യെച്ചൂരിക്കു പകരം യെച്ചൂരി മാത്രം

ആരോട് എന്ത് എപ്പോള്‍ എങ്ങിനെ പറയണമെന്ന് കൃത്യമായി ധാരണയുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു സീതാറാം യെച്ചൂരി
യെച്ചൂരിക്കു പകരം യെച്ചൂരി മാത്രം | One and only Yechury
യെച്ചൂരിക്കു പകരം യെച്ചൂരി മാത്രം
Updated on

വിജയ് ചൗക്ക് | സുധീര്‍നാഥ്

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ചുവട് വെച്ച് ദേശീയ നേതാവായി മാറിയ വ്യക്തിയാണ് സീതാറാം യെച്ചൂരി. ആരോട് എന്ത് എപ്പോള്‍ എങ്ങിനെ പറയണമെന്ന് കൃത്യമായി ധാരണയുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു സീതാറാം യെച്ചൂരി. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധം അദ്ദേഹത്തിന് ഉണ്ട്. വിവിധ ഭാഷകള്‍ അനായാസേന പ്രയോഗിക്കാന്‍ കവൈശമുള്ള യെച്ചൂരി ഇംഗ്ലീഷ് ഹിന്ദിയും തെലുങ്കും തമിഴും വളരെ മനോഹരമായി സംസാരിക്കുമായിരുന്നു. ബംഗാളിയും, ഉറുദുവും നന്നായറിയും. ഈ ഭാഷകളിലെല്ലാം പ്രസംഗിക്കുമായിരുന്നു. മലയാളം അദ്ദേഹത്തിന് പ്രസംഗിക്കുവാന്‍ സാധിക്കില്ലെങ്കിലും മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഭാഷയാണെന്ന് പലതവണ പറഞ്ഞിട്ടുമുണ്ട്. തൊഴിലാളിയോട് എങ്ങനെ സംസാരിക്കണമെന്നും ഡിപ്ലോമാറ്റിനോട് എങ്ങനെ സംസാരിക്കണമെന്നും വ്യക്തമായി അറിയാവുന്ന സീതാറാം യെച്ചൂരി മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്ന ഒരു രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഡിയര്‍ കോമറേഡ് എന്ന് എപ്പോഴും ഉച്ചത്തില്‍ വിളിക്കുവാന്‍ സാധിക്കുന്നത്. തന്റെ നിലപാടുകള്‍ക്ക് എതിരെയുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകനെ പോലും അകറ്റി നിര്‍ത്തുവാന്‍ അദ്ദേഹം ഒരിക്കലും മുതിര്‍ന്നിട്ടില്ല എന്നുള്ളത് എടുത്തുപറയണം. എല്ലാവരെയും ഒരേപോലെ കാണുവാനും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവുമുള്ള നേതാവായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഡിയര്‍ കോംറേഡ്. ചിരിച്ചുകൊണ്ട് എന്തിനും മറുപടി നല്‍കുകന്ന സീതാറാമിനെ കുറിച്ച് അടുത്തിടപ്പെട്ട ഒരാള്‍ക്കും അകറ്റി നിര്‍ത്താന്‍ കഴിയുകയില്ല.

രാജ്യസഭയിലെ കാലാവധി കഴിഞ്ഞ് യാത്രയയപ്പ് ചടങ്ങില്‍ പ്രതിപക്ഷ നിരയില്‍ നിന്നുള്ളവര്‍ പോലും അദ്ദേഹത്തോട് മടങ്ങി വരുവാന്‍ ആവശ്യപ്പെട്ടത് രാജ്യം കണ്ടതാണ്. ഒരു വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസംഗം നടത്തുകയാണെങ്കില്‍ വിഷയം പഠിച്ച് വളരെ ലളിതമായി എല്ലാവര്‍ക്കും മനസ്സിലാക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന യച്ചൂരിയുടെ പാഠവം ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് സ്വീകാര്യതയുള്ളതായിരുന്നു. ഒന്നാം യുപിഎ മന്ത്രിസഭയുടെ കാലഘട്ടത്തില്‍ രാജ്യസഭാംഗമായ യെച്ചൂരിയുടെ വാക്കുകള്‍ക്കായി പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ചെവി കൊടുക്കുന്നതിന് സാക്ഷിയായ വ്യക്തിയാണ് ലേഖകന്‍. യെച്ചൂരിയുടെ വാക്കുകള്‍ക്കും ചിന്തകള്‍ക്കും അത്രകണ്ട് സ്വാധീനമുള്ള രാഷ്ട്രീയ മാന്ത്രിക ശക്തി ഉണ്ടായിരുന്നു എന്നുവേണം കരുതുവാന്‍. കഴമ്പുള്ള ആശയങ്ങളും വീക്ഷണങ്ങളും നിറഞ്ഞ യെച്ചൂരിയുടെ പ്രസംഗത്തിന് രാജ്യം തന്നെ അക്കാലത്ത് പ്രാധാന്യം കൊടുത്തിരുന്നു. യുപിയെ മന്ത്രിസഭയ്ക്ക് പിന്തുണ കൊടുക്കുവാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് അക്കാലങ്ങളില്‍ യെച്ചൂരി എപ്പോഴും സംസാരിക്കുമായിരുന്നു.

