അതീതം | എം.ബി. സന്തോഷ്
പാകിസ്ഥാന്‍റെ ആദ്യ വ്യക്തിഗത ഒളിംപിക് സ്വർണ മെഡൽ ജേതാവ് അർഷാദ് നദീം ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ നീരജ് ചോപ്രയുടെ അമ്മയെക്കുറിച്ച് പറഞ്ഞത്: "ഒരു അമ്മ എല്ലാവർക്കും അമ്മയാണ്, അതിനാൽ അവർ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. നീരജ് ചോപ്രയുടെ അമ്മയോട് ഞാൻ നന്ദിയുള്ളവനാണ്. ആ അമ്മ എന്‍റെയും അമ്മയാണ്. അവർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു, ലോക വേദിയിൽ പ്രകടനം നടത്തിയ ദക്ഷിണേഷ്യയിൽ നിന്നുള്ള രണ്ട് കളിക്കാർ മാത്രമാണ് ഞങ്ങൾ.'
മത്സരം കഴിഞ്ഞതിന്‍റെ തൊട്ടടുത്ത ഞായറാഴ്‌ച പുലർച്ചെ വീരാരവത്തോടെ സ്വീകരിച്ചാനയിക്കപ്പെട്ട് വീട്ടിലേക്ക് മടങ്ങിയ ശേഷം നദീം ഇതു പറയുമ്പോൾ പാകിസ്ഥാനിൽ ആഘോഷങ്ങൾ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പാരീസ് ഒളിംപിക്‌സിലെ ജാവലിൻ ത്രോയിൽ 92.97 മീറ്റർ എറിഞ്ഞ് റെക്കോർഡ് തിരുത്തിയെഴുതിയ നദീമിന്‍റെ ചരിത്രവിജയം പാകിസ്ഥാന് ഗംഭീരമായി ആഘോഷിച്ചേ മതിയാവൂ. 32 വര്‍ഷത്തിനുശേഷമാണ് പാകിസ്ഥാന് ഒരു ഒളിംപിക് മെഡൽ.1992ലെ ബാഴ്സലോണ ഒളിംപിക്സില്‍ ഹോക്കി ടീം വെങ്കലം നേടിയ ശേഷം ആദ്യമായാണ് ഒരു ഒളിംപിക് മെഡൽ എത്തിയത്.40 വര്‍ഷത്തിന് ശേഷം ലഭിക്കുന്ന സ്വര്‍ണ മെഡലും. വ്യക്തിഗത ഇനത്തില്‍ ഒളിംപിക് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ പാകിസ്ഥാന്‍ താരമാണ് നദീം.
പാരീസ് ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ പരസ്പരം മത്സരിച്ചിരുന്നവരായിരുന്നു നീരജ് ചോപ്രയും അര്‍ഷദ് നദീമും. നദീം 92.97 മീറ്റര്‍ ദൂരമെറിഞ്ഞ് ഒളിംപിക് റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി. 89.45 മീറ്റര്‍ ദൂരമെറിഞ്ഞ് നീരജ് വെള്ളിയും നേടി. ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് സ്വര്‍ണം നേടിയപ്പോൾ നാലാംസ്ഥാനത്തായിരുന്നു നദീം.
ലോക അത്‌ലറ്റിക്‌സിന്‍റെ ചരിത്രത്തിൽ കാഷ്വൽ ആയി ജാവലിൻ എറിയുന്നത് അർഷാദ് നദീമിനെ പോലെ ആരും കാണാനിടയില്ലെന്ന് സ്പോർട്ല് ജേണലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. അയാൾ സ്ഥിരമായി ട്രാക്ക് സ്യൂട്ടും സ്ലീവ്ലെസ് ടീയും ധരിച്ച് സായാഹ്ന ജോഗിങ്ങിന് പുറപ്പെടുമ്പോൾ ഒരു വടി കാണുന്നു. ജോഗിങ്ങിന്‍റെ അൽപ്പം വിരസതയുള്ള വേഗതയിൽ തുടരുന്ന അയാൾ തീർത്തും സാധാരണമായി വടി വായുവിലേക്ക് എറിയുകയും അതിൽ മുഖം ചുളിക്കുകയും ചെയ്യുന്നു..! പക്ഷെ, ആ ജാവലിൻ 92.97 മീറ്ററിലേക്ക് കുതിച്ചു, ഒളിംപിക്‌സ് റെക്കോർഡ് തകർത്തു! പാക്കിസ്ഥാന്‍റെ ആദ്യ വ്യക്തിഗത സ്വർണം എന്ന കിരീടം ആ ചെറുപ്പക്കാരനെ തേടിയെത്തിയത് അങ്ങനെയാണ്.
നീരജ് ചോപ്ര ഉടൻ തന്നെ വന്ന് 89.45 മീ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞു. അത്, വെള്ളി മെഡലിൽ അയാളുടെ പേരെഴുതി.
