണിക്കുന്നില്ല. കൂടുതലായി യൂറോപ്യൻ രാജ്യങ്ങൾ അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളാണ് ഇവർ തെരഞ്ഞെടുക്കുന്നത്.

9 ജില്ലകളിൽനിന്നുള്ള കുടിയേറ്റം കുറഞ്ഞു

ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ ഒമ്പതു ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകളിൽ വ്യക്തമാകുന്നത്. വടക്കൻ കേരളം മേഖല പ്രവാസത്തിന്‍റെ കേന്ദ്രബിന്ദുവായി ഇപ്പോഴും തുടരുന്നു.

മലപ്പുറം തിരൂർ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ മുന്നിൽ. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെനിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ.

ഇപ്പോഴും ഏറ്റവും കൂടുതൽ മലയാളി കുടിയേറ്റക്കാരുള്ളത് ഗൾഫ് രാജ്യങ്ങളിൽതന്നെയാണ്. എങ്കിലും ജിസിസി രാജ്യങ്ങൾ തെരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 2018ലെ 89.2 ശതമാനത്തിൽനിന്ന് 2023ൽ 80.5 ശതമാനത്തിന്‍റെ ഇടിവു കാണിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.