രാഷ്ട്രീയത്തിനതീതമായ സൗഹൃദമായിരുന്നു സീതാറാം യെച്ചൂരിയുടേത്. അത് എല്ലാ രാഷ്ട്രീയ നേതാക്കളും മാത്യകയാക്കേണ്ടതാണ്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും അദ്ദേഹത്തിനുണ്ടായ സൗഹൃദം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സീതാറാം യെച്ചൂരി എന്ന വ്യക്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി നേതാക്കള്‍ക്കും വളരെ അടുപ്പമുള്ള വ്യക്തിയായി മാറിയതില്‍ ഒരിക്കലും അത്ഭുതപ്പെടേണ്ടതില്ല. ഇവിടെയെല്ലാം സീതാറാമിന് വളരെ അടുപ്പമുള്ള ഒട്ടേറെ നേതാക്കള്‍ ഉണ്ട് എന്നുള്ളത് പകല്‍പോലെ സത്യവുമാണ്. വാജ്‌പേയും, അഡ്വാനിയും മറ്റുമായി യെച്ചൂരിക്ക് ഉണ്ടായിരുന്ന സൗഹൃദം പല രാഷ്ട്രീയ തീരുമാനങ്ങളിലെ വ്യതിയാനങ്ങള്‍ക്കും കാരണമായിട്ടുണ്ട് എന്നുള്ളത് ഒരു രാഷ്ട്രീയ സത്യവുമാണ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിഎസ് പക്ഷം എന്നും പിണറായി പക്ഷമെന്നും രണ്ട് ഗ്രൂപ്പുകളുണ്ടായ കാലമുണ്ട്. കമ്മ്യൂണിസ്റ്റ് നിലപാടുകളില്‍ അടിയുറച്ച് നിന്ന് എന്നും വിഎസിന് പിന്തുണ നല്‍കിയത് യെച്ചൂരിയായിരുന്നു. വിഎസിന്റെ രാഷ്ട്രീയ ശക്തിയായിരുന്നു സീതാറാം യെച്ചൂരി എന്ന് പറയുന്നതില്‍ തെറ്റില്ല. വിഎസിന്റെ എല്ലാ വിജയങ്ങള്‍ക്കും യെച്ചൂരിയുടെ പിന്തുണ ഉണ്ടായിരുന്നു എന്നുള്ളത് കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സീതാറാം യെച്ചൂരിയെ സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കുന്നതിലും വിഎസിന്റെ പിന്തുണ ഉണ്ടായിരുന്നു എന്നുള്ളത് മറ്റൊരു പക്ഷം. എന്നാല്‍ വിഎസിനെ തിരുത്താനും ഇതേ യെച്ചൂരിക്ക് കഴിഞ്ഞു എന്നതും രാഷ്ട്രീയ സത്യം. തെറ്റുകള്‍ മുഖം നോക്കാതെ അവതരിപ്പിക്കുവാനും, തെറ്റ് ചെയ്തവരെ വേദനിപ്പിക്കാതെ തിരുത്തിക്കുവാനും സീതാറാം യെച്ചൂരിക്ക് കഴിഞ്ഞിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാവായിരിക്കുന്ന അവസരത്തിലും സീതാറാം യെച്ചൂരി അത് തെളിയിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തിന്റെ കറുത്ത ദിനങ്ങളില്‍ അധികാര ദുര്‍വിനിയോഗത്തിന്റെ ലജ്ജിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു ചുറ്റിലും. 1977 സെപ്റ്റംബര്‍ 5ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ മുടി നീട്ടി വളര്‍ത്തിയ നീണ്ട ജുബ്ബയാണിഞ്ഞ ചെറുപ്പക്കാരന്‍ നടത്തിയ സമരനേത്യത്വത്തിന്റെ കഥ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. മുദ്രാവാക്യം വിളിച്ച് ജെ യു വിലെ 500 ഓളം കുട്ടികളെയും കൊണ്ട് പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ വീടിന് ലക്ഷ്യമാക്കി പ്രകടനം നയിച്ച 25 വയസുള്ള നേതാവിന്റെ പേര് സീതാറാം യെച്ചൂരി. രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ സര്‍വകലാശാലയായ ജെഎന്‍യു ചാന്‍സിലര്‍ ആയിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. അടിയന്തരാവസ്ഥയ്ക്ക് നേതൃത്വം കൊടുക്കുന്ന ഇന്ദിരാഗാന്ധിക്ക് ചാന്‍സിലര്‍ സ്ഥാനത്ത് ഇരിക്കുവാന്‍ സാധിക്കില്ല എന്നതായിരുന്നു യെച്ചൂരിയുടെയും പ്രകടനമായി എത്തിയ വിദ്യാര്‍ത്ഥികളുടെയും ആവശ്യം.