നദീമിന്‍റെ അമ്മ റസിയ പർവീൺ, നീരജ് ചോപ്രയോടുള്ള വാത്സല്യം ഒട്ടും മറച്ചുവച്ചില്ല: "അവൻ എനിക്ക് ഒരു മകനെപ്പോലെയാണ്. നദീമിന്‍റെ സുഹൃത്തും സഹോദരനുമാണ്. നീരജിന് വേണ്ടിയും ഞാൻ പ്രാര്‍ഥിച്ചിരുന്നു'
നീരജ് രണ്ടാം സ്ഥാനത്തായിപ്പോയതിനെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് നീരജിന്‍റെ അമ്മ സരോജ് ദേവി പറഞ്ഞു: "പശ്ചാത്താപമില്ല, ഞങ്ങൾ വളരെ സന്തോഷത്തിലാണ്, അങ്ങേയറ്റം സന്തുഷ്ടരാണ്. ഒരു വെള്ളി മെഡൽ പോലും ഞങ്ങൾക്ക് ഒരു സ്വർണ മെഡലിന് തുല്യമാണ്. സ്വർണം നേടിയതും ഞങ്ങളുടെ കുട്ടിയാണ്. അതിൽ ഒരു കുഴപ്പമില്ല, അവനും ഞങ്ങളിൽ ഒരാളാണ്. അവൻ എനിക്ക് ഒരു മകനെപ്പോലെയാണ്. അവനും കഠിനാധ്വാനം ചെയ്തു'.
നീരജ് ചോപ്രയ്ക്കു പിന്നിൽ സൗകര്യങ്ങളുടെ വലിയ സംവിധാനങ്ങളുണ്ടായിരുന്നു. അതിന്‍റേതായ എല്ലാ മികവിനും ഒരു തടസവുമില്ലാതെ ഒഴുകാവുന്ന അവസ്ഥ.
അങ്ങനെയായിരുന്നില്ല, നദീമിന്. ആദ്യകാല പരിശീലനത്തിന് പണം നൽകുന്നതിന് സഹ ഗ്രാമീണരിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നു, ലോക മത്സരങ്ങൾക്ക് പോകാനുള്ള പണം കണ്ടെത്തൽ എക്കാലത്തും വലിയ വെല്ലുവിളിയായിരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് മേഖലയിലെ മിയാൻ ചന്നു ഗ്രാമത്തിൽ നിന്നുള്ള അർഷാദ് നദീമിന്‍റെ പിതാവ് നിർമാണ തൊഴിലാളിയായിരുന്നു. 7 മക്കളിൽ മൂന്നാമനായിരുന്നു നദീം. ദാരിദ്ര്യത്തോട് പടവെട്ടുന്ന കുടുംബത്തിന് വർഷത്തിലൊരിക്കൽ പെരുന്നാൾ ദിനത്തിൽ മാത്രമാണ് ഇറച്ചിക്കറി കഴിക്കാൻ കഴിഞ്ഞിരുന്നതെന്ന് തുറന്നുപറയുമ്പോൾ അയാൾക്ക് നാണക്കേടൊന്നും തോന്നുന്നില്ല.
പരിശീലത്തിനുപോലും പണമില്ലാതിരുന്നപ്പോൾ പലപ്പോഴും ഗ്രാമവാസികളും ബന്ധുക്കളും താങ്ങായി. ആവശ്യത്തിന് പണവും മൈതാനവുമില്ലാതിരുന്നപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ നദീം സഹായമഭ്യർഥിച്ചു. മാസങ്ങള്‍ക്ക് മുമ്പ് താനുപയോഗിക്കുന്ന ജാവലിൻ തകരാറിലായതും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ജാവലിൻ ഇല്ലാത്തതും വെളിപ്പെടുത്തിയ താരം ദേശീയ കായിക ഫെഡറേഷനോട് പുതിയൊരെണ്ണം നൽകാൻ അഭ്യർഥിച്ചിരുന്നു. അതിനെ നീരജ് അടക്കമുള്ളവർ പിന്തുണയ്ക്കുകയും ചെയ്തു.
ടോക്കിയോ ഒളിംപിക്‌സിലെ ചരിത്രമെഴുതിയതിന് ശേഷം നീരജ് പറഞ്ഞു: "ഞങ്ങൾ രണ്ടുപേരും ഫൈനലിൽ എത്തിയത് വലിയ കാര്യമാണ്. വളരെ അപൂർവമായേ ഏഷ്യൻ ത്രോക്കാർ ഇങ്ങനെയുള്ള പ്രകടനം കാഴ്ചവയ്ക്കാറുള്ളൂ. രാജ്യങ്ങളുടെ ശത്രുത കുറയ്ക്കുക, എല്ലാറ്റിന്‍റെയും അടിസ്ഥാന ഏകത്വവും സാഹോദര്യവും ഉയർത്തിക്കാട്ടുക.' - ഇന്ത്യയും പാകിസ്ഥാനും ഒരു കാലത്ത് ഒറ്റരാജ്യമായിരുന്നു എന്നും ഏകോദര സഹോദരങ്ങളായിരുന്നു എന്നതും മറന്ന് പരസ്പരം പോരടിപ്പിക്കാനുള്ള നീക്കങ്ങളെ ചെറുത്ത് നീരജും നദീമും ഒരേ മനസോടെ നിലകൊണ്ടു. വിഷലിപ്ത പ്രചാരണങ്ങളെ ഇരുകൂട്ടരും ശക്തമായിത്തന്നെ നേരിട്ടു. ഒരു ഘട്ടത്തിലും പരസ്പരം തള്ളിപ്പറയാൻ തയ്യാറായില്ല.
ഹംഗറിയിലെ ബുഡാപെസ്റ്റ് 2023ലെ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന് വേദിയായപ്പോൾ ലോകം കാത്തിരുന്നത് വീണ്ടുമൊരു ഇന്ത്യ- പാക് പോരിനായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 35 സെന്‍റി മീറ്റർ വ്യത്യാസത്തിൽ നീരജ് സ്വർണം കൊയ്തു. നീരജ് ത്രിവർണ പതാകയേന്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ സമീപത്തുനിന്ന നദീമിനെയും അടുത്തേക്ക് വിളിച്ചു. ഇന്ത്യൻ ദേശീയ പതാകയുടെ തണലിൽ നദീം നിന്നപ്പോൾ കായിക വേദിയിലെ എതിരാളികളുടെ സൗഹൃദവും സാഹോദര്യവും അംഗീകരിക്കപ്പെട്ടു.
എന്നാൽ, ഇന്ത്യൻ പതാകയ്ക്ക് കീഴില്‍ നിന്നതിന് സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അർഷാദ് ഇരയായി. അന്ന് നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി നദീമിന് പിന്തുണയുമായെത്തി: "കളിക്കളത്തിൽ എല്ലാവരും താരങ്ങൾ മാത്രമാണ്. എല്ലാവരും എത്തുന്നത് മത്സരിക്കാനാണ്. ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്തായാലും ജയിക്കും. അതുകൊണ്ട് പാകിസ്താനിയാണോ ഇന്ത്യക്കാരനാണോ എന്നത് പ്രസക്തമല്ല. പാകിസ്ഥാനിൽ നിന്ന് വിജയിച്ച താരത്തെ ഓർത്ത് ഞാൻ സന്തോഷവതിയാണ്'.
പാരിസ് ഒളിംപിക്സിന് മുമ്പ് ഏറ്റുമുട്ടിയ 9 വേദികളിലും നീരജിന് പിന്നിലായിരുന്നു നദീമിന് സ്ഥാനം.2016ൽ ഗോഹട്ടിയിൽ സൗത്ത് ഏഷ്യൻ ഗെയിംസ് വേദിയിലാണ് ഇരുവരും ആദ്യമായി നേർക്കുനേർ പോരാടിയത്. അന്ന് നീരജ് സ്വർണം നേടിയപ്പോൾ നദീമിന് വെങ്കലം. അക്കൊല്ലത്തെ ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിൽ നീരജ് രണ്ടും നദീം മൂന്നും സ്ഥാനത്തായി.
പാരീസ് ഒളിംപിക്സിൽ 91 മീറ്റർ എറിഞ്ഞ അർഷാദ് ടർഫിൽ പഞ്ച് ചെയ്ത് നിമിഷങ്ങൾക്കകം പാകിസ്ഥാൻ സ്വർണ മെഡൽ നേടുമെന്ന് ഉറപ്പായിരുന്നു. ഇതിനെത്തുടർന്ന് നീരജ് അർഷാദിനെ പുഞ്ചിരിയോടെ കൈ കുലുക്കി, ഇരുവരും തമ്മിലുള്ള സൗഹൃദം പ്രകടമായി. "ഏറ്റവും മികച്ച ജാവലിൻ ത്രോ മത്സരം' എന്നാണ് നീരജ് ഇതിനെ വിശേഷിപ്പിച്ചത്.
"ജാവലിൻ ഇന്ത്യയിലും പാകിസ്ഥാനിലും പ്രചാരത്തിലില്ല. അർഷാദ് നദീം വളരെ കഠിനാധ്വാനം ചെയ്തുവെന്ന് എനിക്കറിയാം, ഇത് അദ്ദേഹത്തിനും പാകിസ്ഥാനിലെ ജനങ്ങൾക്കും ഒരു വലിയ വാർത്തയാണ്. നദീം വിജയിക്കാൻ അർഹനായിരുന്നു, ഞങ്ങൾ രണ്ടുപേരും നമ്മുടെ രാജ്യങ്ങൾക്ക് അഭിമാനം നൽകുന്നു' - മത്സരശേഷം നീരജ് പറഞ്ഞു. അതെ, അതാണ് ശരി. ആ അമ്മമാരുടെ മക്കളാവുമ്പോൾ അവർക്ക് അങ്ങനെയേ പ്രതികരിക്കാനാവൂ.