അവര്‍ ഇന്ദിര ഗാന്ധിയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് കുട്ടികള്‍ക്ക് മാത്രം അകത്തു കടക്കാം എന്നുള്ള മറുപടിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയത്. തങ്ങള്‍ വന്നത് കൂട്ടമായിട്ടാണെന്നും കൂട്ടമായി മാത്രമേ ചാന്‍സിലറായ പ്രധാനമന്ത്രിയെ കാണുവാന്‍ സാധിക്കുമെങ്കില്‍ മാത്രം കണ്ടാല്‍ മതി എന്നുള്ള കര്‍ക്കശ നിലപാടെടുത്തത് യെച്ചൂരിയാണ്. യെച്ചൂരി പറയുന്ന കുറ്റപത്രം കേള്‍ക്കാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എത്തി. കേവലം 25 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന യെച്ചൂരി പ്രധാനമന്ത്രിക്ക് മുന്നില്‍ കൂസലില്ലാതെ ഇന്ദിരാഗാന്ധിക്ക് എതിരെ തയ്യാറാക്കിയ കുറ്റപത്രം വായിക്കുകയുണ്ടായി. യെച്ചൂരിയും സംഘവും ആവശ്യപ്പെട്ടതുപോലെ ഇന്ദിരാഗാന്ധി ചാന്‍സിലര്‍ സ്ഥാനം ഒഴിയുന്ന ഒരു സാഹചര്യമാണ് പിന്നീട് ഉണ്ടായത് എന്നുള്ളത് ചരിത്രമാണ്.

1996 ഡല്‍ഹിയില്‍ ഒരു പുതുമുഖമായി എത്തിയ ലേഖകനെ സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ പരിചയപ്പെടുത്തിതന്നതും കാര്‍ട്ടൂണുകള്‍ ദേശീയതലത്തില്‍ വരയ്‌ക്കേണ്ട സാഹചര്യത്തില്‍ എടുക്കേണ്ട വിഷയങ്ങളെക്കുറിച്ച് പറഞ്ഞു തന്നതും സീതാറാം യെച്ചൂരിയാണ്. വലിപ്പച്ചെറുപ്പം ഇല്ലാതെ ആരോടും സൗമ്യമായി പെരുമാറുന്ന സൗമ്യനായ രാഷ്ട്രീയ നേതാവാണ് യെച്ചൂരി എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്ത് കൃത്യമായി പറയുവാനുള്ള ആര്‍ജ്ജവം കാണിച്ച നേതാവായ യെച്ചൂരിയെ എല്ലാവരും ഇഷ്ടപ്പെടുന്നത് അതുകൊണ്ടുതന്നെയാണ്. ആശയപരമായ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ പോലും പ്രതിപക്ഷത്തിനു പോലും സ്വീകാര്യനാകുന്നത് അതുകൊണ്ടുതന്നെയാണ്.

Trending

No stories found.

Latest News

No stories found.